മലയാളത്തിന്റെ വെള്ളിത്തിരയിൽ ഏറ്റവും കാൽപ്പനികമായി സംസാരിച്ച നായികയാണ് തൂവാനത്തുമ്പികളിലെ ക്ലാര. മുപ്പത് വർഷങ്ങൾക്കിപ്പുറവും നമ്മുടെ കാഴ്‌ച്ചവിരുന്നുകളിലെ ഹൃദ്യമായ ഒരു വിഭവമായി ക്ലാര ഇടം പിടിക്കുന്നു. മലയാള ചലച്ചിത്രങ്ങൾക്ക് നവീനമായൊരു ഭാവുകത്വം പ്രദാനം ചെയ്‌ത പത്മരാജൻ എന്ന അതുല്യപ്രതിഭ തന്റെ സിനിമകളിലെല്ലാം തന്നെ വൈവിധ്യവും വ്യക്‌തിത്വവുമുള്ള സ്‌ത്രീകഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരുന്നു. ലൈംഗികത്തൊഴിലാളിയും, പീഡിപ്പിക്കപ്പെട്ടവളും, സ്വവർഗാനുരാഗിയുമെല്ലാം പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുന്ന തരത്തിൽ മുഖ്യധാരാ സിനിമകളിലിടം പിടിച്ചതിൽ പത്മരാജനെന്ന പ്രതിഭക്ക് വലിയ പങ്കുണ്ട്. കുലീന, കുലട തുടങ്ങിയ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയിൽ വൈരുദ്ധ്യങ്ങളുടെ ഒരു ദ്വന്ദ്വം തന്നെ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രകടമാണ്. തൂവാനത്തുമ്പികളിലെ നായകനായ ജയകൃഷ്‌ണനെ അത്ഭുതപ്പെടുത്തുകയും ആകർഷണവലയത്തിലാക്കുകയും ചെയ്‌ത ക്ലാരയെ അവതരിപ്പിച്ചത് സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും മലയാളിയുടെ മനസ്സ് കീഴ്പ്പെടുത്തിയ സുമലതയാണ്.

ലൈംഗികത്തൊഴിലാളിയാകാൻ സന്നദ്ധത പ്രകടിപ്പിച്ച് തങ്ങൾ എന്ന പിമ്പിന്റെ കൂടെ തടി കോൺട്രാക്റ്ററായ കസ്റ്റമറുടെ അടുത്തെത്തുന്ന ക്ലാരയെയാണ് നമ്മൾ ആദ്യം കാണുന്നത്. അവളുടെ ദുരവസ്ഥയ്ക്ക് കാരണമാകുന്ന രണ്ടാനമ്മ, അവളുടെ ജീവിതത്തിലെ ആദ്യ പുരുഷൻ താനാണെന്നറിഞ്ഞ് സ്‌തബ്‌ധനാകുന്ന ജയകൃഷ്‌ണൻ, അവളിലൂടെ വിപണി സ്വന്തമാക്കാമെന്ന് കരുതിയ തങ്ങൾ എന്നിവരെയെല്ലാം ആശയക്കുഴപ്പത്തിലാക്കി ക്ലാര അപ്രത്യക്ഷയാകുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ജയകൃഷ്‌ണനെ കാണാനായി ക്ലാര വരുമ്പോഴേക്കും രാധയുമായുള്ള വിവാഹബന്ധത്തിലേക്ക് ജയകൃഷ്‌ണൻ നടന്നെത്തിയിരുന്നു.

ആദ്യം സംസാരിക്കുന്ന സന്ദർഭത്തിൽ ചെറിയ വയസ്സിനുള്ളിൽ അവളനുഭവിച്ച ഏകാന്തതയും, അച്ഛന്റെ മദ്യപാനവും ,രണ്ടാനമ്മയുടെ പീഡനങ്ങളുമൊക്കെയായി സാധാരണക്കാരിയായ ഒരു പെൺകുട്ടി തെരുവിലെത്താനുള്ള കാരണങ്ങൾ തുറന്നു പറയുന്ന, “എന്തായാലും നശിക്കും എന്നാ പിന്നെ അന്തസ്സായി നശിച്ചൂടേ” എന്ന് സമാധാനിക്കാൻ ശ്രമിക്കുന്ന പ്രക്ഷുബ്‌ധമായ മനസ്സുള്ള ഒരു കൗമാരക്കാരിയായിരുന്നു ക്ലാര. പക്ഷേ ഇത്തവണ ആകാശം കാണാൻ കൊതിക്കുന്ന, എന്തൊക്കെയോ മുറിവുകളുടെ വേദന നീറ്റിക്കൊണ്ടിരുന്ന ഒരു യുവതിയായി ക്ലാര രൂപാന്തരം പ്രാപിച്ചിരുന്നു.

തങ്ങൾ എന്നയാളുടെ വീട്ടിലേക്കാണ് ക്ലാരയെ ജയകൃഷ്‌ണൻ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടെയെത്തിയപ്പോൾ ആദ്യമവർ കേൾക്കുന്നത് ദൂരെയേതോ വീട്ടിൽ നിന്നും ഉയർന്ന ഒരു കരച്ചിലാണ്. ചങ്ങലയുടെ അസ്വാതന്ത്ര്യം നീറ്റുന്ന ഭ്രാന്തമായ മനസ്സിന്റെ വേദനയാണ് ആ കരച്ചിലെന്ന് അവൾക്ക് മനസ്സിലാകുന്നു. തുടർന്നാണ് “എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ.. ചങ്ങലയുടെ ഒറ്റക്കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്” എന്ന് ക്ലാര പറയുന്നത്.

തന്റെ ശരീരമൊരു ഉപകരണം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ വേദനിക്കുന്ന ക്ലാര ഒരു സാധാരണ ജീവിതത്തെ ആഗ്രഹിക്കുന്നുവോ എന്ന് പ്രേക്ഷകരെ സംശയിപ്പിക്കുന്നിടത്താണ് വീണ്ടും ഏറ്റവും കാൽപ്പനികസുന്ദരമായി അവൾ തന്റെ വേദനകളെ പറഞ്ഞൊഴിയുന്നത്. “മുറികൾ എനിക്കിനി വയ്യ. പണ്ട് ജീവിതം മടുത്തപോലെ, ഇപ്പോ മുറികളും മടുത്തു. ചുവരുകൾ – ചുവരിനുളളിലെ ചുവരുകൾ – സൈഡ്‌റൂമിന്റെ – ബെഡ്‌റൂമിന്റെ – ബാത്‌റൂമിന്റെ – എല്ലായിടത്തും ചുവരുകൾ. അവിടുന്നു വിട്ടാൽ ഓടുന്ന ചുവരുകൾ – കാറിന്റേയോ ട്രെയിനിന്റേയോ ചുവരുകൾ …” ആഗ്രഹങ്ങളെ, സ്വപ്‌നങ്ങളെ തടവറകളിലാക്കുന്ന ചുവരുകളെക്കുറിച്ചവൾ പറഞ്ഞു നിർത്തുന്നു .

ജയകൃഷ്‌ണന് നല്ല ജീവിതമുണ്ടാകട്ടെ എന്നു കരുതിയാകും ക്ലാര പിന്നീടൊരിക്കലും അയാളെ തേടി വരുന്നില്ല. ചലച്ചിത്രത്തിന്റെ ക്ളൈമാക്‌സിലാണ് ക്ലാര പിന്നീട് ഇതേ ഭാവത്തിൽ സംസാരിക്കുന്നത്. ധനികനായ മോൻസി ജോസഫിനെ വിവാഹം ചെയ്‌ത ക്ലാര താൻ ഇതുവഴി രണ്ടു മൂന്നു തവണ യാത്ര ചെയ്‌തിട്ടുണ്ടായിരുന്നുവെന്ന് ജയകൃഷ്‌ണനെ അറിയിക്കുന്നു. എന്നിട്ടെന്തേ തന്നെ അറിയിച്ചില്ല എന്ന ജയകൃഷ്‌ണന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്കാലോചിക്കേണ്ടിവരുന്നില്ല. “അത്… ഓർക്കാതിരിക്കാൻ… കാണാതെയിരിക്കുമ്പോൾ മറക്കാൻ കുറച്ചു കൂടെയെളുപ്പമല്ലേ…” ക്ലാരയെ നമ്മൾ സ്‌നേഹിച്ചു പോകുന്ന സന്ദർഭം.

CNN – lBN നടത്തിയ ഒരു സർവ്വേയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളിൽ എട്ടാം സ്ഥാനം നേടിയ സിനിമയാണ് തൂവാനത്തുമ്പികൾ. മഴയും പ്രണയവും വിരഹവും രതിയും അടക്കം ജീവിതത്തിലെ സമസ്‌ത സുന്ദരഭാവങ്ങളെ ചേർത്തു നിർത്തിയ സിനിമ. മലയാളത്തിലാദ്യമായി കവിത തുളുമ്പുന്ന വാക്കുകളിലൂടെ നായികയെ പ്രേക്ഷമനസ്സിലേക്ക് ആവാഹിച്ച ചലച്ചിത്ര ഗന്ധർവ്വനാണ് പത്മരാജൻ. ഭാഷയെ വെല്ലുന്ന അഭിനയശേഷിയുള്ള സുമലതയും പ്രണയവും പ്രത്യാശയും ആശാഭംഗവും ചേർന്നൊഴുകുന്ന പുഴ പോലെയുള്ള ക്ലാരയുടെ വാക്കുകൾക്ക് ജീവൻ നൽകിയ ആനന്ദവല്ലിയും ഒരു പോലെ അഭിനന്ദനാർഹർ. നാം ഒരിക്കലും മറക്കാത്ത ക്ലാരയ്ക്കുമുന്നിലാണ് ഇത്തവണ പെൺചൊല്ല് സമർപ്പിക്കുന്നത്.

-സ്വപ്‌ന സി കോമ്പാത്ത്

10 Comments
 1. Vishnu 11 months ago

  മനോഹരമായ എഴുത്ത്. ഭാവുകങ്ങൾ

  • സ്വപ്ന 11 months ago

   നന്ദി

 2. Anil 11 months ago

  Nice note. Appreciate it!!

  • സ്വപ്ന 11 months ago

   നന്ദി

 3. രാജേഷ് 11 months ago

  വായനയുടെ ദൃശ്യതലം….

  • സ്വപ്ന 11 months ago

   നന്ദി

 4. Valsaraj 10 months ago

  Nice note… Good read..

  • സ്വപ്ന 10 months ago

   Thank you

 5. Sreeraj 10 months ago

  Good one..

  • സ്വപ്ന 10 months ago

   Thank you

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account