പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ഒരു ജന്മദിനം കൂടി കടന്നു പോവുകയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രാനമന്ത്രി എന്ന ഒരൊറ്റ ശിൽപ്പത്തിനപ്പുറം ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് കൂടിയാണ് നെഹ്രു. ഇന്ന് നാം കാണുന്ന ഇന്ത്യ രൂപപ്പെട്ടത് പൂർണമായും നെഹ്രുവിയൻ കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ്. അതങ്ങനെയല്ല എന്നു സ്ഥാപിക്കാനും നെഹ്രുവിനെ റദ്ദു ചെയ്യാനും എത്ര ശ്രമിച്ചാലും രാഷ്ട്രശിൽപ്പി എന്ന സ്ഥാനത്തിന് മറ്റാരും അർഹരാവുന്നുമില്ല.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദും നെഹ്രുവും തമ്മിലുണ്ടായ ഒരു തർക്കത്തെ സംബന്ധിച്ച് രസകരമായ ഒരു കഥയുണ്ട്. ഇന്ത്യക്ക് ഇപ്പോൾ നല്ല കാലമല്ല എന്നും അതിനാൽ 1950 ജനുവരി 26 റിപ്പബ്ലിക് ദിനമായി തീരുമാനിക്കുന്നത് ഉചിതമായിരിക്കില്ല എന്നും അക്കാലത്തെ പ്രഗത്ഭനായ ഒരു ജ്യോതിഷി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി പ്രധാനമന്ത്രിയോട് ചടങ്ങു മാറ്റി വച്ചു കൂടെ എന്ന് ആരാഞ്ഞുവത്രേ. രാജ്യം ഭരിക്കുന്നത് ജ്യോതിഷികളല്ല, ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഗവൺമെന്റാണ് എന്ന് നെഹ്രു പ്രസിഡന്റിനോട് മറുപടി പറഞ്ഞു എന്നാണ് കഥ. ആ പ്രധാനമന്ത്രിയെ ഇപ്പോഴത്തെ പ്രധാനമന്ത്രിയോട് താരതമ്യം ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ് എന്നറിയാതെയല്ല, എന്നാലും വെറുതെ അങ്ങനെ ചിന്തിച്ചു പോകുന്നതാണ്.
ഇന്ത്യയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് നെഹ്രു ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് പഞ്ചവത്സര പദ്ധതികൾ. ആധുനിക ഇന്ത്യയിലെ അണക്കെട്ടുകളും കനാലുകളും ഘന വ്യവസായ സ്ഥാപനങ്ങളും റോഡുകളും പാലങ്ങളും എല്ലാം നിർമിക്കപ്പെട്ടത് മുൻകൂട്ടി ലക്ഷ്യം നിർണയിച്ചു നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളിലൂടെ തന്നെയാണ്. ഇപ്പോൾ രാജ്യത്ത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അതിന്റെ ലക്ഷ്യമെന്തെന്നും ചോദിച്ചാൽ ഉത്തരം പറയാൻ ആർക്കെങ്കിലും സാധിക്കുമെന്നു തോന്നുന്നില്ല. രാജ്യത്തെ സംസ്ഥാന സർക്കാരുകളുടേയും പ്രാദേശിക ഭരണകൂടങ്ങളുടേയുമൊക്കെ പങ്കാളിത്തത്തോടെ നടപ്പാക്കിയിരുന്ന സമഗ്ര വികസന പദ്ധതികളിൽ നിന്ന് ഒരേ ഒരു വ്യക്തിയുടെ ബുദ്ധി മാത്രം കേന്ദ്രീകരിച്ച് രാഷ്ട്രത്തിന്റെ നിർമാണം നടക്കുന്ന അവസ്ഥയിലാണ് നമ്മളെത്തി നിൽക്കുന്നത്.
ചരിത്രത്തിൽ സ്വന്തമായി ഒന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതിനാൽ ചരിത്രത്തെ തന്നെ അപനിർമിക്കുകയും സൗകര്യപ്രദമായ പുതിയ ചരിത്രം എഴുതിച്ചേർക്കുകയും അതിന് അസത്യങ്ങളും അർദ്ധ സത്യങ്ങളും ലോഭമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് സത്യാനന്തര കാലത്തിന്റെ മുഖമുദ്രയാണ്. രാഷ്ട്ര നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ക്രിയാത്മകമായ പങ്കു വഹിച്ചിട്ടേയില്ലാത്ത ഒരു കൂട്ടം എട്ടുകാലി മമ്മൂഞ്ഞുമാർ ഇന്ത്യയുണ്ടായത് 2014 ൽ ആണെന്നാണ് വിശ്വസിക്കുന്നത്. അവർ നെഹ്രുവിനേയും ഗാന്ധിയേയും നിരാകരിക്കുകയും കഴിയുന്നത്ര അവഹേളിക്കുകയും ചെയ്യുന്നു. നെഹ്രു മുന്നോട്ടുവച്ച ഒരാശയത്തേയും ചെറുക്കാനാവാതെ നെഹ്രുവിരുദ്ധർ അദ്ദേഹത്തിന്റെ സദാചാരത്തെ പരിഹസിക്കുകയും വൈയക്തിക ജീവിതത്തെപ്പറ്റി കൂടുതൽ ചർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു.
നെഹ്രുവിന്റെ എല്ലാ നിലപാടുകളും ശരിയാണ് എന്നല്ല, അദ്ദേഹത്തിന് തെറ്റുകൾ പറ്റിയിട്ടില്ല എന്നല്ല, മറിച്ച് അദ്ദേഹത്തെ തമസ്കരിക്കുന്നതിനും അവഹേളിക്കുന്നതിനും ശ്രമിക്കുന്ന വ്യാജദേശ സ്നേഹികളേയും അഭിനവ രാഷ്ട്രശിൽപ്പികളേയും കുറിച്ച് നമുക്ക് മുൻകരുതലുകൾ ഉണ്ടായിരിക്കണം എന്ന് ഓർമിപ്പിക്കാനുള്ള ശ്രമമാണിത്. നെഹ്രുവിന്റെ ശാസ്ത്രബോധത്തോടും സോഷ്യലിസ്റ്റ് ചിന്തകളോടും താരതമ്യം ചെയ്യാൻ പോലുമുള്ള ജ്ഞാനമില്ലാത്തവർ അദ്ദേഹത്തെക്കുറിച്ച് വ്യാപകമായി നുണപ്രചരണങ്ങൾ നടത്തുമ്പോൾ നാം കരുതിയിരിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിൽ എഴുതിച്ചേർക്കാവുന്ന ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു പ്രധാനമന്ത്രി സിംഗപ്പൂരിൽ പ്രസംഗിക്കുന്നു, തന്റെ രാജ്യത്തെ മുഴുവൻ ആൾക്കാരെയും താൻ ധനകാര്യ പ്രക്രിയയിൽ പങ്കാളികളാക്കി എന്ന്. ഇപ്പറയുന്ന ധനകാര്യ പ്രക്രിയ എന്താണ് എന്നും അത് സാധാരണ പൗരന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും കൂടി വിശദീകരിക്കാൻ അദ്ദേഹത്തിനു ബാധ്യതയുണ്ട്. എടുത്തു പറയാനോ അഭിമാനപൂർവം ഉയർത്തിക്കാട്ടാനോ ഒന്നുമില്ലാത്തതിനാൽ അവർ വെറുപ്പും വിദ്വേഷവും ആയുധമാക്കുന്നു.
ജവഹർലാൽ നെഹ്രുവിന്റെ പ്രതിമ തകർക്കുകയും പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ചരിത്രത്തെ അട്ടിമറിക്കാമെന്നത് സംഘപരിവാരത്തിന്റെ അതിമോഹമായി അവശേഷിക്കുക തന്നെ ചെയ്യും. നെഹ്രുവിനെയും ഗാന്ധിയേയുമൊക്കെ പുറത്താക്കുക എന്നത് അത്ര എളുപ്പമാവില്ല സംഘത്തിന്.
നെഹ്റു നെഹ്റുവിനായി നിർമ്മിച്ച് എഴുതിപിടിപ്പിച്ച ചരിത്ര രേഖകൾ വായിക്കുന്നത് തെറ്റില്ല പക്ഷെ തൊണ്ട തൊടാതെ വിഴുങ്ങരുത്.
മൗണ്ട് ബാറ്റൺ ഇന്ത്യയിൽ എത്തിയത് തന്നെ കോളനി ഭരണം അവസാനിപ്പിക്കാനും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാനുമായിരുന്നു. യുദ്ധത്തിൽ വന്ന ചിലവുകൾ മൂലം നഷ്ടത്തിലായിരുന്ന അവർക്ക് ഈ നടത്തിപ്പ് വലിയ ബാദ്ധ്യതയായിരുന്നു. മൗണ്ട് ബാറ്റനെ നിയോഗിച്ചത് തന്നെ അതിനായിരുന്നു. എല്ലാം ചുരുട്ടിക്കൂട്ടി അവസാനിപ്പിക്കാൻ. അങ്ങിനെ വന്ന അയാളിൽ നിന്നും പിടിച്ചു വാങ്ങിയ പോലുള്ള ചരിത്ര വ്യാഖ്യാനം തന്നെ വരുന്ന തലമുറയിൽ ഞങ്ങൾ കുറേ എന്തൊക്കെയോ ചെയ്തു വച്ചു എന്ന് വരുത്താനായിരുന്നു.
എന്നോ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കാൻ തയ്യാറായപ്പോൾ ഞങ്ങൾക്ക് അതിന് മാത്രം പ്രാപ്തിയില്ല ആയതിനാൽ കുറച്ച് മാസങ്ങൾ കൂടി ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ട അടിമകളായി ഇരുന്നോളാം എന്ന് പറഞ്ഞ് അനുവദിച്ച സ്വാതന്ത്ര്യം തിരിച്ചേൽപ്പിച്ച ഒരാളെയാണോ താങ്കൾ ഇങ്ങിനെ പ്രകീർത്തിക്കുന്നത്…?
സ്വാതന്ത്ര്യത്തിന് മുൻപുള്ള കോൺഗ്രസ്സ് യോഗത്തിൽ ഇന്ത്യയെ ഭരിക്കാൻ ഐക്യകണ്ഠേന തിരഞ്ഞെടുത്ത നേതാവ് നേതാജിയായിരുന്നു… അത് അട്ടിമറിച്ചത് നെഹ്റുവല്ലേ…?
സ്വാതന്ത്ര്യ ശേഷം ആദ്യ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത് പട്ടേലിനെ ആയിരുന്നു… നെഹ്റു വിദേശകാര്യ മന്ത്രിയും. എന്നാൽ ഞാൻ ഒരാൾക്ക് കീഴിൽ ഇരിക്കില്ല എന്ന ദുർവാശിയിൽ ഗാന്ധിജിയെക്കൊണ്ട് പട്ടേലിനെ വിളിപ്പിച്ച് മാറ്റിപ്പറയിപ്പിച്ച ആ നെഹ്റുവിനെയാണോ ഉയർത്തിപ്പിടിക്കേണ്ടത്…?
പിന്നെ ജ്യോതിഷം… 1947 ആഗസ്റ്റ് 15 ന് ആഘോഷിക്കുന്ന സ്വാതന്ത്യം 14 ന് അർദ്ധരാത്രിക്ക് വച്ചത് ജ്യോതിഷ പ്രകാരമായിരുന്നു. അന്ന് നെഹ്റു ഉറങ്ങുകയായിരുന്നോ…?
സുഭാഷ് ചന്ദ്ര ബോസിന്റെയും പട്ടേലിന്റെയും പ്രയത്നങ്ങൾക്ക് മീതെ സ്വയം പ്രതിഷ്ഠിക്കാൻ അവനവന്റെ പേര് കൊത്തിവച്ചും, സ്വയം സമ്മാനിതനായും, ചരിത്ര രേഖകൾ ചമച്ചും കുടുംബം മുഴുവൻ രാജപാരമ്പര്യം പോലെ പിന്തുടർച്ചാവകാശത്തിന് കളമൊരുക്കിയും നടത്തിയ നാടക രചയിതാവിനെയാണോ രാഷ്ട്ര ശിൽപ്പി എന്ന് ഘോഷിക്കുന്നത്ത്…?
ഏതൊക്കെയോ രീതിയിൽ കുറേയേറെ പണം പാരമ്പര്യമായി കയ്യിലുണ്ടായിരുന്ന ഒരു കുടുംബം. അത് മാത്രമാണ് അന്നത്തെ രാഷ്ട്രീയ പ്രവേശനത്തിൽ അയാളുടെ യോഗ്യത. ഭരണം മാറുമ്പോൾ ഏൽപ്പിച്ച ഖജനാവ് ആണ് ഇന്നും ആ കുടുംബത്തിന്റെ പല തലമുറയ്ക്കുള്ള സമ്പാദ്യം എന്ന് കേൾക്കുന്നു. സ്വഭാവ സവിശേഷതകളെ കുറിച്ച് പിന്നെ ഒരു പാട് കേട്ടിട്ടുണ്ട്.
പിന്നെ കൊട്ടിഘോഷിക്കപ്പെട്ട പഞ്ചവത്സര പദ്ധതി അത് ഒരു കോപ്പി മാത്രമാണ്.
ആയതിനാൽ വരുന്ന ഓരോരുത്തരും അവരവരുടെതായ മുദ്ര പതിപ്പിക്കാൻ ശ്രമിക്കും… അവരെ അവിടെ എത്തിക്കാതിരിക്കുക എന്നത് മാത്രമേ ചെയ്യാനാവൂ. അല്ലാതെ അദ്യത്തെ പ്രധാന മന്ത്രി എന്നത് ഒരു ഇളവല്ല ഒരാളെ നല്ലതായി പ്രഖ്യാപിക്കാൻ.
കാലം ഇനിയും മുന്നോട്ട് പോകും പ്രധാനമന്ത്രി പദത്തിൽ ഇനിയും ആളുകൾ വരും, ചരിത്രത്തിന്റെ നൂലാമാലകളിൽ മാത്രം കുരുങ്ങിക്കിടക്കാതെ ഭാവിയിലേക്ക് നോക്കാം.