കറുത്ത മണലില്‍ വജ്രം പോലെ തിളങ്ങുന്ന ഐസ് കട്ടകള്‍ പതിഞ്ഞു കിടക്കുന്ന ഡൈമണ്ട് ബീച്ചിലിറങ്ങിയില്ല. വൈകുന്നേരമായപ്പോഴേക്കും കാറ്റും, മഴയും, തണുപ്പും കൂടുതലായി. പിറ്റേന്നാണ് ഞങ്ങള്‍ക്ക് ടോറോന്റോയിലേക്ക് മടങ്ങേണ്ടത്. ഇനിയും നേരം വൈകുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് ബീച്ച് കണ്ടിട്ടും കാണാത്ത മട്ടില്‍ പോന്നത്. റോഡുകളുടെ സ്ഥിതിയൊക്കെ ഏകദേശം അറിയുന്നതിനാല്‍ അധികം ചുറ്റി നടക്കാതെ രാത്രി തന്നെ കെഫ്ലാവിക്കിലെത്തുകയാണ് നല്ലതും.

നേരത്തെ പറഞ്ഞിരുന്നില്ലെങ്കിലും കെഫ്ലാവിക്കിലാദ്യം താമസിച്ച സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് അന്തിയുറങ്ങാനിടം കിട്ടി. അടുത്ത ദിവസം രാവിലെ പതിനൊന്ന് മണിക്ക് വിമാനത്താവളത്തിലെത്തണം. റെയ്ക്യാവിക്കില്‍ കാണാന്‍ ബാക്കിവെച്ചു പോയൊരു സ്കൂളുണ്ട്. രാവിലെ അവിടെയെത്താന്‍ പറ്റുമോന്നാണ് റൂമിലെത്തി നെറ്റ് സൗകര്യം കിട്ടിയപ്പോള്‍ നോക്കിയത്. വെള്ളിയാഴ്ച നാലുമണിക്കേ സ്കൂളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളൂ. എന്തെങ്കിലുമൊന്നു നടക്കില്യാന്നു ഉറപ്പിച്ചാല്‍ പിന്നെ സമാധാനായിട്ടുറങ്ങാം. എട്ടരക്ക് ഇറങ്ങിയാലും നാല്‍പ്പത് കി.മി അകലെയുള്ള റെയ്ക്യാവിക്കിലെത്തി അവിടെ കറങ്ങി തിരികെയെത്തുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. അതിനാല്‍ രാവിലെ കെഫ്ലാവിക്കിലൊരു പഴയ വിളക്കുമാടം കണ്ട്, കാറിനെ കുളിപ്പിച്ച് സുന്ദരനാക്കി തിരികെ കൊടുത്ത് എയര്‍പ്പോര്‍ട്ടില്‍ വിശ്രമിക്കാമെന്ന തീരുമാനമായി.

രാവിലെത്തെ കാറ്റും മഴയും ലൈറ്റ് ഹൗസ് യാത്ര അത്ര സുഖകരമാക്കിയില്ല. അതിനാല്‍ വേറെയൊരിടത്തും പോകാതെ കാറിനെ കുളിപ്പിച്ച് വൃത്തിയാക്കി തിരിച്ചേല്‍പ്പിക്കുന്ന അവസാനവട്ട ജോലി തീര്‍ക്കാമെന്നു കരുതി. റെന്റ്-എ-കാര്‍ ഓഫീസിലെത്തിക്കുന്നതിന് പകരം ജി.പി.എസ് ഞങ്ങളെ വിമാനത്താവളം മുഴുവന്‍ വട്ടംകറക്കി കളിപ്പിച്ചു. ഭാഗ്യം റണ്‍വേയിലൊന്നും കൊണ്ടാക്കിയില്ല. സ്വഭാവമനുസരിച്ച് അങ്ങിനെ ചെയ്യേണ്ടതാണ്. അവസാനം കാര്‍ തിരിച്ചു കൊടുത്ത് എയര്‍പ്പോര്‍ട്ടിലെത്തിയപ്പോഴേക്കും സമയമായിരുന്നു. ഫ്ലൈറ്റ് കയറുന്നതിന് മുമ്പ് ആ സ്കൂളിന്‍റെ കാര്യം പറയാം. അതാണ് എല്‍ഫ് സ്കൂള്‍ (The Elf School). ഐസ് ലാന്‍ഡുകാരോട് ചോദിച്ചാല്‍ പറയാതെ പറയുന്നൊരു കാര്യമുണ്ട്. എല്‍ഫുകള്‍ അഥവാ അദൃശ്യമനുഷ്യരെ കുറിച്ചാണത്. ഐസ് ലാന്‍ഡ് ഐതിഹ്യങ്ങളിലും നാടോടി കഥകളിലും മാത്രമല്ല രാജ്യത്തെവിടെയും ഇപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അന്നാട്ടിലെ ജനങ്ങള്‍. അത് കൊണ്ടായിരിക്കും കുട്ടിച്ചാത്തന്മാരെ പറ്റി പഠിക്കാനായൊരു സ്കൂള്‍ തന്നെയുള്ളത്! 13 സ്പെഷ്യല്‍ കുട്ടിച്ചാത്തന്മാരുണ്ടെത്രേ…

A troll house for trolls found near a building

മഞ്ഞുകാലത്ത് സ്നേഹമുള്ള മാലാഖമാരുടെ കാവലിലാണ് നമ്മളെന്ന് ഐസ് ഗുഹയിലേക്ക് പോകുമ്പോള്‍ റ്റാമി പറഞ്ഞിരുന്നു. വേനലിലാണത്രേ ‘ട്രോളെ’ന്ന് വിളിക്കുന്ന ക്രൂരന്മാര്‍ ഇറങ്ങുക. ഐസ് ലാന്‍ഡിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടായിരിക്കുമോ ആളുകള്‍ ഇപ്പോഴും ഇതിലെല്ലാം വിശ്വസിക്കുന്നത്. ഭൂമിക്കടിയില്‍ ഉറങ്ങിക്കിടക്കുന്ന സത്വം ഉണര്‍ന്നാലുണ്ടാകുന്ന അവസ്ഥയെന്താണെന്ന് അനുഭവസ്ഥരോളം പറയാന്‍ നമുക്കും കഴിയില്ലല്ലോ. ഐസ് ലാന്‍ഡില്‍ എവിടെപ്പോയാലും കാണാം കളിവീടുകള്‍. മാവിന്‍റെ ചോട്ടില്‍ കളിവീടുണ്ടാക്കി കളിച്ചിരുന്നതാണ് അത് കാണുമ്പോള്‍ ഓര്‍മ്മ വരിക. അത്രയും ചെറുതായി ഭംഗിയുള്ള വീടുകള്‍ ചിലയിടത്ത് പണിതു വച്ചിട്ടുണ്ട്. മേല്‍ക്കൂരയില്‍ പായല്‍ മൂടിയുള്ള അവയുടെ നില്‍പ്പ് പുറമേ നിന്ന് വരുന്നവരില്‍ കൌതുകമുണര്‍ത്തും. ഇത്തരം കളിവീടുകള്‍ ട്രോളുകളെന്നും/എല്‍ഫുകളെന്നുമൊക്കെ വിളിക്കുന്ന അദൃശ്യ മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളാണ്. ഇതൊന്നും പറയാതെ ഐസ് ലാന്‍ഡ്‌ കാഴ്ചകള്‍ മുഴുവനാകില്ല.

റോഡിനരികിലും ലാവാപാടങ്ങളിലും പായല്‍ മൂടിയ ഗുഹകളുണ്ടാവും. അല്ലെങ്കില്‍ കല്ലുകള്‍ കൂട്ടിയിട്ടിട്ടുണ്ടാകും. ഇതിലൊക്കെ തൊട്ടാലും കയറിയാലും പ്രശ്നമാണ്. പുതിയ റോഡ്‌ ഉണ്ടാക്കുമ്പോള്‍ അവിടെ താമസിച്ചിരുന്ന എല്‍ഫുകളെ സുരക്ഷിതരായി മാറ്റി പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളാണ് ആ കല്ലുകള്‍. ക്രിസ്മസ് രാത്രിയില്‍ എല്‍ഫുകള്‍ അവര്‍ക്കിടയില്‍ പാര്‍ട്ടികള്‍ നടത്തുമെന്നും, അതുകൂടാതെ ആളുകളും അവര്‍ക്ക് വേണ്ടി പാര്‍ട്ടികള്‍ നടത്താറുണ്ടെന്നൊക്കെയാണ്. ഇതൊക്കെ വെറും കഥകളാണോ സത്യമാണോന്നൊന്നുമറിയില്ല. അവരുമായി സംസാരിക്കാനും ഇടപഴകാനും കഴിയുന്നവരൊക്കെ ഐസ് ലാൻഡിൽ ഉണ്ടത്രേ. വിശ്വാസം അതല്ലേയെല്ലാം… “Strangers in Iceland” എഴുതിയ സാറക്കും ഈ കഥകളില്‍ കൌതുകം കൂടിയപ്പോഴാണ് എല്‍ഫുകളുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെട്ടൊരാളുടെ അടുത്ത് പോകുന്നത്. അവര്‍ ആ അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. എനിക്കാരെയും കിട്ടിയില്ല. കേയ്റ്റിനോട് ചോദിച്ചപ്പോള്‍, ഞാനും അത് പോലെയൊരാളാണെന്ന് വിചാരിച്ചേക്കെന്നു പറഞ്ഞ് കളിയാക്കി… സായിപ്പ് കുട്ടിച്ചാത്തന്മാരെയും കണ്ടില്ല, അവരുടെ സ്കൂളില്‍ പോകാനും പറ്റിയില്ല.

വളരെ പ്രശസ്തമാണ് ഐസ് ലാന്‍ഡ് സ്വറ്ററുകള്‍. ഒമ്പതാം നൂറ്റാണ്ടില്‍ വൈക്കിങ്ങുകളോടൊപ്പം എത്തിയ ആടുകളുടെ തലമുറകളാണ് ഇപ്പോഴും അവിടെയുള്ളത്. അവയുടെ രോമത്തില്‍ നിന്നാണ് സ്വറ്ററുകളും മറ്റും കൈകൊണ്ട് നെയ്തെടുക്കുന്നത്. വട്ടത്തിലുള്ള ഡിസൈനുകളാണ് മിക്കതിലും. ഗോള്‍ഡന്‍ സെര്‍ക്കിള്‍, റിംഗ് റോഡ്‌, Lopapeysa (Icelandic Sweater) എല്ലാം നമ്മളെ വട്ടത്തില്‍ കറക്കും. ഐസ് ലാന്‍ഡുകാര്‍ അപൂര്‍വ്വമായെ സ്വറ്ററിനു മുകളില്‍ ഞങ്ങളെ പോലെ വലിയ ജാക്കറ്റ് ധരിക്കുന്നത് കണ്ടിട്ടുള്ളൂ. അതിന്‍റെ ആവശ്യമില്ലെന്നാണ് സ്വറ്ററുകടയിലെ സുഹൃത്ത് പറഞ്ഞത്. Lopapeysa കനംകുറഞ്ഞതാണെങ്കിലും ദൃഢതയുള്ളതും, വെള്ളം നനയാത്തതുമാണത്രെ. പിന്നെ ആവശ്യത്തിന് ചൂടും ശരീരത്തിനു കിട്ടും. പിന്നെ ജാക്കറ്റിന്‍റെ ആവശ്യമില്ലല്ലോ. എന്നാലൊന്ന് വാങ്ങി പരീക്ഷിക്കാന്ന് വിചാരിച്ചപ്പോ പോക്കറ്റ് ദയനീയമായി കരഞ്ഞു. കാണാനും തൊട്ടുനോക്കാനും ചിലവൊന്നുമില്ലാത്തതിനാല്‍, സാധനമെന്താണെന്ന് കണ്ട് മനസ്സിലാക്കി അവിടെന്നിറങ്ങി. ബോര്‍ഡിംഗിന് നേരമായില്ല, ഒരു ഐസ് ലാന്‍ഡ് ക്രിസ്മസ് കാര്യം കൂടി പറയാം…

മരങ്ങളില്ലാത്ത ഐസ് ലാന്‍ഡുകാര്‍ക്ക് ക്രിസ്മസിന് അലങ്കരിക്കാന്‍ മരം കൊടുത്തയച്ചിരുന്നത് നോര്‍വേയായിരുന്നു. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഈ കീഴ്വഴക്കം 2014 മുതല്‍ നിര്‍ത്തലാക്കാന്‍ നോര്‍വേ സര്‍ക്കാര്‍ തീരുമാനിച്ചു. ഐസ് ലാന്‍ഡിലെയും നോര്‍വേയിലെയും ജനങ്ങളുടെ പ്രതിഷേധത്തില്‍ ആ വര്‍ഷം നോര്‍വേ തീരുമാനം മാറ്റി. 1951 മുതല്‍ തുടര്‍ന്ന് വരുന്ന ചടങ്ങാണ് നോര്‍വേ സര്‍ക്കാര്‍ ഭാരിച്ച ചരക്ക് കൂലിയുടെ കാരണം പറഞ്ഞ് വെട്ടിയിട്ടത്. കഴിഞ്ഞ വര്‍ഷവും മരം കിട്ടിയിലെന്നാണ് തോന്നുന്നത്. നോര്‍വേയില്‍ നിന്നുള്ള ക്രിസ്മസ് മരത്തിന് രാജകീയമായ സ്വീകരണമാണ് റെയ്ക്യാവിക്കില്‍ ലഭിച്ചിരുന്നത്. ട്രീ അലങ്കരിക്കുന്നതിന്‌ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് മുതിര്‍ന്നവരും കുട്ടികളുമൊക്കെ റെയ്ക്യാവിക്കിലെത്തി അതൊരാഘോഷമാക്കിയിരുന്നു… എന്തായാലും നോര്‍വേയില്‍ നിന്ന് മരം തരൂലാന്ന് കട്ടായം പറഞ്ഞതോടെ ഐസ് ലാന്‍ഡുകാര്‍ ഗ്രീന്‍ഹൗസുകളില്‍ മരം വളര്‍ത്താന്‍ തുടങ്ങി. അല്ല പിന്നെ, ദിവസവും പ്രകൃതിയോട് മല്ലിട്ട് കഴിയുന്നവരോടാണ് കളി!

ഇനി പുതുമ മാറാത്ത വാര്‍ത്തയാണ്. 2017ലെ അന്താരാഷ്ട്ര വനിതാദിനം എല്ലാവരും പതിവുപോലെ ഗംഭീരമാക്കി. പക്ഷെ ഐസ് ലാന്‍ഡില്‍ നിന്ന് അന്നേ ദിവസം കേട്ട പ്രഖ്യാപനം കുറച്ചു പേരെങ്കിലും ശ്രദ്ധിച്ചു കാണും… On International Women’s Day Iceland became the first country in the world to force companies to prove they pay all employees the same regardless of gender, ethnicity, sexuality or nationality. സ്വിറ്റ്സര്‍ലന്‍ഡിലും, അമേരിക്കയിലെ മിനോസോട്ടയിലും ഇത് പോലെയൊരു പദ്ധതിയുണ്ടെങ്കിലും ഐസ് ലാന്‍ഡായിരിക്കും ഇതൊരു നിര്‍ബന്ധിത കാര്യമാക്കുന്നത്. പുതിയ നിയമപ്രകാരം ഇരുപ്പത്തിയഞ്ചോ അധികമോ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാരില്‍ നിന്ന് “Pay Equality Certificate” കമ്പനി നടത്തിപ്പിന് നേടിയിരിക്കണം… ഒരു കുഞ്ഞു രാജ്യത്തെ അഗ്നിപര്‍വ്വതങ്ങള്‍ മാത്രമല്ല വാര്‍ത്തകളും മറ്റുള്ളവരെ പൊറുതി മുട്ടിക്കും. ചെറിയ വിളക്കാണെങ്കിലും വഴികാട്ടാന്‍ അത് മതി… വലിയവര്‍ പിന്തുടരുമെന്ന് കരുതാം, ഇന്നല്ലെങ്കില്‍ നാളെ…

ഐസ് ലാന്‍ഡ് വിശേഷങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമിടുകയാണ്‌. കാണാനും അറിയാനും കുറെയേറെ ബാക്കിവെച്ചിട്ടാണ് ഐസ് ലാന്‍ഡില്‍ നിന്ന് തിരികേ പോന്നത്. ഒറ്റയൊരു യാത്ര കൊണ്ട് കണ്ടു തീര്‍ക്കാവുന്നതല്ലല്ലോ ഭൂമിയിലൊരിടവും. ഇനിയും യാത്രികര്‍ ഇത് വഴി കടന്നു പോകും, വ്യത്യസ്തമായ അനുഭവങ്ങളും കഥകളും പങ്കുവെക്കപ്പെടും… നമുക്ക് കാത്തിരിക്കാം… യാത്രക്കാരെ കുറിച്ച് വൈക്കിങ്ങുകള്‍ പറഞ്ഞതെന്താണെന്നും കൂടി കേള്‍ക്കാം..
He who has travelled can tell what spirit governs the men he meets…

(അവസാന ഭാഗം)

 

10 Comments
 1. Prabha 1 year ago

  ഹൃദ്യമായ യാത്രാവിവരണത്തിനു നന്ദി. കാഴ്ചകൾക്കപ്പുറം മനോഹരമായ എഴുത്തിലൂടെ വായന സുഖമുള്ളതാക്കി. ഇനിയും പ്രതീക്ഷിക്കുന്നു…നന്ദി

  • Author
   Fathima Mubeen 1 year ago

   നന്ദി പ്രഭ… വായനക്കും പ്രോത്സാഹനത്തിനും..

 2. Sunil 1 year ago

  കാഴ്ചകളുടെ അത്ഭുദം, അതുക്കും മേലെ വിവരണത്തിന്റെ മാധുര്യവും.. നന്ദി. പുതിയ യാത്ര അനുഭവങ്ങളുമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു..

  • Author
   Fathima Mubeen 1 year ago

   വരാം… സുനില്‍. നന്ദി 🙂

 3. Haridasan 1 year ago

  Wonderful! It was a great pleasure reading this travelogue, for the wonders of Ice Land and the way it was told to us. Thanks for sharing your travel experience to Ice Land. It was a wonderful reading. Expects more.. Thanks.

  • Author
   Fathima Mubeen 1 year ago

   Thank you so much for your comments. Our experience in the land of ice and fire was unique. I tried my best to put that in words… happy to hear that readers got the same. Once again thank you 🙂

 4. Retnakaran 1 year ago

  Amazing, both the wonders of Ice Land as well as the way those are presented. Thank you very much for sharing your experiences. Looking forward to more such articles.

 5. Peter 1 year ago

  Super! Thanks,

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account