IFFI എന്ന ഇന്ത്യൻ ലോ കോത്തര ചലച്ചിത്രമേളയിൽ, മലയാളചലച്ചിത്ര വേദിയുടെ അഭിമാനമായി മാറിയ പാർവതി അഭിനയിച്ച ടേക്ക് ഓഫ് എന്ന ചിത്രത്തിലെ നായികാകഥാപാത്രം സമീറയുടെ വാക്കുകളാണിത്. ദൈവത്തിന്റെ കാവൽമാലാഖമാരെന്ന് വിളിപ്പേരുള്ള നഴ്‌സ്‌മാരെ നമ്മുടെ സമൂഹം കണ്ടില്ലെന്നു നടിക്കുന്നു.പലപ്പോഴും അവർ ചെയ്യുന്ന സേവനത്തിന് കൂലി നിശ്ചയിക്കാൻ പോലും നമുക്കു കഴിയാറില്ല. കർമ്മബന്ധത്തിന്റെ കാണാചരടുകൾ കൊണ്ട് പരസ്പ്പരം ബന്ധിപ്പിക്കപ്പെട്ട, വേദനകളിലും ദുരിതങ്ങളിലും സാന്ത്വനമായി ഒപ്പം നിൽക്കുന്ന ഈ ശുശ്രൂഷകരെ ഏത് രീതിയിലാണ് സമൂഹം പരിഗണിക്കുന്നതെന്നറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

അതിജീവനത്തിനു വേണ്ടി അവർ നടത്തുന്ന സമരങ്ങളെ പോലും പ്രധാനവാർത്തകളിൽ ഉൾപ്പെടുത്താതിരിക്കുന്ന മുഖ്യധാരാമാധ്യമങ്ങൾ തന്നെ നഴ്‌സ്‌മാരോടുള്ള നമ്മുടെ നിലപാടുകളുടെ ഉദാഹരണമാണെന്ന് പറയാതെ വയ്യ.

കഠിനമായ ജീവിതസാഹചര്യങ്ങളെ അനുകൂലമാക്കുന്നതിന് വേണ്ടി നാടും വീടും വിട്ട്, ഉറ്റവരേയും ഉടയവരേയും വിട്ട് വിദൂരദേശങ്ങളിൽ പോയി ജോലി ചെയ്യുന്ന നഴ്‌സ്‌മാരെ പ്രധാന പ്രമേയമാക്കി സിനിമ സംവിധാനം ചെയ്‌ത മഹേഷ് നാരായണനും, 2014ൽ ഇറാഖിൽ നടന്ന ആഭ്യന്തരയുദ്ധത്തിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നഴ്‌സുമാർ അനുഭവിക്കേണ്ടി വന്ന ഭീകരതകൾ , അവരെ ഇന്ത്യയിലെത്തിക്കാൻ അഹോരാത്രം അദ്ധ്വാനിക്കേണ്ടി വരുന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിശ്രമം ,നമ്മുടെ നഴ്‌സുമാരുടെ ദുര്യോഗങ്ങൾ എന്നിവയെല്ലാം സമീറ എന്ന യുവതിയുടെ ജീവിതവുമായി ചേർത്തുവെച്ച് ഹൃദ്യമായ തിരക്കഥയുണ്ടാക്കിയ രണ്ടു പേർ – പി.വി. ഷാജികുമാർ ,മഹേഷ് നാരായണൻ, രൂപം കൊണ്ടും ഭാവം കൊണ്ടും സമീറയായും ഷഹീദായും മനോജായും മാറിയ പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫസിൽ എന്നിവർ ചേർന്ന് സൃഷ്‌ടിച്ച അത്യപൂർവ്വ സുന്ദരമായ ഒരു ചലച്ചിത്രകാവ്യമാണ് ടേക്ക് ഓഫ്.

വിദേശങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും അവർ കൊയ്‌തെടുക്കുന്ന പണത്തിന്റെ കണക്കും മാത്രം കേട്ടു പരിചയിച്ച നമുക്ക് മുന്നിൽ അവരുടെ യാതനകളെ തുറന്നു കാട്ടിയ ചിത്രമെന്ന ഖ്യാതി എന്നും ടേക്ക് ഓഫിന് മാത്രം സ്വന്തമായിരിക്കും. സ്വന്തം ജീവൻ തന്നെ അപകടത്തിലാണെന്നറിഞ്ഞിട്ടും ജോലി ഉപേക്ഷിക്കാൻ തയ്യാറാകാതെ വിദേശത്തു തന്നെ പിടിച്ചു നിൽക്കുന്നവർ ഒരു വലിയ യാഥാർത്ഥ്യത്തിന്റെ കണ്ണീർ മഴയാണ് നമുക്കു മുന്നിൽ പെയ്‌തു തീർക്കുന്നത്. തിരിച്ചു വന്നാൽ ഒരു പക്ഷേ ആദ്യദിവസം സന്തോഷിക്കുന് മാതാപിതാക്കൾ പോലും പിന്നീട് അവഗണിക്കുമെന്ന് അവർ തുറന്നു പറയുന്നത് നിറഞ്ഞ കണ്ണുകളോടെയല്ലാതെ നമുക്ക് കണ്ടിരിക്കാനാവില്ല.

2014ൽ ഇറാഖിലെ തിക്രിത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ മുൻനിർത്തി രചിക്കപ്പെട്ട തിരക്കഥയുടെ ന്യൂക്ലിയസ് സമീറ എന്ന അപൂർവ്വ വ്യക്തിത്വമാണ്.

അമ്മ, ഭാര്യ, മകൾ എന്നീ പദവികളുടെ സംഘർഷങ്ങളുണ്ടാക്കുന്ന പഞ്ചാഗ്നിമധ്യത്തിലും കർമ്മനിരതയായിരിക്കുന്ന സമീറയെപ്പോലൊരു കഥാപാത്രം മലയാളത്തിരശ്ശീലയിൽ ഇന്നു വരെ പ്രകടനം നടത്തിയിട്ടില്ല. ബാങ്കിലിരിക്കുന്ന ആധാരം, തനിക്കു താഴെയുള്ള പെൺകുട്ടികൾ, ഇവർക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വരുന്ന ദാമ്പത്യവും സ്വന്തം മകനും… സമീറയുടേത് മാത്രമായ ഒരുപാടൊരുപാട് നഷ്‌ടങ്ങൾ. ഒടുവിൽ തന്റെ ലക്ഷ്യസാധ്യത്തിനു വേണ്ടി, കാത്തിരുന്ന വിദേശജോലിക്കു വേണ്ടി നിർബന്ധമായി അവൾക്ക് സ്വീകരിക്കേണ്ടി വരുന്ന പുതിയ ദാമ്പത്യം…. പ്രതീക്ഷിക്കാത്തതു മാത്രം സംഭവിക്കുന്നൊരു സ്‌ത്രീ ജീവിതത്തിലെ സംഘർഷങ്ങളുടെ ഘോഷയാത്ര തന്നെയാണ് സമീറയെ രൂപപ്പെടുത്തിയെടുക്കുന്നത്.

ഷഹീദ് എന്ന മരുപ്പച്ചക്കു കീഴിൽ പുതിയൊരു ജീവിതം തണൽ പിടിപ്പിക്കുമ്പോഴേക്കും തിരിച്ചെത്തുന്ന ആദ്യ ബന്ധത്തിലെ മകൻ, അവനിൽ നിന്ന് മറച്ചു വെക്കേണ്ടി വരുന്ന പുതിയഗർഭം, തീവ്രവാദി ആക്രമണം, ഭയം, ഒറ്റപ്പെടൽ, ഷഹീദിന്റെ തിരോധാനം തുടങ്ങി ഒരുപാടിടങ്ങളിൽ ഒറ്റയാൾപ്പോരാട്ടം നടത്തേണ്ടി വരുന്ന സമീറയുടെ കരുത്തിന് ഏറ്റവും അനുയോജ്യയായ അഭിനേത്രിയാണ് പാർവതി.

“ദൈവത്തിന്റെ മാലാഖമാർന്നൊക്കെ വിളിപ്പേരെ ഉള്ളൂ സർ, വിളിക്കുന്നവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല ” എന്ന് സമീറ ഉളളുരുകി പറയുന്നത് കേൾക്കുമ്പോൾ നമ്മൾ നിശബ്‌ദരാകുന്നു.

സമീറ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ പാർവതി പകരക്കാരില്ലാത്ത അഭിനേത്രിയാണ്. 2006 ൽ പ്രദർശനത്തിനെത്തിയ ഔട്ട് ഓഫ് സിലബസിലെ ഗായത്രി മുതൽ ഏറ്റവും പുതിയ റിലീസ് കരീബ് കരീബ് സിംഗിളിലെ ജയാ ശശിധരൻ വരെ ഇരുപത്തിയൊന്നോളം കഥാപാത്രങ്ങളിലൂടെ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ തന്റെ അഭിനയപാടവം പ്രകടിപ്പിച്ച മിടുക്കിയാണ് പാർവതി. ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കേണ്ടവൾ.

മലയാളത്തിന് അഭിമാനമായ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറയുടെ ഈ വാചകത്തിൽ ഒളിഞ്ഞിരിക്കുന്നത് ലക്ഷക്കണക്കിന് മാലാഖമാരുടെ നൊമ്പരങ്ങളാണ്. അവർക്കു മുന്നിൽ ഈ പെൺചൊല്ല് സമർപ്പിക്കുന്നു.

-സ്വപ്‌ന സി. കോമ്പാത്ത്

5 Comments
 1. Bijoy 12 months ago

  പ്രിയ സുഹൃത്തേ. പാർവ്വതി എന്ന അഭിനേത്രിയോടൊ അവരുടെ അഭിനയത്തോടോ താങ്കളോടോ , എഴുത്തിനോടോ ഉള്ള വിയോചിപ്പല്ല ഇത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടേ.. പാർവ്വതി നല്ല ഒരു അഭിനേത്രി ആണ് തർക്കമില്ല ആ കാര്യത്തിൽ..പക്ഷെ എന്റെ മനസ്സിൽ തോന്നിയ(അനേകം നഴ്സ്മാമാരുടെ മനസ്സിലും) ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ.. നഴ്സുമാരുടെ ജീവിതം പ്രമേയമാക്കിയ ഒരു കൊമേഴ്സ്യൽ സിനിമ ആയിരുന്നു ടേക്ക് ഓഫ്.സാമ്പത്തികമായും വിജയിച്ച സിനിമ. കേരളത്തിലും കേരളത്തിനു പുറത്തും കുറച്ച് കാലമായി തുടർന്നു വരുന്ന നഴ്സുമാരുടെ സമരപരമ്പരകൾ നമ്മൾ എല്ലാവരും കണ്ടു വരുന്നു പത്രമാധ്യമങ്ങളിലൂടെ യെങ്കിലും… നഴ്സുമാരുടെ ജീവിതം വിറ്റ് കാശാക്കിയ ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആരും തന്നെ അതിനെ കുറിച്ച് പ്രതികരിച്ച് കണ്ടില്ല… ഈ മികച്ച അഭിനേത്രിയോ, അതിൽ പ്രവർത്തിച്ചവരോ ഒരു വാക്ക് കൊണ്ട് പോലും അവരെ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ആ സമരത്തിൽ ഇരിക്കുന്ന ,ജീവിതസമരം നടത്തുന്ന നഴ്സുമാർക്ക് ഒരു പ്രചോദനം ആകുമായിരുന്നു.. അത് കണ്ടില്ല… അതു കൊണ്ട് ഈ കുറിപ്പ് എഴുതിയെന്നു മാത്രം.. താങ്കളുടെ സിനിമാകുറിപ്പുകൾ വലിയതുറന്നെഴുത്തുകൾ ആകട്ടെ എന്നാശംസിക്കുന്നു.. ബിജോയ്

  • swapna 12 months ago

   thank you bijoy……….

   it may be the first aatempt to reveal the problems of nurses

 2. Anil 12 months ago

  Nicely written….

  • swapna 12 months ago

   thank you

 3. Babu Raj 12 months ago

  Good one…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account