ഹുന്ത്രാപ്പിബുട്ടാസോ

കഥ എന്ന സംജ്ഞക്ക് പറയുന്നത് എന്നതിലേറെ ഭാവന ചെയ്ത് പറയുന്നത് എന്ന നിർവചനമാണ് തീർച്ചയായും കൂടുതൽ അനുയോജ്യം. കഥ പറയുന്നതിന് എല്ലാക്കാലത്തും സ്വീകാര്യമായിരുന്നത് രണ്ടു രീതികളാണ്. യഥാർഥ സംഭവങ്ങളെ പൊടിപ്പും തൊങ്ങലും വച്ച് ഇന്നോളം സംഭവിച്ചിട്ടില്ലാത്തത് എന്ന വ്യാജേന അവതരിപ്പിക്കുക. സംഭവം / പ്രമേയം പരിചിതമാണെങ്കിൽ പോലും കഥയിലെ സന്ദർഭങ്ങളുടെ സൗന്ദര്യവും വൈകാരികതയുമെല്ലാം കൂടി വായനക്കാരെ മടുപ്പിക്കാതെ കൂടെ നടത്താൻ ഇത്തരം കഥകൾക്കു കഴിയും. പക്ഷേ അവ ഒരു കാലത്തും വായനക്കാരൻ്റെ ബുദ്ധിയേയോ ജ്ഞാനത്തേയോ പരിഗണിച്ചിരുന്നില്ല. മറ്റൊരു കഥാ പദ്ധതി പരിചിതമായ സംഭവങ്ങളിൽ നിന്ന് അസാധാരണമായ പരിണാമങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന പൂർണമായും ഭാവനയിൽ അടിസ്ഥിതമായതാണ്. ഭാവന എന്നത് പൂർണമായും അസംഭാവ്യമല്ലാത്തതും ഭാവിയിൽ സംഭവിച്ചേക്കാവുന്നതുമായ സാധ്യതകൾ കൂടിയാകുന്നതോടെ ഇത്തരം കഥകൾക്ക് പല തലമുറയിലെ വായനക്കാരെ ആകർഷിക്കാൻ സാധ്യമാവുന്നു. എം.മുകുന്ദനും എൻ എസ് മാധവനും വി പി ശിവകുമാറും മറ്റും ഇത്തരത്തിൽ വായനക്കാരൻ്റെ ബുദ്ധിയെക്കൂടി പരിഗണിച്ച് കഥകളെഴുതിയവരാണ്. മേതിൽ രാധാകൃഷ്ണനും എം നന്ദകുമാറുമൊക്കെ വായനക്കാരൻ്റെ ബുദ്ധി / ചിന്താപദ്ധതികൾക്ക് വെല്ലുവിളി ഒരുക്കാൻ പോലും തയ്യാറാകുന്നു. മേതിൽ രാധാകൃഷ്ണൻ വർത്തമാന വായനയിൽ പരിഹസിക്കപ്പെടുന്നു എന്നത് നാം എത്തി നിൽക്കുന്ന ദുരന്തമുഖത്തിൻ്റെ നേർ ചിത്രമാണ്. ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ മാത്രമാണ് ശരി എന്നും ഏറ്റവും ലളിതമായ സംവേദനത്തിനപ്പുറം ആഴമുള്ള ഒന്നും തങ്ങൾക്കു വേണ്ട എന്നു പറയുക മാത്രമല്ല ആഴത്തിൽ ചിന്തിക്കുന്നവരെ പരിഹസിക്കുകയും ചെയ്യുന്നത് നമുക്ക് ശീലമായിരിക്കുന്നു. സമകാലസാഹിത്യത്തിലെ വാഴ്ത്തപ്പെട്ട എഴുത്തുകാർക്ക് ഇതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ജനപ്രിയമാവുകയാണ് എഴുത്തിൻ്റെ ലക്ഷ്യം എന്ന് സദാ പ്രചരിപ്പിക്കുകയും അത്തരം രചനകൾക്ക് മാത്രം പ്രാധാന്യം നൽകുകയും ചെയ്യുന്ന പ്രസിദ്ധീകരണ മേലധികാരികളും ഇതിൽ ഉത്തരവാദികളാണ്. മേതിലിനെ ഒരു ഉദാഹരണമായി പരിഗണിച്ചാൽ അദ്ദേഹം എഴുതുന്നതിനോട് സമാനമായ രീതിയിൽ എഴുതുന്ന ഏതെങ്കിലും പുതിയ കഥ പ്രസിദ്ധീകരിക്കാൻ എത്ര പത്രാധിപന്മാർ തയ്യാറാവും എന്ന ചോദ്യത്തിന് ഉത്തരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുക വയ്യ. കഥയിലെ, എഴുത്തിലെ വൈവിധ്യങ്ങളെ നിരാകരിക്കുകയും ഒരേ മാതൃകയിൽ വാർത്തെടുക്കുന്ന കഥകൾ നിരന്തരം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്ത് എഴുത്തിൻ്റെ പുരോഗമനത്തെപ്പറ്റി ചിന്തിക്കുന്നതു തന്നെ വിഡ്ഡിത്തരമാകാനേ സാധ്യതയുള്ളൂ.

മാതൃഭൂമിയിൽ വി എച്ച് നിഷാദ് എഴുതിയ വാക്കിംഗ് ഡിക്ഷണറി  ഒരു പരീക്ഷണമാണ്. പ്രമേയങ്ങളിൽ മുങ്ങി കേവലാഖ്യാനങ്ങളായി ചെടിപ്പിക്കുന്ന സ്ഥിരം കഥകൾക്കിടക്ക് ഇത്തരം പരീക്ഷണങ്ങൾ വലിയ പ്രതീക്ഷയോടെയാണ് വായിക്കുക. അതു കൊണ്ടു തന്നെ മികച്ചത് എന്നു പറയാനുള്ള ഏറ്റവും കുറഞ്ഞ സാധ്യത പോലും പരിഗണിക്കപ്പെടുകയും ചെയ്യും. എന്നാൽ വാക്കിംഗ് ഡിക്ഷ്ണറി വേണ്ടത്ര പരിശീലിക്കാതെ പൊതു സമക്ഷത്തിൽ നടത്തിയ പരീക്ഷണമായിപ്പോയി. നടത്തം ഇഷ്ടപ്പെടുന്ന ആന്ത്രയോസ് നടത്തുന്ന ആത്മഗതമാണ് നടത്തം ഒരന്വേഷണമാണ് എന്ന്. എത്ര അലസമായാണ് കഥാകൃത്ത് കഥയെ സമീപിച്ചത് എന്നതിന് ഈ ഒരൊറ്റ പ്രയോഗം മതി തെളിവ്. ഒട്ടും പുതുമയില്ലാത്ത, പല തരത്തിൽ പറഞ്ഞു തേഞ്ഞ ഒരു വാക്കാണ് അന്വേഷണമാണ് എന്നത്.  പുതിയ വാക്കുകൾ കണ്ടെടുക്കാൻ വേണ്ടി ആന്ത്രയോസ് നടത്തുന്ന കഠിന ശ്രമങ്ങളൊക്കെ കൊള്ളാം.. പക്ഷേ കണ്ടെടുക്കുന്ന വാക്കുകളൊന്നും തന്നെ ബഷീറിൻ്റെ ഹുന്ത്രാപ്പി ബുട്ടാസോവിൻ്റെ ഏഴയലത്തെത്തില്ല. കണ്ടെത്തുന്ന അബ്സേഡ് ആയ വാക്കുകൾ മുഴുവൻ പുരച്ചുമരുകളിൽ എഴുതി വച്ച ആന്ത്രയോസിന് സമാധാനം എന്ന വാക്ക്  കിട്ടുന്നത് വിധവയുടെ പക്കൽ നിന്നാണ്. മുറിഞ്ഞ വാക്കുകളും പക്ഷിമൃഗാദികളുടെ ശബ്ദത്തിൽ നിന്നുരുവാകുന്ന വാക്കുകളും ചേർത്ത് മനോജ് കുറൂർ മുറി നാവ് എന്ന നോവലിൽ മറ്റൊരു നിഘണ്ടു തന്നെ നിർമ്മിച്ചിട്ടുള്ളത് വി എച്ച് നിഷാദ് വായിച്ചിട്ടില്ല എന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. അതു കൊണ്ട് തന്നെ വാക്കിംഗ് ഡിക്ഷ്ണറി പാളിപ്പോയ പരീക്ഷണമാണ്.

മാധ്യമത്തിൽ ധന്യാരാജ് എഴുതിയ പ്രണയാഗ്നി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പ്രണയ കഥയാണ്. നാട്ടിലെ ക്രിമിനൽ വാർത്തകളിൽ ഉൾപ്പെടുന്ന പരാജിത പ്രണയങ്ങളിൽ കാമുകൻ കാമുകിയെ പെട്രോളൊഴിച്ച് കത്തിക്കും. ധന്യാരാജിൻ്റെ കഥയിൽ കാമുകി കാമുകനെ കത്തിക്കും. അത്രേയുള്ളൂ മാറ്റം. ജിഫി എന്ന നായികയുടെ അച്ഛൻ നാട്ടുകാരുടെ കൈയിൽ നിന്ന് മക്കളെ പട്ടാളത്തിൽ ചേർക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങി പറ്റിച്ചു നാടുവിട്ടു. പണ്ട് വിസ തരാമെന്നു പറഞ്ഞായിരുന്നു പറ്റിച്ചിരുന്നത്. ഒരു മാറ്റമൊക്കെ വേണ്ടേ എന്നു കരുതിയതാവും കഥാകൃത്ത്. കുറേക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ അയാളിൽ നിന്ന് കാശ് ഈടാക്കാൻ വഴിയില്ലാതായപ്പോഴാണ് ഇരകളിലൊരാളായ റോയി ജെഫി യെ പ്രേമിച്ച് വഞ്ചിക്കാൻ തീരുമാനിച്ചത് ! പക വീട്ടാനുള്ളതാണല്ലോ.. ദാരിദ്ര്യം കൊണ്ട് അമ്മ വേശ്യാവൃത്തിക്കിറങ്ങുന്നതു പോലും ഒരു മാറ്റവുമില്ലാതെ കഥയിൽ ആവർത്തിക്കുന്നുണ്ട്. പൈങ്കിളി എന്നു പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ ഒരു പൈങ്കിളി .

സതീഷ് ബാബു പയ്യന്നൂർ എഴുതിയ കൂവളങ്കര കുടുംബയോഗം വായനാസുഖമുള്ള ആഖ്യാനമാണ്. വില്ലേജ് ഓഫീസറായിരിക്കേ ഡാം പണിയാനും പുഴയെ നശിപ്പിക്കാനും തറവാട് തകർക്കാനും കൂട്ടുനിന്ന നീലകണ്ഠൻ റവന്യൂ സെക്രട്ടറിയായി റിട്ടയർ ചെയ്യാൻ ഒരാഴ്‌ച ബാക്കിയിരിക്കേ അതേ പുഴയെ തിരിച്ചുപിടിക്കാൻ വേണ്ടി സ്വന്തം മകളും കൂട്ടരും നടത്തുന്ന സമരത്തെ അടിച്ചമർത്താൻ നിയോഗിക്കപ്പെടുന്നതാണ് കഥ. അതിനിടക്ക് പറയുന്ന കാര്യങ്ങളൊക്കെ പതിവ് മെലോ ഡ്രാമ തന്നെ. തറവാട് , കൃഷി, ഭൂപരിഷ്കരണം, നിരാശ, എന്നിങ്ങനെ ചർവിത ചർവണം. വിധി എന്ന മഹത്തായ ജഡ്ജിയുടെ പാടിപ്പഴകിയ സ്ഥാപനവും കഥയുടെ ലക്ഷ്യമാണ്. പക്ഷേ ഈ നീളൻ കഥ നിലനിൽക്കുന്നത് യുക്തിയില്ലായ്മയുടെ കച്ചിത്തുരുമ്പിലാണ് എന്നതാണ് കൗതുകം . നീലകണ്ഠശർമ എന്ന റവന്യൂ സെക്രട്ടറിയുടെ മകൾ, ഡൽഹിയിൽ ജെഎൻയുവിൽ പഠിക്കുന്ന അനീറ്റ ഒരു ദിവസം രാവിലെ അച്ഛനെ വിളിച്ചു ചോദിക്കുകയാണ്, എന്താണ് തൻ്റെ പേരിൻ്റെ ഇനിഷ്യലായ കെ യുടെ അർഥമെന്താണെന്ന്. നീലകണ്ഠശർമ ചില മുടന്തൻ ന്യായീകരണങ്ങളൊക്കെ അതിനു നൽകുന്നുണ്ടെങ്കിലും ഇത്രയും മുതിർന്ന ഒരു പെൺകുട്ടി , ആധുനികമായ എല്ലാ വിവര സങ്കേതങ്ങളും സ്വന്തമായുള്ള, സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലുള്ള ഒരു യുവതി അത്രയും കാലം ഇനീഷ്യലെന്താണ് അർഥമാക്കുന്നതെന്നറിഞ്ഞില്ല എന്ന ദൗർബല്യത്തെ മറികടക്കാൻ അതൊന്നും പോരാതെ വരുന്നു. ഈ കെയെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് കഥാകൃത്ത് കൂവളങ്കരയിലേക്ക് പോകുന്നത്. അതു കൊണ്ടാണ് യുക്തിരാഹിത്യത്തിനു നേരെ കഥാകൃത്ത് കണ്ണടച്ചത്. പക്ഷേ നമുക്കതു പറ്റില്ലല്ലോ. ദുർബലമായ ഒരു പഴഞ്ചൻ കഥയാണ് കൂവളങ്കര കുടുംബയോഗം.

മലയാളം വാരികയിൽ സലിം ഷെരീഫ് എഴുതിയ റ എന്താണെന്ന് മനസിലാവാനുള്ള ബുദ്ധി എനിക്കില്ലാത്തതാവും എന്നു വിചാരിക്കുന്നു. എഴുതാൻ ശ്രമിച്ചത് ഒരു മഹത്തായ കഥയാണ്. കാഫ്കയുടെ ദി കാസിൽ (കോട്ട) എന്ന നോവലിലേതു പോലെ താൻ താമസിക്കുന്ന കെട്ടിടത്തിൻ്റെ തന്നെ മറു ഭാഗത്തുള്ള മറ്റൊരിടത്തേക്ക് ഏറെ ദൂരം സഞ്ചരിച്ചും മലകയറിയും കുന്നിറങ്ങിയുമൊക്കെ സഞ്ചരിക്കുന്നത് അതു കൊണ്ടാണല്ലോ. പക്ഷേ താനെഴുതുന്നത് എന്തിനെക്കുറിച്ചാണെന്ന് വ്യക്തമായ ധാരണയുള്ള, ഭാഷയിലും ക്രാഫ്റ്റിലും അസാധ്യമായ സ്വാധീനമുള്ള ഒരാൾക്കു മാത്രമേ ആ അനിശ്ചിതാവസ്ഥയും നിഗൂഡതയും അതുപോലെ സംവേദനം ചെയ്യിക്കാനാവൂ. നിർഭാഗ്യവശാൽ സലീം ഷെറീഫിന് അതില്ല. എന്നു മാത്രമല്ല, ദുർഗ്രഹതയാണ് കഥയുടെ ഗാംഭീര്യത്തിന് ഉതകുക എന്ന് കഥാകൃത്ത് ധരിച്ചു വശമാകുകയും ചെയ്തിട്ടുണ്ട്. കഥയുടെ ഏറ്റവും വലിയ ദൗർബല്യം അതിൻ്റെ പ്രധാന സൂചകമായ റ തന്നെയാണ്. ഒപ്പം ആവർത്തിച്ചു പറയുന്ന പല സന്ദർഭങ്ങളും കൂടിയായപ്പോൾ കഥാകൃത്തിനു തന്നെ ഉറപ്പില്ല താനെന്താണ് പറയുന്നതെന്ന് എന്ന കാര്യം വായനക്കാർക്കു മനസിലായി.. ക്ഷമിക്കണം ഏറ്റവും മോശം കഥകളിലൊന്നാണ് റ.

കലാകൗമുദിയിൽ സന്ധ്യ ഇ എഴുതിയ പൂക്കൾ വിരിയിക്കുന്ന വിധം എന്ന കഥ അത്രയൊന്നും വായിച്ചു പരിചിതമല്ലാത്ത ഒന്നാണ്. എക്കാലത്തും കഥകളിൽ / സാഹിത്യത്തിൽ നന്മ തിന്മ എന്നീ ദ്വന്ദങ്ങൾ സൃഷ്ടിക്കുകയും കഥാകൃത്ത് എല്ലായ്പോഴും നന്മയുടെ ഭാഗത്തു നിൽക്കുകയും ചെയ്യുന്ന ക്ലാസിക് കളികളാണ് നമുക്കു പരിചയം. എന്നാൽ കഥാകൃത്തിൻ്റെ ദൗത്യം പക്ഷം ചേരലോ നന്മയെ പ്രകീർത്തിക്കലോ അല്ല എന്നും സമൂഹത്തിൻ്റെ പ്രകാശിക്കുന്ന പകുതിയുടെ മറുപുറത്ത് കറുത്ത ഒരു പകുതി കൂടിയുണ്ട് എന്നും സന്ധ്യ പറയുന്നു. സ്ത്രീ, സന്യാസിനി തുടങ്ങിയവക്കൊക്കെ നിരന്തരമായി ലഭിക്കുന്ന വാഴ്ത്തലുകൾക്കും നന്മസങ്കല്പങ്ങൾക്കും ഒരു വിപരീത വശം കൂടിയുണ്ട് എന്നും കഥ സ്ഥാപിക്കുന്നു. എന്നാൽ താനനുഭവിച്ച തിക്താനുഭവങ്ങൾ കാരണമാണ് തനിക്കിങ്ങനെ ക്രൂരയാവാൻ സാധിക്കുന്നതെന്ന ഗ്ലാഡിസിൻ്റെ സ്വയം ന്യായീകരണം കഥയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു. കുട്ടികളോടും സന്യസ്തരോടും ചെയ്യുന്ന എല്ലാ ക്രൂരപീഡനങ്ങൾക്കും മുൻഗാമികളിൽ നിന്ന് കൈമാറി വരുന്ന പാരമ്പര്യത്തിൻ്റെ ഒരു നീണ്ട ചരടുണ്ടെന്നും അത് തെറ്റാണെന്ന ബോധ്യമുള്ളപ്പോഴും ചെയ്യാതിരിക്കാനാവില്ലെന്നുമുള്ള പരോക്ഷ നിലപാട് കഥക്കുണ്ടെന്ന് തോന്നിക്കുന്ന ഗരിമയെ റദ്ദുചെയ്യുന്നു. തൻ്റെ വയറ്റിലുള്ള കാൻസർ ഇതിനൊക്കെയുള്ള ദൈവശിക്ഷയാണെന്ന പരോക്ഷമായ സമ്മതം കഥയുടെ വിമതസ്വഭാവത്തെ അപ്രസക്തമാക്കുകയും ചെയ്യുന്നു. ഇത്തരം കഥകളുടെ വലിയ അപകടം പൊതു വൽക്കരണത്തിനുള്ള സാധ്യതയാണ്. കോടിക്കണക്കിനു സന്യാസികളുള്ള ഒരു സഭയിലെ ചുരുക്കം സംഭവങ്ങളുപയോഗിച്ച് അവരെയൊന്നാകെ സാഡിസ്റ്റുകളാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാണ്.? കഥയിൽ ലിറ്റാമേരി എന്ന ഏറ്റവും നല്ല സ്വഭാവമുള്ള പെൺകുട്ടിയേയും കൊണ്ട് ഒളിച്ചോടിയ ഓട്ടോറിക്ഷക്കാരൻ കണ്ണനെക്കുറിച്ചുള്ള പ്രസ്താവന ഇങ്ങനെ . ഹിന്ദുക്കളാണെങ്കിലും നല്ല ചെക്കനാ കണ്ണൻ. പെമ്പിള്ളേരുടെ മുഖത്തു നോക്കുകേല.. നമ്മുടെ പ്രായോഗിക ജീവിതത്തിൽ മിക്ക കോൺവെൻറുകളും മതപരമായ ഒരു വ്യത്യാസവും കേരളത്തിലെങ്കിലും പുലർത്തുന്നില്ല എന്നിരിക്കെ ഇത്തരത്തിലുള്ള കഥകൾക്ക് വിപരീത വായനകളേ സാധ്യമാകൂ. ഫ്രാൻസിസ് ഇട്ടിക്കോരയിലെ കഥാസന്ദർഭങ്ങളുടെ സ്വാധീനം യാദൃച്ചികമാവാൻ ഇടയില്ല എന്ന് കൂടി കാണേണ്ടതുണ്ട്.

പച്ചമലയാളം മാസികയിൽ എം ബി മിനി  എഴുതിയ  കൊക്കര കൊക്കരണി എന്ന കഥ പാലക്കാടൻ നാട്ടുമൊഴിച്ചന്തമുള്ള കഥയാണ്. പത്ത് പന്ത്രണ്ട് വയസ് പ്രായമുള്ള ഒരു പെൺകുട്ടി കാണുന്ന കാഴ്ചകളാണ് കഥ. അതവളുടെ തന്നെ ഭാഷയിൽ പറയുന്നതിൻ്റെ സൗകുമാര്യവുമുണ്ട് കഥക്ക്. ഒപ്പം പ്രാദേശിക ഭാഷാ പ്രയോഗങ്ങളുടെ ചന്തവും. പറമ്പിൻ്റെ അറ്റത്തോ പാടത്തിൻ്റെ മുക്കിലോ ഉള്ള ചെറിയ കൊക്കരണികൾ ഒരു കാലത്തിൻ്റെ അടയാളമാണ്. അമ്മൂമ്മമാർ ഒരിക്കലും തൂർക്കാൻ സമ്മതിക്കാത്ത, ശീലങ്ങളും  ആചാരങ്ങളും മുങ്ങിക്കിടക്കുന്ന കൊക്കരണിയുടെ കരയിലിരുന്നാണ് രണ്ടു മൂന്നു തലമുറയിലെ സ്ത്രീകളുടെ കഥ പറയുന്നത്. എല്ലാ തറവാട്ടു നിബന്ധനകളും മറികടന്ന് ബാംഗ്ലൂരിൽ പോയി സ്റ്റാർട്ട് അപ് തുടങ്ങി തിരിച്ചെത്തുന്ന പുതിയ പെൺകുട്ടിയും കൊക്കരണിയുടെ സാന്നിധ്യത്തെ, ആവശ്യത്തെ നിരാകരിക്കുന്നുമില്ല. കൊക്കരണി സ്ത്രീയുടെ ജീവിതം തന്നെയാണ്. കഥയുടെ ഒടുവിലെ അപ്രതീക്ഷിതമായ അനാഛാദനം കഥയെ  മികച്ചതാക്കുന്നു. നല്ല കഥയാണ് കൊക്കര കൊക്കരണി .

ചന്ദ്രിക ആഴ്‌ചപ്പതിപ്പിൽ സുഭാഷ് ഒട്ടും പുറം എഴുതിയ തിരിച്ചു കിട്ടിയ പുഴകൾ വായിക്കാൻ രസമുള്ള കഥയാണ്. കുട്ടിക്കാലത്ത് പുഴയിൽ വീണു മരിച്ചു പോയ കൂട്ടുകാരൻ, അവനോടൊത്തുള്ള ജീവിതത്തിൻ്റെ ഓർമകൾ, പിന്നീട് പുഴയിൽ നിന്ന് മണൽ കടത്തുന്നതും ഒടുവിൽ പുഴ വറ്റി കൂട്ടുകാരൻ്റെ അസ്ഥികൂടം കിട്ടുന്നത് എന്നിങ്ങനെ ഒട്ടും പുതിയതല്ലാത്ത സന്ദർഭങ്ങളാണ് കഥയിലുടനീളം. എങ്കിലും കഥ പറയുന്ന രീതിയും സന്ദർഭങ്ങളുടെ സൃഷ്ടിയും സർവോപരി സ്വയം പറയാതെ വായനക്കാർക്കു വിട്ടു കൊടുക്കുന്ന തിരിച്ചറിവുകളും കഥ വായനയെ സുഗമമാക്കുന്നുണ്ട്. സുഭാഷിന് അഭിവാദ്യങ്ങൾ.

ട്രൂ കോപ്പി വെബ് സീനിൽ എസ് അനിലാൽ എഴുതിയ വിക്ടോറിയ മിസ്സിംഗ് പഴയ മുംബൈ വിക്ടോറിയ ടെർമിനസ് റയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വിക്ടോറിയ രാജ്ഞിയുടെ പ്രതിമയെ സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ഒരു പത്രപ്രവർത്തകൻ്റെ കഥയാണ്. അയാളെത്തിയതിൻ്റെ തൊട്ടടുത്ത ദിവസം നടന്ന മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എണ്ണത്തിൽ പെടാത്ത വികലാംഗനായ ഒരു മനുഷ്യനും അനാഥയാക്കപ്പെട്ട അയാളുടെ കാമുകിയും നായകൻ്റെ മനസിലുണ്ടാക്കുന്ന തിരിച്ചറിവാണ് കഥയുടെ ആധാരം. റയിൽവേ സ്റ്റേഷനിൽ തനിച്ചായിപ്പോയ ആ പെൺകുട്ടിക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത താനാണ് എന്നോ നഷ്ടപ്പെട്ട പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ഒരു പ്രതിമയെക്കുറിച്ച് അന്വേഷിച്ച് ജോലിക്കയറ്റം നേടാൻ പോകുന്നത് എന്ന ആത്മനിന്ദ ഓരോ വായനക്കാരനിലേക്കും പകരാൻ കഥക്ക് സാധിക്കുന്നുണ്ട്. നല്ല കഥയാണ് വിക്ടോറിയ മിസിംഗ്.

പരമ്പരാഗത വഴികളിൽ നിന്ന് മാറി നടക്കുക, പുത്തൻ ജീവിത സങ്കല്പങ്ങളെ മുന്നോട്ടു വക്കുക, അസാധ്യമായവയെക്കുറിച്ച് കിനാവു കാണുക എന്നതൊക്കെ സ്വന്തം മുദ്രാവാക്യങ്ങളായി സ്വീകരിക്കുവാൻ കഥാകൃത്തുക്കൾ തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം. നല്ല കഥകൾക്ക് കാത്തിരിക്കാം..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account