ഉത്തരേന്ത്യയിൽ ജീവിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇങ്ങനെയാണ്. നിങ്ങളിവിടെ കേരളത്തിലിരുന്ന് ഇന്ത്യയെ ഒട്ടാകെ വിലയിരുത്തുന്നതാണ് യഥാർഥ മണ്ടത്തരം. നിങ്ങളുടെ വിചാരം നിങ്ങൾക്ക് മാത്രമേ കാര്യങ്ങൾ തിരിച്ചറിയാനും വിശകലനം ചെയ്യാനും അറിയൂ എന്നാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളിൽ കഴിഞ്ഞ 4 വർഷം കൊണ്ടുണ്ടായ മാറ്റങ്ങൾ അത്ര ചെറുതല്ല. പാചക വാതകം എന്തെന്നേ അറിയാത്ത വീട്ടമ്മമാർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ കിട്ടിയിരിക്കുന്നു. വൈദ്യുതി മറ്റേതോ ലോകത്തിന്റെ ഭാഗമാണ് എന്ന് കരുതിയിരുന്നവർക്ക് അത് ലഭ്യമായിരിക്കുന്നു. എത്ര പരിഹസിച്ചാലും ഇന്നോളം കക്കൂസ് ഒരു സങ്കൽപ്പം മാത്രമായിരുന്ന ലക്ഷക്കണക്കിന് സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും അത് അനുഭവവേദ്യമായിരിക്കുന്നു. നിങ്ങൾ പറയുന്ന കോർപ്പറേറ്റ് കൊള്ളയും സമ്പത്തിന്റെ കേന്ദ്രീകരണവുമൊന്നും അവർക്കു പ്രശ്‌നങ്ങളേയല്ല. അതായത് മലയാളീ, മോദി അദ്ദേഹത്തിന്റെ വാക്കുകൾ പാലിച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്ന ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ട് എന്ന യാഥാർഥ്യത്തെ അംഗീകരിച്ചതിനു ശേഷം മതി ഇനിയുള്ള നിങ്ങളുടെ വിമർശനങ്ങളും വിശകലനങ്ങളും. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുന്നതിനുള്ള മരുന്നൊക്കെ അദ്ദേഹം തയ്യാറാക്കി വച്ചിട്ടുണ്ട്.

പ്രഥമദൃഷ്‌ട്യാ ഇപ്പറഞ്ഞതൊക്കെ ശരിയാണ്. ദശാബ്‌ദങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന വലിയൊരു ജനവിഭാഗത്തിന് തങ്ങൾ കൂടി പരിഗണിക്കപ്പെടുന്നുണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുന്നതിൽ ഭരണകൂടം വിജയിച്ചിട്ടുണ്ട്. ഇത് വോട്ടാക്കി മാറ്റുന്നതിൽ ഭാ. ജ.പാ യുടെ പ്രചാരണ സംഘം വിജയിച്ചെന്നും വരാം. പക്ഷേ ഈ സാമൂഹ്യ വികസന പ്രവർത്തനങളുടെ മറുവശം കൂടി പരിഗണിക്കേണ്ടതുണ്ട്. അടുത്ത വർഷത്തോടെ പാചക വാതകത്തിനു നൽകി വരുന്ന നാമമാത്രമായ സബ്‌സിഡിയും നിർത്തലാക്കാൻ പോവുകയാണ്. അതായത് സൗജന്യമായി നൽകിയ എല്ലാ കണക്ഷനുകളും അടുത്ത വർഷം അങ്ങനെയല്ലാതായിത്തീരും. അപ്പോഴേക്കും ഇന്ത്യയിലെ ഗ്യാസ് വിതരണം  പൊതുമേഖലാ എണ്ണക്കമ്പനികളുടെ കുത്തകയല്ലാതാവുകയും ആർക്കും വിതരണം സാധ്യമാവുകയും ചെയ്യും എന്നു കൂടി അറിയുമ്പോഴാണ് കോർപ്പറേറ്റ് ഭീമൻമാർക്കുവേണ്ടി എത്ര വലിയ വിപണിയാണ് സർക്കാർ തയ്യാറാക്കി നൽകിയിരിക്കുന്നത് എന്ന് മനസിലാവുക. വൈദ്യുതി വിതരണം പൂർണ്ണമായും സ്വകാര്യവൽക്കരിക്കപ്പെടാൻ ഇനിയും അധിക ദൂരമൊന്നും ബാക്കിയില്ല. അവിടെയും അതു തന്നെയാണ് ലക്ഷ്യം.

ലാഭാധിഷ്ഠിതമായ സ്വകാര്യ വാണിജ്യ വ്യവസായ സംരംഭങ്ങൾക്ക് ഉറപ്പുള്ള വിപണി വേണം. തങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങിക്കാൻ നിർബന്ധിതരാവുന്ന ഉപഭോക്താക്കളുടെ കൂട്ടങ്ങൾ വേണം. ഏകാപിപത്യ സ്വഭാവമുള്ള, അതേ സമയം ജനാധിപത്യത്തിന്റെ മുഖം മൂടിയുള്ള ഭരണകൂടങ്ങൾ മുതലാളിത്തത്തിന് പ്രിയങ്കരമാവുന്നത് ഇത്തരത്തിലുള്ള വിപണികൾ നിർമിച്ചു നൽകാൻ അവക്കുള്ള ശേഷിയുടെ അടിസ്ഥാനത്തിലാണ്.

ഇത്തരത്തിലുള്ള വിപണന സാധ്യതകളില്ലാത്ത ഒരു മേഖലയിലും സർക്കാരിന്റെ ഇടപെടലുകൾ കാണാനാവില്ല എന്നതു കൂടി ശ്രദ്ധിക്കണം. കാർഷിക മേഖലയാണ് അതിന് മികച്ച ഉദാഹരണം. നിലവിലുള്ള പരമ്പരാഗത കർഷകർ അവരുടെ തൊഴിൽ ഉപേക്ഷിക്കുകയും അവരുടെ കൃഷിഭൂമികളിൽ നിന്ന് കുടിയിറങ്ങുകയും ചെയ്യുന്നതാണ് കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് സ്വീകാര്യം. അതുകൊണ്ടു തന്നെയാണ് കർഷക പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേരെ സർക്കാർ കണ്ണൂതുറക്കാത്തതും. നേരത്തെ പ്രകീർത്തിക്കപ്പെട്ട അവഗണിക്കപ്പെട്ട വിഭാഗങ്ങളോടുള്ള പരിഗണന യഥാർഥമായിരുന്നെങ്കിൽ കർഷകരോടായിരിക്കുമായിരുന്നു ഗവണ്മെന്റ് ഏറ്റവും ഉദാരമായ സമീപനങ്ങൾ സ്വീകരിക്കുക.

ചെറുകിട വ്യവസായങ്ങൾ, ചെറുകിട നാമമാത്ര വാണിജ്യ സംരംഭങ്ങൾ തുടങ്ങി യാതൊന്നിലും ഗവൺമെന്റ് ഇടപെടൽ നമുക്കു കാണാനാവില്ല.

സൈന്യമാണ് അവഗണിക്കപ്പെടുന്ന മറ്റൊരു വിഭാഗം. ദേശസ്‌നേഹവും പട്ടാള ഭക്‌തിയും ഒരലങ്കാരം മാത്രമാണ് മോദി സർക്കാരിന്. ഒരു മുഴുവൻ ടേം ഭരണം പൂർത്തിയാവുമ്പോഴും സൈന്യത്തിന്റെ ഏറ്റവും പ്രാഥമികാവശ്യമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ഓരോ ദിവസവും വീരമൃത്യു വരിക്കുന്ന പട്ടാളക്കാരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാൻ മാത്രമാണ് ഭരണകൂടത്തിന് താൽപര്യം. പട്ടാളക്കാരുടെ ജീവത്യാഗം അയൽ രാജ്യത്തോടും തദ്വാരാ മുസ്ലീങ്ങളോടുമുള്ള ശത്രുത നിലനിർത്താനുള്ള ഉപാധിയായി ഉപയോഗിക്കാൻ ഏറ്റവും ഉചിതമായ വൈകാരികമായ തുറുപ്പു ചീട്ടാണ്.

കോർപ്പറേറ്റ് വൽക്കരണത്തിൽ സാധാരണക്കാരന് താൽപര്യമില്ലെങ്കിലും സാധാരണക്കാരന്റെ കാര്യത്തിൽ കോർപ്പറേറ്റുകൾക്ക് വലിയ താൽപര്യങ്ങളുണ്ട്. 2017-18 വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വരുത്തി വച്ച നഷ്‌ടം 15000 കോടി രൂപയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നഷ്‌ടത്തിൽ ഒന്നാം സ്ഥാനത്ത് ഒരു സംശയവും വേണ്ട ഭാരതീയ സ്റ്റേറ്റ് ബാങ്ക് തന്നെയാണ്. മഴ കൊള്ളാതിരിക്കാൻ ബാങ്കിന്റെ വരാന്തയിൽ കയറി നിന്നവന്റെ കൈയിൽ നിന്നു വരെ പിടിച്ചു പറിച്ച പണം മുഴുവൻ എവിടെ പോയി എന്ന ചോദ്യത്തിന് നൽകാൻ ഒരു മറുപടിയും സർക്കാരിന്റെ പക്കലില്ല. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് എണ്ണ വിപണിയിൽ നിന്ന് പിഴിഞ്ഞെടുത്തത് പത്ത് ലക്ഷം കോടി രൂപയാണ്. അതിൽ നിന്ന് ഒരു ചെറിയ പങ്ക് തിരിച്ചു കൊടുത്ത് സർക്കാരിന്റെ അവസാനത്തെ ആറു മാസം എണ്ണ വില കുറച്ചു നിർത്താനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതുമതി ആദ്യം പറഞ്ഞ സാധാരണ ജനത്തെ പറ്റിക്കാൻ എന്ന് സർക്കാരിനറിയാം. നല്ല ഭക്ഷണം കൊടുത്ത് കാളക്കുട്ടിയെ കൊഴുപ്പിക്കുന്നത് കശാപ്പു ചെയ്യാനല്ലാതെ മറ്റെന്തിനാണ്..?

-മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account