നമുക്കൊപ്പം നടക്കുന്ന, നമ്മളറിയുന്ന ഒരാളിൽ മറ്റൊരാൾ മറഞ്ഞിരിക്കുന്നുണ്ടാവില്ലേ? ഒരാളെക്കുറിച്ച് എനിക്ക് നന്നായറിയാം എന്ന് പറയുമ്പോഴും ആ വ്യക്‌തിയിൽ നമ്മളറിയാത്ത മറ്റൊരുവശം. ചിത്രം വരയ്ക്കുന്ന, കവിതയെഴുതന്ന, പാട്ടുപാടുന്ന ഒരാൾ. ചിലപ്പോൾ ഒരു ഭീകര കാമുകൻ, അതുമല്ലെങ്കിൽ  ജീവിതത്തോട് മല്ലിട്ട് ഇറങ്ങിപ്പോകാൻ ഉറപ്പിച്ചൊരു പരാജിതൻ; അങ്ങനെയാരുമാകാം ആ അപരൻ. മറ്റുള്ളവരിൽ നിന്ന് മറഞ്ഞ് നിൽക്കുന്ന അല്ലെങ്കിൽ വെളിച്ചം കാണാനവസരമില്ലാതെ പോയ ഒരുവൻ അഥവാ ഒരുവൾ.

സ്വതവേയൊതുങ്ങി മറഞ്ഞ് അതിൽ തൃപ്‌തരായി നിൽക്കുന്നവരും ഉള്ളിലൊരു കടലിനെയൊളിപ്പിച്ച് ആരേയും തന്നിലേക്കടുപ്പിക്കാതെ മാറി, അതൃപ്‌തരായി നിൽക്കുന്നവരുമുണ്ട്. തന്റെ ബലഹീനതകളെയും നിസ്സാഹായാവസ്ഥകളേയും  ഒളിച്ചു വയ്ക്കാനുള്ള മുഖം മൂടിയായി ഞാൻ ഒളിഞ്ഞുനിൽക്കുന്നവൻ എന്നു സ്വയമുറപ്പിക്കുന്നവർ. ആത്‌മവിശ്വാസക്കുറവും അവനവനെ ഒളിപ്പിച്ച് നിർത്താനൊരു കാരണമാകാറുണ്ട്. ബഹുമുഖ പ്രതിഭകളുടെയും പ്രഗത്ഭരായവരുടേയും നിഴൽ അവരോട് ചേർന്നു നടക്കുന്നവരെ വല്ലാതെ മറയ്ക്കുകയും ചെയ്യാം. മറ്റുള്ളവരുടെ അമിത പ്രതീക്ഷയും തനിക്കത്രയൊന്നുമാവില്ലെന്ന സ്വയമുറപ്പിക്കലും ഒന്നിച്ചു ചേരുന്നതിൽപ്പരം എന്തു വേണം ഒരാളെ നിഷ്‌ക്രിയനാക്കാൻ?

അന്തർമുഖത്വമൊന്നും കൊണ്ടല്ലാതെ മറഞ്ഞിരിക്കുന്നവരുമുണ്ട്. അവസരങ്ങളുടേയും ഭാഗ്യങ്ങളുടേയുമൊന്നും ദേവതാ കടാക്ഷം ജീവിതകാലത്ത് ഏൽക്കാത്തവർ. എത്രയോ കലാകാരന്മാർ, പ്രതിഭകൾ ഒക്കെ അറിയപ്പെടാതെ നമുക്കിടയിലുണ്ട്.

പക്ഷേ എത്രനാൾ മറഞ്ഞിരിക്കാനാകും, അല്ലെങ്കിൽ അറിയപ്പെടാനാകാതെ വരും അവർക്ക്? ചിലരെ സംബന്ധിച്ച്  മരണം വരേയും എന്നാണതിന് ഉത്തരം.

മരിച്ചു പോയൊരാൾ എഴുതിയ ഒരു കവിത അയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് ചരമ ശുശ്രൂഷാവേളയിൽ വായിച്ചു കേട്ട് അയാളിലെ കവിയെ തിരച്ചറിയാൻ വൈകിപ്പോയല്ലോ എന്ന് പരിതപിക്കുന്നത്  എന്തൊരു പരാജയമാണ്. ‘അയാളൊരു ഇൻട്രോവേർട്ട് ആരുന്നെന്നേ’ എന്ന് പറഞ്ഞിറങ്ങി നടന്നകലുന്നവർ അറിയുന്നില്ലല്ലോ അയാൾ നടത്തിയ യുദ്ധങ്ങൾ. തന്നോടു തന്നെയും സമൂഹത്തോടുമുള്ള അയാളുടെ സമരമുഖങ്ങൾ.

മരണം വരേയും മറഞ്ഞിരുന്നിട്ട് അതിനു ശേഷം ലോകമറിയുന്നത് അപ്പോഴെങ്കിലും ആരെങ്കിലും ആ ജീവിത കഥയ്ക്കുമേൽ വെളിച്ചം കാണിക്കുന്നതിനാലാണ്. അങ്ങനെയും തുറന്ന് വായിക്കപ്പെടാൻ വിധിയില്ലാതെ പോകുന്ന ജീവചരിത്രങ്ങളുമുണ്ട്.  കത്തിച്ചു കളയാനേൽപ്പിച്ചതൊക്കെ സൂക്ഷിച്ചു വച്ച് എഴുത്തുകാരന്റെ മരണശേഷം പ്രസിദ്ധീകരിക്കാൻ ഒരു സുഹൃത്തുണ്ടായിരുന്നതുകൊണ്ട് നമുക്കിന്ന് വായിക്കാൻ കാഫ്‌കയുണ്ട്. തന്നിലേക്ക് ഒതുങ്ങിയൊതുങ്ങി വെറുമൊരു ബീറ്റിലിന്റെ അപ്രസക്‌ത ജീവിതമായി തന്റേതിനെക്കണ്ട നിർഭാഗ്യവാൻ. സഹോദരിയെങ്കിലും തന്റെയവസ്ഥ തിരിച്ചറിയും എന്നാഗ്രഹിച്ചിട്ട് ആ ആഗ്രഹവും വൃഥാവിലെന്നറിഞ്ഞതോടെ ജീവിതമേ വേണ്ടെന്നായി കാഫ്‌കയ്ക്ക്. മരണശേഷം കാഫ്‌ക  മടങ്ങിവന്നെങ്കിൽ മറ്റെത്രയോ കാഫ്‌കമാർ എവിടെയും വെളിപ്പെടാതെ മരിച്ചുപോകുന്നു.

എന്റെ നിറങ്ങളെ ഞാനറിയുന്നതു പോലെ മറ്റാർക്കറിയാം എന്നുറപ്പിച്ചു പറയാനാകുന്ന ചിത്രകാരൻ. അത്രമേൽ നിറങ്ങളെയറിഞ്ഞയാൾ ചിത്രങ്ങൾ വരയ്ക്കുന്നത് വരച്ചു പതിഞ്ഞ വഴികളിലൂടെയാവില്ല. സ്വന്തമായ ശൈലി കണ്ടെത്തി വർണ്ണലോകമയാൾ തീർക്കുന്നു. ഇതു വരെ കണ്ടുപോന്ന ശൈലിയിൽ നിന്നോ കാലമപ്പോൾ  കൊണ്ടാടിക്കൊണ്ടിരിക്കുന്ന ശൈലിയിൽ നിന്നോ മാറി നടക്കുന്നവരെ ഉൾക്കൊള്ളുവാൻ സമൂഹത്തിന് ഏറെ സമയം വേണ്ടിവന്നെന്നിരിക്കും. കല ജീവിത മാർഗ്ഗവും കൂടെയായിരുന്നവർ അരങ്ങത്തേക്ക് വരാനാകാതെയാകുമ്പോൾ തകർച്ചയുടെ ആക്കം കൂടും. ഒന്നുകിൽ കലയെ വിട്ട് മറ്റ് വഴികൾ തേടി അസംതൃപ്‌തിയുടെ അങ്ങേയറ്റത്തേക്ക് ജീവിതത്തെ എങ്ങനെയൊക്കെയോ കൊണ്ടുപോയെത്തിക്കും. അല്ലെങ്കിൽ പരാജയമേറ്റുവാങ്ങി പൂർണ്ണ വിരാമം.

പിക്കാസോയുടെ ചിത്രരചനയെപ്പോലും സ്വാധീനിച്ച, ഇംപ്രഷനിസത്തിൽ നിന്ന് വഴിമാറി സിന്തെറ്റിസ്റ്റ് സ്റ്റൈലിൽ പരീക്ഷണങ്ങൾ നടത്തിയ പോൾ ഗോഗിൻ മരണശേഷം കൂടുതലായി തിരിച്ചറിയപ്പെട്ട ഒരു കലാകാരനാണ്. വാൻഗോഗ് തനിക്കൊപ്പം താമസിക്കാൻ വരുന്ന സുഹൃത്തായ ഗോഗിനെ സന്തോഷിപ്പിക്കാനായി ഒരുക്കിയ ‘മഞ്ഞ വീടിന്റെ’ ചുവരുകൾ സൂര്യകാന്തി ചിത്രങ്ങൾ കൊണ്ടലങ്കരിച്ചു. സൂര്യകാന്തികൾ വരയ്ക്കുന്ന വാൻഗോഗിനെത്തന്നെയാണ് പകരമായി ഗോഗിൻ വരച്ച് നൽകിയത്. വരുമാന മാർഗ്ഗമായിരുന്ന വ്യവസായം വിട്ട് ചിത്രരചനയിലേക്ക് ചേക്കേറിയതോടെ സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിതം തന്നെ വഴിമുട്ടിയ ഗോഗ് ദരിദ്രനായി ജീവിച്ച് മരിച്ചു. വഴിമാറി നടക്കുന്നവന്റെ വിധി എന്നല്ലാതെ എന്ത് പറയാൻ! ഗോഗിൻ മറഞ്ഞിരിക്കുവാൻ ആഗ്രഹിച്ച കലാകരനായിരുന്നില്ല. സാഹചര്യങ്ങൾ, അവസരങ്ങൾ, സമൂഹം എന്നിവയാലൊക്കെ തോൽപ്പിക്കപ്പെട്ടവനായിരുന്നു.

സാഹചര്യങ്ങൾ അനുവദിക്കാതെ മറഞ്ഞിരിക്കുന്നവർ എണ്ണമറ്റവരാണ്. സമൂഹവും കുടുംബവും വരച്ചിട്ടിരിക്കുന്ന ലക്ഷ്‌മണരേഖകൾക്കുള്ളിൽപ്പെട്ടു കിടക്കുന്നവർ. പ്രതികരിക്കാനും സ്വയം പ്രകടിപ്പിക്കാനുമായി രേഖകൾ കവച്ചു വയ്ക്കാനാവാത്തവർ, അതിനുള്ളിൽത്തന്നെ ഉരുകിത്തീരുന്നവർ.

മറഞ്ഞിരിക്കാൻ ഒരു പരിധിക്കപ്പുറം കഴിയാതെ പുറത്ത് വരുന്നവരുമുണ്ട്. പ്യൂപ്പയിൽ നിന്ന് ചിത്രശലഭം വരുന്നതുപോലെ. ഭംഗിയേറിയ ചിറകുകളുള്ള ഇവളെ ഇത്രനാളെന്തേ കണ്ടില്ലാ എന്നും എവിടെയായിരുന്നു ഈ ചന്തം ഇത്രനാളെന്നും ചോദിപ്പിച്ച് അങ്ങനെ പാറിപ്പറന്ന് ഒരു ചിത്രശലഭം. കാണുന്നവർക്കുള്ള അതേ കൗതുകം ശലഭത്തിന് കാഴ്ച്ചകളോടുമുണ്ട്.

മാനാകാനും മയിലാകാനും നിന്റെ ചുണ്ടിൻറെ മുത്തമാകാനും നിമിഷാർഥം പോലും വേണ്ടാത്ത ഗഗനചാരി… അത്രമേൽ സുന്ദരമായ മറഞ്ഞിരിക്കൽ മറ്റേതുണ്ട്. അത്രമേൽ സ്‌നേഹിക്കുന്നവരുടെ സന്തോഷത്തിന്റെ വഴിയിൽ നിന്നു മറഞ്ഞു നിൽക്കുന്നവർ ചിലർ. ഇന്നലകളുടെ ഓർമ്മകൾ മാഞ്ഞ് മായയായി ജീവിക്കുന്ന ഗൗരിയിൽ നിന്ന് എന്നേക്കുമായി മറഞ്ഞു നിൽക്കാൻ തീരുമാനിക്കുന്ന നരേന്ദ്രനെപ്പോലെയുള്ളവർ.

ശിശിരനിദ്രയിൽ നിന്നുണർന്ന് കർമ്മനിരതനായി മാറാൻ ശ്രമിക്കുമ്പോൾ കാലമെത്ര കടന്നു പോയിക്കഴിഞ്ഞു, മാറ്റം എത്ര വന്നു കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞ്, ഇനിയൊന്നിനുമാവില്ല എന്നുറച്ചു ജീവതത്തിൽ പിന്മാറുന്നവരുമെത്രയാണ്! ഇനിയുള്ളതാണ് ജീവിതമെന്നും മഞ്ഞുരുകുമ്പോൾ അയാൾക്കൊപ്പം പുതിയ ഋതുവിന്റെ സ്‌പർശമറിഞ്ഞ് കൂടെ നടക്കുവാനാളുണ്ടാവുമെന്നും പ്രത്യാശിക്കാനെങ്കിലുമായെങ്കിൽ പിന്മാറാതിരിക്കുമായിരുന്നവർ.

മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍, പ്രണയത്തിനാല്‍ മാത്രമെരിയുന്ന ജീവന്റെ
തിരികൾ…. അതൊക്കെ തിരിച്ചറിഞ്ഞ് കണ്ടെടുക്കാനായാൽ മറനീക്കി പുറത്തു വരുന്നത് ഒരു പൂക്കാലമാകും.

മറഞ്ഞു നിന്നിട്ട് കടന്നു പോയവർക്കായി പരലോകത്തൊരു രാജ്യമുണ്ടെങ്കിൽ അവിടെയാരാണ് റാണി എന്നതിനൊരൊറ്റ ഉത്തരമേയുള്ളൂ. എമിലി ഡിക്കിൻസൺ. ആയിരത്തി എണ്ണൂറിലധികം കവിതകളെഴുതിയ അവരുടെ വിരലിലെണ്ണാവുന്ന കവിതകൾ മാത്രമാണ് അവർ ജീവനോടെയുള്ള കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. നിന്റെ നെഞ്ചോട് ചേർത്ത് നീ ധരിക്കുന്ന പൂവിൽ മാലാഖമാർ മാത്രമറിയെ ഞാനൊളിക്കുന്നുവെന്നും, നിന്റെ പൂപ്പാത്രത്തിലെ മങ്ങുന്ന പൂവിൽ ഞാനുണ്ടെന്നറിയാതെ നീ എന്നെയോർത്ത് ഒറ്റപ്പെട്ടുകൊണ്ടിരുന്നുവെന്നും അത്രമേൽ മറഞ്ഞു നിൽക്കാൻ കഴിയുന്ന ഡിക്കിൻസണിനല്ലേ പറയുവാൻ കഴിയൂ. എന്റെ പൂവിൽ ഞാനൊളിക്കുന്നു (I hide myself within my flower) എന്ന എട്ടുവരിക്കവിത മതി അവർ തന്നെത്തന്നെ എത്ര മറച്ച് പിടിച്ചിരുന്നു എന്നറിയുവാൻ. ജീവിച്ചിരിക്കുന്നിടത്തോളം മറഞ്ഞു നിൽക്കണമെന്ന് ഉറപ്പിച്ചിരുന്നു അവർ.

ജീവിച്ചിരിക്കുന്നതുകൊണ്ടുമാത്രം അജ്ഞാതരായവർക്കു വേണ്ടിയൊന്നുമേ ചെയ്യാനാവാത്ത എനിക്കുവേണ്ടി ഇത്രമാത്രം.

– വിനീത പ്രഭാകർ പാട്ടീൽ

2 Comments
  1. Anil 1 year ago

    Wonderful article!

  2. Prema 1 year ago

    Nice…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account