ഏഷ്യയിൽ അഴിമതിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്  നിൽക്കുന്നത് 120 കോടി ജനതയെ ഉൾക്കൊള്ളുന്ന ഇന്ത്യാ മഹാരാജ്യമാണ് എന്ന് 2017ൽ നടത്തിയ ഒരു സർവേ അഭിപ്രായപ്പെടുന്നു. നമുക്ക് പിന്നിൽ വിയറ്റ്നാമും അതിനു പിന്നിൽ കൊറിയയുമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇന്ത്യയിൽ 60 ശതമാനം പേരും സർക്കാർ സേവനങ്ങൾക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നു, ഭക്ഷ്യധാന്യ വിതരണം നാൽപത് ശതമാനത്തിനു മാത്രമേ ലഭ്യമാവുന്നുള്ളൂ തുടങ്ങി ഒട്ടേറെ കാരണങ്ങൾ സർവേ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്‌ട്രീയക്കാരുടേയും സർക്കാർ ഉദ്യോസ്ഥരുടേയും നേതൃത്വത്തിലോ ഒത്താശയിലോ നടക്കുന്ന സാമ്പത്തിക അഴിമതി മാത്രമാണ് പക്ഷേ ഇവിടെ പരിഗണിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ അത്ര ഋജുവും ലളിതവുമാണെന്നു തോന്നുന്നില്ല.

ഏറ്റവും അവസാനം സി.ബി.എസ്. ഇ ചോദ്യപേപ്പർ ചോർച്ചയാണ് ചർച്ചയാവുന്നത്. ചോദ്യപേപ്പറുകൾ ചോർത്തിയെടുത്ത് ഉത്തരങ്ങൾ സഹിതം വിൽപ്പന നടത്തുന്ന ഒരു സംഘം രാജ്യത്ത് പ്രവർത്തിക്കുന്നു. പരസ്യമായി സോഷ്യൽ മീഡിയയിലൂടെ ചോദ്യോത്തരങ്ങൾ കൈമാറുന്നു. എന്നിട്ടും അതൊന്നും നമ്മുടെ സർക്കാർ സംവിധാനങ്ങൾ അറിയുന്നതേയില്ല. ഇങ്ങനൊരു തട്ടിപ്പ് നടക്കുന്നു എന്ന് പറഞ്ഞ വിസിൽ ബ്‌ളോവേഴ്‌സിനെക്കുറിച്ച് സി.ബി.എസ്.ഇ പറഞ്ഞത് സർക്കാരിനെ അപമാനിക്കാൻ മന:പൂർവമുള്ള ഗൂഢാലോചന നടത്തുന്നു എന്നാണ്. അതാണ് ആശങ്കയുടെ അടിസ്ഥാനം. വസ്‌തുതകളെ മറച്ചുവക്കാനുള്ള ശ്രമം ഉത്തരവാദപ്പെട്ടവർക്ക് സംഭവത്തിലുള്ള പങ്കിനെത്തന്നെയാണ് സൂചിപ്പിക്കുന്നത്.

കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക രാജ്യത്തെ മുഴുവൻ പൗരൻമാരുടേയും വിവരങ്ങൾ ചോർത്തിയെടുത്തു എന്ന ആരോപണത്തെ ഇന്ത്യാ ഗവർമെന്റ് നേരിടുന്നത് യുക്‌തിക്കു നിരക്കാത്ത ന്യായീകരണങ്ങളിലൂടെയാണ്. തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ വ്യക്‌തിവിവരങ്ങൾ ഉപയോഗപ്പെടുത്തി എന്നതു മാത്രമാണ് ഗവർമെൻറും പ്രതിപക്ഷവും അതിൽ കാണുന്ന അപകടം. ഫേസ്ബുക്ക് മേധാവിക്ക് നോട്ടീസയക്കുകയും വേണ്ടി വന്നാൽ അദ്ദേഹത്തെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കുകയും ചെയ്യും എന്നാണ് ഗവർമെന്റിന്റെ പക്ഷം. പക്ഷേ അതുകൊണ്ട് തീരുന്നില്ലല്ലോ പ്രശ്‌നം. ഈ രാജ്യത്തെ പൗരൻമാരുടെ വ്യക്‌തിവിവരങ്ങളും ബയോമെട്രിക്‌സ് രേഖകളും മറ്റു കൈകളിൽ എത്തിയിട്ടുണ്ട് എങ്കിൽ അതു കൊണ്ടുണ്ടായേക്കാവുന്ന സങ്കീർണതകൾ  ഒരു വിശദീകരണം കൊണ്ടു മറികടക്കാനാവുന്നതല്ലല്ലോ. ഇന്ത്യൻ പൗരന്റെ എല്ലാ ബയോ മെട്രിക്‌സ് രേഖകളും റിലയൻസിനു ലഭ്യമാക്കിയ ഗവർമെന്റാണ് സുക്കർബർഗിനെ വിമർശിക്കുന്നത് എന്നതാണ് വിചിത്രം.

പ്രധാനമന്ത്രിയുടെ സ്വന്തം ആപ്ലിക്കേഷനായ നമോ ആപ്പിനെക്കുറിച്ചുമുണ്ട്  ആരോപണങ്ങൾ. രാജ്യത്തെ വിദ്യാർഥികളും സാധാരണ ജനവും നിർബന്ധമായും നമോ ആപ് ഉപയോഗപ്പെടുത്തണം എന്ന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്യുമ്പോഴും അതിൽ ചേർത്ത വിവരങ്ങൾ മൂന്നാം കക്ഷിക്ക് കൈമാറി എന്ന വാർത്ത ഭരണപക്ഷ രാഷ്‌ട്രീയ പാർട്ടി സമ്മതിച്ചു കഴിഞ്ഞു.  ഈ വിവര ചോരണം ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ നടക്കും എന്ന് വിശ്വസിക്കുക യുക്‌തിസഹമല്ല തന്നെ. വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ ഇതിനു പിന്നിൽ നടക്കുന്നുണ്ട്.

നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിരലടയാളവും ഉൾപ്പെടെ എല്ലാ വിവരങ്ങളും ചൈനീസ് കമ്പനിയായ Paytm ന് നൽകാൻ സർക്കാർ തന്നെ ആഹ്വാനം ചെയ്യുന്നു. നമ്മുടെയൊക്കെ ആധാർ രേഖകൾ ചോർന്നാൽ തന്നെ എന്താണ് പ്രശ്‌നം എന്ന് ഉപജാപക സംഘങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. ബയോമെട്രിക്‌സ് ഡാറ്റകൾ ശേഖരിക്കാൻ ഇത്രയേറെ താൽപര്യം കാണിക്കുന്നവർ എന്തായാലും അതു വെറുതെയായിരിക്കില്ല ചെയ്യുന്നത്. നമ്മുടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും അതിവേഗം ബയോമെട്രിക്‌സ്  അടിസ്ഥാനമാക്കി പരിഷ്‌കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുഖം തിരിച്ചറിയുന്ന ഫോണുകൾ സർവസാധാരണമായിക്കഴിഞ്ഞു. ബാങ്കുകളുൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളത്രയും ജീവനക്കാരെ തിരിച്ചറിയുന്നതിന് വിരലടയാളങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ട് കാലമേറെയായി. അതീവ രഹസ്യ മേഖലകളിലെ കമ്പ്യൂട്ടറുകൾ മിക്കതും ഐറിസ് സ്‌കാൻ ചെയ്‌താണ്‌ ഓപ്പറേറ്ററെ തിരിച്ചറിയുന്നത്. സ്റ്റേറ്റ് ബാങ്ക് മേധാവിയുടെ വിരലടയാളം കൃത്രിമമായി നിർമിക്കാൻ സാധിച്ചാലോ, പ്രതിരോധ വകുപ്പിലെ ഉന്നതോദ്യഗസ്ഥന്റെ കൃഷ്‌ണമണിയുടെ പകർപ്പ് നിർമിക്കാൻ സാധിച്ചാലോ എന്തൊക്കെ സംഭവിക്കും എന്ന് വെറുതെ ഒന്നു സങ്കൽപ്പിച്ചു നോക്കുക. ഈ ഡാറ്റ തന്നെയാണ് പല വഴിക്ക് ശേഖരിക്കപ്പെടുന്നത്. അതിനെ കേവലം തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് നിസ്സാരവൽക്കരിക്കാനുള്ള ശ്രമം മറ്റൊരു പറ്റിക്കലാണ്.

ചുരുക്കാം. ഇപ്പോൾ രാജ്യത്ത് നടക്കുന്ന അഴിമതികൾ നേരത്തെ പറഞ്ഞ പോലെ കൈക്കൂലി വാങ്ങി സ്വജന പക്ഷപാതം കാണിക്കുന്നതു പോലെ ലളിതമല്ല. റാഫേൽ, ബൊഫോഴ്‌സ് അഴിമതികൾപോലെ കമ്മീഷൻ വാങ്ങി ഖജനാവിനു നഷ്‌ടമുണ്ടാക്കൽ മാത്രമല്ല, ഈ രാജ്യത്തെ ഓരോ പൗരനേയും തന്ത്രപരമായി ചതിക്കുകയും രാജ്യത്തിന്റേയും ജനത്തിന്റേയും സുരക്ഷയെ അട്ടിമറിക്കുകയും ചെയ്യുന്ന ഗുരുതരമായ ദേശദ്രോഹമാണ്. അതിന് കൂട്ടു നിൽക്കുന്നത് ഭരണകൂടം തന്നെയാകുമ്പോൾ നമ്മൾ എന്തു ചെയ്യും എന്നത് പേടിപ്പിക്കുന്ന യാഥാർഥ്യമാണ്.

-മനോജ് വീട്ടിക്കാട്

2 Comments
  1. Sunil 1 year ago

    Why blame govt alone? We happily use social medias like FB and Twitter and share all personal infos. These medias actually milking us and stealing our data too… and we don’t bother.

  2. Babu Raj 1 year ago

    Our net usage pattern is tracked and made use for the benefits by many establishments. While we unknowingly enjoy use of FB or other websites, we are tracked…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account