ഹിപ്‌നോട്ടിസം എന്ന വാക്ക് നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ എന്താണ് ഹിപ്‌നോട്ടിസം എന്ന് കൂടുതൽ പേർക്കും വ്യക്‌തതയില്ല. മനുഷ്യന്റെ മനസ്സിനെ ചോർത്തിയെടുക്കുന്ന എന്തോ ഒന്ന് എന്നുമാത്രമാണ് കൂടുതലാളുകൾക്കും അറിയാവുന്നത്. ഹിപ്‌നോട്ടിസത്തിനു ഒരു മാന്ത്രികഭാവമാണ് നിലവിലുള്ളത്. ചിലരൊക്കെ അങ്ങനെ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടാകാം.

ഹിപ്‌നോട്ടിസത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല എന്നതുതന്നെയാണ് സത്യം. ഇതിന്റെ ശാസ്‌ത്രീയത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല എന്നർത്ഥം. ഹിപ്‌നോട്ടിസത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഫ്രാൻസ് മെസ്‌മർ എന്ന ജർമൻ ഭിഷഗ്വരനാണ്. കുറേക്കാലം ഇത് മെസ്‌മെറിസം എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം ജെയിംസ് ബ്രൈഡ് എന്ന സ്‌കോട്ടീഷ് ശസ്‌ത്രക്രിയാ വിദഗ്ദ്ധനാണ് ഹിപ്‌നോട്ടിസം എന്ന പേര് നൽകി ഉപയോഗിക്കുവാൻ തുടങ്ങിയത്. രണ്ടര നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടാകും ഈ ചികിത്‌സാരീതിക്ക്‌.

ഹിപ്‌നോട്ടിസത്തിന് വിധേയനാകുന്ന വ്യക്‌തിയുടെ സംവേദനങ്ങളിൽ, സങ്കൽപ്പ സ്വഭാവത്തിൽ, ചിന്തയിൽ എല്ലാം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം, ചിന്ത ഒരു പ്രത്യേക വിഷയത്തിലേക്കു കേന്ദ്രീകരിക്കാനാകുന്നു എന്നതുകൊണ്ട് മറന്നിരുന്ന പല കാര്യങ്ങളും ഓർത്തെടുക്കുവാൻ കഴിയും. പ്രത്യേകിച്ചും ചുറ്റുപാടുകളുടെ അലോസരങ്ങൾ ചിന്തകളെ പോറലേൽപ്പിക്കാത്ത സാഹചര്യത്തിൽ. അതേപോലെ തന്നെ ഇതിനു വിധേയനാകുന്ന വ്യക്‌തികൾക്ക് നിർദ്ദേശാനുസരണം മാറ്റങ്ങൾ ഉൾക്കൊള്ളുവാനും കഴിയും. അതുകൊണ്ടു തന്നെയാണ് ചില ചികിത്‌സകളിൽ ഹിപ്‌നോട്ടിസം ഫലപ്രദമാകുന്നത്.

എല്ലാ സാഹചര്യങ്ങളിലും എല്ലാ വ്യക്‌തികളിലും ഹിപ്‌നോട്ടിസം സാധ്യമാകുകയില്ല. അതിനു ചില ഒരുക്കങ്ങൾ ആവശ്യമാണ്. ബാഹ്യ ശല്യങ്ങളൊന്നുമില്ലാത്ത സമശീതോഷ്‌ണമായ ഒരന്തരീക്ഷം ഇതിന് അത്യന്താപേക്ഷികമാണ്. അതുപോലെ തന്നെ മാനസികമായ ഒരുക്കങ്ങളും അത്യാവശ്യമാണ്. എന്നെയെന്തായാലും മോഹനിദ്രയിലാക്കുവാൻ പറ്റുകയില്ലെന്ന മനോഭാവത്തോടെ ഒരാൾ ഇതിനു വിധേയമാകുകയാണെങ്കിൽ ഹിപ്‌നോട്ടിസത്തിനു വലിയ പ്രസക്‌തി ഉണ്ടാകുമെന്നു തോന്നുന്നില്ല. അല്ലാത്തപക്ഷം നോർമൽ I.Q. ഉള്ള ഏതൊരാൾക്കും ഇതിനു വിധേയനാകുവാൻ കഴിയും.

പ്രധാനമായും നാല് ഭാഗങ്ങങ്ങളാണ് ഇതിനുള്ളത്. നിർദ്ദേശങ്ങൾ അനുസരിക്കുക എന്നതാണ് ഇതിൽ ആദ്യത്തേത്. തങ്ങളുടെ ചിന്തകൾ മറ്റൊരാളുടെ നിയന്ത്രണത്തിൽ ഏൽപ്പിക്കുക എന്നതാണ് യഥാർത്ഥത്തിൽ നടക്കുന്നത്. മറ്റൊരാളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം ചിന്തിക്കുക. ചിന്തകളുടെ കേന്ദ്രീകരണമാണ് രണ്ടാമത്തേത്. ഹിപ്‌നോട്ടിസം നടത്തുന്നയാളുടെ ശബ്‌ദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അദ്ദേഹം നിർദ്ദേശിക്കുന്ന ചിന്തകളിലേക്ക് മാത്രം മുഴുകുകയും ചെയ്യുക എന്നതാണിത്. മാനസിക അയവ് ആണ് മൂന്നാമത്തേത്. മാനസികവും ശാരീരികവുമായ സമ്മർദ്ദമൊഴിവാക്കുവാൻ ചില തെളിയിക്കപ്പെട്ട വ്യായാമരീതികൾ ഈ ഘട്ടത്തിൽ നിർദ്ദേശിക്കപ്പെടാറുണ്ട്. മാനസിക കൽപ്പനയാണ് നാലാമത്തേത്. പടവുകൾ ഇറങ്ങുന്ന ലാഘവത്തോടെ ചിന്തകളെ പുറകിലേക്ക് കൊണ്ടുപോകുക എന്ന രീതിയാണ് അവലംബിക്കേണ്ടത്.

ഹിപ്‌നോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർഥം ഉറക്കം എന്നാണ്. ഈ വാക്കിൽ നിന്നാണ് ഹിപ്‌നോട്ടിസം അല്ലെങ്കിൽ ഹിപ്‌നോസിസ് എന്ന വാക്കുകൾ ഉണ്ടായിട്ടുള്ളതെങ്കിലും ഹിപ്‌നോസിസ് യഥാർത്ഥത്തിൽ ഉറക്കമല്ല.  ഹിപ്‌നോട്ടിസത്തിനു വിധേയനാകുന്ന ആൾ വ്യക്‌തമായ ബോധത്തോടുകൂടിയാണ് ഇതിനു വിധേയനാകുന്നത്. അയാൾക്ക് പരിസരബോധം പോലും നഷ്‌ടപ്പെടുന്നില്ല. നിർദ്ദേശാനുസരണം ചിന്തകളുടെ ഏകോപനം മാത്രമാണ് സംഭവിക്കുന്നത്. ഇത് ഒരു ചികിത്‌സാരീതിയായിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു ഭാരത സർക്കാരിന്റെ അംഗീകാരവുമുണ്ട്.

വിഷാദം, ആകാംക്ഷാരോഗങ്ങൾ, എന്നിവയുടെ ചികിത്‌സയിലും, വേദനയും മാനസികസമ്മർദ്ദവും കുറക്കുന്നതിലും, പുകവലി നിറുത്തുന്നതിനുമൊക്കെ ഹിപ്‌നോട്ടിസം നല്ലൊരു ചികിത്‌സാരീതിയായി കരുതപ്പെടുന്നു. മറ്റു പല രോഗങ്ങളുടെ ചികിത്‌സയിലും ഇത് ഫലപ്രദമായി കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ചും ഭയം ഇല്ലാതാക്കുന്നതിലും, ശരീരഭാരം കുറക്കുന്നതിലും. ആത്‌മവിശ്വാസം ഉയർത്തുന്നതിനും ഈ ചികിത്‌സാമാർഗ്ഗത്തിനുള്ള പ്രാധാന്യം ചെറുതല്ല.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

8 Comments
 1. Sunil 9 months ago

  Good article. Thanks for educating us.

 2. Dr.vaishnavi.TK 9 months ago

  Informative article …good work sir ..

 3. Sreeraj 9 months ago

  Good to know.

 4. ഡോ.ബിജു.കെ.പി. 9 months ago

  ഹിപ്പ് നോട്ടിസത്തെപ്പറ്റിയുള്ള ഒരു സംക്ഷിപ്ത ലേഖനം ,നന്നായിരിക്കുന്നു

  ഹിപ്നോട്ടിസം ഉപയോഗിച്ച് തടി കുറക്കാൻ കഴിയുമെന്നത് ഒരു പുതിയ അറിവാണ്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account