മംഗലശ്ശേരി നീലകണ്ഠനെന്ന അതികായനെ നിസ്സഹായനാക്കി മാറ്റിയ ഭാനുമതിയുടെ ഈ വാക്കുകൾക്ക് അപമാനത്തിന്റെ തീച്ചൂളയിൽ വെന്തുരുകിയതിന്റെ ഉള്ളുറപ്പുണ്ട്. നാടിനെ വിറപ്പിക്കുന്ന മംഗലശ്ശേരി നീലകണ്ഠന്റെ, തന്റെ വിജയം മാത്രം കാംക്ഷിക്കുന്ന മനസ്സിനു മുന്നിൽ, പിടിവാശിക്കു മുന്നിൽ, വർഷങ്ങളായി താനുപാസിച്ച നൃത്തത്തെതന്നെ പണയപ്പെടുത്തിയ ഭാനുമതിയുടെ വാക്കുകൾക്ക് തീയുടെ കരുത്തും അമ്പുകളുടെ മൂർച്ചയുമുണ്ട്.

ഭാനുമതിയെ മലയാളിക്ക് മറക്കാനാവില്ല. ഐ വി ശശി – രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിട്ടുപോലും മലയാളി നെഞ്ചോടു ചേർത്തിയ മംഗലശ്ശേരി നീലകണ്ഠനെന്ന നായകന് കിടപിടിക്കുന്ന നായിക മാത്രമല്ല നമുക്ക് ഭാനുമതി. ഏതൊക്കെയോ സന്ദർഭങ്ങളിൽ നമ്മൾ പ്രതികരിക്കണമെന്നാഗ്രഹിച്ച രീതിയിൽ ചില കാര്യങ്ങൾ വെള്ളിത്തിരയിൽ തുറന്നു പറഞ്ഞ വ്യക്‌തിത്വമുള്ള കഥാപാത്രം.  നീലകണ്ഠനു വേണ്ടി ക്ഷണിക്കാൻ വന്നവരുടെ പ്രലോഭനങ്ങളെ “എന്റെ നിയന്ത്രണം തെറ്റിയാൽ ചൂലെടുത്തായിരിക്കും പറച്ചില് ” എന്നു പറഞ്ഞ് അതിജീവിച്ച ഭാനുമതി, ചതിയിലൂടെ നീലകണ്ഠന്റെ മുന്നിൽ അരങ്ങേറാൻ വിധിക്കപ്പെട്ടതിനു ശേഷം ചിലങ്ക തന്നെ ഉപേക്ഷിക്കുന്നു.

തന്റെ പിതൃത്വം സംബന്ധിക്കുന്ന ചില വാസ്‌തവങ്ങളറിയുന്നതോടെ സടകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയിലേക്ക് നീലകണ്ഠൻ നിലം പതിക്കുന്നു. ഭാനുമതിയെ അവഹേളിച്ചതിന് മാപ്പു പറയാനെത്തുന്ന നീലകണ്ഠനു മുന്നിൽ ഭാനുമതി ഒരു കൊടുങ്കാറ്റായി മാറുന്നു. ചിലങ്കകൾ വീണ്ടുമണിയണമെന്ന നീലകണ്ഠന്റെ അഭ്യർത്ഥനയെ ശക്‌തമായ വാക്കുകളിലൂടെയാണ് ഭാനു നേരിടുന്നത്. “കെട്ടാം.. പക്ഷേ നിങ്ങളുടെ മരണത്തിനു ശേഷമേ അതുണ്ടാവൂ. എന്നും എവിടേയും തോൽക്കാൻ എനിക്കിത്തിരി പ്രയാസം ണ്ട്. ഈ കാര്യത്തിലെങ്കിലും ആർക്കും തടസ്സമില്ലാതെ ജയിച്ചോട്ടെ ഞാൻ” എന്ന വാക്കുകൾക്ക് മുന്നിൽ മനസ്സു കൊണ്ട് പരാജിതനായ നീലകണ്ഠനെ, മുണ്ടയ്ക്കൽ ശേഖരനെന്ന പ്രതിയോഗി ശാരീരികമായും കീഴ്പ്പെടുത്തുന്നു.

മധുരയിലെ പാണ്ഡ്യ വംശത്തെ ഉന്മൂലനം ചെയ്‌ത കണ്ണകിയുടെ കഥാവർത്തനം പോലെ ഈ സന്ദർഭം അനുഭവപ്പെടുമെങ്കിലും പിന്നീടുള്ള കാഴ്ച്ചയിൽ സിനിമ സാമ്പ്രദായികമായ സമവാക്യങ്ങൾക്ക് കീഴ്പ്പെടുന്നതായും ഭാനുമതി കുറ്റബോധം കൊണ്ട് നീറി നീലകണ്ഠനൊപ്പം താമസമാരംഭിക്കുന്നതും അവസാനം, ജീവിതത്തിൽ തുണയാകാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതും കാണുമ്പോൾ സമരസപ്പെടലിന്റെ നിർവികാരതയോട് നമ്മളും പൊരുത്തപ്പെടുന്നു. പക്ഷേ “എന്റെയുള്ളിലുമുണ്ട് ചെറിയ ചില ജയങ്ങളാഗ്രഹിക്കുന്ന ഒരു മനസ്സ്. അതിനെയെനിക്ക് തൃപ്‌തിപ്പെടുത്തിയേ പറ്റൂ… ” എന്ന് മറ്റാരും പറഞ്ഞ് നമ്മളിതുവരെ കേട്ടിട്ടില്ല എന്നതു പറയാതിരിക്കാൻ വയ്യ.

രഞ്ജിത്തിന്റെ ഏറ്റവും ശക്‌തയായ സ്‌ത്രീ കഥാപാത്രങ്ങളിലൊന്നാണ് ഭാനുമതി. ഭാനുമതിയെ പകർന്നാടിയ രേവതി എന്ന പ്രതിഭയെ മലയാളി ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 3 നാഷണൽ അവാർഡ്, 2 തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം, 6 തവണ ഫിലിം ഫെയർ പുരസ്‌കാരം, 5 തവണ സിനിമ എക്സ്‌പ്രസ് അവാർഡ്, IFFI, IFFK എന്നിവയടക്കം ഇരുപതോളം മറ്റു പുരസ്‌ക്കാരങ്ങൾ… നടി, സംവിധായിക, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ തലങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ഈ പാലക്കാട്ടുകാരിയെ മലയാളി ഇനിയും മനസ്സിലാക്കാനുണ്ട്. മങ്കമ്മ (മങ്കമ്മ) കാക്കോത്തി (കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ), നന്ദിനി (കിലുക്കം), രമ(വരവേൽപ്പ്), തങ്കം (നന്ദനം), സുദർശന (അഗ്നിദേവൻ), മിനി (മൂന്നാം മുറ) തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നാനൂറോളം ചിത്രങ്ങളിലഭിനയിച്ച രേവതിയെ പുരസ്‌ക്കാരങ്ങളിലൂടെ അംഗീകരിക്കാതിരുന്നതിനെക്കുറിച്ചോർത്ത് മലയാളികളായ നമുക്ക് ലജ്ജിക്കാം.

-സ്വപ്‌ന സി കോമ്പാത്ത്

3 Comments
  1. Anil 5 years ago

    Nice note

  2. Jaya 5 years ago

    Good one….

  3. Vipin 5 years ago

    കച്ചവട സിനിമയെങ്കിലും ഉശിരുള്ള പേന കഥാപാത്രം തന്നെയായിരുന്നു ഭാനുമതി..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account