പ്രമേയത്തിൽ നിന്ന് കഥയിലേക്കുള്ള ദൂരം

കഥകളെക്കുറിച്ചുള്ള എല്ലാ ചർച്ചകളും മിക്കപ്പോഴും അതിൻ്റെ പ്രമേയത്തെക്കുറിച്ചുള്ള വിശകലനങ്ങൾ മാത്രമാവുന്നതാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. പ്രമേയത്തെക്കുറിച്ചുള്ള വർത്തമാനങ്ങളാവട്ടെ അതിൻ്റെ രാഷ്ട്രീയ കൃത്യതയെ അടിസ്ഥാനമാക്കിയാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ രാഷ്ട്രീയ ഭാരം കുത്തിച്ചെലുത്താനും അതു വഴി കഥയുടെ സൗന്ദര്യാത്മകതയെ നിഷേധിക്കാനും/ നിരാകരിക്കാനുമുള്ള ശ്രമങ്ങൾ എഴുത്തുകാരുടെ പക്ഷത്തുനിന്നുമുണ്ടാവുന്നുണ്ട്. ഇത്തരം നിലപാടുകളുടെ പരിണിതഫലമായി വേണം കഥകളുടെ ആഴമില്ലായ്മയെ വായിക്കേണ്ടത്. തികച്ചും പ്രത്യക്ഷമായ, സർവർക്കും പരിചിതമായ വസ്തുതകളെ കഥയാക്കുക എന്നതിനു പകരം കഥയെന്ന പേരിൽ അതിനെത്തന്നെ അവതരിപ്പിക്കലാണ് സംഭവിക്കുന്നത്. അതു തന്നെയാണ് കഥകൾ അകാല ചരമമടയുന്നതിൻ്റെ കാരണവും..

ഈയാഴ്ചയിലെ കഥകൾ

കലാപൂർണ ഒക്ടോബർ ലക്കത്തിൽ മോഹൻദാസ് ശ്രീകൃഷ്ണപുരം എഴുതിയ ദേഹണ്ഡം എന്ന കഥ പ്രമേയത്തിലും ആഖ്യാനത്തിലും പുലർത്തുന്ന സ്വാഭാവികത കൊണ്ട് മികച്ചു നിൽക്കുന്നു. മരുമക്കത്തായ സമ്പ്രദായത്തിൽ പുലരുന്ന വലിയൊരു തറവാട്ടിലെ സന്തതിയായ രാധാകൃഷ്ണൻ നാട്ടിലെ സദ്യകളുടെയൊക്കെ വിമർശകനാകുന്നതും കേളി കേട്ട പാചകക്കാരെല്ലാവരും അവൻ്റെ ഉപദേശത്തിനു വേണ്ടി കാത്തു നിൽക്കുന്നതുമാണ് കഥ. അവൻ പരീക്ഷിക്കുന്നതാകട്ടെ പണ്ട് കുട്ടിക്കാലത്ത് അനിയത്തിയോടൊപ്പം കളിവീടുണ്ടാക്കിക്കളിച്ചപ്പോൾ അവൾ പറഞ്ഞ വിഭവങ്ങളും. അങ്ങനെയാണ് മുരിങ്ങപ്പായസം നാട്ടിലെ ഏറ്റവും ആർഭാടമായ കല്യാണസദ്യയിൽ ഉൾപ്പെടുന്നത്. പഞ്ചസാര വേണ്ട, ശർക്കര മതി എന്നാണ് രാധാകൃഷ്ണൻ്റെ നിർദ്ദേശം.

രാധാകൃഷ്ണൻ്റെ തറവാടിത്തമാണ് മറ്റൊരു വിശേഷം. ചിരുദേവി അമ്മയുടെ സംബന്ധക്കാരൻ കുഞ്ഞൻ നായർ മദിരാശിയിൽ നിന്ന് വരുമ്പോൾ കൂടെക്കൊണ്ടു വന്നതാണ് രാധാകൃഷ്ണനെ. എന്നിട്ടും അവൻ ചിരുതേവി അമ്മയുടെ തറവാടിത്തത്തിൻ്റെ പേരിൽ നാട്ടുകാർക്ക് സ്വീകാര്യനായി. കുഞ്ഞൻ നായരാവട്ടെ അവനെയും ചിരുതേവിയേയും വിട്ട് ചെറിയ മകളേയും കൊണ്ട് കാടാമ്പുഴക്ക് പോവുകയും അവിടെ പുതിയ സംബന്ധം കൂടുകയും അതിലുണ്ടായ മകളെയും കൊണ്ട് പിന്നെയും കടന്നു കളയുകയും ചെയ്യുന്നു. കേരളത്തിൽ ഒരു കാലത്തു നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥകളുടേയും കുടുംബവ്യവസ്ഥയുടേയും വിശദാംശങ്ങൾ കഥയിൽ മറ്റൊരു ധാരയായി കാണാൻ കഴിയും. ഇതൊന്നുമല്ല പക്ഷേ കഥയുടെ യഥാർഥ ഘനം. കഥയെഴുതുന്നയാൾ കഥ എഴുത്തിൽ പരാജയപ്പെട്ട് നിരൂപണത്തിൽ കൈ വച്ചവനാണ്. രാധാകൃഷ്ണനാവട്ടെ പാചകത്തെക്കുറിച്ച് ഖണ്ഡന മണ്ഡനങ്ങൾ നടത്തുകയല്ലാതെ സ്വന്തമായി ഒന്നും പാചകം ചെയ്യാൻ കഴിയുന്നവനല്ല. എന്നാൽ ശരി, വ്യത്യസ്തമായ ഒരു വിഭവത്തെക്കുറിച്ച് പറയാൻ പറയുമ്പോൾ പറയുന്നതാകട്ടെ മുരിങ്ങപ്പായസത്തെക്കുറിച്ചും. സാഹിത്യ സാമൂഹ്യ ജീവിതങ്ങളിലെ രാധാകൃഷ്ണന്മാർ നമുക്കത്ര അപരിചിതരല്ല തന്നെ. ലളിതമായി പറയുകയും ഗഹനമായ മുഴക്കങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യുന്നു ദേഹണ്ഡം.

മലയാളം വാരികയിൽ കെ അരവിന്ദാക്ഷൻ എഴുതിയ നൂറ്റിയൊന്നാമത്തെ പ്രണയിനി എന്ന കഥ പൂർണമായും ഫിക്ഷനാണ്. കാലമോ ദേശമോ ബാധകമല്ലാത്ത നാടോടിക്കഥകളുടെ സ്വഭാവത്തോട് ചേർന്നു നിൽക്കുന്ന കഥ. നൂറ്റിയൊന്നാമത്തെ പ്രണയിനിയെ തികക്കുന്നതിനു വേണ്ടി ഇനിയുമൊരു അര കാമുകിയെക്കൂടി തേടി നടക്കുന്ന പെഡ്രോ റോസ് ലിൻ അഗസ്റ്റിനോസ് എന്ന കപ്പിത്താൻ്റെ കഥ. അധികം കപ്പലുകളടുക്കാത്ത  തുറമുഖത്ത് പണ്ടെന്നോ വഴി തെറ്റി വന്ന കപ്പലിൻ്റെ കപ്പിത്താനായിരുന്ന ദിയാസ് അവനെ വിലക്കു വാങ്ങി അയാളുടെ ഭാര്യ മറിയക്ക് കൊടുത്തതാണവനെ . അവൻ്റെ അപ്പൻ അവനെ വിൽക്കാനുള്ള കാരണം അവൻ അയാളുടെ മകനല്ല എന്നതാണ്. നമ്മുടെ യേശുവിനും അപ്പനുണ്ടായിരുന്നില്ലല്ലോ എന്ന് മറിയ പറയുന്നുമുണ്ട്. പിന്നീട് പെഡ്രോ തൻ്റെ മാതൃ തീരത്ത് മടങ്ങിയെത്തിയപ്പോൾ പൂപ്പൽ പിടിച്ച കറുത്ത ഏകാന്തമായ കെട്ടിടത്തിൽ കണ്ട മുതുക്കിയോട് തൻ്റെ മാതാവിനെ അന്വേഷിച്ചപ്പോൾ ഇരുന്നൂറ് വർഷത്തെ ചരിത്രത്തിലെവിടെയും അങ്ങനെയൊരാളില്ലെന്ന് വൃദ്ധ മറുപടി പറയുകയും അയാൾ നീട്ടിയ നാണയത്തിന് അവരുടെ ചെറുമകളെ അയാൾക്ക് വിട്ടുനൽകുകയും ചെയ്തു. അവളിലും പൂർത്തിയാകാതെ അയാളുടെ കാമം അന്വേഷണം തുടരുന്നു. കഥ പിന്തുടരുന്നത് അപനിർമാണത്തിൻ്റെ യുക്തികളെയാണ്. കാലവും ദേശവും മാത്രമല്ല യേശുവും മറിയവും കൂടി അപനിർമിക്കപ്പെടുന്നു. യേശുവിൻ്റെ ശരീരത്തിൽ അറുപത്തിനാല് ലക്ഷണങ്ങൾ താൻ കണ്ടെന്നും അവയിൽ ഏഴെണ്ണം പെഡ്രോയുടെ ദേഹത്തുമുണ്ടെന്നും മറിയ പറയുന്നുണ്ട്. യേശുവിൻ്റെ മാതാവും കാമുകിയും മറിയമായിരുന്നുവല്ലോ. വിദഗ്ദവും പരിമിതവുമായ ആഖ്യാനം കഥയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. മികച്ച കഥയാണ് നൂറ്റിയൊന്നാമത്തെ കാമുകി.

മാതൃഭൂമിയിൽ നിധീഷ് ജി എഴുതിയ എലിഫൻ്റ് ഇൻ ദ റൂം കഥ പറയലിൻ്റെ വൈദഗ്ദ്യം കൊണ്ട് ശ്രദ്ധേയമായ കഥയാണ്. പറയുന്ന കഥയുടെ ഇടയിൽ അവശേഷിപ്പിക്കുന്ന സോദ്ദേശമൗനങ്ങൾ  കഥയെ കൃത്യമായ ചേരുവകളുള്ള ഉൽപ്പന്നമാക്കുന്നുണ്ട്. Elephant in the room എന്നത് പരിഹരിക്കാനാവാത്ത വിധം ഗുരുതരമായിക്കഴിഞ്ഞ ഒരു പ്രശ്നത്തെ / അത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ സൂചിപ്പിക്കാനുള്ള ഉപമയാണ് (metaphorical idiom). ആ പ്രയോഗത്തിൻ്റെ ഗരിമയുമായി താരതമ്യം ചെയ്യുമ്പോഴാണ് കഥ അതിൻ്റെ പ്രമേയ സ്വീകരണത്തിൽ ദുർബലമായിപ്പോയി എന്നു തിരിച്ചറിയാനാവുക. മലയാള കഥയിലെ നാട്ടുനടപ്പുകൾക്കു വിധേയമായി അസ്ഥിരമാകുന്ന/ചിതറിപ്പോകുന്ന കുടുംബ വ്യവസ്ഥയും അതിനെത്തുടർന്ന് കുട്ടികൾ നേരിടുന്ന അരക്ഷിതാവസ്ഥയുമാണ് കഥ സാമാന്യേന കൈകാര്യം ചെയ്യുന്നത് എന്ന് കാണാം. ഈ കഥയിലും രോഗിയായ, വൃക്ക മാറ്റിവച്ച ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് പോയത് ഭാര്യ / സ്ത്രീയാണ്. ആ സ്ത്രീയുടെ ദുർവൃത്തി കൊണ്ടാണ് നിരപരാധിയും നിഷ്കളങ്കനും സാധുവുമായ ആ മനുഷ്യൻ്റെ കുടുംബം തകർന്നത്. എന്നിട്ടും അവളെ കൂട്ടിക്കൊണ്ടു വരാൻ അയാളാഗ്രഹിക്കുന്നു. മകളെ ആശുപത്രിയിൽ കൊണ്ടാക്കി അയാൾ പോയി മകളുടെ അമ്മയെ കൂട്ടിക്കൊണ്ടു വരുന്നു. ഒരോട്ടോറിക്ഷയിൽ അവർ വന്നിറങ്ങിയതിന് കഥയിൽ ( പോലിസ് ) സാക്ഷികളുണ്ട്. ശേഷം അവർ ആത്മഹത്യ ചെയ്തു./മരിച്ച നിലയിൽ കാണപ്പെട്ടു. അവരെന്തിനാണ് മരിച്ചത് എന്ന അതി ലളിതമായ ഒരു ചോദ്യം വേണമെങ്കിൽ ചോദിക്കുന്നതായി കഥക്കു നടിക്കാം എന്നല്ലാതെ മറ്റൊന്നും തന്നെ കഥയിലില്ല. എന്നല്ല കുടുംബം എന്ന സ്ഥാപനത്തിൻ്റെ അപ്രമാദിത്തവും അതു നിലനിർത്തേകണ്ടത് സ്ത്രീയുടെ  കടമയാണെന്നുള്ള പരമ്പരാഗത നിലപാടും ഈ കഥയും പിന്തുടരുന്നു. അമ്മ എന്ന പവിത്രമായ സങ്കല്പത്തിന് കോട്ടമൊന്നും തട്ടരുത് എന്ന് കഥാകൃത്ത് ഉറച്ചു വിശ്വസിക്കുന്നു. അതു കൊണ്ടാണ് അച്ഛന് അമ്മയെ സ്നേഹമാണ്, പക്ഷേ എൻ്റെ മുന്നിൽ വന്നാൽ കൊല്ലും ഞാനവരെ എന്ന് മകളെക്കൊണ്ട് കഥാകൃത്ത് പറയിക്കുന്നത്. പൊതുബോധത്തിൻ്റെ സദാചാര സങ്കല്‌പങ്ങളോടും നിബന്ധനകളാടും സമരസപ്പെട്ടുകൊണ്ടുതന്നെയാണ് നിധീഷ് ജി തൻ്റെ കഥ പൂർത്തിയാക്കുന്നത്. അതു കൊണ്ട് തന്നെ ഈ കഥയെ പ്രതിലോമപരം എന്ന് വിലയിരുത്തുന്നതാണ് കൂടുതൽ യുക്തിഭദ്രം.

മാധ്യമത്തിൽ ബിജു സി പി എഴുതിയ പൗൾട്രി ജനറേഷൻസ് എന്ന കഥ പോത്താനിക്കാട് നടക്കേണ്ട ഒരു കഥയെ വിദേശത്തേക്ക് പറിച്ചു നട്ടു എന്നേയുള്ളൂ. കഥയുടെ പ്രമേയത്തിലോ ആഖ്യാനത്തിലോ. പറയത്തക്ക വ്യത്യാസമൊന്നുമില്ലാത്ത കഥയാണ് പൗൾട്രി ജനറേഷൻസ്. വിദേശ രാജ്യങ്ങളിൽ ഭക്ഷണത്തിൽ മയക്കുമരുന്നുകൾ ചേർക്കാറുണ്ട്, അവിടെ കല്യാണം കഴിക്കാതെ ഒരുമിച്ചു ജീവിക്കാറുണ്ട്, അവിടെ ആണും ആണും തമ്മിൽ മറ്റേ ഇടപാടുകളുണ്ട്, എന്നിങ്ങനെയുള്ള ചില നിരീക്ഷണങ്ങളാണ് കഥയുടെ സഞ്ചാരപഥം. ചുമ്മാ ഒരു കഥ.

wtp live ൽ എം.വി ഷാജി എഴുതിയ ഉച്ചൂളി എന്ന പേരിലുള്ള ലേഖനം (കഥ എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത് ) വായിച്ച് ആദിവാസി മേഖലയിൽ വിനോദ സഞ്ചാര കേന്ദ്രം തുടങ്ങുന്നതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാനായതും ഈയാഴ്ചയാണ്. ഉച്ചൂളി എന്ന ഗോത്രവർഗ പെൺകുട്ടി അവളുടെ ഊരുവിട്ട് പുറത്ത് പഠിക്കാൻ പോയതും അവിടെ അവളുടെ സ്വത്വം അവളിലുണ്ടാക്കിയ അപകർഷതാബോധവും ഒടുവിൽ പഠനം മുഴുമിക്കാതെ അവൾ മടങ്ങിപ്പോന്നതുമാണ് കഥയുടെ ഒരു ഭാഗം . മറുഭാഗത്ത് ഹോസ്റ്റലിൽ അവൾക്കു കിട്ടിയ മാവോയിസ്റ്റായ കൂട്ടുകാരി, അവർ തമ്മിലുണ്ടായ ലെസ്ബിയൻ ബന്ധം, അവളെ കാണാതായത്, പിന്നീട് ഊര് വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകൾ അവൾ വഴി ലഘുലേഖകൾ ഊരിലെത്തിക്കുന്നത് തുടങ്ങിയ സംഭവങ്ങളുമുണ്ട്. ഈ കഥയുടെ പ്രധാന പ്രശ്നം ഗോത്രവിഭാഗങ്ങളെക്കുറിച്ചുള്ള പരമ്പരാഗത പൊതു നിലപാടായ, അവർക്കൊന്നും ചെയ്തു കൊടുത്തിട്ടു കാര്യമില്ല, അവറ്റ നന്നാവില്ല എന്ന കാഴ്ചപ്പാടു തന്നെയാണ് കഥയും പുലർത്തുന്നത് എന്നതാണ്. മാവോയിസ്റ്റുകളുമായി കൂട്ടുകൂടുന്നതും ലെസ്ബിയനാവുന്നതും ഒക്കെ പ്രത്യേകതയോ, അസാധാരണമോ ആണെന്ന നിലപാട് കഥ പിന്തുടരുന്നു. ഇത് എഴുത്തുകാരൻ്റെ ഉള്ളിൽ അബോധത്തിലുള്ള മുൻധാരണകളുടെ ഉൽപ്പന്നമാണ്. പാർശ്വവൽകൃതരെക്കുറിച്ചുള്ള എല്ലാ ആഖ്യാനങ്ങളിലും ഇത്തരമൊരു വൈരുധ്യം സംഭവിക്കുന്നുണ്ട്. അബോധതലത്തിൽ നമുക്കുള്ള ഉപരിവർഗ ബോധത്തിൻ്റെ പരിണിത ഫലമാവാം ഉതിൻ്റെ കാരണം.

പ്രസാധകൻ ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച കൂനൻ കുരിശ് (ജോയ് ഡാനിയേൽ ) ഏകാന്തതയുടെ കടൽ ( ബീനാ സജീവ്) എന്നീ കഥകൾ ശരാശരിയിൽ താഴെ നിലവാരം പുലർത്തുന്നവയാണ്. കഥയെന്നു പറയാൻ ഒന്നുമില്ലാത്തപ്പോഴും ഇത്തരം വെറും എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതാണ് കൗതുകകരം.

ഭരതവാക്യം

എന്തെഴുതിയാലും വായിക്കാൻ ആളുണ്ടാവുമെന്ന് കരുതരുത്. വായന എഴുത്തിനേക്കാൾ സ്വാതന്ത്ര്യമുള്ള ഏർപ്പാടാണ്. വായനക്കാർ എഴുത്തുകാരേക്കാൾ സ്വതന്ത്ര ചിന്തയുള്ളവരും . മറക്കാതിരിക്കുക.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account