ചെറു കാറ്റിൽ ഇളകിയാടിയ കരിയിലകൾ തലയിൽ പതിച്ചപ്പോൾ പതിയെ മുഖമുയർത്തി മുന്നിൽ കണ്ട ശിലാഫലകം നന്ദു നിർവികാരതയോടെ ഒന്ന് നോക്കി.

അന്നമ്മ ചെറിയാൻ (52)
1965 – 2017

ചെറു നിശ്വാസത്തോടെ എഴുന്നേറ്റ് തൊട്ടടുത്തുള്ള ആഞ്ഞിലിമരച്ചോട്ടിലെ  ഇരുമ്പ് ബെഞ്ചിൽ തലചാരി അൽപ്പനേരം ഇരുന്നു. പതിയെ ഓർമ്മയുടെ ഘടികാരം പിന്നോട്ട് ചലിക്കാൻ തുടങ്ങി.

ഉയർന്ന മാർക്കോടെ പത്താംതരം പാസ്സായി പട്ടണത്തിലെ സമ്പന്നരുടെ മക്കൾ മാത്രം പഠിക്കുന്ന സ്‌കൂളിൽ പ്ലസ്‌ടൂവിന് പഠിക്കുന്ന സമയം. എന്റെ ഏതാഗ്രഹവും രണ്ടാമതൊരു തവണ ആവശ്യപ്പെടാൻ ഇടവരുത്താതിരിക്കാൻ അച്ഛനും അമ്മയും പ്രത്യേകം മത്‌സരിക്കുമായിരുന്നു. സ്‌കൂളിൽ പോകാൻ വാങ്ങിത്തന്ന വളരെ വിലയേറിയ ഹീറോ കരിസ്‌മ ബൈക്ക്  എന്നെ സ്‌കൂളിലെ ഹീറോ ആക്കി.

സുകുമാർ, രമേഷ്, കരുൺ, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി.

ഒരു ദിവസം സുകുമാറിന്റെ അച്ഛൻ ദുബായിയിൽ നിന്നും കൊണ്ടുവന്ന വിദേശമദ്യം ആരുമറിയാതെ അവൻ എടുത്തുകൊണ്ട് വന്നു; അങ്ങനെ ആദ്യമായി മദ്യം രുചിച്ചു. എട്ട് ദിവസം എടുത്ത് ഞങ്ങൾ അത് തീർത്തു. ഇനിയും വേണം എന്നുള്ള ചിന്ത രമേശിനെ പട്ടാളത്തിൽ നിന്നും വിരമിച്ച ദിവാകരൻ ചേട്ടനിൽ എത്തിച്ചു. അതൊരു പതിവായി മാറി.

അന്നമ്മ ടീച്ചറിന്റെ ക്ലാസ്സിൽ ഒരിക്കൽ മദ്യപിച്ച് കയറിയതിന്, ക്ലാസ് കഴിഞ്ഞ് ഓഫിസ് മുറിയിൽ വന്ന് കാണുവാൻ ആവശ്യപ്പെട്ടു. പക്ഷെ ഞങ്ങൾ അത് ചെവിക്കൊണ്ടില്ല. അടുത്ത ദിവസം ടീച്ചർ ഞങ്ങളെ തനിയെ മാറ്റി നിർത്തി കുറെ ഉപദേശ വാക്കുകളോതി. എന്നിട്ടും സംഭവം ആവർത്തിച്ചപ്പോൾ, കയ്യിൽ ചൂരൽ പ്രഹരവും തന്ന് പ്രഥാന അദ്ധ്യാപകനെ അറിയിക്കുകയും ചെയ്‌തു.

മദ്യപാനവിഷയം ഒഴിച്ച് ബാക്കിയെല്ലാം ഞങ്ങൾ വീട്ടിൽ അറിയിച്ചു. വീട്ടുകാർ ചേർന്ന് പ്രഹരമേൽപ്പിച്ച പാടുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആക്കുകയും, പീഡനത്തിന് പോലീസിൽ പരാതി നൽകുകയും ചെയ്‌തു. തത്‌ഫലമായി ടീച്ചറിനെ സ്റ്റേഷനിൽ വിളിപ്പിച്ചു താക്കീത് നൽകിയയച്ചു.

ഈ കേസിൽ വിജയിച്ചതിന്റെ സന്തോഷപ്രകടനം അന്ന് രാത്രിയിൽ എന്റെ വീട്ടിൽ കൂടുകയുണ്ടായി, അച്ഛന്മാർ മദ്യവും, അമ്മമാർ വൈനും, ഞങ്ങൾ കുട്ടികൾ വീഡിയോ ഗെയിം എന്ന വ്യാജേന ദിവാകരേട്ടന്റെ മിലിട്രിയും കൊണ്ട് ആഘോഷിച്ചു.

അടുത്ത ദിവസം രാവിലെ ഞങ്ങളെ ഞെട്ടിക്കുന്ന രണ്ട്‌ വാർത്തകളുൾക്കൊള്ളുന്ന   പത്രം രാമേട്ടൻ പൂമുഖത്തേക്ക് വലിച്ചെറിഞ്ഞു.

ഒന്ന്… ഇന്നലെ രാത്രി അന്നമ്മ ടീച്ചർ ആത്‌മഹത്യ ചെയ്‌തിരിക്കുന്നു.

രണ്ട്… മദ്യലഹരിയിൽ തന്റെ  ക്ലാസ്സിലെ ഒരു പെൺകുട്ടിയോട് വളരെ അപമര്യാദയോടെ പെരുമാറിയതിന്, ഞങ്ങളുടെ ഭീഷണി വകവയ്ക്കാതെ അവൾ പോലീസിൽ പരാതി നൽകിയിരിക്കുന്നു.

കഴിഞ്ഞ മൂന്ന് മാസത്തെ ജുവനൈൽ ഹോം ജീവിതം പട്ടിണിയുടേയും, കഷ്‌ടപ്പാടിന്റേയും, സ്‌നേഹത്തിന്റേയും വില ഞങ്ങൾക്ക് മനസിലാക്കി തന്നു.

ഗതകാല സ്‌മരണയിൽ മുഴുകി ആഞ്ഞിലിമരച്ചോട്ടിൽ ഇരുന്ന് നന്ദു എന്തൊക്കെയോ ഓർമ്മയിലെ അമ്മയോട് ഉറക്കെ പറയാൻ ആഗ്രഹിച്ചു. എന്നാൽ  അത് വെറും ആത്‌മഗതമായി ഉള്ളിൽ ഒതുങ്ങി…

‘അമ്മേ… എനിക്ക് ബൈക്കിന്റെ  ആവശ്യം ഇപ്പോൾ ഇല്ല എന്ന് പറഞ്ഞ് തരൂ..’

‘സ്‌കൂളിൽ എന്റെ കൂട്ടുകാർ ആരൊക്കെയാണ്, ഞാൻ എന്തൊക്കെ ചെയ്യുന്നു എന്ന് ഒന്ന് തിരക്കി അറിയൂ, അമ്മേ ..’

‘അമ്മേ… എന്റെ തെറ്റുകൾ തെറ്റാണെന്ന് പറഞ്ഞ് തന്ന് എന്നെ ശിക്ഷിക്കൂ..’

‘എന്റെ തെറ്റിന് എന്നെ ശിക്ഷിച്ച് എന്നെ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച എന്റെ ടീച്ചറിനെ കൊലക്ക് കൊടുക്കരുതേ, അമ്മേ ..’

അമ്മയെന്നെ ശകാരിച്ചിരുന്നെങ്കിൽ… ഒന്ന് തല്ലിയിരുന്നെങ്കിൽ… അവൻ വെറുതേ വ്യാമോഹിച്ചു.

-മനോജ് മുരളി

3 Comments
  1. Vishal George 2 years ago

    Good one buddy. Keep it coming!!

  2. sivadas 2 years ago

    good message

  3. Swathi Sasidharan 2 years ago

    very good … writing , concept

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account