ഹലോ …

യസ്.. ഞാന്‍ തന്നെ. സചീന്ദ്രന്‍. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയ്ക്ക്, അതായത്, നമ്മുടെ ഞായറാഴ്ച വൈകുന്നേരം ഞങ്ങളിവിടെ ചിക്കാഗോവില്‍ ഇറങ്ങി. ഞങ്ങളെന്നാല്‍ കൂടെ ഗായത്രിയും ശ്രീദേവിയും ഉണ്ടെന്നര്‍ത്ഥം. ഗൗതമും ആതിരയും കാറുമായി ചിക്കാഗോവില്‍ എത്തിയിരുന്നു. ഇവിടെനിന്ന് അവരുടെ താമസസ്ഥലത്തേയ്ക്ക് മൂന്നു മണിക്കൂര്‍ ഡ്രൈവ്. ഞാന്‍ പറഞ്ഞിരുന്നല്ലോ ഗൗതം ഇന്ത്യാനാപോളിസില്‍ ആണെന്ന്. അതെ. ഇന്ത്യാനാ സ്റ്റെയ്റ്റിന്‍റെ തലസ്ഥാനം തന്നെ. അത്രവലിയ യാത്രാക്ഷീണവും ജറ്റ്ലോഗുമൊന്നും അനുഭവപ്പെട്ടില്ല. ഫ്ളൈറ്റിന്‍റെ പൊങ്ങലും താഴലുമൊക്കെ പൊതുവെ ശാന്തമായിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരിനിന്ന് പുറപ്പെട്ടു. രാത്രി പന്ത്രണ്ടരയോടെ ഡല്‍ഹിയിലെത്തി. അവിടെനിന്ന് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു ചിക്കാഗോവിലേയ്ക്കുള്ള ഫ്ളൈറ്റ് യാത്ര പുറപ്പെട്ടത്. പതിനാലുമണിക്കൂറിലേറെ യാത്രചെയ്തു. പക്ഷേ ഞായറാഴ്ച രാവിലെ ആറരയോടെ ചിക്കാഗോവിലെത്തി. ഉച്ചഭക്ഷണം കഴിച്ച് ഒരു ഉറക്കത്തിനുശേഷം വൈകുന്നേരത്തെ ചായ കുടിക്കാം എന്നു കരുതി ഫ്ളൈറ്റില്‍നിന്ന് പുറത്തിറങ്ങിയ ഞങ്ങളെ കാത്തുനിന്നത് ചിക്കാഗോവിലെ പ്രഭാതഭക്ഷണമാണ്. അങ്ങനെ നോക്കുമ്പോള്‍ യാത്രചെയ്ത സമയം വെറും നാലുമണിക്കൂര്‍. ബാക്കി സമയം അഥവാ ആയുസ്സ്, ഭൂമിയുടെ കറക്കം അപഹരിച്ചു. സാരമില്ല. തിരിച്ചുവരുമ്പോള്‍ ആ കുറവ് കക്ഷിതന്നെ പരിഹരിച്ചുകൊള്ളും.

ഇന്ത്യന്‍ എയര്‍ലൈന്‍സിലായിരുന്നുവല്ലോ യാത്ര. ഭക്ഷണം കുഴപ്പമില്ല. ഒരുവിധം ഒപ്പിക്കാം. റൈസും ചപ്പാത്തിയും ബണ്ണും തുടങ്ങി എന്തൊക്കെയോ ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് നോണ്‍പറഞ്ഞതു കൊണ്ട് ചിക്കണ്‍ കറി കിട്ടി. സ്വാദുണ്ട്. ചിക്കാഗോവിലേയ്ക്കുള്ള യാത്രക്കിടയില്‍ ഓറഞ്ചു ജൂസിനൊപ്പം ഒരു വോഡ്‌ക വാങ്ങി കഴിച്ചു. അതുകൊണ്ട് സുഖമായി ഇരുന്നുറങ്ങി. എമിഗ്രേഷന്‍ ക്ലിയറന്‍സൊക്കെ കഴിഞ്ഞ് ബാഗുകള്‍ സംഘടിപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ ഏഴര കഴിഞ്ഞിരുന്നു.

ക്ലിയറന്‍സിനു നില്‍ക്കുമ്പോള്‍ അമേരിക്കന്‍ പോലീസിന്‍റെ പിടിയില്‍പെട്ടു. മനുഷ്യപ്പോലീസുമാത്രമല്ല, പട്ടിപ്പോലീസും. വരിയ്ക്കു നില്‍ക്കുമ്പോഴേ ശ്രദ്ധിച്ചിരുന്നു. പുറത്ത് വലിയ റാങ്കുകളുടെ പട്ടയൊക്കെ ചുറ്റിയ, സുന്ദരിയായ ഒരു ശുനകരത്നം. പട്ടിയെന്നുവിളിച്ചാല്‍ അവള്‍ക്കത് ചിലപ്പോള്‍ ഇന്‍സള്‍ട്ടായി തോന്നിയേക്കും. അധികം ഉയരമില്ല. പക്ഷേ അധികാരം സ്ഫുരിക്കുന്ന അവളുടെ നോട്ടവും മണപ്പിക്കലും ആരെയും ഭയപ്പെടുത്തും. നിസ്സംഗമായ നടത്തം, ഇടയ്ക്കിടയ്ക്ക് കാണുന്ന ബാഗുകളിലൊക്കെ സൂക്ഷ്മമായി മണത്തു നോക്കുന്നുണ്ടായിരുന്നു. കഴുത്തില്‍ ചുറ്റിയ ബെല്‍റ്റില്‍ പിടിച്ചുകൊണ്ട് ആജാനബാഹുവായ ഒരു അമേരിക്കന്‍ വനിതാപോലീസ് ഓഫീസര്‍ കൂടെത്തന്നെ നടക്കുന്നുണ്ടായിരുന്നു. കാര്യമായിട്ടൊന്നുമില്ല, വെറുതെ ഒരു മണത്തുനോക്കല്‍ എന്ന ഭാവത്തിലാണ് ശുനകി പരിശോധിക്കുന്നത്. പെട്ടെന്നാണ്, ഞങ്ങൾ കൊണ്ടുവന്ന ഒരു എയര്‍ബാഗില്‍ അവള്‍ ശ്രദ്ധിച്ചതും, ചികഞ്ഞു മണക്കാന്‍ തുടങ്ങിയതും. ബാഗിനുചുറ്റും നിന്നു കൂടുതല്‍ സമയം മണംപിടിച്ചപ്പോള്‍, കൂടെയുള്ള വനിതാപോലീസ് ഓഫീസര്‍, ഞങ്ങളുടെ ബാഗിനെ തീവ്രവാദിയെ എന്നപോലെ തലങ്ങും വിലങ്ങും ചികഞ്ഞു പരിശോധിക്കാന്‍ തുടങ്ങി. ഹൂസ് ബാഗ് ഈസ് ദിസ്? എന്ന് അമേരിക്കന്‍ ആക്സന്‍റിലുള്ള ചോദ്യം കേട്ടപ്പോള്‍ വയറുകാളിപ്പോയി. സംഗതി അപകടമായി എന്ന് ബോധ്യമായി. ഞാനുടനെത്തന്നെ ബാഗിന്‍റെ അടുത്തു ചെന്ന് അവകാശം സമ്മതിച്ചു. ബാഗു തുറക്കാന്‍ ആ പോലീസ് ഓഫീസര്‍ ആവശ്യപ്പെട്ടു. കൈരണ്ടും ഉയര്‍ത്തി കീഴടങ്ങുന്ന തീവ്രവാദിയെപ്പോലെ ഞാന്‍ അവര്‍ക്കുമുമ്പില്‍ ബാഗിന്‍റെ സിബ്ബ് തുറന്നു കാണിച്ചു. ഉണ്ണിയപ്പം, എള്ളുണ്ട, ചക്ക വറുത്തത്, അരിപ്പൊടി, സാമ്പാര്‍പൊടി, തുടങ്ങിയ സാധനങ്ങള്‍ ബാഗിനുള്ളില്‍ പഞ്ചപുച്ഛമടക്കി നില്‍പ്പായി. പഴങ്ങളോ വിത്തുകളോ വല്ലതും ഉണ്ടോ എന്ന് അവര്‍ ചോദിച്ചുകൊണ്ടിരുന്നു. ചക്കയുണ്ട് എന്ന് ഞാന്‍ പേടിച്ചുപേടിച്ച് കുറ്റം സമ്മതിച്ചു. ചുളപറിച്ചു ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ച പച്ചച്ചക്ക, അവര്‍ ബാഗില്‍നിന്ന് പുറത്തെടുത്തു. അണുബോംബു വിസ്ഫോടനം മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കിയ പട്ടാള ഓഫീസറെപ്പോലെയായിരുന്നു അവരുടെ നില്‍പ്പും ഭാവവും. ജാക്ക് ഫ്രൂട്ട് ഈസ് നോട്ട് ഗുഡ് എന്നു പറഞ്ഞ് അവര്‍ പൊതി കയ്യിലെടുത്തു. പിന്നീട് അതെനിക്ക് തിരിച്ചു കിട്ടിയില്ല. “തൊണ്ടിമുതൽ” കണ്ടെത്തിയ “ദൃക്‌സാക്ഷിക്ക്” കീര്‍ത്തിമുദ്രയായി കോട്ടിന്‍റെ കീശയില്‍നിന്ന് ഒരു മിഠായി എടുത്തുകൊടുക്കുന്നതു കണ്ടു. എന്‍റെ കസ്റ്റംസ് എമിഗ്രേഷന്‍ പേപ്പറില്‍ ചുവന്ന മഷികൊണ്ട് എന്തൊക്കെയോ വരച്ചു ചേര്‍ത്തു. സംഭവം അപകടമാകും എന്ന് പേടിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. കോഴിക്കോട്ടുനിന്ന് അതുവരെ കടത്തിക്കൊണ്ടുപോയ ചക്കച്ചുള പട്ടിനക്കി എന്നതുമാത്രം മിച്ചം. വിത്തുള്ള പഴങ്ങളൊന്നും കൊണ്ടോവാന്‍ പാടില്ല എന്നു നീ പറഞ്ഞത് ഞാനപ്പോള്‍ ഓര്‍ത്തു. ചക്കക്കുരുവും ഒരു വിത്താണ് എന്ന കാര്യം എന്തുകൊണ്ടോ ഓര്‍മ്മയില്‍ വന്നില്ല.

പുറത്തിറങ്ങിയപ്പോള്‍ ഗൗതമും ആതിരയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബാഗുകള്‍ അവന്‍റെ വണ്ടിയിലേയ്ക്ക് മാറ്റി, അവന്‍റെ താമസസ്ഥലമായ ഇന്ത്യാനാപോളിസിലേയ്ക്കു യാത്ര തിരിച്ചു. കൃത്യമായി പറഞ്ഞാല്‍ കാര്‍മല്‍ സിറ്റിയിലെ വുഡ്‌ലാൻഡ്‌സ് അപ്പാർട് മെന്റ്. മണിക്കൂറില്‍ നൂറ്റി ഇരുപത് – നൂറ്റിമുപ്പത് കിലോമീറ്റര്‍ വേഗതയില്‍ യാത്രചെയ്തിട്ടുപോലും ചിക്കാഗോവില്‍നിന്ന് മൂന്നരമണിക്കൂര്‍ സമയമെടുത്തു കാര്‍മല്‍ സിറ്റിയിലെത്താന്‍. ഇവിടെ വേഗത കണക്കാക്കുന്നത് കിലോമീറ്റര്‍ കണക്കിലല്ല, മൈല്‍ കണക്കിലാണ്. ഒരു മൈല്‍ ഒന്നര കിലോമീറ്ററില്‍ അധികം വരും. കൃത്യമായി പറഞ്ഞാല്‍ 1.609 കി.മി. ചിക്കാഗോവില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴി ജിപിഎസ് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. രക്തധമനികളെപ്പോലെ തലങ്ങും വിലങ്ങും ഒഴുകിപ്പരക്കുന്ന നിരവധി റോഡുകള്‍. മെട്രോ ലൂപ്-465, ഇന്‍റര്‍ സ്റ്റെയ്റ്റ്- 65, 69, 70, 74, യു.എസ്. ഹൈവേ- 31, 36, 40, 52, 136, 425, കൂടാതെ ഓക്സിലറി ഇന്‍റര്‍ സ്റ്റെയ്റ്റ്, സ്റ്റെയ്റ്റ് റോഡ്, ഡിസ്ട്രിക് റോഡ് എന്നിങ്ങനെ അനന്തമായി നീണ്ടുപോകുന്ന എണ്ണമറ്റ കരിനിരത്തുകള്‍. വളരെ ചുരുക്കം പ്രധാന റോഡുകളില്‍ മാത്രമേ സിഗ്നല്‍ ലൈറ്റുകള്‍ കാണാനുള്ളു. പല സ്ഥലത്തും സിഗ്നലുകള്‍ ഒഴിവാക്കി പകരം റൗ്ണ്ട് എബൗട്ട് എന്ന സംവിധാനം കൊണ്ടുവരികയാണ്. റോഡുകള്‍ കൂടിച്ചേരുന്നതിന്‍റെ നടുക്ക് ഒരു തുരുത്ത് ഒഴിച്ചിടുകയാണ് റൗ്ണ്ട് എബൗട്ടില്‍. ആ തുരുത്തിനെ ചുറ്റിവളഞ്ഞ് എന്ന് എഴുതിക്കൊണ്ട് വേണം വാഹനങ്ങള്‍ പോകാന്‍. വലതുഭാഗം ചേര്‍ന്നാണല്ലോ ഇവിടെ വാഹനങ്ങള്‍ ഓടിക്കുക. അതിനാല്‍ നമ്മുടെ നാട്ടില്‍ ഫ്രീ ലഫ്റ്റ് എന്നു പറയുന്നതുപോലെ ഇവിടെ ഫ്രീ റൈറ്റ് ആണ്. വലതുഭാഗത്തേയ്ക്കു തിരിഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കു മാത്രം നേരെ പോകാം. അല്ലാത്തവ റൗ്ണ്ട് എബൗട്ട് ചുറ്റിവളഞ്ഞു പോകണം. അതിനാല്‍ സ്വാഭാവികമായും വേഗത കുറയുകയും അപകടം ഒഴിവാകുകയും ചെയ്യും.

               

റോഡില്‍ മര്യാദ കാണിക്കുന്ന കാര്യത്തില്‍ ഈ നാട് മാതൃകതന്നെയാണ്. വലിയ ഹൈവേകളില്‍ നടപ്പാതകളില്ല. അതിലൂടെ ആളുകള്‍ നടന്നുപോകുന്ന പതിവും ഇല്ല. അല്ലാത്ത മിക്കവാറും റോഡുകളില്‍ ഇരുഭാഗത്തും വിശാലമായ നടപ്പാതകളണ്ട്. റോഡ് മുറിച്ചു കടക്കണമെന്നു തോന്നിയാല്‍ കാല്‍നടയാത്രക്കാര്‍ക്ക്, നിരത്തുവക്കില്‍ സ്ഥാപിച്ച ലിവര്‍
വലിച്ച് വാഹനങ്ങള്‍ നിര്‍ത്തിക്കാം. ലിവര്‍ ഇല്ലാത്ത സ്ഥലത്തുപോലും കാല്‍നടക്കാര്‍ റോഡു മുറിച്ചു കടക്കാന്‍ തുടങ്ങുമ്പാള്‍ എല്ലാ വാഹനങ്ങളും സ്വാഭാവികമായും നിര്‍ത്തും. കാല്‍നടക്കാര്‍ കാത്തു നില്‍ക്കുകയാണെങ്കില്‍പ്പോലും, കടന്നുപൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ച് വാഹനം നിര്‍ത്തിത്തരും. കാല്‍നടയാത്രക്കാരാണ് ഇവിടത്തെ നിരത്തുകളില്‍
വിഐപികള്‍ എന്നു തോന്നിപ്പോകും. സൈക്കിളുകള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കും കടന്നുപോകാന്‍ പ്രത്യേകം ലൈനുകളുണ്ട്. All lines stop when school bus stop എന്ന് മിക്കവാറും റോഡുകളില്‍ എഴുതിവെച്ചിട്ടുണ്ട്. കുട്ടികളെ ഇറക്കാന്‍ സ്കൂള്‍ ബസുകള്‍ വഴിക്കു നിന്നാല്‍, ഇരു ഭാഗത്തേയ്ക്കും പോകുന്ന എല്ലാ വാഹനങ്ങളും നിര്‍ത്തിയിടണം എന്നര്‍ത്ഥം. സ്കൂള്‍ ബസ് മുന്നോട്ടു നീങ്ങിത്തുടങ്ങിയാല്‍ മാത്രമേ പിന്നീട് മറ്റു വാഹനങ്ങളും യാത്ര തുടരൂ.

ഹൈവേകളില്‍ പല സ്ഥലത്തും, പെട്രോളടിക്കാനും ലഘു ഭക്ഷണം കഴിക്കാനും ടോയ്‌ലെറ്റിൽ പോകാനുമൊക്കെ ഉതകുന്ന തരത്തില്‍ ചില മരുപ്പച്ചകളുണ്ട്. വലത്തേ അറ്റത്തെ ലൈനില്‍ വണ്ടി ഓടിച്ചാല്‍ നാം ചെന്നു കയറുന്നത് അത്തരം വിശ്രമകേന്ദ്രങ്ങളിലാവും. കാപ്പി കുടിക്കാനും ടോയ്‌ലെറ്റിൽ പോകാനുമൊക്കെയായി ഞങ്ങളും യാത്രയ്ക്കിടയില്‍ അത്തരം ചില കേന്ദ്രങ്ങളില്‍ അല്‍പ്പസമയം തങ്ങി. കാപ്പി എന്നു പറഞ്ഞ് അത്ര ആവേശമൊന്നും കാണി ക്കേണ്ട എന്ന് ഗൗതം മുന്നറിയിപ്പു തന്നിരുന്നു. ചോക്ളെയ്റ്റ് കോക്കനട്ട്, കോള്‍ഡ് ബ്ര്യൂ, നാളിനോ 70, എസ്പ്രസ്സോ റോസ്റ്റ്, ബ്ലോണ്ട് റോസ്റ്റ്, വരാന്താ ബ്ലന്‍റ്, പൈക് പ്ലെയ്സ്, തുടങ്ങി കോള്‍ഡും ഹോട്ടുമായി പല ഫ്ളേവറുകളില്‍ പല തരം കാപ്പിരാജ്ഞിമാരുണ്ട് ഇവിടെ. പക്ഷേ മിക്കതും നമ്മുടെ ശീലങ്ങളുമായി അഥവാ രുചിബോധവുമായി പൊരുത്തപ്പെടില്ല. പലതിന്‍റെയും വിലകേട്ടാല്‍ നമ്മള്‍ ഈ ജന്മം പിന്നെ കാപ്പികുടിക്കില്ല. നാല്‍പ്പത്തിയഞ്ചും അമ്പതും ഡോളറാണ് പല പേരുകാരുടെയും നേരെ വില കാണിച്ചിരിക്കുന്നത്. ഒരു ശരാശരി അമേരിക്കക്കാരന്‍ രാവിലെ ഒരു നേരം കുടിക്കുന്ന കാപ്പിക്കു മാത്രമായി ഒരു വര്‍ഷത്തില്‍ ആയിരം ഡോളര്‍ ചെലവാക്കുന്നു എന്നാണ് കണക്ക്. അതായത് ദിവസത്തില്‍ ശരാശരി 182 രൂപ. വര്‍ഷത്തില്‍ ശരാശരി 70 ഗാലന്‍ കാപ്പിയാണത്രേ ഒരു അമേരിക്കക്കാരന്‍ കുടിക്കുന്നത്. ഏകദേശം 265 ലിറ്റര്‍ കാപ്പി.

ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെയാണ് അവരുടെ കടകളില്‍ കാപ്പിയുടെ അളവ്. ചെറുത് വാങ്ങിയാല്‍ത്തന്നെ നമ്മുടെ രണ്ടുമൂന്ന് ഗ്ലാസ് കാപ്പിയുണ്ടാകും. താരതമ്യേന ഇന്ത്യന്‍ രുചിയുമായി പൊരുത്തപ്പെടുന്ന രണ്ടുമൂന്നുതരം കാപ്പി ഓരോ ചെറിയ കപ്പുവീതം ഞങ്ങള്‍ വാങ്ങിച്ചു. സാധാരണ കാപ്പി എന്നു പറഞ്ഞ ഒരിനം കണ്ടു. കാപ്പിപ്പൊടി കടുപ്പത്തില്‍ ഇട്ടു തിളപ്പിച്ച കൊഴുത്ത ദ്രാവകം മാത്രമേ അവര്‍ തയാറാക്കിത്തരൂ. ആവശ്യമെങ്കില്‍ പാലുചേര്‍ക്കലും പഞ്ചസാര ചേര്‍ക്കലുമൊക്കെ നമ്മുടെ പണിയാണ്. പലരും അത്തരം ഉപദംശങ്ങളൊന്നും കൂടാതെയാണ് കാപ്പി കുടിക്കുന്നത്. നടക്കാനും ഓടാനുമൊക്കെ രാവിലെ പുറത്തിറങ്ങുന്നവരില്‍ പലരും വലിയ കപ്പില്‍, കാപ്പി കരുതിയിട്ടുണ്ടാകും. ഇടയ്ക്ക് കാപ്പി കുടിച്ചുകൊണ്ടാവും ഓട്ടവും നടത്തവുമൊക്കെ. ഇവരില്‍ പലരും ജീവിക്കുന്നതുതന്നെ കാപ്പി കുടിക്കാന്‍വേണ്ടിയാണ് എന്നു തോന്നും. കാപ്പിയെന്നാല്‍ ഇവിടത്തുകാര്‍ക്ക്, ചോക്ലെയ്റ്റും ബദാമും നട്സും ക്രീമുമൊക്കെ ചേര്‍ത്ത ഒരു സമ്പന്നമായ ഭക്ഷണംതന്നെയാണ്. (തുടരും)

എം എം സചീന്ദ്രന്‍
കാര്‍മല്‍ ഡിസ്ട്രിക്,
ഇന്ത്യാനാപോളിസ്, യു. എസ്. എ

6 Comments
 1. Sunil 11 months ago

  Wonderful travelogue.. great writing.

 2. Haridasan 11 months ago

  വളരെ നല്ല യാത്ര കുറിപ്പ്. തുടർന്നും പ്രതീക്ഷിക്കുന്നു.

 3. Retnakaran 11 months ago

  വായനാ സുഖവും കാഴ്ചാനുഭവവും പകരുന്ന കുറിപ്പ്. Nice..

 4. Anil 11 months ago

  Nicely written..

 5. Pradeep 11 months ago

  Great writing…

 6. Babu Raj 11 months ago

  Great writing, Sir..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account