പൊതുവെ ഞാൻ ഹിന്ദിസിനിമകളൊന്നും കാണാത്ത ആളാണ്. വല്ല ഡബ്ബിങ്ങ് സിനിമകളാണെങ്കിൽ ചിലപ്പോൾ കണ്ടേക്കും. അങ്ങനെയിരിക്കേ ഈ വെക്കേഷന് സോണിമാക്‌സിൽ ഒരു പരസ്യം: വേൾഡ് ടെലിവിഷൻ പ്രീമിയർ – ‘ഹിച്ച്കി’, കമിങ് സൂൺ എന്ന്. ചാനൽ വെയ്ക്കുമ്പോൾ ഇത് ആവർത്തിച്ചാവർത്തിച്ച് കാണിച്ചോണ്ടേയിരുന്നു. അങ്ങനെ ഒന്നുറപ്പിച്ചു, എന്തായാലും കാണണം.

ഹിച്ച്കി എന്ന പേരിന്റെ അർത്ഥമാണു തമാശ. എക്കിളിടുമ്പോൾ ഉണ്ടാവുന്ന ശബ്‌ദമാണത്രേ അത്. ആ പേരിലൊരു സിനിമയോ? എന്നാൽ കണ്ടിട്ടു തന്നെ കാര്യം.

ഹിന്ദി സിനിമാലോകത്തെ ലെജന്റായ റാണി മുഖർജിയുടേതാണ് ഈ സിനിമ. നയന മാത്തൂർ എന്ന അധ്യാപികയെയാണ് അവർ  ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ജന്മനാ ഒരസുഖമുണ്ട് നയന മാത്തൂരിന്.  സംസാരിക്കുമ്പോൾ, ടെൻഷനടിക്കുമ്പോൾ അറിയാതെ എക്കിൾ ശബ്‌ദം ഉണ്ടാവുന്ന തോട്ട് സിൻഡ്രോം .ഒരു വലിയ സ്‌കൂളിൽ അധ്യാപികയായ്

എത്തുന്ന നയനാ മാത്തൂർ  വലിയ മാറ്റങ്ങളാണ് അവിടെ വരുത്തി തീർക്കുന്നത്. വികൃതിക്കുട്ടികളുള്ള 9 F എന്ന ക്ലാസ്സിലെ ടീച്ചറാണ് മാത്തൂർ. ക്ലാസ് റൂമും തമാശകളും ടെൻഷനുമൊക്കെയായി വളരെ രസകരമായാണ് സിനിമ പിന്നീട് മുന്നോട്ടു പോകുന്നത്.

തുടക്കത്തിൽ മാത്തൂരിനെ കുട്ടികൾ വല്ലാതങ്ങ് പരിഹസിക്കുന്നു. എന്നാൽ അധികം വൈകാതെ തന്നെ നയനാ മാത്തൂർ അവർക്ക് പ്രിയപ്പെട്ട അധ്യാപിക കൂടിയാകുന്നതും കാണാം. മാത്തൂരിന്റെ സ്‌നേഹവും, കരുതലുമാണ് കുട്ടികളെ ആകർഷിക്കുന്നത്. കുട്ടികളുടെ പ്രശ്‌നങ്ങളിലെല്ലാം മാത്തൂർ അവരെ തള്ളിപ്പറയുകയല്ല, കൂടെ നിൽക്കുന്നു. അവരുടെ തെറ്റുകൾ കൂടി ഏറ്റെടുക്കുന്നു. അവരെ സ്‌നേഹിക്കുന്നു, നന്നാക്കിയെടുക്കുന്നു. ഇതുപോലൊരു അധ്യാപികയെ കിട്ടാൻ നമ്മളും ആഗ്രഹിച്ച് പോകും.

തോട്ട് സിൻഡ്രോം എന്ന രോഗാവസ്ഥയുടെ മൂർച്ച കാണിച്ചു തരാൻ ഇടയ്ക്കിടക്ക് അതിന്റൊരു എഫക്റ്റ് കൊടുക്കുന്നുണ്ട് സിനിമയിൽ. ചില സമയത്ത് അതിത്തിരി ബോറടിപ്പിക്കും. എങ്കിലും പടത്തിൽ മുഴുകിക്കഴിഞ്ഞാൽ അതൊന്നും വലിയ കുഴപ്പമല്ല.

സിദ്ധാർത്ഥ് മൽഹോത്രയാണ് ഈ  സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. സിനിമയിലെ നയനാ മാത്തൂരും, ആദേശുമൊന്നും നമ്മുടെ മനസ്സിൽ നിന്ന് മായില്ല. നമുക്ക് കുറവുകളുണ്ടാവും. മറ്റുള്ളവർ പരിഹസിക്കും. അതിലൊന്നും തളരാതെ അതിനെയെല്ലാം അതിജീവിച്ച്, മറ്റുള്ളവർക്ക് മാതൃകയാവുക എന്ന മഹത്തായ സന്ദേശമാണ് സിനിമ നൽകുന്നത്.

തോക്കും, കത്തിയും, വെടിയും പുകയും ഒക്കെ നിറഞ്ഞ ബോളിവുഡിൽ പുസ്‌തകവും, അറിവിന്റെ വെളിച്ചവുമായാണ് നയന മാത്തൂർ കടന്ന് വരുന്നത്. അങ്ങനെയാണവർ കുട്ടികളുടെ ലോകത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്നത്.

ബോക്‌സോഫീസിൽ 76.54 കോടി രൂപയാണ് കഴിഞ്ഞ മാർച്ചിൽ റിലീസായ ഈ സിനിമ നേടിയെടുത്തത്. ഇത്തരത്തിലൊരു ചിത്രം കേരളത്തിൽ റിലീസായാൽ വിജയ സാധ്യത വളരെ കുറവായിരിക്കും. കാരണം കേരളീയർ സ്‌ത്രീ കേന്ദ്രീകൃതമായ ഒരു സിനിമയേയും അംഗീകരിക്കാത്തവരാണ്. നമുക്ക് നായകൻമാർ വേണം. പഞ്ച് ഡയലോഗുകളും ഉഗ്രൻ സംഘട്ടനങ്ങളും വേണം. നായിക മാത്രമുള്ള, അവളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ നമുക്കു വേണ്ട. മലയാളത്തിലെ മാണിക്യക്കല്ല് എന്ന അധ്യാപക സിനിമയിൽ പൃഥീരാജിന്റെ സ്ഥാനത്ത് ഒരു സ്‌ത്രീയായിരുന്നെങ്കിൽ എന്നു സങ്കൽപ്പിച്ചു നോക്കിയാൽ നല്ല രസമാണ്. സിനിമ റിലീസായതും നമ്മളറിയില്ല, തീയേറ്ററിൽ നിന്നു പോയതും അറിയില്ല. നമ്മുടെയും ഹിന്ദി സിനിമാ പ്രേക്ഷകരുടെയും ആറ്റിറ്റ്യൂഡിന്റെ വ്യത്യാസമാണത്. ഹിന്ദിയിൽ ധാരാളം സ്‌ത്രീകേന്ദ്രിത സിനിമകൾ ഇറങ്ങുന്നുമുണ്ട്, പലതും നൂറു കോടി ക്ലബിൽ കേറുന്നുമുണ്ട്.

1 Comment
  1. Veeye Calicut 2 years ago

    നന്നായെഴുതി, അഭിനന്ദനങ്ങൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account