മനോഹരമായ ഒരു സൂര്യാസ്‌തമന ദർശനം നൽകിയാണ് ഹോസ്‌പെട്ട് ഞങ്ങളെ വരവേറ്റത്. തുംഗഭദ്ര നദിയിലെ  അണക്കെട്ടിന്റെ പടിഞ്ഞാറ് വശത്തേക്ക് ഊർന്നിറങ്ങുന്ന രവിബിംബത്തിന്റെ നിറം ആകാശത്തിലും വെള്ളത്തിലുമായി പടർന്നു കിടക്കുന്നു. ഒരു ചിത്രകാരനും ഇത്ര തീവ്രതയോടെ ഒരു സൃഷ്‌ടിയുണ്ടാക്കിയിരിക്കുകയില്ല. കോയമ്പത്തൂരിൽ നിന്നും അറുന്നൂറു കിലോമീറ്ററിലേറെ കാറോടിച്ചെത്തിയ ഞങ്ങൾക്ക് തുംഗഭദ്ര നദിയും അണക്കെട്ടും അസ്‌തമനവും നൽകിയത് യഥാർത്ഥത്തിൽ ലഹരി തന്നെയായിരുന്നു.

ചെറിയ ക്ലാസ്സുകളിൽ ചരിത്രം എനിക്ക് വിരസമായിരുന്നു. എന്തെന്നറിയാതെ മനഃപാഠമാക്കിയിരുന്ന ചില കാര്യങ്ങൾ മാത്രമായിരുന്നു എനിക്കതന്ന്. മുതിർന്നപ്പോൾ ആണോ യാത്രകളെ പ്രേമിച്ചു തുടങ്ങിയപ്പോഴാണോ എന്നറിയില്ല, ചരിത്രം എനിക്ക് കൗതുകമായി. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം മനസ്സിൽ കുടിയേറിയതും ഹംപിയെന്ന മഹാവിസ്‌മയം നേരിൽ കാണണമെന്ന മോഹമുദിക്കുന്നതും അങ്ങനെയായിരുന്നു.

സംഗമ സാമ്രാജ്യത്തിന്റെ അധിപരും സഹോദരങ്ങളുമായിരുന്ന ഹരിഹര ഒന്നാമനും ബുക്കാരായ ഒന്നാമനും ചേർന്ന് ഡക്കാൻ പീഠഭൂമിയിൽ സ്ഥാപിച്ച സമ്പൽ സമൃദ്ധമായ ഒരു സാമ്രാജ്യമായിരുന്നു വിജയനഗരം. 1336 ൽ സ്ഥാപിക്കപ്പെട്ട ഈ സാമ്രാജ്യം 1646 വരെ നിലനിന്നിരുന്നുവെങ്കിലും 1565 ലെ യുദ്ധാനന്തരം സാമ്പത്തികമായും സായുധപരമായും ക്ഷയിക്കുകയായിരുന്നു. രാജ്യത്തിന്റെ നല്ല നാളുകളിൽ പ്രശോഭിച്ചു നിന്നിരുന്ന ഹംപി ഇന്ന് നാഗരാവ ശിഷ്‌ടങ്ങൾ പേറുന്ന ഒരു ഗ്രാമം മാത്രമായിക്കഴിഞ്ഞിരിക്കുന്നു. അവിടത്തെ ചരിത്രാവശിഷ്‌ടങ്ങൾ കാണുന്ന ഏതൊരാൾക്കും നിസ്സംശയം സങ്കൽപിക്കാനാകും ഇതിന്റെ പൂർവകാല  പ്രൗഢി.

വിജയനഗരത്തിന് സ്വന്തമായി ഒരു ശിൽപ്പകലാരീതിയുണ്ടായിരുന്നു. ആ രീതിയിൽ തന്നെയാണിവിടത്തെ നിർമ്മിതികളും. ദക്ഷിണ ഇന്ത്യയിലെ പല ക്ഷേത്രങ്ങളും പിന്നീട് വിജയനഗര ശിൽപ്പ രീതിയിൽ പണികഴിക്കപ്പെട്ടിട്ടുണ്ട്. ഈ സാമ്രാജ്യത്തിന്റെ ഭരണാധികാരികൾ സംസ്‌കാരത്തിനും ഭാഷകൾക്കും മാത്രമല്ല, സംഗീതത്തിനും വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു. കർണാട്ടിക് സംഗീതം ഇന്നത്തെ രൂപത്തിൽ ക്രമപ്പെടുത്തിയതിൽ മുഖ്യപങ്ക് ഈ സാമ്രാജ്യത്തിന് അവകാശപ്പെടാവുന്നതാണ്.

രാത്രിയിൽ ഹോസ്‌പെട്ടിൽ താമസിച്ച ഞങ്ങൾ അടുത്ത ദിവസം കർണാടക ടൂറിസത്തിന്റെ ചെറിയ ബസിൽ ആണ് ഹംപി യാത്രക്കൊരുങ്ങിയത്. വാഹനത്തിൽ ഡ്രൈവറെകൂടാതെ ഒരു ഗൈഡുമുണ്ടായിരുന്നു. അദ്ദേഹം തൊഴിലിൽ അത്ര പ്രഗത്‌ഭനായിരുന്നില്ല എന്നത് ഞങ്ങൾക്ക് ഇടയ്ക്കിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. പല ചോദ്യങ്ങൾക്കും കൃത്യമായി മറുപടി തരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഒരു നല്ല ഗൈഡിന്റെ പ്രാധാന്യം അന്ന് ഞങ്ങൾ മനസിലാക്കി.

ഏകദേശം ഇരുപത്തിയാറു ചതുരശ്ര കിലോമീറ്റർ വിസ്‌തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഒരു പ്രദേശമാണ് ഹംപി. ഹംപി പൂർണമായും സന്ദർശിക്കാൻ ദിവസങ്ങൾ വേണ്ടിവരും. മാസങ്ങളോളം താമസിച്ചു ഹംപി കാണുന്നവർ ധാരാളമുണ്ട്. പ്രത്യേകിച്ചും ചരിത്രാന്വേഷികൾ. ഇവിടം കാണാനെത്തുന്നവർ ഏറ്റവും പ്രയോജനപ്പെടുത്തുന്നത് സൈക്കിളുകളാണ്. നൂറ്റി അൻപതു രൂപ ദിവസവാടകയിൽ ഇതിവിടെ ലഭ്യവുമാണ്. മോട്ടോർ സൈക്കിളുകളിലും ഓട്ടോറിക്ഷകളിലുമെല്ലാം ഹംപി സന്ദർശനം നടത്തുന്നവരുമുണ്ട്. എട്ടുമണിക്കൂർ നേരത്തേക്ക് ആയിരം രൂപയെങ്കിലും ആകും ഓട്ടോറിക്ഷകൾക്ക്. തുംഗഭദ്ര നദിയുടെ ഇരുകരകളിലുമായാണ് കാഴ്ച്ചകൾ. ഹനുമാൻ ക്ഷേത്രവും പഴയ തലസ്ഥാനമായിരുന്ന അനഗുഡിയുമെല്ലാം മറുകരയിലാണ് സ്ഥിതി ചെയുന്നത്. ഹംപിയിലെ ചില പ്രധാന കാഴ്ച്ചകൾ മാത്രം ഞാനിവിടെ പ്രതിപാദിക്കുന്നു. ചുരുങ്ങിയ പക്ഷം, ഹംപി സന്ദർശിക്കുന്നവർ ഇവയെങ്കിലും കണ്ടിരിക്കണം.

വിതാല ക്ഷേത്ര സമുച്ചയം – തകർന്നടിഞ്ഞ ഹംപിയുടെ വടക്കു കിഴക്കു ഭാഗത്ത് തുംഗഭദ്ര നദിക്കരയിലാണ് ഈ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയുന്നത്. 1422 നും 1466 നും ഇടയിൽ ദേവരായ രണ്ടാമൻ പണികഴിപ്പിച്ചതാണ് മഹാവിഷ്‌ണുവിന് വേണ്ടിയുള്ള ഈ വിസ്‌മയം. കല്ലിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ രഥമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. കല്ലിൽ കൊത്തിയ മൂന്നു പ്രധാന ക്ഷേത്രങ്ങളാണ് ഇന്ത്യയിലുള്ളത്. കൊണാർക്കും മഹാബലിപുരവുമാണ് മറ്റു രണ്ടിടങ്ങൾ. മഹാ മണ്ഡപമാണ് ഈ കൽക്ഷേത്രത്തിന്റെ മറ്റൊരാകർഷണം. കരിങ്കല്ലിൽ കൊത്തിയ, അലങ്കാരപ്പണികളുള്ള ഈ മണ്ഡപത്തിനു നാല് മുറികളുമുണ്ട്. ഇവിടെ സരിഗമ തൂണുകൾ എന്നറിയപ്പെടുന്ന സപ്‌തസ്വര തൂണുകളുണ്ട്. അതിൽ തട്ടിയാൽ സപ്‌തസ്വരങ്ങൾ ഉണ്ടാകും എന്നതാണ് ഈ പേരിനു കാരണം.

വിരുപാക്ഷ ക്ഷേത്രം – ദേവരായ രണ്ടാമൻ തന്നെ നിർമ്മിച്ച ശിവക്ഷേത്രമാണിത്. വിരുപാക്ഷ എന്നത് ശിവന്റെ മറ്റൊരു രൂപമാണ്. തുംഗഭദ്ര നദിക്കരയിൽ തന്നെയാണ് ഈ മഹാക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. ഒരു ചെറിയ ക്ഷേത്രത്തിൽ നിന്നാണ് ഇക്കാണുന്ന കൂറ്റൻ ക്ഷേത്രം പണിതുയർത്തിയതെന്നു ചരിത്രം. ഇതിന്നും ഒരു ആരാധനാലയമായി തുടരുന്നതിന്റെ കാരണവും അതുതന്നെയായിരിക്കാം. അസംഖ്യം തൂണുകളുള്ള ഒരു മണ്ഡപമാണ് പ്രാർത്ഥനക്കുപയോഗിക്കുന്നത്. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമാകാം.

ലോട്ടസ് മഹൽ – കമൽ മഹൽ എന്നും ചിത്രക്കനി മഹൽ എന്നുംഅറിയപ്പെടുന്ന ഈ രണ്ടുനിലക്കെട്ടിടം ഒരു താമരയുടെ രൂപത്തിലാണുള്ളത്. ചുറ്റുമുള്ള ഇരുപത്തിനാലു തൂണുകൾ ഇതിന്റെ രൂപനിർണ്ണയത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഈ തൂണുകളിലെല്ലാം കടൽ ജീവികളുടെയും പക്ഷികളുടെയും രൂപാലങ്കാരങ്ങൾ കാണാം. കൃഷ്‌ണ ദേവരായാരുടെ പത്‌നി ജീവിതത്തിന്റെ നല്ല പങ്കും ജീവിച്ചു തീർത്ത ഇടം കൂടിയാണിത്.

ആനക്കൊട്ടിൽ – മുഗൾ ആക്രമണത്തിൽ നശിക്കപ്പെടാതെ പോയ ചില കെട്ടിടങ്ങളിൽ ഒന്നാണിതും. പ്രധാന മകുടം അടക്കം പതിനൊന്നു മകുടങ്ങളുണ്ട്. പ്രധാന മകുടം ഇന്ത്യൻ രീതിയിലും മറ്റു പത്തു മകുടങ്ങൾ മുഗൾ രീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

ഹസാര രാമസ്വാമി ക്ഷേത്രം – വിജയനഗര രാജകുടുംബം അവർക്കായി ഉപയോഗിച്ചിരുന്ന മനോഹരമായ ഒരു ചെറിയ ക്ഷേത്രമാണിത്. രാമായണ കഥ ചുവരിൽ കൊത്തിവച്ചിരിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ടിതിന്.

ഉഗ്ര നരസിംഹ പ്രതിമ – മുഗൾ ആക്രമണത്തിൽ തകർക്കപ്പെട്ട ഈ ഭീമൻ പ്രതിമയിൽ നിന്ന് ലക്ഷ്‌മീ ദേവി അടർന്നു മാറ്റപ്പെടുകയുണ്ടായി. ദേവിയുടെ മടിയിൽ ഇരിക്കുന്ന നരസിംഹനായിരുന്നു ആദ്യകാല പ്രതിമയുടെ രൂപം. കേടുപാട് സംഭവിച്ച ലക്ഷ്‌മി പ്രതിമ ഇപ്പോൾ കമലാപുരത്തെ പുരാവസ്‌തു മ്യൂസിയത്തിലാണുള്ളത്.

ക്യൂൻസ് ബാത്ത് – അഞ്ഞൂറ് വർഷങ്ങൾ പഴക്കമുള്ള കുളിയറ എന്നതോ രാജ്ഞിമാർ കുളിച്ചിരുന്നതോ മാത്രമല്ല ഇതിന്റെ പ്രത്യേകത. രൂപഭംഗികൊണ്ട് ഈ കോട്ടപോലുള്ള സൗധം ഇന്നും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു എന്നതാണ്.

ഒറ്റക്കൽ നന്ദി – വിരൂപാക്ഷ ചന്തയുടെ കിഴക്കേ അറ്റത്തായി ആണ് ഈ ഒറ്റക്കൽ നന്ദി എന്ന കൂറ്റൻ കാള. ഇത് സ്ഥിതി ചെയുന്ന തെരുവിന്റെ എതിർദിശയിലാണ് വിരൂപാക്ഷ എന്ന ശിവ ക്ഷേത്രം.

വിജയ വിതാല ക്ഷേത്രം – ശിൽപ്പകലാ വിസ്‌മയമാണ് ഈ ക്ഷേത്രം. ഒരുപക്ഷേ ഹംപിയിലെ ഏറ്റവും വലുതുമായിരിക്കാം പ്രശസ്‌തമായിരുന്ന ഈ ക്ഷേത്രം. സംഗീതമുണർത്തുന്ന തൂണുകളും കൽ രഥവുമെല്ലാം തുംഗഭദ്ര തീരത്തു സ്ഥിതി ചെയുന്ന ഈ ക്ഷേത്രത്തെ അവിസ്‌മരണീയമാക്കുന്നു.

ഹംപിയുടെ സ്‌മാരകകൂട്ടങ്ങൾ – ഗ്രൂപ്പ് ഓഫ് മോണുമെന്റ്‌സ് ഓഫ് ഹംപി എന്ന പേരിൽ യുനെസ്‌കോയുടെ പദവി കിട്ടിയ ഒരിടമാണ് പഴയ പാംപക് ക്ഷേത്ര. AD 1336  നും 1570 നും ഇടയിലായിരിക്കണം ഇത് പണികഴിപ്പിച്ചിട്ടുണ്ടാകുക. ഒരു കൂട്ടം ക്ഷേത്രങ്ങളുടെ സമുച്ചയമാണിത്.

പുരാവസ്‌തു മ്യൂസിയം – ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പുരാവസ്‌തു മ്യൂസിയവും ഇവിടെയുണ്ട്.

ഭൂഗർഭ ശിവ ക്ഷേത്രം – പ്രസന്ന വിരൂപാക്ഷ ക്ഷേത്രം, ഹംപിയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നായിരിക്കും. ഭൂമിക്കടിയിലെ ഈ ശിവക്ഷേത്രം ഇന്ന് ഹംപിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഇത്രയും കാര്യങ്ങൾ എടുത്തു പറഞ്ഞതിൽ നിന്നും ഇത് മാത്രമാണ് ഹംപി എന്ന് കരുതേണ്ടതില്ല. ചില പ്രത്യേക പ്രാധാന്യമുള്ള ചരിത്രാവശിഷ്‌ടങ്ങളെക്കുറിച്ചു മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചിട്ടുള്ളത്. എണ്ണിയാലൊടുങ്ങാത്ത ചരിത്ര വിസ്‌മയങ്ങൾ ഇവിടെ ചരിത്ര ഗവേഷകർക്കു വേണ്ടിയും കാഴ്ച്ചക്കാർക്കു വേണ്ടിയും കാത്തിരിക്കുന്നു.

ഹംപി, കർണാടകം
യുനെസ്‌കോ ലോക പൈതൃക പ്രദേശം
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ: ഹോസ്‌പെട്ട്

8 Comments
 1. Sheema 2 years ago

  Wish to visit Hampi…

 2. Olga George 2 years ago

  Good detailing. Excellent description.

 3. Jayakumar 2 years ago

  Good travelogue. Hampi is a wonderful historical place.

 4. Priya 2 years ago

  Nice…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account