അവധിക്കാലം ടി.വിക്ക് മുന്നിലും ബന്ധുജന സന്ദർശങ്ങളിലും യാത്രകളിലും ആസ്വദിക്കുമ്പോഴാണ് അമ്മ ഒരു പുസ്‌തകം സമ്മാനിച്ചത്. മലയാളത്തിലെ പ്രമുഖ സാഹിത്യക്കാരന്മാർ വിശപ്പിനെക്കുറിച്ച് എഴുതിയിട്ടുള്ള, അവിസ്‌മരണീയമായ ഒരു പിടി കഥകളുടെ സമാഹാരമായിരുന്നു അത്. വായിച്ചിട്ടുള്ള പുസ്‌തകങ്ങളിൽ വെച്ച് മനസ്സിനെ പിടിച്ചുലക്കുന്ന, ചിന്തിപ്പിക്കുന്ന ഓരോ കഥകളും തീരാത്ത വിശപ്പു പോലത്തെ പുകച്ചിലാണ് മനസ്സിന് സമ്മാനിക്കുന്നത്.

‘നന്തനാർ’ എഴുതിയ ‘വിലക്കപ്പെട്ട കഞ്ഞി’ എന്ന കഥക്ക് വായനക്കാരന്റെ മനസ്സിന്റെ അകത്തളങ്ങളിൽ ചൂഴ്ന്നിറങ്ങാനുള്ള ശേഷിയുണ്ട്.

‘വേണു’ എന്നൊരു പാവം മനുഷ്യനാണ് കഥാനായകൻ. ജോലി ചെയ്‌ത്‌ അവന് പണം സമ്പാദിക്കണം, വീട്ടിലെ ദാരിദ്യത്തിന് തെല്ലൊരാശ്വാസം കണ്ടെത്തണം. അതിനായ് അവൻ മധുരയിലെ ‘കാപ്പി ക്ലബിൽ’ ജോലിക്കായി, അവിടെ ക്ലബ് നടത്തുന്ന അയൽക്കാരൻ അയ്യരോട് യാചിക്കുന്നു. ഒരു പന്ത്രണ്ടു വയസ്സുകാരന്റെ നിസ്സഹായാവസ്ഥയെ, അവന്റെ വീട്ടിലെ ദാരിദ്ര്യത്തെ, ദുഃഖം എന്ന ഒരൊറ്റ വർണ്ണം കൊണ്ട് വരച്ച ഒരു ചിത്രമാണ് ‘വിലക്കപ്പെട്ട കഞ്ഞി’. ഒടുവിൽ വിശപ്പ് സഹിക്ക വയ്യാതെ അരണ ചത്തു വീണ, താഴ്ന്ന ജാതിക്കാരുണ്ടാക്കിയ കഞ്ഞി കുടിക്കേണ്ടി വരുന്ന വേണു എന്ന പന്ത്രണ്ടു വയസ്സുകാരന്റെ ആ അവസ്ഥ ലോകത്ത് വിശപ്പാണ് ഏറ്റവും വലുത് എന്ന് കാട്ടിത്തരുകയും, ജാതിയും മതവും, അതിന്റെ ഉച്ചനീചത്വങ്ങളും വിശപ്പിനു മുന്നിൽ ഒന്നുമല്ലെന്നു പറയുകയും ചെയ്യുന്നു.

‘ഒരു പിറന്നാളിന്റെ ഓർമ്മ’ എന്ന പേരിൽ ‘എം.ടി. വാസുദേവൻ നായർ’ എഴുതിയ അനുഭവകഥ തിക്‌തമായ ഒരു പിറന്നാളോർമ്മയെക്കുറിച്ചാണ് പറയുന്നത്. നായർ സമുദായങ്ങളിൽ കൊടികുത്തി വാണിരുന്ന ആൺ കോയ്‌മയും, നിശബ്‌ദരായി, ആ അധികാരത്തിന്റെ ആഘാതങ്ങൾ  ഏറ്റുവാങ്ങേണ്ടി വന്ന സ്‌ത്രീകളുടെ തീരായാതനകളുമാണ് ഈ കഥയുടെ പ്രതിപാദ്യം. എം.ടി.യുടെ പിറന്നാൾ ദിവസം പായസം വെക്കാൻ ഇത്തിരി നെല്ല് ചോദിക്കുമ്പോൾ, വീട്ടിലെ സർവ്വാധികാരിയായ അമ്മാവൻ സാധാരണ കൊടുക്കുന്നതിൽ കൂടുതൽ അളന്ന് നൽകാൻ വിസ്സമ്മതം കാണിക്കുന്നു. അത് പ്രകടമാക്കുന്നത് അമ്മയുടെ മുഖത്തടിച്ച് കൊണ്ടാണ്. മരുമക്കത്തായ കാലത്ത്  പുരുഷാധികാരത്തിന് വണങ്ങി, അവർ പറയുന്നത് അനുസരിച്ച്, സമുദായത്തിനുള്ളിൽ നിരവധി പീഡനങ്ങൾ ഏറ്റ് കഴിയേണ്ടി വന്ന എത്രയോ സ്‌ത്രീകളുടെ ഉള്ളുരുക്കുന്ന ആത്‌മനൊമ്പരം കൂടിയാകുന്നു ഈ കഥ. കുടുംബത്തിലെ പ്രമാണിമാർക്ക് എം.ടി.യും, അമ്മയും, എം.ടിയുടെ സഹോദരങ്ങളും  എന്നും അശ്രീകരമായിരുന്നു. കുട്ടികളെ അവർ ശാസിക്കുകയും, മർദ്ദിക്കുകയും ചെയ്‌തു. അതേ സമയം വല്ല്യമ്മാവന്റെ മകനായ ദാമോദരന് ലഭിക്കുന്ന പ്രത്യേക പരിഗണനയും, സ്‌നേഹവും, വാത്‌സല്യവും, എം.ടി.യെ ചെറിയ തോതിലെങ്കിലും അസൂയാലുവാക്കുന്നു. ബാല്യകാലത്തെ ആ മുറിപ്പാടുകളിലേക്കും, അധികാരത്തിന്റെ  ഇരയാകേണ്ടി വന്നിട്ടുള്ള പാവം സ്‌ത്രീകളിലേക്കും  നശ്വരമായ് പോയ നാട്ടിൻപുറത്തെ ഊഷ്‌മളമായ സൗഹൃദ ബന്ധങ്ങളിലേക്കും വായനക്കാരെ തിരിച്ച് നടത്തിക്കുകയാണ് എം.ടി. വാസുദേവൻ നായർ.

‘എം.പി. നാരായണ പിള്ള’ എഴുതിയ ”കള്ളൻ’ എന്ന കഥ വായിച്ചപ്പോൾ കഴിഞ്ഞ വർഷം നടന്ന ഒരു സംഭവമാണ് എന്റെ മനസ്സിലേക്കോടിയെത്തിയത്. ഒരു നേരത്തെ വിശപ്പ് ശമിപ്പിക്കുവാൻ, ഓടിളക്കി മാറ്റി വീട്ടിനുള്ളിൽ കയറി കുറച്ച് ചോറ് മോഷ്‌ടിച്ച് തിന്നുകയാണ് കഥാനായകൻ. ഭക്ഷണം മോഷ്‌ടിച്ച് കഴിക്കേണ്ടി വരുന്ന കഥാനായകന്റെ അവസ്ഥ അയാൾ അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.

2018ൽ ‘മധു’ എന്ന പാവപ്പെട്ട ആദിവാസി യുവാവ്, വിശപ്പ് സഹിക്കവയ്യാതെ, ഒരു റേഷൻ കടയിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ മോഷ്‌ടിച്ച കാര്യം നമുക്കേവർക്കും അറിയാം. ആ ഒരു ചെറിയ കുറ്റത്തിന് മധുവിനെ നാട്ടുകാർ കെട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തി. അവർ തന്നെ ശിക്ഷ വിധിച്ച്, ആ പാവം യുവാവിനെ തല്ലിക്കൊന്നു. മധു അപഹരിച്ചത് പണമോ, സ്വർണ്ണമോ അല്ല, കുറച്ച് ഭക്ഷണം മാത്രം. വിശപ്പടക്കാനുള്ള വക മാത്രം. മധുവിന്റെ ക്രൂര മരണം, ന്യൂസ് റൂമുകൾ ഒരു മാസം കൊട്ടിഘോഷിച്ചു, സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾക്ക് വേദിയൊരുക്കി, തെരുവോരങ്ങൾ പ്രതിഷേധ യോഗങ്ങൾ നടത്തി, ഇതിനുമപ്പുറത്ത് മരിച്ച് പോയ മധുവിന് നീതി ലഭിച്ചില്ല. യഥാർത്ഥ പ്രതികൾ നിയമത്തിന് മുന്നിൽ നിന്നും രക്ഷപ്പെട്ടു. വേട്ടയാടപ്പെട്ട എത്രയോ ആദിവാസി മനുഷ്യരുടെ പ്രതിനിധി മാത്രമാണ് മധു. കഥാനായകൻ യഥാർത്ഥത്തിൽ മധുവാണെന്ന് തന്നെയാണ് കഥ വായിക്കുമ്പോൾ എനിക്ക് തോന്നിയത്. പക്ഷേ ഇവിടെ ഭക്ഷണം മോഷ്‌ടിച്ചതിന് കള്ളൻ ശിക്ഷിക്കപ്പെടുന്നില്ല. അലിവു വറ്റാത്തവരും ലോകത്തുണ്ടല്ലോ! മറ്റെല്ലാ കഥകളെക്കാളും, മനസ്സിൽ ചേർന്നു പറ്റിയ ഒരു കഥ തന്നെയാണ്  എം. പി. നാരയാണ പിള്ളയുടെ ‘കള്ളൻ’.

വെയിലത്തും മഴയത്തും എല്ലുമുറിയെ പണിത് ഉണ്ടാക്കി കൊയ്‌തെടുത്ത വിളവ്, ഒരൽപ്പം പാവം കർഷകൻ ഒരു നേരത്തെ അത്താഴ പട്ടിണി മാറ്റാൻ എടുക്കുമ്പോൾ ജന്മിക്ക് അത് മോഷണമാണ്; ‘കാരൂർ നീലകണ്ഠപ്പിള്ള’, ‘അന്നത്തെകൂലി’ എന്ന കഥയിൽ പറയുന്നു.

‘റ’ എന്ന കോവിലന്റെ കഥയിൽ ‘ബാജി’ എന്ന കുട്ടിയാണ് കഥാനായകൻ. അദ്ധ്യാപിക ഹാജർ വിളിക്കുമ്പോൾ, എഴുന്നേറ്റ് നിന്ന് ഉറക്കെ ഒന്ന് മിണ്ടാൻ പോലുമാകുന്നില്ല അവന്. കാരണം ബാജിയെ വിശപ്പ് തളർത്തുന്നു.’റ’ എന്ന അക്ഷരം പോലെ അവന്റെ ജീവിതവും, അസഹ്യമായ വിശപ്പിനാൽ ഒരു പാതി വൃത്തത്തിനുള്ളിൽ പൂർണതയില്ലാതെ ഒതുങ്ങുന്നു.

ബേപ്പൂർ സുൽത്താൻ ‘വൈക്കം മുഹമ്മദ് ബഷീറി’ന്റെ ‘ജന്മദിനം’ എന്ന കഥ ദരിദ്രമായ ഒരു പിറന്നാളനുഭവമാണ് പങ്ക് വെക്കുന്നത്. എല്ലാ ദിവസങ്ങളും പോലെ ബഷീറിന്റെ ജീവിതത്തിൽ ആ പിറന്നാൾ ദിനവും, വിശപ്പ് നിറഞ്ഞ, ദരിദ്രമായ, എല്ലാ ദിവസങ്ങളും പോലെ തന്നെ കടന്നു പോകുന്നു. ഒരു അവിസ്‌മരണീയമായ ഓർമയെ വരച്ചിടുകയാണ് ബഷീർ.

കഥകളെല്ലാം വായിച്ചു തീർന്നപ്പോൾ വിശപ്പിനെക്കുറിച്ചാണ് ഞാനാലോചിച്ചത്. ഒരൽപ്പനേരം ഭക്ഷണം വൈകിയാൽ പോലും വിശപ്പു സഹിക്കാനാവാത്തവരാണ് നമ്മൾ. അപ്പോൾ ദിവസങ്ങളോളം ഭക്ഷണം കിട്ടാത്തവരുടെ അവസ്ഥയോ? വിശക്കുന്നവരുടെ വയറു നിറയ്ക്കാനുള്ള ഏതു ശ്രമവും പുണ്യമാണ്. കണ്ണൂരിലെ ചില സ്ഥലങ്ങളിൽ സജീവമായ് ഇരുപത്തിനാല് മണിക്കൂറും പ്രവൃത്തിക്കുന്ന ഫുഡ് ഫ്രീസറുകൾ ഉണ്ട്. വഴിയോരത്ത് കഴിഞ്ഞ് കൂടുന്ന ഭിക്ഷക്കാർക്ക് യഥേഷ്‌ടം ഭക്ഷണം ലഭ്യമാണ്. ചില സാമൂഹ്യ സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ വിശപ്പകറ്റാൻ ഏറെക്കുറെ ഉപകരിക്കുന്നു. നാമെല്ലാവരും ഒറ്റക്കെട്ടായ് പരിശ്രമിച്ചാൽ നാട്ടിലെ ഭക്ഷ്യക്ഷാമം അകറ്റാം. പട്ടിണിമനുഷ്യർ നിറഞ്ഞ സോമാലിയയുടെ അവസ്ഥ ഇന്ത്യക്കും സംഭവിച്ചു കൂടായ്‌കയില്ല.  കാരണം, ഇന്നേവരെ ഇന്ത്യ പൂർണമായും ഭക്ഷ്യ സുരക്ഷയോ, ഭക്ഷ്യ സ്വയം പര്യാപ്‌തതയോ കൈവരിച്ചിട്ടില്ല. ഇന്ത്യയുടെ വിശപ്പകറ്റാൻ, നമുക്ക് സ്വയം ഭക്ഷ്യ വിഭവങ്ങൾ നിർമ്മിക്കാം, സ്വയം പര്യാപ്‌തരാകാം.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account