ഹോർഡിങ് (Hoarding) എന്നതിന് തത്തുല്യമായ മലയാള പദം കൂട്ടിവയ്പ്പ് അഥവാ പൂഴ്ത്തിവയ്പ്പ് എന്നാണ്. പക്ഷേ അനാരോഗ്യകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിപ്പെടുമ്പോളാണ് ഈ കൂട്ടിവയ്പ്പും പൂഴ്ത്തിവയ്പ്പും അപകടകാരിയാവുന്നത് .

കുറെ നാളുകൾക്കു ശേഷമാണ് മരിയയെ കണ്ടുമുട്ടിയത്. ക്രിസ്‌മസും ന്യൂ ഇയറും എങ്ങനെ ഇരുന്നുവെന്ന് ചോദിച്ചപ്പോൾ വളരെ മനോഹരമായി അവൾ ചിരിച്ചു. മരിയയുടെ അമ്മ ഹോർഡിങ് എന്ന  വൈകല്യത്തിന് അടിമയാണ്. വർഷങ്ങൾക്ക് മുൻപ് വെറുമൊരു കൗതുകം എന്ന നിലയിൽ തുടങ്ങിയതാണ്. ന്യൂസ് പേപ്പർ, മാഗസിൻസ്, സൂപ്പർ മാർക്കറ്റിൽ നിന്നും കിട്ടുന്ന കവർ,  പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ എന്നിവ മുതൽ ഒന്നുമൊന്നും കളയാതെ സൂക്ഷിച്ചുവയ്ക്കാൻ തുടങ്ങി. വർഷങ്ങൾ കഴിയുംതോറും സൂക്ഷിച്ചുവച്ചവ കുന്ന്‌കൂടാൻ തുടങ്ങി. ലിവിങ് റൂം നിറഞ്ഞു, ബെഡ് റൂമുകൾ നിറഞ്ഞു. എന്തിനേറെ, അടുക്കളയും ബാത് റൂമും വരെ നിറഞ്ഞു. കിടക്കാനും ഇരിക്കാനും പോലും സ്ഥലമില്ലാതായിത്തുടങ്ങി. ആരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിച്ചു. ഭർത്താവും മക്കളും ചികിത്‌സയ്ക്കും മറ്റുമായി നിർബന്ധിച്ചിട്ടും അവർ ഗൗനിച്ചതേയില്ല  ഒടുവിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവർ വീട്ടിൽ തനിച്ചാകപ്പെടുകയും ചെയ്‌തു.  നിയന്ത്രാതീതമായ രീതിയിൽ കാര്യങ്ങൾ വഷളായപ്പോൾ മെന്റൽ ഹെൽത്ത് ടീമും സോഷ്യൽ വർക്കേഴ്‌സും ഇടപ്പെട്ട് അവരെ സൈക്യാട്രിക് ചികിത്‌സയ്‌ക്ക്‌ അയച്ചു. വീടും പരിസരവും വൃത്തിയാക്കാൻ ഏതാണ്ട് രണ്ടാഴ്ച്ച എടുത്തുവെന്നാണ്‌ മരിയ പറഞ്ഞത്. ഇരുന്നൂറോളം ബിൻ ലൈനറുകളിൽ! വർഷങ്ങളുടെ പഴക്കമുള്ളവ.

ആറുമാസത്തെ ചികിത്‌സയ്ക്ക് ശേഷം അമ്മ തിരിച്ചെത്തിയപ്പോൾ വിശ്വസിക്കാനായില്ല എന്ന് മരിയ പറഞ്ഞു. നോർമൽ ജീവിതത്തിലേക്ക് അവർ പതിയെ തിരിച്ചുവന്നു കൊണ്ടിരിക്കയാണ് .

ഈ അടുത്ത കാലത്താണ് ഹോർഡിങ്ങിനെപ്പറ്റി റിസേർച്ചേഴ്‌സ് പഠിക്കാൻ തുടങ്ങിയത്. 2013-ലാണ് ഇതൊരു  മാനസിക വൈകല്യമായി കാണാൻ തുടങ്ങിയത് തന്നെ. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട മാനസിക രോഗമാണെന്നോ മറ്റേതെങ്കിലും മാനസിക രോഗത്തിന്റെ ഭാഗമാണെന്നോ ഇതുവരേയ്ക്കും ഇതിനെ തീർച്ചപ്പെടുത്താനും കഴിഞ്ഞിട്ടില്ല. Depression, OCD, Anxiety, Attention Deficit Hyperactivity Disorder (ADHD), Alcohol Dependence, Paranoid Schizophrenia ഉള്ളവരിൽ ഹോർഡിങ് കൂടുതലായും കണ്ടു വരുന്നു എന്നുള്ളത് തള്ളിക്കളയാനാവാത്ത ഒരു വസ്‌തുതയാണ്.

ബുക്ക് ഹോർഡിങ് അഥവാ ബിബ്ലിയോമാനിയ: ഈ ഹോർഡേഴ്‌സ് പ്രത്യേകിച്ചൊരു താൽപ്പര്യമോ അറ്റാച്ചുമെന്റോ കൂടാതെ അനിയന്ത്രിതമായ വിധത്തിൽ പുസ്‌തകങ്ങൾ വാങ്ങുകയോ ശേഖരിയ്ക്കുകയോ ചെയ്യുന്നവരാണ്. ദൈനംദിന ജീവിതത്തിന് ഇടമില്ലാത്ത വിധത്തിൽ പുസ്‌തകങ്ങൾ കുന്നു കൂടുന്നതൊരു പ്രശ്‌നമായോ വൈകല്യമായോ അവരെ അലട്ടുകയില്ല എന്നുള്ളതാണ് ഇതിലെ പ്രത്യേകത. ഒരേ ബുക്കിന്റെ നിരവധി കോപ്പികൾ പോലും  ഇക്കൂട്ടർ വാങ്ങി കൂട്ടുന്നു. അമേരിക്കക്കാരനായ സ്റ്റീഫൻ ബ്ലുംബെർഗ്, ഗുസ്റ്റാവ്‌ ഹാസ്‌ഫോർഡ് എന്നിവർ ലോക പ്രശസ്‌തരായ ബിബ്ലിയോ മാനിയാക്സ്സാണ്.

അനിമൽ ഹോർഡിങ്: ഹോർഡേഴ്‌സിൽ പലരും മൃഗസ്‌നേഹികളാണ് എന്നുള്ളത്‌ ആശ്ചര്യജനകമായ ഒരു വസ്‌തുതയാണ്. എന്നാൽ വളർത്ത് മൃഗങ്ങളെ ശരിയായ രീതിയിൽ സംരക്ഷിക്കാനോ പരിപാലിക്കാനോ അവർക്ക് കഴിയാതെ പോകുന്നു. തന്മൂലം സ്ഥല പരിമിതികൾക്കിടയിലും അവയുടെ ക്രമാതീതമായ പെറ്റുപെരുകലും ഉണ്ടാവുന്നു. പട്ടിണിയും സാംക്രമിക രോഗങ്ങളും വർദ്ധിക്കുന്നു. പല രാജ്യങ്ങളിലും വളർത്ത് മൃഗങ്ങളോടുള്ള അവഗണന ക്രിമിനൽ കുറ്റമായിട്ടാണ്‌ കരുതുന്നത്‌. ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.

ഹോർഡിങ്ങിന് പ്രായപരിധിയില്ല. 11  വയസ്സ് മുതൽ 90 വയസ്സുകാരിൽ വരെ ഇതു കണ്ടു വരുന്നു. കുട്ടിക്കാലത്ത് ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടവരിൽ ഹോർഡിങ് കൂടുതലായും കണ്ട്  വരുന്നതായി പഠനങ്ങൾ വ്യക്‌തമാക്കുന്നുണ്ട്‌.

ഹോർഡിങ്ങിനെ പൂർണ്ണമായും ചികിൽസിച്ചു മാറ്റാൻ ആവില്ലെങ്കിലും ഫലപ്രദമായ ചികിത്‌സാരീതികൾ ഇന്ന് പ്രാബല്യത്തിലുണ്ട്. OCD, ഡിപ്രഷൻ എന്നീ മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ആന്റി ഡിപ്രസെന്റ്‌സ്  ആണ് പ്രധാനമായും ഇതിലുപയോഗിക്കുന്നത്.

കൗൺസിലിംഗ് മറ്റൊരു പ്രധാന ചികിത്‌സാരീതിയാണ്. ഇതിൽ തെറാപ്പിസ്റ്റും പേഷ്യൻറ്റും  ഇഴചേർന്ന് പ്രവർത്തിക്കുന്നു.

* എന്തുകൊണ്ടാണ് ഹോർഡിങ്ങിന്  നിർബന്ധിതരാകുന്നത് എന്നത് കണ്ടെത്താൻ ശ്രമിയ്ക്കുക.

* ഹോർഡ്‌ ചെയുന്ന വസ്‌തുവകകളെ ഓർഗനൈസ് ചെയ്യാൻ സഹായിക്കുക.

* നിത്യ ജീവിതത്തിന് ആവശ്യമില്ലാത്തവ അപ്പപ്പോൾ കളയാൻ പഠിപ്പിക്കുക (decluttering).

* മറ്റ്‌ കുടുംബാംഗങ്ങളെ കൂടെ തെറാപ്പിയിൽ  ഉൾപ്പെടുത്തുക.

* റിലാക്‌സേഷൻ ടെക്‌നിക്കുകൾ പഠിപ്പിക്കുക.

* ഇടക്കിടെ വീടും പരിസരങ്ങളും പരിശോധനയ്ക്കായി എത്തുക.

എന്നതെല്ലാം  ഒരു തെറാപ്പിസ്റ്റിന്റെ ചികിത്‌സാരീതികളിൽ ഉൾപ്പെടുന്നു. എല്ലാറ്റിനുമുപരി ഹോർഡിങ് എന്നതിലെ ഇമോഷണൽ അറ്റാച്ചുമെന്റിൽ നിന്നും വിമുക്‌തരാവുക എന്നത് വളരെ ക്ലേശകരമായ ഒന്നാണ്. മൊട്ടുസൂചി മുതൽ കാർഡ് ബോർഡ് ബോക്‌സ് വരെ ജീവന് തുല്യമെന്ന് കരുതുന്ന ഒരവസ്ഥയിൽ നിന്നും ഒരാളെ മോചിപ്പിക്കാൻ ഓരോ കുടുബാംഗവും ഭൂമിയോളം സഹനക്ഷമത കാണിച്ചേ മതിയാവു.

അറിഞ്ഞോ അറിയാതേയോ ഹോർഡിങ് എന്ന പ്രവണത ഒരു പരിധിവരെ നമ്മിൽ എല്ലാവരിലുമുണ്ട്. വസ്‌ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പേപ്പർ/ബുക്കുകൾ, പാത്രങ്ങൾ, ആഭരണങ്ങൾ, കോസ്‌മെറ്റിക്‌സ്, എന്നിങ്ങനെ നിത്യജീവിതത്തിലെ പലതും നമുക്കും ചുറ്റും കുമിഞ്ഞു കൂടുന്നുണ്ട്. മനുഷ്യൻ ആധുനികതയിലേയ്ക്ക് കാൽ നീട്ടിയപ്പോൾ ആവശ്യകതയെന്നതിലുപരി സ്വന്തമാക്കൽ എന്നതിലേക്കായി പരിണമിച്ചത് തിരിച്ചറിയപ്പെടേണ്ട ഒരവസ്ഥാന്തരമാണ്. മാസത്തിലൊരിക്കലെങ്കിലും  ആവശ്യമില്ലാത്തവ എടുത്ത് കളഞ്ഞു സ്വന്തം പരിസരങ്ങളും ജീവിതം തന്നെയും declutter ചെയ്യാൻ നമുക്ക് ശ്രമിക്കാം.

-സിമ്മി കുറ്റിക്കാട്ട് 

Image courtesy: Wikipedia
9 Comments
 1. Prasad 2 years ago

  ഈ അറിവ് പകർന്നതിനു നന്ദി. ഇതൊരു പുതിയ അറിവാണ്. ഈ അസുഖമുള്ള പലരേയും അറിയാം..

  • Simmy Kuttikkat 2 years ago

   അഭിപ്രായത്തിന് ഏറെ നന്ദി പ്രസാദ് .

 2. Babu Raj 2 years ago

  Thanks for this note. Informative and helpful. Appreciate it!

  • Simmy Kuttikkat 2 years ago

   Thank you.

 3. Sunil 2 years ago

  Good to know this. Thanks for sharing.

 4. Swathi Sasidharan 2 years ago

  ഡിപ്രെഷനുമായി വളരെ അടുപ്പമുണ്ട്. ഒരു പരിധി വിടുമ്പോൾ കടുത്ത ഡിപ്രഷനിൽ നിന്നും ഹോർഡിങ് നമ്മളറിയാത്ത തന്നെ സംഭവിക്കാറുണ്ട് . വിദേശ രാജ്യങ്ങളിൽ അല്ലാതെ ആരും ഇതിന് പ്രാധാന്യം കൊടുത്തു കണ്ടിട്ടില്ല ..

  • Simmy Kuttikkat 2 years ago

   വാസ്തവം തന്നെ സ്വാതി . ഹോർഡിങ്ങിനെ പറ്റിയുള്ള അറിവിലായ്മ തന്നെയാണ് അതിനു കാരണമെന്ന് കരുതുന്നു . കൂടുതൽ പേരിലേക്ക് ഈ അവയർനെസ്സ് എത്തിപ്പെടട്ടെ . ഇതേ പറ്റി എഴുതാൻ പ്രേരിപ്പിച്ചതും അത് തന്നെയാണ് .

 5. Simmy Kuttikkat 2 years ago

  സന്തോഷം സുനിൽ .

 6. Babu Raj 2 years ago

  It’s unknown. Sounds like it is a branch of depression/other mental disorders.
  Thanks for sharing this note.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account