ഇത് ധനുഷ്കോടിയുടെ കഥയാണോ? അതോ രവിവർമ്മന്റെ സ്വപ്നമാണോ? രണ്ടും എനിക്ക് ഒരു മനഃശാസ്ത്രജ്ഞന്റെ കണ്ണിലൂടെ നോക്കുമ്പോൾ യുക്തിസഹമായിരിക്കണമല്ലോ! പല രോഗികളിൽ നിന്നും രവിവർമ്മനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളാണ്. ഞാൻ എടുത്തു ചോദിച്ചതുകൊണ്ടു മാത്രം വിവരിക്കപ്പെട്ട അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ.
ആ സ്വപ്നങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നില്ലെങ്കിലും അതദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. രവിവർമ്മൻ, ഒരു സർക്കാർ ടെലഫോൺ കമ്പനിയിൽ ജോലിക്കാരനായ സാധാരണ മലയാളി. ചുരുക്കം ചില തമിഴ് സിനിമകൾ കണ്ടതൊഴിച്ചാൽ തമിഴുമായി യാതൊരു ബന്ധവുമില്ലാത്തയാൾ. ഒരു കടുത്ത നടുവ് വേദനക്കാരനായിരുന്നു എന്നതൊഴിച്ചാൽ അയാൾ തികച്ചും ആരോഗ്യവാനുമായിരുന്നു.
അയാളെ പരിശോധിച്ച എല്ലാ വിദഗ്ദ്ധരും വിധിയെഴുതിയത് ഒരേയൊരു കാര്യം മാത്രം. നടുവ് വേദനക്ക് യാതൊരു കാരണവും കാണുന്നില്ല. തികച്ചും ആരോഗ്യമുള്ള കശേരുക്കൾ. എക്സ് റേ മാത്രമല്ല എം ആർ ഐ യും തോറ്റു തുന്നം പാടി.
അങ്ങനെയാണ് അയാൾ എന്റെ അരികിലെത്തിയത്. പറയാനുണ്ടായിരുന്നത് സ്ഥിരം പല്ലവി തന്നെ. സഹിക്കാൻ കഴിയാത്ത നടുവ് വേദന. നിരർത്ഥമായ വേദനയിലേക്കിറങ്ങിച്ചെല്ലാതെ അദ്ദേഹത്തെക്കുറിച്ചു കൂടുതൽ അറിയാനായിരുന്നു എന്റെ ശ്രമം. അങ്ങനെയാണ് ഞാൻ രവിവർമ്മന്റെ സ്വപ്നങ്ങളെക്കുറിച്ചറിഞ്ഞത്.
‘ഞാൻ മിക്കവാറും ദിവസങ്ങളിൽ ഒരേ സ്വപ്നം തന്നെ കാണുന്നു. കുറെ വർഷങ്ങളായി ഇത് തുടങ്ങിയിട്ട്. ഒരു പക്ഷെ എന്റെ വിവാഹത്തിന് ശേഷമായിരിക്കാം’. രവിവർമ്മൻ പറഞ്ഞു നിറുത്തി. കുറേ വർഷങ്ങളായി കാണുന്ന ഒരേ സ്വപ്നം. ഞാൻ ഉഷാറായി, രവിവർമ്മനെ പ്രോത്സാഹിപ്പിച്ചു.
‘എന്തായിരുന്നു ആ സ്വപ്നം?’ ഒരു ഫ്രോയിഡൻ തിയറിയിൽ ആ സ്വപ്നം അപഗ്രഥിക്കണം എന്നൊന്നും അപ്പോൾ എനിക്കില്ലായിരുന്നു. എങ്കിലും ആ സ്വപ്നം എന്തായിരിക്കും എന്നറിയാനുള്ള എന്റെ ആകാംക്ഷയും കുറവായിരുന്നില്ല.
‘ഞാൻ വളരെ തിരക്കുപിടിച്ച ഒരു കൊച്ചു പട്ടണത്തിലായിരുന്നു. തിരക്ക് പിടിച്ച ആളുകളെപ്പോലെ ഞാനും എന്തൊക്കെയോ ചെയ്തുകൊണ്ട് നടക്കുന്നു. പെട്ടെന്ന് വെള്ളമോ കാറ്റോ അതോ രണ്ടുമോ എന്നൊന്നും വ്യക്തമല്ലാത്ത ഒന്ന് എന്നെ പിടിച്ചു വലിക്കുന്നു. ഞാൻ ചുറ്റും നോക്കുമ്പോൾ പലരും ഇതിൽനിന്നും രക്ഷപെടാൻ നോക്കുന്നതായി കണ്ടു. ഞാൻ അലറിക്കരഞ്ഞുകൊണ്ടു പറയുന്നു ‘എന്നെ കാപ്പാത്തുങ്കോ’. അതിനു പ്രതിധ്വനിയെന്നവണ്ണം ഞാൻ കേൾക്കുന്നു, ‘തമ്പീ ഹനുമന്തയ്യാ നീയെങ്കെ?’. ആ സ്വരം എന്റെ അമ്മയുടേതായും ജ്യേഷ്ഠന്റേതായും എനിക്ക് തോന്നി’.
‘അപ്പോൾ എന്തുണ്ടായി?’ ശരിയായ രീതിയല്ലെങ്കിലും എന്റെ ജിജ്ഞാസ തലപൊക്കി.
‘അപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതായും ഞാൻ മരിക്കുന്നതായും തോന്നി. പിന്നീട് ഞാൻ കാണുന്ന സീൻ മാറുകയായി. ഞാൻ ഉയരങ്ങളിലിരുന്നുകൊണ്ടു ആ സ്ഥലം കാണുന്നു. അത് ഒരു നശിക്കപ്പെട്ട ഒരു ദ്വീപുപോലെ തോന്നി. ആളനക്കം ഒന്നും കാണുന്നില്ല. ഒരു തീവണ്ടി അതിന്റെ പാലത്തിൽനിന്നും കടലിൽ പതിച്ചിരിക്കുന്നു. എല്ലാവരും മരിച്ചതുപോലെ ആകെ നിശ്ശബ്ദത’.
ഇത് പറയുമ്പോഴെല്ലാം രവിവർമ്മൻ ആവശ്യത്തിലധികം മാനസിക പീഡനം അനുഭവിക്കുന്നതായി എനിക്ക് തോന്നി. അയാളുടെ ശ്വസനം ക്രമാതീതമായി ഉയർന്നിരുന്നു. ഇത്തരം അവസരങ്ങളിൽ രോഗിയുടെ രക്തസമ്മർദ്ദം അളക്കുന്ന സ്വഭാവം എനിക്കുണ്ട്. അതും വളരെയധികം കൂടുതലായിരുന്നു.
സ്വപ്നം കാണുന്ന ദിവസങ്ങളിലെ മാനസികാവസ്ഥ അത്ര നല്ലതായിരിക്കില്ല എന്ന് എന്റെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തന്റെ പ്രിയപ്പെട്ടവരിൽനിന്നും വേർപെട്ടു പോകുന്നതുപോലെയുള്ള ഒരു തോന്നൽ അദ്ദേഹത്തിനുണ്ടാകുമത്രേ. ആ ദിവസങ്ങളിൽ നടുവ് വേദന കുറവായിരിക്കുമെന്നു പറഞ്ഞത് എന്നെ ലേശം അത്ഭുതപ്പെടുത്താതിരുന്നില്ല.
വീണ്ടുമൊരു ദിവസം വരാനറിയിച്ച് അയാളെ അയക്കുകയല്ലാതെ അപ്പോൾ എന്റെ മുന്നിൽ പ്രത്യേക തീരുമാനങ്ങളൊന്നുമുണ്ടായില്ല. അയാളുടെ തൃപ്തിക്കായി എന്തോ മരുന്നുകളും നൽകി. എങ്കിലും എന്റെയുള്ളിൽ രവിവർമ്മന്റെ സ്വപ്നമായിരുന്നു. എന്തായിരിക്കും ഇങ്ങനെ വിചിത്രമായ ഒരു സ്വപ്നത്തിനു ഹേതു?
കുട്ടിക്കാലത്തു കണ്ടിട്ടുള്ള ഏതെങ്കിലും ഹോളീവുഡ് സിനിമയുടെ ഓർമ്മയിലുറച്ചുപോയ ഭാഗങ്ങളായിരിക്കുമോ അയാളുടെ സ്വപ്നങ്ങൾ? അങ്ങനെയുണ്ടാകുന്ന സ്വപ്നങ്ങൾക്ക് അയാളിൽ ഇത്രയേറെ വൈകാരികത സൃഷ്ടിക്കുവാനാകുമോ? ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായാണ് അന്ന് ഞാൻ ഉറങ്ങിയത്.
അടുത്ത ദിവസം എനിക്ക് അവധിദിനമായിരുന്നു. രാവിലെ മനസ്സിലേക്കോടിയെത്തിയത് രവിവർമ്മന്റെ സ്വപ്നങ്ങളായിരുന്നു. അത് ഞാൻ ചില വാക്കുകളാക്കി മാറ്റാൻ തുടങ്ങി. ‘തിരക്ക് പിടിച്ച പട്ടണം, കൊടുങ്കാറ്റ്, വെള്ളം, തമിഴ് വാക്കുകൾ, വെള്ളത്തിലേക്ക് വീഴുന്ന തീവണ്ടി, ദ്വീപ്’. ഇതിൽ ഏത് പദങ്ങൾക്കായിരിക്കണം ഞാൻ പ്രാധാന്യം കൊടുക്കേണ്ടത്? ഈ വാക്കുകളെല്ലാം തന്നെ തികച്ചും സാധാരണം. പക്ഷെ ഈ തമിഴ് വാക്കുകൾ – കാപ്പാത്തുങ്കോ, ഹനുമന്തയ്യ, നീയെങ്കെ, ഇതെല്ലം കുറച്ചു അസ്വാഭാവികമല്ലേ? പ്രത്യേകിച്ചും ഒരു മലയാളിയുടെ, ഒരിക്കലും തമിഴ്നാട്ടിൽ പോയിട്ടില്ലാത്ത ഒരാളുടെ സ്വപ്നങ്ങളിൽ?
ചിന്ത ബലപ്പെട്ടുവന്നു. സ്വപ്നത്തിലെ സംഭവം നടക്കുന്നത് ഒരുപക്ഷേ തമിഴുമായി ബന്ധപ്പെട്ടായിക്കൂടെ? എങ്കിൽ അതെവിടെ ആയിരിക്കും? എവിടെയെല്ലാം തമിഴ് സംസാരിക്കുന്നു. തമിഴ്നാട്ടിൽ, ശ്രീലങ്കയിൽ, മലേഷ്യയിൽ, സിംഗപ്പൂരിൽ, എന്തിനേറെ ആന്തമാനിൽ പോലും നന്നായി കൈകാര്യം ചെയ്യുന്ന ഭാഷയല്ലേ തമിഴ്. പലയിടത്തും സുനാമി ഉണ്ടായിട്ടുണ്ട്. വെള്ളം, കൊടുങ്കാറ്റ്, മരണം ഇതെല്ലാം അതിലേക്കല്ലേ നയിക്കുന്നത്?
‘സുനാമി’ അതെന്റെ മനസ്സിൽ ചോദ്യചിഹ്നമായി. എന്റെ ആകാംക്ഷ അടക്കാനാകാത്തതായിരുന്നു. എനിക്കറിയേണ്ടത് ഒരേയൊരുത്തരം. രവിവർമ്മൻ സ്വപ്നം കാണാൻ തുടങ്ങിയത് സുനാമിക്ക് മുൻപോ അതിനു ശേഷമോ?
ക്ലിനിക്കിലേക്കു ഫോൺ ചെയ്ത് രവിവർമ്മന്റെ ഫോൺ നമ്പർ കണ്ടുപിടിക്കുക എന്നതായിരുന്നു ഞാൻ ഉടനടി ചെയ്തത്. ആദ്യ ശ്രമത്തിൽത്തന്നെ രവിവർമ്മൻ സംസാരിച്ചു തുടങ്ങിയത് എന്നെ വളരെയധികം ആവേശവാനാക്കി. എന്നാൽ മറുപടി എന്നെ അത്ര സന്തോഷിപ്പിച്ചില്ല. കാരണം രവിവർമ്മൻ സുനാമിക്ക് മുൻപേ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.
വീണ്ടും ചിന്തകൾ നക്ഷത്രങ്ങളായി തലക്കുള്ളിൽ മിന്നിത്തുടങ്ങി. ഇതിനുത്തരം കണ്ടെത്തുക എന്നത് ഒരു വാശിയായി വളർന്നു. എന്റെ മനസ്സിൽ ഇപ്പോൾ പദങ്ങൾ മാറി വന്നു. തലച്ചോറിൽ തെളിയുന്നത് കടലിലേക്ക് വീഴുന്ന ഒരു തീവണ്ടി, ആരും തന്നെ രക്ഷപെടാൻ സാധ്യതയില്ലാത്ത ഒരപകടം, ഒരു ദ്വീപ്, തമിഴിലുള്ള കരച്ചിൽ.
അതെ, അതുതന്നെ. ഓർമ്മയിൽ വ്യക്തത വന്നു തുടങ്ങി. എവിടെയോ മുൻപ് വായിച്ചതോർമ്മ വന്നു. ധനുഷ്കോടിയിൽ ഉണ്ടായ വൻ ദുരന്തം. സൈക്ളോൺ മൂലം ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിനാലിൽ തകർന്നടിഞ്ഞ ധനുഷ്കോടി. നൂറ്റമ്പതിലേറെ പേർ മരിച്ച തീവണ്ടിയപകടം. തീവണ്ടി നേരേ കടലിൽ പതിക്കുകയായിരുന്നു.അതുമാത്രമല്ല ചരിത്രം. അറുപത്തിനാലിനു മുൻപ് തിരക്കുള്ള ഒരു പട്ടണ ദ്വീപ് ആയിരുന്നു ധനുഷ്കോടി. ശ്രീലങ്കയുമായും മറ്റു ചില രാജ്യങ്ങളുമായും വാണിജ്യ ബന്ധങ്ങൾ. കപ്പൽ ഗതാഗതത്തിനു പുറമേ തീവണ്ടി സൗകര്യവുമുണ്ടായിരുന്ന ഒരു മികച്ച പട്ടണം.
എനിക്കേറെക്കുറേ തീർച്ചയായിക്കഴിഞ്ഞു, രവിവർമ്മൻ കാണുന്നത് ധനുഷ്കോടിയാണ്. ദ്വീപാണ്, തമിഴ് പറയുന്നു. തിരക്കുപിടിച്ച പട്ടണമാണ്, ഇപ്പോൾ നാമാഅവശേഷമായി കഴിഞ്ഞു. ഹനുമന്തയ്യ എന്ന പേരുതന്നെ ശ്രീരാമനോടും ഹനുമാനോടും അത്രയധികം ബന്ധപ്പെട്ടിരിക്കുന്ന ധനുഷ്കോടിയിൽത്തന്നെ ആയിരിക്കണം.
ഇനിയെനിക്ക് ഒറ്റലക്ഷ്യം മാത്രം. എത്രയും പെട്ടെന്ന് ധനുഷ്കോടിയിലെത്തണം. അവിടെ ഹനുമന്തയ്യ എന്നൊരാൾ ജീവിച്ചിരുന്നോ എന്നറിയണം. അയാൾ ആ ദുരന്തത്തിൽ മരിച്ചുപോയിരുന്നോ എന്നറിയണം. അയാൾക്ക് ഒരമ്മയും ജ്യേഷ്ഠനുമുണ്ടായിരുന്നോ എന്നറിയണം.
പെട്ടെന്ന് തന്നെ പോകുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രണ്ടു ദിവസം അവധി ആക്കുക എന്നതും ഒരുവിധത്തിൽ പരിഹരിച്ചു. കോയമ്പത്തൂർ, മധുര വഴി ബസിലായിരുന്നു യാത്ര. കടലിൽ തീർത്ത വിസ്മയമായ പാമ്പൻ പാലവും കടന്ന് രാമേശ്വരത്തെത്തിയപ്പോൾ രാവിലെ എട്ടുമണി. മുൻകൂട്ടി ഹോട്ടൽ ബുക്കുചെയ്യാൻ പറ്റാതിരുന്നതുകൊണ്ട് അന്വേഷണമാരംഭിച്ചു. എല്ലായിടത്തും തിരക്ക്. പോരാത്തതിന് ഏകയാത്രികന് മുറി തരാൻ പലർക്കും മടി. ഒടുവിൽ ഭേദപ്പെട്ട ഒരു മുറി കിട്ടി. രെജിസ്റ്ററിൽ ഡോക്റ്റർ എന്ന് എഴുതിയപ്പോൾ റിസെപ്ഷനിസ്റിന് ചെറുതായി ഒരു സ്നേഹം കൂടി എന്ന് തോന്നി.
കുളിച്ചു തയ്യാറായി വന്ന് ആദ്യം തിരക്കിയത് എങ്ങനെ ധനുഷ്കോടിയിലെത്താം എന്നാണ്. രണ്ടുപദേശമാണ് കിട്ടിയത്. അമ്പലത്തിനടുത്തു നിന്നും രണ്ടാം നമ്പർ ബസ്. ധനുഷ്കോടിയിലേക്കല്ല. അതിനു മുൻപുള്ള ഒരു സ്ഥലം വരെ. അവിടെ നിന്നും ഫോർവീൽ ഡ്രൈവുള്ള വാഹനത്തിൽ കൊണ്ടുപോകും. ഇതാണ് ചെലവ് കുറഞ്ഞ മാർഗം. രണ്ടാമത്തേത് ഫോർവീൽ ഡ്രൈവുള്ള ജീപ്പിൽ ഇവിടെനിന്നും പോകാം. ഞാൻ രണ്ടാമത്തെ മാർഗം തിരഞ്ഞെടുത്തു. ധനുഷ്കോടിയിലേക്കുള്ള വഴിയിൽ ഡ്രൈവറോട് ചില കാര്യങ്ങൾ ചോദിച്ചറിയണമെന്ന് വിചാരിച്ചെങ്കിലും അതിനു മുതിർന്നില്ല. കാരണങ്ങൾ രണ്ടായിരുന്നു. ഒന്ന് ഡ്രൈവിംഗ് അത്രയേറെ ശ്രദ്ധ വേണ്ട ഒരു ജോലിയായിരുന്നു. മുന്നിൽ കല്ലും കുഴിയും കടലും കരയും കാടും. മണൽക്കരയിലൂടെയും ചിലപ്പോഴെല്ലാം കടൽ വെള്ളത്തിലൂടെയും ജീപ്പോടും. യാത്ര ശരിക്കും ഒരു ഭീകര അനുഭവം തന്നെ. ഏതാണ്ട് ഒരു 5 ഡി തിയേറ്ററിൽ ഇരിക്കുന്ന അവസ്ഥ. രണ്ട്, അയാൾ ചെറുപ്പക്കാരനായിരുന്നു. ഏറിയാൽ മുപ്പതു വയസ്സ്. ഏതാണ്ട് അമ്പതു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കാര്യത്തെക്കുറിച്ച് അയാൾക്ക് വ്യക്തതയുണ്ടാകാനിടയില്ല എന്ന എന്റെ മുൻവിധി.
ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ സാഹസിക യാത്രക്കൊടുവിൽ ധനുഷ്കോടി എന്ന പഴയ പട്ടണത്തിലെത്തി. ഉയർന്നു നിൽക്കുന്ന കൽത്തൂണുകൾ പഴയ തീവണ്ടിയാപ്പീസിന്റെ ജലസംഭരണിയായിരുന്നുവത്രേ. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ തീവണ്ടിയാപ്പീസിന്റെയും. പള്ളികൾ, സ്കൂളുകൾ തുടങ്ങി അവശിഷ്ടങ്ങൾ ധാരാളം. ഇവിടെയുള്ള ഹനുമാൻ ക്ഷേത്രത്തിൽ തൊഴാനും കടലോരങ്ങളിൽ കുളിക്കുവാനുമാണ് ആളുകൾ ഇവിടെയെത്തുന്നത്. ഒരു വശത്ത് ബംഗാൾ ഉൾക്കടലും മറുവശത്ത് ഇന്ത്യൻ മഹാസമുദ്രവും. രണ്ടും ഒരു കടൽ ഭാഗങ്ങളാണെങ്കിലും കടലുകളുടെ വെള്ളത്തിന്റെ നിറത്തിലും അലകളുടെ സ്വഭാവത്തിലുമുള്ള വ്യത്യാസം ഒരു അനുഭവം തന്നെ. ഇവിടെയെത്തുന്നവർക്ക് ധനുഷ്കോടിയുടെ ചരിത്രമറിയേണ്ട ആവശ്യമില്ല. ആരും പറയാറുമില്ല. ഇവിടത്തെ ചെറു കച്ചവടക്കാർ അവർക്കു പറഞ്ഞുകൊടുക്കുന്നത് ശ്രീരാമന്റെ കഥകളാണ്. കല്ലുകൾ കൊണ്ട് ലങ്കയിലേക്ക് വാനരപ്പടയുണ്ടാക്കിയ പാലം, അതിനുപയോഗിച്ചതായി പറയുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ തുടങ്ങിയവയാണ്. കാരണം അവർക്കതിൽ ഒരു കച്ചവടക്കണ്ണുണ്ട്. ആ കല്ലിന്റെ അവശിഷ്ടങ്ങളാണെന്ന് അവകാശപ്പെട്ട് കല്ലുപോലിരിക്കുന്ന ഒരു സാധനം, പവിഴപ്പുറ്റിന്റെ അവശിഷ്ടങ്ങളായിരിക്കാം, വിൽക്കുക. സാധനത്തിന്റെ വലുപ്പമനുസരിച്ചും സന്ദർശകരുടെ രാമഭക്തിക്കനുസരിച്ചും അമ്പതു മുതൽ ആയിരം രൂപവരെ ഈ കല്ലുകൾക്ക് കിട്ടുമത്രേ.
അവിടെ വച്ച് പരിചയപ്പെട്ട ഒരു മുത്തശ്ശി, ഏതാണ്ട് എഴുപത് വയസ്സ് പ്രായമുണ്ടാകും. പറഞ്ഞതു നർമ്മമായിരുന്നോ? ‘രാമന്റെ കല്ല് എന്ന് പറഞ്ഞാൽ ചിലർ, പ്രത്യേകിച്ചും വടക്കേ ഇന്ത്യക്കാർ എന്ത് വിലയും കൊടുത്തു വാങ്ങും’. മറ്റെന്തു സാധനവും വിലകുറച്ചു വാങ്ങുന്നവരാണവർ. വിശ്വാസം അതല്ലേ എല്ലാം.
ആ മുത്തശ്ശിയുമായി പതുക്കെ ചങ്ങാത്തം ആരംഭിച്ചു. അവിടെ അവർക്കു ഓല കെട്ടിയ ചെറിയ ഒരു ക്ഷേത്രമുണ്ട്. അവിടെ സിമന്റുകൊണ്ട് കെട്ടിയ ഒരു ചെറിയ ടാങ്കും. അതിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു കല്ല് കമ്പിവലകൊണ്ടു മൂടി പൂട്ടി സൂക്ഷിച്ചിരിക്കുന്നു. കാണികൾക്ക് കല്ല് വിരലിട്ടു വെള്ളത്തിൽ താഴ്ത്താം. കല്ല് ഉയർന്നു വരും. ഇതിന്റെ മറവിലാണ് കച്ചവടം. ആ മുത്തശ്ശിക്കും മകൾക്കും – അതോ മരുമകളോ – മറ്റു ചില കച്ചവടങ്ങൾ കൂടിയുണ്ട്. മുത്തുമാലകൾ, കമ്മലുകൾ, കടൽ ഉൽപ്പന്ന കൗതുക വസ്തുക്കൾ തുടങ്ങി പലതും.
മുത്തശ്ശിയിൽ നിന്ന് എനിക്ക് ചില വിവരങ്ങൾ അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഞാൻ പതിയെ ചില സാധനങ്ങൾ വാങ്ങുവാൻ തുടങ്ങി. ഒരു മുത്തുമാല, ചെറിയ കല്ല്, കമ്മലുകൾ തുടങ്ങി വളരെ സമയമെടുത്ത് ആസ്വദിച്ച് വിശേഷങ്ങൾ തിരക്കിയായിരുന്നു വാങ്ങിയിരുന്നത്. മുത്തുമാലയുടെ ആധികാരികതയെക്കുറിച്ചു ചോദിച്ചപ്പോൾ അവർ കൈവശം വച്ചിരുന്ന ചില മുത്തുച്ചിപ്പികൾ എന്നെ കാണിച്ചു. ഞാൻ അവയുടെ ഫോട്ടോ എടുത്തു മുത്തശ്ശിയോട് പറഞ്ഞു. ‘നിങ്ങൾ എന്നെ പറ്റിക്കുന്നതുപോലെ ഇതെനിക്ക് ഭാര്യയേയും മകളെയും പറ്റിക്കാനാണ്’.
ഞാൻ വിചാരിച്ചതുപോലെ ആയിരുന്നില്ല മുത്തശ്ശി പ്രതികരിച്ചത്. ഒരു ചിരി ആയിരുന്നു മറുപടി. മുത്തശ്ശി ഒരു തർക്കത്തിന് മുതിർന്നില്ല എന്നത് എന്നെ ചെറുതായി അമ്പരപ്പിച്ചു. മുത്തശ്ശി തന്നെ എനിക്ക് പറ്റിയ ഇര എന്ന് ഞാനും ഉറപ്പിച്ചു. മുത്തശ്ശിയുടെ പ്രായവും അതിനനുകൂലമായിരുന്നു.
മുത്തശ്ശിയോട് ഞാൻ ഹനുമന്തയ്യയെക്കുറിച്ചന്വേഷിച്ചു. ഏതു ഹനുമന്തയ്യ എന്നായി മുത്തശ്ശി. പണ്ടുണ്ടായ സൈക്ളോണിൽ മരിച്ചുപോയ ഹനുമന്തയ്യ എന്ന് ഞാനും. മുത്തശ്ശി ഒരു നിമിഷം അമ്പതു വർഷങ്ങൾക്കു പിന്നിലേക്ക് പോയപോലെ എനിക്ക് തോന്നി. എന്റെ ചോദ്യം അവരെയും തെല്ലൊന്നമ്പരപ്പിക്കാതിരുന്നില്ല. ഹനുമന്തയ്യയെ എങ്ങനെ അറിയും എന്നൊരു മറുചോദ്യമാണുണ്ടായത്.
അതിനു വ്യക്തമായൊരുത്തരം നൽകാതെ, എന്നാൽ മുത്തശ്ശിക്ക് സംശയം തോന്നാത്ത രീതിയിൽ ‘പറയൂ’ എന്ന് മാത്രമായിരുന്നു ഞാൻ പറഞ്ഞത്.
മുത്തശ്ശിയുടെ അറിവിൽ ഹനുമന്തയ്യ ഉണ്ടായിരുന്നു. ഒന്നല്ല, രണ്ടുപേർ. രണ്ടുപേരും അന്ന് മരിച്ചവർ തന്നെ. മുത്തശ്ശിക്ക് അവരെ നല്ല ഓർമ്മയുണ്ട്. ഒരു ജ്യേഷ്ഠനും അമ്മയുമുള്ള ഹനുമന്തയ്യയെക്കുറിച്ചായി എന്റെ അന്വേഷണം. മുത്തശ്ശിയുടെ മറുപടി എന്നെ കുഴക്കുന്നതായിരുന്നു. ഒരു ഹനുമന്തയ്യയുടെ അമ്മ ജീവിച്ചിരുന്നില്ല. ഇനിയൊരാൾക്ക് ജ്യേഷ്ഠനുമില്ലായിരുന്നു. മുത്തശ്ശിയറിയാത്ത വേറെയും ഹനുമന്തയ്യമാരുണ്ടായിരുന്നിരിക്കാം. അവരും മരണമടഞ്ഞിരിക്കാം.
മറ്റാരോടും ഒന്നും അന്വേഷിക്കണമെന്ന് തോന്നിയില്ല. തിരിച്ചു രാമേശ്വരത്തു വന്നു. കടലിലൂടെ ഒരുമണിക്കൂർ ബോട്ടിങ് നടത്തി, മുറിയിൽ പോയി സുഖമായി ഉറങ്ങി.
രാത്രിയിൽ എഴുന്നേൽക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു. ഒരു മണ്ടത്തരമന്വേഷിച്ചു വന്നെന്ന തോന്നലല്ല എനിക്കുണ്ടായത്. മറിച്ച് സന്തോഷകരമായ ഒരനുഭവമായിരുന്നു എനിക്ക് രാമേശ്വരം നൽകിയത്. അത്രയ്ക്ക് ശാന്തതയും ഭംഗിയും രാമേശ്വരത്തിനും ധനുഷ്കോടിക്കുമുണ്ടായിരുന്നു.
തിരിച്ച് രാത്രിയിൽ ബസ്സിലിരിക്കുമ്പോൾ എനിക്ക് വ്യക്തതയുണ്ടായിരുന്നു. പറ്റുമെങ്കിൽ രവിവർമ്മനെ നാളെത്തന്നെ ക്ഷണിച്ചു വരുത്തണം. തലച്ചോറിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്ന ഇ ഇ ജി എന്ന ടെസ്റ്റിന് വിധേയനാക്കണം. ഡിജാവു എന്ന പ്രതിഭാസം ഉണ്ടാക്കുന്ന മസ്തിഷ്ക ചുഴലി രോഗത്തിന് അടിമയാണോ അയാൾ എന്ന് കണ്ടുപിടിക്കണം.
വീട്ടിൽ വന്ന് ഞാൻ ഭാര്യയോടും മകളോടും ഒരു കഥ പറഞ്ഞു. ഒരാൾ കണ്ട സ്വപ്നത്തിന്റെ കഥ. അതിലെ കഥാപാത്രം ജീവിച്ചിരുന്നതും മരിച്ചതുമായ ഒരു ഹനുമന്തയ്യ ആണെന്നും അയാളുടെ പുനർജന്മമാണ് രവിവർമ്മനെന്നും. പക്ഷെ ഒരിക്കലും ഞാനീ കഥ രവിവർമ്മനോട് പറയുകയില്ല. എനിക്കൊരു കാര്യം ഉറപ്പുണ്ട്. മരുന്ന് കഴിച്ചാൽ രവിവർമ്മൻ ഇനിയാ സ്വപ്നം കാണുകയില്ല. ഒരുപക്ഷെ അയാളുടെ നടുവ് വേദനയും അയാളെ ഉപേക്ഷിച്ചേക്കാം.
കുറിപ്പ്: ഇപ്പോൾ രാമേശ്വരത്തുനിന്നും ധനുഷ്കോടിക്കു നല്ല റോഡ് വന്നു കഴിഞ്ഞു. കഴിഞ്ഞവർഷം വരെയുള്ള ധനുഷ്കോടിയാത്രയാണ് കഥയിലുള്ളത്.
Quite interesting incident
Thank you
Interesting, and surprising too..
Thank you
രസകരം!!!
Thank you
വിചിത്രമായ ഒരു സ്വപ്നത്തിനു പിന്നാലെ ഒരു കുറ്റാന്വേഷകനെപ്പോലെ(ഷെർലക് ഹോംസിനോളം ഇല്ലെങ്കിലും) സഞ്ചരിച്ച് തന്റെ രോഗിയോടും ചികിത്സയോടും കാണിച്ച അർപ്പണ ബോധത്തെ സമ്മതിക്കാതെ വയ്യ.
”അഭിനന്ദനങ്ങൾ”
പ്രശസ്തിയിലെത്തിയാലും ഈ അർപ്പണ മനോഭാവത്തിനായി വിചിത്രമായ പ്രകൃതി അതിന്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കട്ടെ എന്നാശംസിക്കുന്നു…..
മറന്നുപോയ ദേജാവു എന്ന പ്രതിഭാസത്തെ ഓർമ്മിപ്പിച്ചതിന് നന്ദി.
വിശദമായ കുറിപ്പിന് നന്ദി ഡോ ബിജു
very good narration .
Thank you
സ്വപ്നത്തിനു പിറകിലെ കാരണത്തിനായുള്ള അന്വേഷണ പരീക്ഷണങ്ങൾ രസകരവും ചിന്ത ഉണർത്തുന്നതുമായി
Thank you