ഇന്ത്യയിലൊട്ടാകെയുള്ള ന്യൂസ് റൂമുകളിൽ യുദ്ധം സൃഷ്‌ടിക്കപ്പെടുകയാണ്. യുദ്ധം ചെയ്‌തേ പറ്റൂ എന്ന് ജനതയെ ബോധിപ്പിക്കുക തങ്ങളുടെ ഉത്തരവാദിത്തമാണ് എന്നവർ ധരിച്ചു വശായിരിക്കുന്നു. ഇന്ത്യയുടെ ആയുധ ശേഷിയെക്കുറിച്ച്, യുദ്ധവിമാനങ്ങളുടെ സാങ്കേതികത്തികവിനെക്കുറിച്ച് ഒക്കെ  വിശദമായ പാഠങ്ങൾ തയ്യാറാക്കി അവർ ജനങ്ങളെ യുദ്ധക്കൊതിയൻമാരാക്കുന്നു. യുദ്ധമെന്നത് ഇന്നോളം നേരിട്ടനുഭവിച്ചിട്ടില്ലാത്ത, മഹാഭാരതം സീരിയലിലും ബാഹുബലി സിനിമയിലും കണ്ടതാണ് യുദ്ധം എന്ന് കരുതുന്ന ജനതക്ക് യുദ്ധം ആഘോഷമാണ്.

രാജസ്ഥാനിലേയും ഗുജറാത്തിലേയും അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ പട്ടാളം ഒഴിപ്പിച്ചു കഴിഞ്ഞു. ഒഴിപ്പിക്കൽ എന്നതിന് വലിയ അർഥമൊന്നുമില്ല. കൈയിൽ കിട്ടിയതും വാരിയെടുത്ത് ജീവനും കൊണ്ട് പലായനം ചെയ്യുക എന്നത് മാത്രമാണ് ജനങ്ങൾക്ക് മുന്നിലുള്ള വഴി. കാത്തിരിക്കുന്നത് പട്ടിണിയും ദുരിതവുമാണ് എന്നവർക്കറിയാം. സ്വന്തം രാജ്യത്ത് സ്വന്തം ഭരണകൂടത്താൽ അഭയാർഥികളാകാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യന് യുദ്ധം ഭീതിയും വേദനയും യാതനയുമാണ്..

ആയുധങ്ങളുടേയും വിമാനങ്ങളുടേയും സാങ്കേതിക മേൻമയെക്കുറിച്ച് വാതോരാതെ പറയുന്നവർ മറന്നു പോകുന്ന ഒരു വസ്‌തുതയുണ്ട്. മനുഷ്യനെ കൊല്ലാനുള്ള ഉപകരണങ്ങളാണവ.എത്ര മികച്ചവയാണെങ്കിലും അവ ദുരന്തം വിതക്കുന്നവയാണ്. കൊല്ലപ്പെടുന്നത് അപ്പുറവും ഇപ്പുറവും മനുഷ്യരാണ്.  പക്ഷേ മനുഷ്യത്വത്തെക്കുറിച്ച് പറയാൻ, യുദ്ധമല്ല വേണ്ടത് എന്നു പറയാൻ പക്വതയുള്ള ഒരു മാധ്യമം പോലും ഇന്ത്യയിലില്ല എന്നത് അക്ഷരാർഥത്തിൽ നമ്മെ ഭയപ്പെടുത്തുന്നു.

യുദ്ധം ഒരു വലിയ വിപണിയാണ്. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ വിൽക്കുന്ന ഇസ്രായേലിന്റെ മൊസാദാണ് ആക്രമണങ്ങളിൽ ഇന്ത്യയുടെ വഴികാട്ടി. മൊസാദും ഇസ്രായേലും വെറുതെ ഇന്ത്യയെ സഹായിക്കുമെന്ന് കരുതുന്നവർ ആരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നില്ല. ആയുധവും മരണവും വിറ്റു ജീവിക്കുന്നവർക്ക് യുദ്ധം മികച്ച ലാഭം നൽകുന്ന കച്ചവടമാണ്. ഇതേ കച്ചവടത്തിലെ പല കണ്ണികളിൽ ചിലത് മാധ്യമ വ്യവസായികളുമാണ്. അതുകൊണ്ടാണ്  അവർ യുദ്ധത്തെ പ്രശംസിക്കുന്നത്. യുദ്ധം യുദ്ധം എന്ന് മുറവിളി കൂട്ടുന്നത്.

യുദ്ധം സമൂഹത്തിലെ ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല, കൂടുതൽ വഷളാക്കുകയേ ഉള്ളൂ എന്ന് ബർ ട്രാന്റ് റസ്സൽ പറയുന്നു. യുദ്ധം ഒന്നും പരിഹരിക്കുന്നില്ല എന്നതും ജനതകളെ നൂറ്റാണ്ടുകളോളം പിന്നാക്കം നടത്താനും ദുരിതക്കയത്തിലാക്കാനും മാത്രമേ സഹായിക്കൂ എന്നതും അമേരിക്ക നടത്തിയ ഭീകരവിരുദ്ധ യുദ്ധങ്ങളിൽ നിന്ന് നാം പഠിച്ചതാണ്.  തലമുറകളിൽ നിന്ന് തലമുറകളിലേക്ക് രോഗവും ഭീതിയും ദുരിതവും കൈമാറ്റം ചെയ്യപ്പെടുക എന്നതു കൂടിയാണ് യുദ്ധത്തിനർഥം.

ഒരു വിഭാഗത്തിന് അധികാരം നിലനിർത്താനും അവരുടെ അഴിമതികൾക്ക് മറപിടിക്കാനും യുദ്ധം ഒരു മാർഗമാണ്. മിറാഷ് വിമാനങ്ങൾ നിർമ്മിച്ചു നൽകിയ ദസോ ഏവിയേഷൻസ് തന്നെയാണ് റഫാൽ വിമാനവും നിർമ്മിക്കുന്നത്. മിറാഷുകൾ യുദ്ധരംഗത്ത് വജ്ര സാന്നിധ്യമാവുമ്പോൾ സുപ്രീം കോടതി എങ്ങനെയാണ് റഫലിനെ നിരാകരിക്കുക? റഫാലിൽ എന്ത് അഴിമതിയുണ്ടെങ്കിലും  അത് നമുക്ക് വേണമെന്ന് വോട്ടർമാരെക്കൊണ്ട് പറയിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല എന്ന് മാധ്യമങ്ങൾക്കറിയാഞ്ഞിട്ടല്ലല്ലോ അവർ യുദ്ധത്തെ വാഴ്ത്തുന്നത്!

ജനതയുടെ മുന്നിൽ ഒന്നും ഉയർത്തിക്കാണിക്കാനില്ലാതിരിക്കുകയും അഴിമതിയും ജനദ്രോഹ നടപടികളും തിരിച്ചടിക്കും എന്ന് ഏറെക്കുറേ ഉറപ്പാവുകയും ചെയ്‌ത ഒരു ഭരണകൂടത്തിന് എല്ലാ വിപരീത ഘടകങ്ങളേയും ഒറ്റയടിക്ക് മറികടക്കാനുള്ള എളുപ്പവഴിയാണ്  യുദ്ധം. സ്വന്തം അതിർത്തി സംരക്ഷിക്കാനും വൈദേശിക ശത്രുക്കളുടെ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനും നമുക്ക് കഴിയുന്നില്ല എന്ന നാണക്കേട് മറച്ചു വെക്കാൻ ഇതിനൊക്കെ കാരണക്കാരൻ മറ്റവനാണ് എന്ന് ആരോപിക്കുന്നതിനേക്കാൾ എളുപ്പം വേറൊന്നില്ല. ഇന്ത്യയുടെ പട്ടാളക്കാരെ ആക്രമിച്ചതിനും കൊലപ്പെടുത്തിയതിനും പകരം വീട്ടുന്നത് പിന്നെയും പട്ടാളക്കാരെ കൊലക്കു കൊടുത്തു കൊണ്ടാണ്. ഒപ്പം സാധാരണക്കാരേയും നിരപരാധികളേയും ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ചെയ്‌താലുടനെ ഇവിടുത്തെ തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടാവും എന്ന് തോന്നുന്നില്ല. ഭീകരത കൂടുതൽ വ്യാപിക്കുകയും ഇപ്പോഴത്തേക്കാൾ ഭീതിദമായി ജീവിതം മാറുകയും ചെയ്യും എന്നല്ലാതെ ഒന്നും സംഭവിക്കില്ല എന്നും എല്ലാവർക്കുമറിയാം.

അനുക്രമമായി മുന്നോട്ട് നീങ്ങുകയായിരുന്ന നമ്മുടെ രാജ്യത്തെ യുദ്ധക്കെടുതികളിലേക്ക് തള്ളിവിടുകയാണ് ഭരണകൂടം ചെയ്യുന്നത്. രാജ്യപുരോഗതിയെ പിന്നോട്ടടിക്കലാണ് യഥാർഥത്തിൽ രാജ്യദ്രോഹം. ഇന്ത്യൻ പൗരനെ, ഇന്ത്യൻ പട്ടാളക്കാരനെ കൊലക്കു കൊടുക്കാൻ കോപ്പു കൂട്ടുന്നവരാണ് രാജ്യദ്രോഹികൾ. രാജ്യസ്‌നേഹി എന്ന് സ്വയം പ്രകീർത്തിച്ച ഹിറ്റ്ലറെ രാജ്യദ്രോഹി എന്നു തന്നെയാണ് ചരിത്രം വിലയിരുത്തിയത്. ന്യൂസ് റൂമുകളിലിരുന്ന് യുദ്ധം നിർമിക്കുന്ന പശുപാലൻമാരോട് ഒന്നേ പറയാനുള്ളൂ. ഒരിക്കലെങ്കിലും അതിർത്തിയിൽ ഒന്നു ചെല്ലണം. തലക്കു മീതെ ഇരമ്പിപ്പായുന്ന പോർവിമാനങ്ങളുടെയും ഇടതടവില്ലാതെ പൊട്ടുന്ന മോർട്ടാർ ഷെല്ലുകളുടേയും ഭീതിദമായ ശബ്‌ദം കേൾക്കണം. ഷെല്ലുകളോടൊപ്പം ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങൾ കാണണം. അപ്പോഴറിയാം യുദ്ധം ഒട്ടും സുഖകരമായ ഒന്നല്ല എന്ന്. എന്നിട്ട് യുദ്ധക്കെടുതികളിലേക്ക് ഇന്ത്യയെ തള്ളിവിട്ട ഭരണകൂടത്തെ താഴെയിറക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അത് ചെയ്യണം. അതാണ്  ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ ധർമം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account