ഗൗതമസിദ്ധാർത്ഥാ,
വസന്തം വന്ന വഴിയിൽ കള്ളിമുള്ളുകൾ വളർന്നിരിക്കുന്നു.
വെടിമരുന്നിന്റെ മണം നാസികയിൽ തുളച്ചുകയറുന്നു.
രക്‌തത്തിനായി പാനപാത്രങ്ങൾ ഒഴിഞ്ഞിരിക്കുന്നു.
അഗാധമായൊരു നൊമ്പരം അകത്തിരുന്ന് പുകയുന്നു.
അന്വേഷിച്ചതിലൊക്കെ വിലാപങ്ങൾ നിറഞ്ഞിരിക്കുന്നു.
അന്യമാകാത്ത ആസക്‌തികളിൽ കരുണയറ്റവർ നിറയൊഴിക്കുന്നു.
വിശപ്പിന്റെ വിരുന്നുകാരുടെ കശാപ്പിന് കത്തിയാകാൻ സമയമായിരിക്കുന്നു .
സ്‌നേഹത്തിന്റെ പെരുന്നാൾ ദിനത്തിൽ,
കെട്ടജീവിതത്തിൽനിന്നും നിർവ്വാണം പ്രാപിക്കാൻ,
മനസ്സുകൊണ്ടുള്ള യാഗത്തിന് നിന്റെ രക്‌തം കടംചോദിക്കുന്നു.
കണ്ണുനീരുണങ്ങിയ അനുകമ്പ ഇനിവേണ്ട.
വെളിച്ചംമങ്ങിയ കണ്ണുകളിലേക്ക് തുറന്നുപിടിക്കുന്ന കണ്ണുകൾ മതി.
കഠോരകൽപ്പനകളെ തച്ചുതകർക്കുന്ന വിശ്വാസം മതി.
സംശയത്താൽ വേട്ടയാടപ്പെട്ടവന്റെ മനസ്സാക്ഷി മതി.
സ്വർഗ്ഗത്തിലേക്കുള്ള വാതിൽ ജീവിതത്തിൽ തുറന്നുകിട്ടണം.
ഒരപരലോകസിദ്ധാന്തവും ഹാജർ വിളിക്കാത്ത പേരുള്ളവന്റെ,
മുറിപ്പെട്ടുപോയ ഹൃദയം നിന്നോടു സംസാരിക്കുന്നു.
തിരിച്ചുകിട്ടുന്ന പരിഭ്രമങ്ങളെ ഏത് മതത്തിൽ ചേർക്കും?
അശ്രു വീണു കുതിർന്ന നിന്റെ ഭിക്ഷാപാത്രം ആർക്കും വേണ്ട.
നിലാവുകൊത്തിയ വിഗ്രഹത്തിൽ,
ഒടുങ്ങിപ്പോയ നിഴലാണു നീ.
പരാജിതന്റെ എണ്ണം പിഴച്ച ഗണിതവാക്യം.

-ഇടക്കുളങ്ങര ഗോപൻ 

1 Comment
  1. Manoharan 4 years ago

    മനോഹരം, ഈ വരികൾ.. കാലത്തിന്റെ പ്രതിധ്വനി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account