അക്ഷരാർത്ഥത്തിൽ ‘മനോഹര’മായാണ് ശ്യാമപ്രസാദ് സിനിമയെടുക്കാറുള്ളത്. അഴകുള്ള ഫ്രയിമുകളും അതിനോട് ഇഴചേർന്നു നിൽക്കുന്ന സംഗീതവുമൊക്കെയായി  സൂക്ഷ്മമായ മനോവ്യാപാരങ്ങളെ വളരെ മൃദുവായി സ്ക്രീനിലേക്ക് പകർത്തുന്ന മാജിക്. പല കഥാപാത്രങ്ങളെയും കാണുമ്പോൾ  നമ്മുടെ സ്വന്തം മനസ്സിലേക്ക് കണ്ണാടി പിടിക്കുന്നത് പോലെ (ബാഹ്യരൂപത്തിലല്ല) അനുഭവപ്പെടാം. നമ്മൾ നമുക്ക് തന്നെ വെളിപ്പെടുകയാണ് സിനിമ കാണുമ്പോൾ. പൊട്ടിച്ചിരിയോ പൊട്ടിക്കരച്ചിലോ ആവശ്യപ്പെടാത്ത, പ്രേക്ഷകന്റെ മനസ്സിൽ വേരുകൾ പടർത്തുന്ന സിനിമകൾ.

ഹേയ് ജൂഡിലെത്തുമ്പോൾ പക്ഷേ, ശ്യാമപ്രസാദ് മാറുന്നു.  സിനിമ കാണാൻ  ഒപ്പമുള്ള നാലാം ക്ലാസ്സുകാരിയെപ്പോലും ആദ്യാവസാനം പൊട്ടിചിരിപ്പിച്ചുകൊണ്ടാണ് ഇത്തവണ സംവിധായകൻ സിനിമയൊഴുക്കുന്നത്. ഓട്ടിസത്തിന്റെ  അത്ര ഭീകരമല്ലാത്ത abnormalityയുള്ള നായകനെ മുൻ നിർത്തിയിട്ടുള്ള സിനിമയിൽ ആരും അത്ര നോർമൽ അല്ല. ചിരിപ്പിച്ചു ചിരിപ്പിച്ച് കടന്നു പോകുമ്പോൾ ഓരോ തരത്തിൽ  അബ്നോർമലായ നമ്മളോരോരുത്തരേയും നമുക്ക് തന്നെ തിരിച്ചറിയാനാവും. എത്രയെത്ര ഡിസോർഡേഴ്സ്!

നായകനെ തിരുത്തി മുന്നോട്ടു നയിക്കുന്ന നായികയിൽ ഒരു പുതുമയുമില്ല. അവനെ മോട്ടിവേറ്റ് ചെയ്യുന്ന സീനുകളിലും. പക്ഷേ, അതേ  നായിക അവനെക്കാൾ ഡിസോർഡർ ആണെന്നത്  അവളെ വേറിട്ട് നിർത്തുന്നു.

(അപ്രതീക്ഷിത ട്വിസ്റ്റുകളോ സസ്പെൻസോ ഉള്ള സിനിമയല്ലെങ്കിലും കഥ പറഞ്ഞ്, …..   ഇന്നലെ ഇറങ്ങിയ  ഈ നല്ല സിനിമ കാണാനുള്ള  ഇത്തിരി പ്രേക്ഷകരുടെ ആസ്വാദനത്തിന്  തുരങ്കം വെക്കുന്നില്ല.)

ഒരു ‘ഡിറക്റ്റർസ് മൂവി’ ആയിരുന്നിട്ടും  രസകരമായും ബുദ്ധിപരമായും  തിരക്കഥയെഴുതി ക്രെഡിറ്റ് പിടിച്ചു വാങ്ങുന്നു നിർമൽ സഹദേവും ജോർജ് കാണാട്ടും. അങ്കമാലി ഡയറീസിലെ പരുക്കൻ കാഴ്ച്ചകളൊരുക്കിയ ഗിരീഷ് ഗംഗാധരൻ ഇവിടെ മൃദുലമായ ദൃശ്യങ്ങളാൽ സ്വയം  അടയാളപ്പെടുത്തുന്നു.  അകക്കാഴ്ച്ചകൾക്കും  തെരുവുകൾക്കുമിടയിൽ മുറിവടയാളങ്ങളില്ലാതെ വിളക്കിയിരിക്കുന്നു കാർത്തിക് ജോഗേഷ്.

ശ്യാമപ്രസാദ്  സിനിമകളിൽ എപ്പോഴുമെന്ന പോലെ  മനസ്സുമായി സംഗീതം ഇഴചേർന്നു നിൽക്കുന്നത്തിന്റെ  സുഖം ഒന്ന് വേറെ തന്നെയാണ്. ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതം. പാട്ടൊരുക്കാൻ  നാലെഴുത്തുകാരും നാലു സംഗീത സംവിധായകരും. (സംഗീതം: ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, രാഹുൽ രാജ്, ഗോപി സുന്ദർ. രചന: വിനായക് ശശികുമാർ, ഹരിനാരായണൻ, മധു വാസുദേവൻ, പ്രഭാ വർമ്മ) .

ഓർക്കാപ്പുറത്ത് ഗോവയിലെ കോടികളുടെ സ്വത്ത് കയ്യിൽ കിട്ടിയ ഡൊമിനിക്കിനെ ലോട്ടറിയടിച്ച ഡൊമിനിക്കെന്ന് വിളിക്കുന്നുണ്ട് ഡോക്ടർ സെബാസ്റ്റ്യൻ. സത്യത്തിൽ അഭിനേതാക്കൾക്കുള്ള ബമ്പർ ലോട്ടറിയാണ് ഈ സിനിമ. നിവിൻ പോളിയുടെ ഏറ്റവും നല്ല പ്രകടനം. പ്രതിഭാധനനായ ഒരു പുതുമുഖ നടനെ ഒരു മാസ്റ്റർ ഡയറക്റ്റർക്ക് കിട്ടിയത് പോലെ.  (മുൻപ് സഖാവ് കൃഷ്ണനായി കഷ്‌ടപ്പെട്ട് വേഷം കെട്ടിയിട്ട് പുലിമുരുകന് പഠിക്കേണ്ടി വന്നതോർത്തു പോകുന്നു). തൃഷയ്ക്ക് ക്രിസ്റ്റൽ വെറുമൊരു വേഷമായിരിക്കില്ല, കരിയറിൽ കണക്കെടുക്കുമ്പോൾ. സിദ്ധിഖ് പൊളിച്ചടുക്കുകയാണ് ഡൊമിനിക് എന്ന മട്ടാഞ്ചേരിക്കാരൻ  കച്ചവടക്കാരനായി. (ജീത്തു ജോസഫ്  നിർബന്ധമായും ഈ പടം കാണേണ്ടതുണ്ട്.  സമീപകാലത്തെ സിദ്ദിഖിന്റെ ഏറ്റവും മോശം പെർഫോമൻസ് പുള്ളിയുടെ സംഭാവനയാണ്- ‘ആദി’യിൽ). ജൂഡിന്റെ  അനിയത്തിയും ഗോവയിലെ സഹായിയായുള്ള ആന്റിയും സ്വാഭാവികതയോടെ മനസ്സിൽ നിൽക്കും.

അസുലഭ നേട്ടം പക്ഷെ അവർക്കല്ല! മലയാള സിനിമയിലും പരിസരങ്ങളിലും വർഷങ്ങളായി കാണാറുള്ള രണ്ടു പേരാണ്, നീനാകുറുപ്പും വിജയ് മേനോനും. അവർക്കിനി മുന്നിലേക്ക് നീങ്ങി തലയുയർത്തി നിൽക്കാം. നീന കുറുപ്പ് അത്രയ്ക്ക് ജൂഡിന്റെ അമ്മയാകുമ്പോൾ, അത് ഞാൻ കണ്ടിട്ടുള്ള അവരുടെ ഏറ്റവും മികച്ച പെർഫോമൻസ് ആകുന്നു! വിജയ് മേനോനാകട്ടെ സിദ്ധിക്കിനൊപ്പം വളരുന്ന അത്‌ഭുതമാണ് ഈ സിനിമ സമ്മാനിക്കുന്നത്!

ഇങ്ങനെയൊക്കെയാണെങ്കിലും, തിയേറ്ററിലെ ഒഴിഞ്ഞ കസേരകളാണ് ഈ സിനിമ കണ്ടവരെയൊക്കെ വിഷമിപ്പിച്ചിട്ടുണ്ടാവുക. താരങ്ങൾ വാഴുന്ന സിനിമയിൽ നിവിൻ പോളിയെപ്പോലൊരു സൂപ്പർ താരത്തിന്റെ മികച്ച  പെർഫോമൻസ് കാണാൻ പോലും ആളില്ല. ഈ ഫാൻസുകാർ എന്ന് പറയുന്ന കൂട്ടം സത്യത്തിൽ  നടന്മാരോട് വിരോധമുള്ളവരാണോ  എന്നുപോലും സംശയം.  ഹീറോ എന്ന നിലയിലല്ലാതെ നടൻ എന്ന നിലയിൽ ഒരാളെയും ഒരടി പോലും വളരാൻ അവർ സമ്മതിക്കുകയില്ല.  ഒരു നിവിൻപോളി പടമിറങ്ങുമ്പോൾ തലങ്ങും വിലങ്ങും കെട്ടി വെക്കാറുള്ള ഫ്ളക്സ് ബാനറുകളുടെ എണ്ണത്തിനൊപ്പം  പോലും ഇന്നലെ തിയേറ്ററിനകത്ത്  അവരെ കണ്ടില്ല!

2 Comments
  1. Sunil 3 years ago

    Wonderful review. Yes, we are mallus… we don’t accept and appreciate the good!

  2. Vijay 3 years ago

    Good review.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account