കഥകളുടെ പിയേത്ത

നിശ്ശബ്ദവും നിശ്ചലവുമായ ഒരു തടാകം പോലെയാണ് മലയാള സാഹിത്യം . ഒരനക്കവുമില്ല, കുഞ്ഞോളങ്ങൾ പോലുമില്ല. എല്ലാ ആഴ്ചയിലും നിരവധി കഥകളുണ്ടാവുന്നുണ്ട്. കാക്കത്തൊള്ളായിരം പ്രസാധകൻമാരുടെ വക നൂറു കണക്കിന് പുസ്തകങ്ങൾ വിരിഞ്ഞിറങ്ങുന്നുണ്ട്. പക്ഷേ സാഹിത്യത്തടാകത്തിന് ഒരനക്കവുമുണ്ടാക്കാൻ അവക്കൊന്നും പറ്റുന്നതേയില്ല. കഥയെഴുതുക എന്നത് സാമാന്യേന എളുപ്പമാണ്. അതിപരിചിതമായ ഏതൊരു വിഷയത്തേയും മുൻകൂട്ടി തയ്യാറാക്കിയ അച്ചിലേക്ക് കലക്കിയൊഴിച്ചാൽ അതൊന്ന് കട്ടിയാവാനുള്ള സമയമേ വേണ്ടൂ. നല്ലൊന്നാം തരം കഥ/കവിത തയ്യാർ. അങ്ങാടിയിൽ വച്ചു വാണിഭക്കടകളിൽ തൂക്കിയിട്ടു വിൽക്കുന്ന ഒരേ വർണത്തിലും വലുപ്പത്തിലുമുള്ള മുത്തു മാലകൾ പോലെ അവയെ പ്രദർശിപ്പിക്കാം. വർണശബളമാണെന്നു തോന്നിക്കുമെങ്കിലും അവയെല്ലാം പെട്ടെന്ന് നിറം മങ്ങുന്ന പൊട്ടിപ്പോവുന്ന മുത്തുകളാണ്. പക്ഷേ ഒന്നിനോടൊന്ന് സാമ്യമില്ലാത്ത കഥകൾ എഴുതുന്ന എത്ര പേരുണ്ട് ഇപ്പോൾ മുഖ്യധാരയിലെന്ന് സ്വയം കരുതുന്ന എഴുത്തുകാരിൽ .?! ഇ സന്തോഷ് കുമാറിനേയോ എം നന്ദകുമാറിനേയോ മാറ്റി നിർത്തിയാൽ ഏറെക്കുറെ ആരുമില്ല എന്നു തന്നെ പറയേണ്ടി വരുന്നു എന്നതാണ് നടപ്പു കാല കഥയുടെ ദുരവസ്ഥ. മറ്റുള്ളവരെ അനുകരിക്കാതിരിക്കുക എന്നതിനോളമോ അതിലേറെയോ പ്രധാനമാണ് അവനവനെ അനുകരിക്കാതിരിക്കുക എന്നത്. ഇവിടെയിപ്പോൾ നടക്കുന്നത് അനുകരണങ്ങളുടേയും ആവർത്തനങ്ങളുടെയും മാമാങ്കമാണ്. ഒരേ പ്രോട്ടോ ടൈപ്പിൽ ഒരേ പ്രമേയത്തിൽ ഒരേ ടോണിൽ ഒരേ കഥാകൃത്തിൻ്റെ തന്നെ ഒന്നിലധികം കഥകൾ ഒരേ മാസം തന്നെ വായിക്കേണ്ടി വരുന്ന വായനക്കാരൻ്റെ അവസ്ഥയാണ് അക്ഷരാർഥത്തിൽ ദുരവസ്ഥ. ആവർത്തനം വിരസതയുണ്ടാക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് കഥ എന്നെഴുതിക്കാണിച്ചാൽ വായനക്കാരൻ ഓടിക്കളയുന്ന സാഹചര്യം അതുണ്ടാക്കുന്നു എന്നത് . കഥാകൃത്തുക്കൾ പരസ്പരം വായിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന പരിതാപകരമായ അവസ്ഥയിലേക്കു തന്നെയാണ് കഥയുടെ പോക്ക്. എഴുത്തുകാരല്ലാത്ത വായനക്കാർ ആർക്കൊക്കെയുണ്ടെന്ന് സ്വയം പ്രഖ്യാപിത പെരും കഥാകൃത്തുക്കൾ ഒരു സർവേ നടത്തുന്നത് നന്നായിരിക്കും.

ഡിസംബർ ലക്കം പ്രസാധകൻ മാസികയിൽ ആറു കഥകളുണ്ട്. എബ്രഹാം മാത്യുവിൻ്റെ ഒരു തുള്ളി വെളിച്ചം തൊഴിലാളി സമരത്തിനു നേതൃത്വം കൊടുത്തതിലൂടെ മാനേജ്മെൻ്റിൻ്റെയും തങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടതിൻ്റെ പേരിൽ തൊഴിലാളികളുടേയും ശത്രുത സമ്പാദിച്ച്  നാടുവിട്ടു പോകേണ്ടി വന്ന ജോഷ്വാച്ചൻ എന്ന സഖാവിൻ്റെ കഥയാണ്. പാവമായിരുന്നു, നല്ലവനായിരുന്നു, ഇത്തിരി എടുത്തു ചാട്ടമുണ്ടായിരുന്നു എന്നേയുള്ളൂ എന്നിങ്ങനെ ജോഷ്വാച്ചൻ്റെ സവിശേഷതകൾ കഥയിലവിടവിടെയായി നമുക്കു കിട്ടുന്നുണ്ട്. പക്ഷേ അത്തരം പ്രവർത്തനങ്ങൾ പ്രയോജനരഹിതമാണെന്നും മണ്ടത്തരമാണെന്നുമുള്ള ഒരു സന്ദേശം കൂടി കഥാകൃത്ത് കഥയിൽ ഒളിച്ചു കടത്തുന്നുണ്ട്. മറ്റൊന്ന് തൊഴിൽ സമരങ്ങളെക്കുറിച്ചുള്ള ഈ ശരിതെറ്റു വിശകലനത്തിൻ്റെ പഴക്കമാണ്. എത്ര കാലമായി നാമീ കഥകൾ കേട്ടുകൊണ്ടേയിരിക്കുന്നു. ഒരു ചുവട് മാറി ചിന്തിക്കാൻ ആരും തയ്യാറാവുന്നില്ലല്ലോ. മജീദ് സെയ്ദിൻ്റെ കാളാഞ്ചിപ്പൊന്ന് പതിവുപോലെ രതിയുടേയും പകയുടെയും കൊലപാതകത്തിൻ്റെയുമൊക്കെ കഥയാണ്. ഒരു കൊലപാതകവും ഒന്നു രണ്ടു വേഴ്ചകളും അതിൻ്റെയൊക്കെ തുടർച്ചയായ പകയും പക വീട്ടലും ആണ് മജീദിൻ്റെ കഥകളുടെ സാമാന്യ രൂപം. അതിൻ്റെ ദേശം കർണാടകയോ കുടകോ കൊച്ചിയോ ആവാം.. കഥാപാത്രങ്ങൾ എല്ലായ്പോഴും സമൂഹത്തിലെ കീഴാള വർഗങ്ങൾ തന്നെ. ഉമ്മർ, ബാലൻ കെ നായർ സിനിമകൾ പോലെ നമുക്ക് കൃത്യമായി മജീദിൻ്റെ കഥകളിലെ സന്ദർഭങ്ങൾ മുൻകൂർ വായിക്കാം.. പ്രമോദ് കൂവേരിയുടെ തോട്ട എന്ന കഥയും പ്രമേയത്താലോ പരിണാമത്തിലോ യാതൊരു പുതുമയും പുലർത്തുന്നില്ല. പക്ഷേ പരിചരണത്തിൽ പ്രമോദിനുള്ള സാമർഥ്യം കഥയെ ഒരു പരിധി വരെ രക്ഷിച്ചെടുക്കുന്നുണ്ട്. സമൂഹത്തിൻ്റെ താഴെത്തട്ടിൽ ജീവിക്കുന്നവർ നേരിടുന്ന വെല്ലുവിളികളും മുഖ്യധാരാ ജീവിതങ്ങളുമായി അവർക്കു നേരിടേണ്ടി വരുന്ന സംഘർഷങ്ങളും കഥയിലെ പ്രധാന പരാമർശ വിഷയമാണ്. കയത്തിൽ തോട്ടയെറിഞ്ഞ് മീൻപിടിക്കുന്നതിൽ അഗ്രഗണ്യനായ രാമന് ഭാര്യ കോതയുടെ അനുജത്തി മാതിയിലുണ്ടായ ഒരേ ഒരു മകളേയുള്ളൂ. ഇടക്ക് അവൻ പളളീന്നു വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യമറിഞ്ഞ് അതു മേടിക്കാൻ പോയി. അവിടെ വച്ച് ദാവീദായി പേരുമാറി റെബേക്കയെ കെട്ടി പൊറുതിയും തുടങ്ങി. അറിഞ്ഞു കേട്ടു വന്ന മാതിയും കോതയും അയാൾ തിരിച്ചു ചെല്ലില്ലെന്നറിഞ്ഞ് വിഷം കഴിച്ചു ചത്തു. രാമൻ റെബേക്കയെ വിട്ട് വീട്ടിലെത്തി കുഞ്ഞിയേയും നോക്കി ബാക്കി ജീവിതം നയിക്കുന്നു. പുലയൻ നേരിടുന്ന ജാതി സ്വത്വ പ്രശ്നങ്ങളും അവയുടെ അനുബന്ധങ്ങളുമായി കഥക്ക് മറ്റുതലങ്ങളിലേക്ക് പടരുക സാധ്യമായിരുന്നു. പക്ഷേ എങ്ങു നിന്നെന്നില്ലാതെ ഉണ്ടായി വന്ന മകളുടെ ഗർഭവും അവൾ തനിക്കൊരു തോട്ട വേണമെന്ന് ആവശ്യപ്പെട്ടതും സ്വന്തം വയറിനു ചുറ്റും കെട്ടി അതു പൊട്ടിച്ചതും കഥാപാത്രങ്ങളെ മാത്രമല്ല കഥയെയും കൊന്നു കളഞ്ഞു. യഥാർഥ സംഭവങ്ങളിൽ നിന്ന് കഥയുണ്ടാക്കുന്നതിൻ്റെ ഒരു പ്രശ്നമാണത്. സംഭവത്തോട് നീതി പുലർത്തണമെന്നും അത് അതേപടി തന്നെ കഥയിൽ വരണമെന്നും അനാവശ്യമായി കഥാകൃത്ത് വാശി പിടിക്കും. ഫലം അതുവരെ വളർത്തിക്കൊണ്ടു വന്ന ഫിക്ഷൻ്റെ ഒതുക്കവും ഗതിയും നഷ്ടപ്പെട്ട് കഥ ചിന്നിച്ചിതറുകയും ചെയ്യും.. അതാണ് തോട്ടക്കും പറ്റിയത്. അനാവശ്യമായി വലിച്ചു നീട്ടിയ കഥകളാണ് ഇവയത്രയും. ആ ചെടിപ്പും മടുപ്പും നമുക്ക് വായനയിൽ അനുഭവിക്കാനുമാവും. പൂച്ചയുടെ കണ്ണുകൾ എന്ന കഥ എഴുതിയ നൈൽ എന്ന എഴുത്തുകാരി നേരമ്പോക്കിന് കഥ എഴുതുന്നയാളാണ്. ചുമ്മാ ഒരു കഥ.. അത്രേയുള്ളൂ. ഷാജഹാൻ കാളിയത്ത് എഴുതിയ ഫാത്തിമയും ചൗഷസ് ക്യൂവും എന്ന കഥയും മാക്സി വിശ്വാസ് മേന എഴുതിയ കുക്കുട വിപ്ലവം എന്ന കഥയും ഈ ആറു കഥകളിൽ ഉൾപ്പെട്ടതിൻ്റെ കാരണം വ്യക്തമല്ല.

മാതൃഭൂമിയിൽ കവി എഴുതിയ കഥ എന്ന തലക്കെട്ടിലാണ് റഫീക്ക് അഹമ്മദിൻ്റെ കഥ പിയേത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവി കഥയെഴുതുന്നതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് പത്രാധിപർ കരുതുന്നുണ്ടോ എന്നറിയില്ല. റഫീക്ക് അഹമ്മദാവട്ടെ അഴുക്കില്ലം എന്ന നോവൽ തന്നെ എഴുതിയയാളാണ്. ഗദ്യമെഴുതുമ്പോൾ അദ്ദേഹത്തിന് സൗകര്യപ്രദമാകുന്നത് സമൂഹത്തിൻ്റെ അധോമണ്ഡലങ്ങളെക്കുറിച്ചെഴുതുന്നതാണ് എന്ന് അഴുക്കില്ലം വ്യക്തമാക്കിയതുമാണ്. ഇവിടെയും വ്യത്യസ്തമല്ല കാര്യങ്ങൾ. റോസ എന്ന പെൺകുട്ടിയുടെ ജീവിതമാണ് കഥ. സംഭവം ദരിദ്രരുടേതാണ് എന്ന് സൂചിപ്പിക്കാൻ എല്ലാവരും പതിവായി ഉപയോഗിക്കുന്ന ബിംബങ്ങൾ തന്നെയാണ് പിയെത്തയിലും ഉപയോഗിക്കപ്പെടുന്നത്. ബലികുടീരങ്ങളേ എന്ന പാട്ട്, ബീഡിക്കമ്പനിയിലെ പണിക്കാരനായ അച്ഛൻ, ആട്ടിൻ കൂട് എന്നിങ്ങനെ ദരിദ്രരുടേയും അധ:സ്ഥിതരുടേയും അടയാളങ്ങൾ നാം മുമ്പേ നിർവചിച്ചിട്ടുണ്ടല്ലോ. റോസയെ കെട്ടിക്കോളാമെന്ന് ജോണി പറഞ്ഞെങ്കിലും അവനതിനൊന്നും താൽപര്യമില്ലെന്നു കണ്ട അവളെ ഓസേപ്പ് കെട്ടിക്കൊണ്ടുപോയി. പിന്നീട് തിരിച്ചു വരുന്ന റോസയോട് ജോണി വീണ്ടും അടുക്കുന്നതും അവളുമായി നിരന്തരം വേഴ്ച നടത്തുന്നതും ഒടുവിൽ ജോണി റോഡരികിൽ വീണു മരിച്ചപ്പോൾ റോസ ആ ശവമെടുത്ത് മടിയിൽ വച്ചിരിക്കുന്നതുമായ സീനായിരിക്കണം പിയേത്താ എന്ന പേരിൻ്റെ അടിസ്ഥാനം.. കഥയിലൊരിടത്ത് റോസ പറയുന്നുമുണ്ട്.. ഒരാളെ സ്നേഗിച്ചാ പിന്നയാൾ ഭർത്താവും കാമുകനുമൊന്നുമല്ല, മകനാണ് എന്ന്. കഥയിലുടനീളം നടത്തുന്ന രതിയുടെ വർണനകൾ പലപ്പോഴും അരോചകമാണ്. മാത്രമല്ല, അത്തരം വർണനകളൊന്നും തന്നെ സന്ദർഭത്തിന് അനിവാര്യവുമല്ല. വായനക്കാരൻ്റെ താൽപര്യം അതൊക്കെയാണെന്ന് കവി തെറ്റിദ്ധരിച്ചിരിക്കുന്നു എന്നേയുള്ളൂ. പക്ഷേ കഥയിലെ റോസക്ക് വിലാപ്പുറങ്ങളിലെ മറിയയോടുള്ള സാമ്യം നമ്മളെങ്ങനെ കണ്ടില്ലെന്നു നടിക്കും..?

മാധ്യമത്തിൽ ഷിഫ സക്തർ എഴുതിയ പാർ എന്ന കഥ രാജസ്ഥാനിലെ കിണർ കുഴിക്കൽ തൊഴിലാളിയായ പരാജ് ബിലാവലിൻ്റെ കഥയാണ്. തൻ്റെ വീട്ടിൽ വെള്ളം പൊങ്ങി കിണറിടിഞ്ഞു താണ സന്ദർഭത്തിലാണ് കഥാകൃത്ത് പാറിനെ ഓർക്കുന്നത്. കിണറുകൾ മനുഷ്യനെപ്പോലെയാണ്. അവക്കും യൗവനവും മരണവുമൊക്കെയുണ്ട് എന്ന നിരീക്ഷണമാണ് കഥയുടെ പ്രധാന തന്തു. സ്ഥാനത്തല്ലാത്ത കിണർ മരണത്തിനു വരെ ഹേതുവാകുമെന്നും കഥ മുന്നറിയിപ്പ് തരുന്നു. ഉയർന്ന ജാതിക്കാരുടെ ഉപദ്രവം സഹിക്കാതെ, അനിയത്തിയേയും മാജിയേയും  അവർ ചുട്ടുകൊന്നതോടെ പലായനം ചെയ്തതാണ് ബിജാവൽ. കഥ വെള്ളത്തെക്കുറിച്ചാണോ പാലായനത്തെക്കുറിച്ചാണോ എന്ന ആശയക്കുഴപ്പമാണ് വായനയെ അനാകർഷകമാക്കുന്ന പ്രധാന ഘടകം. ഒട്ടും മുറുക്കമില്ലാതെ, ഭാഷയിലെ കയറ്റിറക്കങ്ങളുടെ സാധ്യത ഉപയോഗിക്കാതെ, ഇത്ര നിർവികാരമായല്ലായിരുന്നു ഈ കഥ ആഖ്യാനം ചെയ്യേണ്ടത്. കഥ പറയുന്നതിൻ്റെ താളവും വികാരവും പരമ പ്രധാനമാണ് എന്ന് കഥാകൃത്ത് ശ്രദ്ധിക്കാതെ പോയി. ഹാരിസ് നെന്മേനി എഴുതിയ മാജി എന്ന നോവലിൽ നിന്നാണ് ഈ കഥയുണ്ടായത് എന്നത് എന്നിലെ വായനക്കാരൻ്റെ മാത്രം തോന്നലാകട്ടെ എന്നാഗ്രഹിക്കുന്നു. മാജിയോട് വല്ലാതെ അടുത്തു നിൽക്കുന്നു പാർ.

ദേശാഭിമാനിയിൽ സതീഷ് ബാബു പയ്യന്നൂർ എഴുതിയ ചാവ് എന്ന കഥ അദ്ദേഹത്തിൻ്റെ പതിവു പൈങ്കിളിക്കഥകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. മരിക്കാൻ കിടക്കുമ്പോൾ മകനെ അന്വേഷിക്കുന്ന അമ്മ, സിനിമാക്കാരനായ തിരക്കുള്ള മകൻ, അവൻ നാട്ടിലെ സമ്പന്നൻ്റെ മകളെ കല്യാണം കഴിച്ച് അവരുടെ കീഴിൽ ജീവിക്കുന്നു, മരിച്ചു കഴിഞ്ഞ് അമ്മയുടെ ശവം അവൻ്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. അതു വരെ അമ്മയെ നോക്കിയ മകൾ നോക്കിയിരിക്കുന്നു. തീർന്നു. ഈ കഥാഭാസമൊക്കെ നിർത്തേണ്ട കാലം കഴിഞ്ഞു എന്ന് കഥാകൃത്തിനോട് ബഹുമാനപൂർവം അപേക്ഷിക്കുന്നു. യാസർ അരാഫത്തിൻ്റെ ചാണക്യം ചാണകത്തിൽ ചവിട്ടിയതിന് ഒരാളെ വിചാരണ ചെയ്യുന്ന കഥയാണ്. കഥയുടെ പശ്ചാത്തലവും പരിസരവുമൊക്കെ പൊലിപ്പിച്ചെടുത്ത കഥാകൃത്ത് പക്ഷേ പ്രമേയത്തിൽ ആ കൈയടക്കവും മനസടക്കവും കാണിച്ചില്ല. ബാലിശമായ പ്രമേയം തന്നെയാണ് ഈ കഥയുടെ ദൗർബല്യം.

ചന്ദ്രികയിൽ രമേഷ് പെരുമ്പിലാവ് എഴുതിയ മുഹൈസിന നാലിലെ മൂസ ജീവിതം പ്രവാസിയായ ഒരു മനുഷ്യൻ്റേയും അയാൾ എടുത്തു വളർത്തിയ മൂസ എന്ന പൂച്ചയുടേയും കഥയാണ്. മഹാവ്യാധി പടരുന്ന കാലത്ത് ഓർക്കാപ്പുറത്ത് മരിച്ചു പോകുന്ന മനുഷ്യരെ ആശ്രയിച്ച് ജീവിക്കുന്ന നിസഹായരായ ജീവികളുടെ സങ്കടം വായനക്കാരന് പകരുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. മൂസ ഒരു നൊമ്പരമായി അവശേഷിക്കുകയും എല്ലാവരും നിസാരമാണ് എന്ന ബോധ്യത്തിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു രമേഷ് പെരുമ്പിലാവ്.

പിയേത്തയും തോട്ടയും കാളാഞ്ചിപ്പൊന്നുമൊക്കെ ചേർത്ത് വായിക്കുമ്പോൾ നാം തിരിച്ചറിയുന്ന പ്രധാനപ്പെട്ട ഒരു സംഗതിയാണ് നമ്മുടെ സമൂഹത്തിൻ്റെ താഴേത്തട്ടിൽ ജീവിക്കുന്ന പുരുഷൻമാരത്രയും ക്രിമിനലുകളും മദ്യപാനികളും ചീട്ടുകളിക്കാരും പെണ്ണുങ്ങൾ മുഴുവനും പലരുടേയും കൂടെ കിടക്കുന്നവരും തമ്മിൽ തല്ലുന്നവരുമൊക്കെയാണ് എന്നത് . തിരിച്ചൊരു തിരിച്ചറിവിനും സാധ്യതയുണ്ട്. ക്രിമിനൽ മനഃസ്ഥിതിക്കാരും വേശ്യകളും തെമ്മാടികളുമൊക്കെ താഴെത്തട്ടിൽ ജീവിക്കുന്നവരാണ് എന്ന്. കഥയുടെ പൊലിമ കൂട്ടാനും വായനക്കാരൻ്റെ മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്താനും വേണ്ടി മന: പൂർവമാണ് കഥാകൃത്തുക്കൾ ഇത്തരം സന്ദർഭങ്ങൾ സൃഷ്ടിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ കുറ്റവാളി സമൂഹങ്ങളായി ചിത്രീകരിക്കുന്നതും  അവരുടെ ജീവിതങ്ങളെ വികൃതമാക്കുന്നതും തീർച്ചയായും അപരിഷ്കൃതമാണ്. ചേരിയിൽ താമസിക്കുന്നവർ മയക്കുമരുന്നു വിൽക്കുന്നവരും വേശ്യകളുമൊക്കെയാണ് എന്ന പരമ്പരാഗത നിലപാടിൽ നിന്ന് ഒട്ടും മുന്നോട്ടു പോവാൻ നമ്മുടെ കഥാകൃത്തുക്കൾക്കായിട്ടില്ല എന്നതിൽ സഹതപിക്കുകയെങ്കിലും ചെയ്യാം..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account