നരേന്ദ്ര മോദിയേയോ അദ്ദേഹത്തിന്റെ സർക്കാരിനെയോ വിമർശിക്കുന്നതും എതിർക്കുന്നതും ഇന്ത്യയെ എതിർക്കലാണ് എന്ന് അദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ഒരു റാലിയിൽ പ്രഖ്യാപിച്ചത്. കോൺഗ്രസുകാർക്ക് ഭാര്യയും കുടുംബവുമൊക്കെയുള്ളതുകൊണ്ട് അവർക്കു വേണ്ടിയാണ് കോൺഗ്രസ് രാജ്യം ഭരിച്ചത്. എന്നാൽ താനങ്ങനെയല്ല, ഭാരതത്തിനു വേണ്ടിയാണ് ജീവിക്കുന്നത്, അതിനാൽ തന്നെ എതിർക്കുന്നവർ ഭാരതത്തെ തന്നെയാണ് എതിർക്കുന്നത് എന്നായിരുന്നു നരേന്ദ്ര മോദി മഹാരാജാവിന്റെ ആത്മപ്രശംസ. ഇന്ത്യ ഉണ്ടായത് 2014ൽ ആണെന്നും മോദി രാജിനു ശേഷം പ്രളയമാണ് എന്നും വിചാരിക്കുന്ന മൂഢ കേസരികൾക്ക് അത് ശരിക്കും ബോധിക്കുകയും ചെയ്‌തു. ഈ വാചകക്കസർത്തല്ലാതെ യാതൊന്നും ഇന്ത്യക്ക് നൽകാൻ കഴിയാത്ത ഒരു ഭരണകൂടമാണ് തന്റേതെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ പറയേണ്ടി വന്നത്. അടിമുടി മുതലാളിത്തവൽക്കരിച്ച, പ്രധാനമന്ത്രിയേക്കാൾ പ്രധാനികളായി അംബാനിമാരും മറ്റും മാറിക്കഴിഞ്ഞ ഈ രാജ്യത്ത് മുതലാളിമാരുടെ CEO മാത്രമാണ് താനെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവോ എന്ന് ആശങ്കപ്പെടുന്ന അദ്ദേഹത്തിന് സ്വയം വിഗ്രഹമായി ചമയുകയും സ്വയം പ്രകീർത്തിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്താണ് വഴിയുള്ളത് ..?

സാമ്പത്തിക രംഗത്തോ ജനക്ഷേമ രംഗത്തോ ഒന്നും ചെയ്‌തില്ലെങ്കിലും കഴിഞ്ഞ നാലു കഷ്‌ട വർഷങ്ങൾ ഈ മഹാരാജാവും ഉപജാപക വൃന്ദവും കൂടി ഈ രാജ്യത്തിനു നേടിത്തന്ന ഒരു പുതിയ സംഗതിയുണ്ട്, ഹിന്ദുമതം.  ഒരു മതത്തിനുണ്ടായിരിക്കേണ്ടതെന്ന് സംഘടിത മതങ്ങൾ ചിട്ടപ്പെടുത്തിയ യാതൊരു വ്യവസ്ഥകളും ബാധകമല്ലാത്ത ഒരു തരത്തിലുള്ള സാമൂഹ്യ നിയന്ത്രണങ്ങളുടേയും അധികാരസ്ഥാനമല്ലാതിരുന്ന  ഹിന്ദു ജീവിതരീതിയെ ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും ഒട്ടും പരിചിതമല്ലാതിരുന്ന മതം എന്ന നിർവചനത്തിലേക്ക് സ്ഥാപിച്ചെടുത്തു എന്നതാണ് മോദി രാജ ഭരണത്തിന്റെ പരിണിത ഫലം. സെമിറ്റിക് മതങ്ങൾ അവരുടെ അണികളെ നിലക്കുനിർത്താനും അതുവഴി അധികാരം നേടിയെടുക്കാനും മത ശാസനങ്ങൾ ഉപയോഗപ്പെടുത്തുന്നതുകണ്ട് അതു പോലെ തങ്ങൾക്കുമാവാമെന് ധരിച്ചുവശായാണ് ഹിന്ദു മതത്തിന്റെ അഭിനവ പ്രണേതാക്കൾ സ്വയം പ്രഖ്യാപിത ഹിന്ദു സംരക്ഷകരായി അവതരിച്ചിരിക്കുന്നത്. ഈ അസംബന്ധ നാടകത്തിന്റെ തുടക്കം മുതൽ നാം ചോദിക്കുന്നത് ഒരേ ഒരു ചോദ്യമാണ്, ഇന്ത്യൻ ഹിന്ദുവിന്റെ രക്ഷാധികാരികളായി ആരാണ് സംഘ പരിവാരത്തെ നിയോഗിച്ചിട്ടുള്ളത്..? ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തന്നെ അവശേഷിപ്പിക്കുകയും ഹിന്ദു എന്നാൽ തങ്ങളാണെന്ന് ആവർത്തിക്കുകയും ചെയ്യുന്നു സംഘ കുടുംബം. ബിജെപി യേയോ സംഘ പരിവാരത്തേയോ വിമർശിക്കുന്നവരും എതിർക്കുന്നവരും ഹിന്ദു വിരുദ്ധരാണ് എന്നാണവരുടെ നിലപാട്. നമുക്കൊട്ടും മനസിലാവാത്തതും അതു തന്നെ. ഇന്ത്യയുടെയും ഇന്ത്യൻ സംസ്‌കാരത്തിന്റേയും ഏകാവകാശികളായി ആരാണ് ഇവരെ നിയമിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നിർബന്ധമായും ലഭിക്കേണ്ടതുണ്ട്.

യഥാർഥത്തിൽ ബിജെപിയും സംഘവും ഹിന്ദുവിന്റെ ശത്രുക്കളാണ്. ഭാരതീയ സംസ്‌കൃതിയുടെ അനന്ത വൈശല്യത്തെ കേവലം അധികാര രാഷ്‌ട്രീയത്തിന്റെ സങ്കുചിതത്വത്തിലേക്ക് പരിമിതപ്പെടുത്തുകയാണ് സംഘപരിവാർ കക്ഷികൾ ചെയ്യുന്നത്. ഇന്ത്യയുടെ പൊതു പൈതൃകത്തെ ഹിന്ദുവിന്റേത്, അല്ലാത്തത് എന്ന് വേർതിരിച്ച് നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയാണ് ഹിന്ദുത്വത്തിന്റെ സംരക്ഷണം എന്ന വ്യാജേന അവർ ചെയ്യുന്നത്. ഏതൊരു മനുഷ്യനും വായിക്കാമായിരുന്ന ഇതിഹാസകാവ്യങ്ങൾ ബി.ജെ.പി.ക്കാരല്ലാത്തവർ  വായിക്കേണ്ടതില്ലെന്ന നിലപാടിന്റെ ബഹിർസ്‌ഫുരണമാണ്‌ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും രാമായണം പ്രചരിപ്പിക്കുന്നതിനെതിരെയുള്ള സംഘ കക്ഷികളുടെ എതിർപ്പ്. യഥാർഥ ഹിന്ദു സംസ്‌കാര സംരക്ഷകർ ഭാരതീയ സംസ്‌കാരത്തിന്റെ ഈടുവപ്പുകളായ പുരാണേതിഹാസങ്ങളും വേദവേദാന്ത സാരങ്ങളും പരമാവധി ജനങ്ങളിൽ എത്തിക്കാനാണ് ശ്രമിക്കുക. ഇവിടെ സംഭവിക്കുന്നത് നേരെ മറിച്ചാണ്. ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് അവർണ ജനതയെ ആട്ടിയോടിക്കുന്നു. ഭാരതീയബിംബങ്ങളെ ഹൈന്ദവവൽക്കരിച്ച് സ്വകാര്യമാക്കി വെക്കുന്നു. അങ്ങനെ ഏതുപ്രകാരത്തിൽ നോക്കിയാലും സംഘ കുടുംബം ഹിന്ദുത്വത്തിന്റേയും ഭാരതീയതയുടേയും ശത്രുക്കളാണ് എന്നു കരുതാനേ നിർവാഹമുള്ളൂ.

ഇവിടെയാണ് ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാൻ പ്രയോഗത്തിന്റെ ആഴവും പരപ്പും വ്യക്‌തമാവുന്നത്. ആ പ്രസ്‌താവനയുടെ പിന്നിൽ തരൂരിനുണ്ട് എന്ന് ആരോപിക്കുന്ന രാഷ്‌ട്രീയ താൽപര്യം മാറ്റി നിർത്തിയാൽ അദ്ദേഹം പറഞ്ഞത് പൂർണമായും ശരിയാണ് എന്നു കാണാം. പാക്കിസ്ഥാൻ ഒരു മുസ്ലീം രാഷ്‌ട്രീമായിട്ടാണ് രൂപീകരിക്കപ്പെട്ടതെങ്കിലും അവിടുത്തെ ഇപ്പോഴത്തെ ഇസ്ലാമികാവസ്ഥ എത്ര ദയനീയമാണ് എന്നു നമുക്കറിയാം. അതു തന്നെയാണ് വ്യാജ ഹിന്ദു സംരക്ഷകരെ വിശ്വസിച്ച് ബി ജെ പിയേയും കൂട്ടരേയും വീണ്ടും അധികാരത്തിലെത്തിച്ചാൽ ഇവിടുത്തെ ഹിന്ദുക്കൾക്കും സംഭവിക്കാൻ പോകുന്നത്. ആ മുന്നറിയിപ്പാണ് തരൂർ മുന്നോട്ടു വച്ചത്.

അതിസൂക്ഷ്‌മമായ ആഘാതതലങ്ങളുള്ള തരൂരിന്റെ പ്രയോഗത്തിന് ബി ജെ പി നൽകിയ മറുപടിയാണ് ഏറെ ഭീതിജനകം. അങ്ങനെയെങ്കിൽ കോൺഗ്രസ് മുസ്ലീം പാർട്ടിയാണോ എന്നായിരുന്നു ആ മറു ചോദ്യം. ബി ജെ പിയുടെ നയങ്ങൾ ചോദ്യം ചെയ്യുന്ന ആരും ഹിന്ദുക്കളല്ല എന്ന ധാർഷ്‌ട്യമാണ് ബി ജെ പിയുടെ പ്രധാന ആശയം. ഹിന്ദുവെന്നാൽ അത് ബി ജെ പിയാണ്, സംഘപരിവാരമാണ് എന്ന് പറയുന്നവർ സനാതന ഹിന്ദുത്വത്തിന്റെ വക്‌താക്കളല്ല, രാഷ്‌ട്രീയ ഹിന്ദുത്വത്തിന്റെ ഗുണഭോക്താക്കളാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് ഹിന്ദുവും കോൺഗ്രസ് ഹിന്ദുവും സൂഫി ഹിന്ദുവുമുണ്ട്. ഇതെല്ലാം ഉൾപ്പെടുന്നതാണ് ഇന്ത്യൻ ഹിന്ദുത്വം. അത് നിരാകരിക്കുകയും ഹിന്ദുമതം വളരെയേറെ സങ്കുചിതവും അസഹിഷ്‌ണുത പുലർത്തുന്നതും അപര മതങ്ങളോടും സംസ്‌കൃതികളോടും ശത്രുത പുലർത്തുന്നതുമാണ് എന്ന് പ്രചരിപ്പിക്കുന്ന സംഘ കുടുംബം ഹിന്ദുവിന്റെയും ഭാരതത്തിന്റേയും ശത്രുക്കളാണ് എന്നതാണ് സത്യം .

1 Comment
  1. ദേവീപ്രസാദ് പീടീയ്ക്കക്കൽ 2 years ago

    ബി ജെ പി യോ സംഘ പരിവാരമോ ഹിന്ദുക്കളുടെ സംരക്ഷണം ഏറ്റെടുത്തു എന്നൊന്നും വിശ്വസിക്കുന്നില്ല. ഹിന്ദു ഐക്യവേദിയോ അത് പോലെ മറ്റൊരു സംഘടനയോ സനാതന ധർമ്മത്തിന് എടുത്തു പറയാൻ ഒരു നേതൃത്വം ഇല്ല തന്നെ. എന്നാൽ സെമിറ്റിക് മതങ്ങളുടെ പൌരോഹിത്യ നേതൃത്വം ആട്ടിത്തെളിക്കുന്ന ഒത്തൊരുമയിൽ സമൂഹത്തിൽ രാഷ്ട്രീയത്തെ സ്വാധീനിച്ച് ന്യൂനപക്ഷ കാർഡ് ഇറക്കി അവർ നേടിയെടുക്കുന്ന അനർഹമായ നേട്ടങ്ങൾ കണ്ടും അനുവദിച്ചും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് കാണുന്ന, മതം മാറ്റപ്പെടുന്ന ഹിന്ദു തന്റെ ആചാരാനുഷ്ഠാനങ്ങളെ ഓർത്തെടുക്കുന്നതോ അതിനെ തിരിച്ചുപിടിക്കുന്നതോ ഇവിടത്തെ ഇടം വലം ന്യൂനപക്ഷ പ്രീണനം നടത്തുന്ന കക്ഷിരാഷ്ട്രീയക്കാർക്ക് പിടിക്കാതെ വരുമ്പോൾ, വിപ്ലവ പാർട്ടിയിലും സെമിറ്റിക് മതസ്ഥർ അവരുടെ ഒരു ആചാരവും വിട്ടുവീഴ്ചയില്ലാതെ തുടരുമ്പോൾ , ബോധമില്ലാതെ അവിടെ ആകാശത്തേക്ക് മുഷ്ടി ചുരുട്ടുന്ന വിപ്ലവകാരികളുടെ മക്കളെ ആടുമേയ്ക്കാൻ കൊണ്ടു പോകുമ്പോൾ ബി ജെ പി യോ സംഘപരിവാരോ അതല്ല മറ്റാരുമോ ആവട്ടെ മുന്നിൽ നിന്ന് നയിക്കാനുണ്ടെങ്കിൽ അതിജീവനത്തിനാണെങ്കിലും ആ വഴിയെ നടക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാകുന്നു ഹിന്ദുവിന്. അത് തുടരുമ്പോൾ ഉണ്ടാക്കുന്ന ഭയത്തിൽ പാർട്ടികൾ രാമായണ മാസാചരണവും ശ്രീകൃഷ്ണ ജയന്തിയും നടത്തും, ഗുരുവിന്റെ പോസ്റ്ററൊട്ടിക്കും , ഹിന്ദു പാക്കിസ്ഥാൻ എന്ന് പറയും. എല്ലാം വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താൽ മാത്രമാണ്. കാര്യമാക്കണ്ട. അവർ പറയട്ടെ. തണുക്കുമ്പോൾ ശരീരം വിറയ്ക്കുന്നത് പോലെ ഭയക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ജൽപനങ്ങളായി കണ്ടാൽ മതി.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account