2019ൽ ഇന്ത്യൻ ടെലിവിഷന് 60 വയസ് തികയുകയാണ്. 1959 സെപ്റ്റംമ്പർ 15നാണ് ഇന്ത്യയുടെ ഏറ്റവും വലിയ ടെലിവിഷൻ ശൃംഖലയായ “ദൂരദർശൻ” പിറവിയെടുക്കുന്നത്. 1926ൽ “ജോൺ ലോഗി ബെയർഡ്” എന്ന സ്‌കോട്ട്ലൻഡുകാരനായ എൻ ജിനിയറാണ് ടെലിവിഷൻ കണ്ടുപിടിക്കുന്നത്. എന്നാൽ 33 വർഷത്തിനു ശേഷമാണ് ടെലിവിഷൻ ഇന്ത്യയിലേക്ക് ലാൻഡ് ചെയ്യുന്നത്. കഴിഞ്ഞ 60 വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ ഇന്ത്യൻ ടെലിവിഷൻ രംഗത്ത് സംഭവിച്ച് കഴിഞ്ഞു. ഞാനിവിടെ ആ ചരിത്രത്തെ “അലിയാർ” സ്റ്റൈലിൽ വിശദീകരിക്കുവാൻ പോകുകയല്ല. ഞാൻ കണ്ടതും, കേട്ടതുമായ ചില അനുഭവങ്ങളാണ് ഞാനിവിടെ കുറിക്കാൻ പോകുന്നത്.

ആദ്യകാലങ്ങളിൽ ഒരു ചെറിയ പെട്ടി പോലെയിരുന്ന ടി.വി. കഴിഞ്ഞ 6 പതിറ്റാണ്ടുകൾക്കുള്ളിൽ ഒരുപാട് പരിവർത്തനങ്ങൾക്ക് വിധേയമായി. 1975ൽ കേരളത്തിലേക്ക് ട്രെയിനും കയറി ടി.വി. വരുമ്പോൾ അന്ന് ദൂരദർശൻ ചാനൽ മാത്രമേ ഉണ്ടായിരുന്നുള്ളു. കേരളത്തിൽ ആദ്യമായ് ടെലിവിഷൻ സംപ്രേഷണം ആരംഭിക്കുന്നത് “കേരള ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ” (കെൽട്രോൺ) ന്റെ നേതൃത്വത്തിലാണ്. 37 വർഷങ്ങൾക്ക് മുൻപ്, 1982ലായിരുന്നു ശക്‌തി കുറഞ്ഞ ഒരു ടി.വി. ട്രാൻസ്‌മിനേറ്റർ മുഖേന മലയാളം പരിപാടികളുടെ സംപ്രേക്ഷണം ദൂരദർശൻ ആരംഭിക്കുന്നത്. ആ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെക്കുറിച്ച് കളർഫുളായ് എനിക്ക് വിവരിച്ച് തന്നത് അമ്മയാണ്.

1962ലാണ് “മെയ്ഡൻ ഷാ” എന്ന കമ്പനി ഇന്ത്യയിൽ ഒരു തരംഗമായ് മാറിയത്. പതിനൊന്നു വർഷങ്ങൾക്ക് ശേഷം 1973ൽ ലോക വിപണിയിലേക്ക് “ഫിൽകോ ഫോർഡ്” എന്ന ടി.വി.കമ്പനി കടന്നു വന്നു. ഇന്ന് സാധാരണക്കാരന് പോലും പ്രിയങ്കരനായ “സോണി” കടന്നു വന്നിട്ട് 21 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. ലോക പ്രശസ്‌ത സ്‌മാർട്ട് ഫോൺ കമ്പനിയായ “സാംസങ്” ടി.വിയുമായ് രംഗത്തിറങ്ങിയത് 2007ലാണ്. 1928ൽ “ഒക്റ്റാഗൺ” എന്ന ഒരു മെക്കാനിക്കൽ ടെലിവിഷൻ അമേരിക്ക നിർമ്മിച്ചു. ടി.വി.യുടെ ആദിമ രൂപമായ ഒക്റ്റാഗൺ നാലെണ്ണം മാത്രമാണ് അമേരിക്ക നിർമ്മിച്ചത്.1939ൽ പരീക്ഷണശാലകളിൽ കൂടുതൽ പരീക്ഷണങ്ങൾക്കായ് ഉപയോഗിച്ച ഒക്‌റ്റാഗൺ കച്ചവടത്തിനായ് യു.എസ്.വിപണിയിൽ കൊണ്ടു വന്നില്ല. എന്നാൽ നോർത്ത് അമേരിക്കയിൽ ഈ ടി.വി. പിന്നീട് യു.എസ്. പരിചയപ്പെടുത്തി.1927ലാണ് “ഫിലോ ടേയ്ലർ ഫാർണ്സ് വെർത്ത്” എന്ന അമേരിക്കൻ ശാസ്‌ത്രജ്ഞൻ തന്റെ ഇരുപത്തിയൊന്നാമത്തെ വയസിൽ  ടെലിവിഷൻ നിർമ്മിച്ചത്. ഏറ്റവും വലിയ രസകരമായ കാര്യം, ഫാർണ്സ് തന്റെ പതിനാലാമത്തെ വയസ് വരെ ജീവിച്ചിരുന്നത് വൈദ്യുതിയും, വെളിച്ചവുമില്ലാത്ത ഒരു വീട്ടിലായിരുന്നു എന്നതാണ്.

കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളാണ് ഏഷ്യാനെറ്റും, സൂര്യ ടി.വി.യുമൊക്കെ. ഒരുപക്ഷേ കേരളത്തിൽ അപകടകാരിയാകും വിധം ടെലിവിഷൻ വളർന്നത് 1990 മുതലാണ്. 29 വർഷങ്ങൾക്ക് മുൻപാണ് മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് സ്ഥാപിതമായത്. കേരളത്തിലെ എല്ലാ ടെലിവിഷൽ ചാനലുകളും തുടക്കത്തിൽ ഭക്‌തി സീരിയുകളാണ് പ്രക്ഷേപണം ചെയ്‌തിരുന്നത്. 90കളിലാണ് കണ്ണീരു കുടിക്കുന്ന സ്‌ത്രീജനങ്ങളുടെ ജീവിത കഥ വീട്ടമ്മമാരുടെ ഹൃദയത്തെ നുറുക്കി തുടങ്ങിയത്. കെ.കെ. രാജീവ്, മഹേഷ് തുടങ്ങിയ അഗ്രഗണ്യരായ സീരിയൽ സംവിധായകന്മാർ ഒരേ അച്ചിൽ വാർത്തെടുത്ത സീരിയലുകൾ കൊണ്ട് മലയാളി സ്‌ത്രീകളെ കരയിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. പല വീടുകളിലും വില്ലനാക്കി ടി.വിയെ മാറ്റിയതിൽ സീരിയലുകൾക്ക് വലിയ പങ്കുണ്ട്. ആധുനികമലയാളിയുടെ ചിന്താശേഷി ഇന്ന് വർധിക്കുകയാണ്. ബുദ്ധിപരമായ, വിനോദപരമായ കാര്യങ്ങൾ കാണാനാകും നാളെ അവൻ ആഗ്രഹിക്കുക. അതിനനുസരിച്ച് ഒരുപക്ഷേ നാളെ സീരിയലുകളും അവന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കപ്പടും. ഒരുപക്ഷേ നമുക്ക് അങ്ങനെ പ്രത്യാശിക്കാം.

ആധുനിക സാങ്കേതിക വിദ്യയുടെ വികാസം കാരണം ഇന്ന് ടി.വി. ഷോകളും, സിനിമകളും മൊബൈൽ ഫോണിൽ തന്നെ കാണാം. ഓൺലൈൻ മാധ്യമങ്ങളുടെ കുത്തനെയുളള വളർച്ച കാരണം ഇന്ന് എല്ലാ വിവരങ്ങളും വളരെ പെട്ടെന്ന് നമുക്ക് അറിയാൻ കഴിയും. ടി.വി. ചാനലുകളും, ന്യൂസ് ചാനലുകളും ഇന്ന് പിടിച്ച് നിൽക്കുന്നതിനായ് ഓൺ ലൈനിലേക്ക് ചേക്കേറിയിട്ടുണ്ട്. കൂടാതെ ഒരുപാട് സാമൂഹ്യമാധ്യമങ്ങളും ഇന്ന് സജീവം. ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു പക്ഷേ ടി.വി. ഏതെങ്കിലുമൊരു മ്യൂസിയത്തിലെ ചരിത്ര അവശേഷിപ്പായ് നാളെ ഒരുപക്ഷേ നാം കണ്ടേക്കും.

ആദ്യകാലങ്ങളിൽ വീടിന്റെ മുകളിൽ കയറി നിന്ന് ആന്റിന പലവട്ടം കറക്കിയാണ് ടി.വി. സിഗ്നൽ ടി.വിയിൽ എത്തിയിരുന്നത്. എന്നാൽ ഇന്ന് നേരിട്ട് പ്രക്ഷേപണ നിലകളിൽ നിന്നും സിഗ്നൽ എത്തിക്കുന്ന സെറ്റ് ടോപ്പ് ബോക്സുകളിലേക്കും, ഡിഷുകളിലേക്കും നമ്മൾ മാറി.ആന്റിനയിൽ സിഗ്നൽ നന്നായില്ലെങ്കിൽ പലവട്ടം കയറി തിരിച്ചും മറിച്ചും സിഗ്നൽ ഉണ്ടാക്കുന്ന ഒരു കൂട്ടം ആളുകളുമുണ്ടായിരുന്നു. എന്നാൽ പിന്നീട് സെറ്റ് ടോപ്പ് ബോക്സുകളിലേക്കും, ഡിഷുകളിലേക്കും ടി.വി. മാറി. ടി.വി.യുടെ ആദിമ ചരിത്രം മുതൽ പരിശോധിക്കുമ്പോൾ ടി.വി. സിഗ്നലിന്റെ ചരിത്രവും വളരെ പ്രധാനമാണ്.

“വരുൺ ഗോവർ” എന്ന ഹിന്ദി തിരക്കഥാകൃത്തിന്റെ “ടി.വി” എന്നൊരു ഹിന്ദി നാടകം ഒമ്പതാം ക്ലാസ്സിൽ പഠിക്കാനുണ്ട്. ഒരു ഗ്രാമത്തിലെ മൂന്ന് കുട്ടികൾ അച്ഛനും അമ്മയും അറിയാതെ, ആരോടും പറയാതെ ഒരു ഉച്ചനേരം കുന്ന് കയറി അടുത്ത ഗ്രാമത്തിലേക്ക് ടി.വി. കാണാൻ പോകുന്ന യാത്രയെക്കുറിച്ചാണ് ആ തിരക്കഥ. ടി.വി. എല്ലായിടത്തും സുലഭമല്ലാതിരുന്ന ഒരു കാലത്ത് ടി.വി. കാണാൻ ഏറെ ആഗ്രഹിച്ച് മൂന്ന് സുഹൃത്തുക്കൾ ഒരു യാത്രപോകുന്നു. ആ യാത്രയിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയ ഒരു നാടകമാണ് ടി.വി. ആ ഒരു കാലഘട്ടത്തെ വായനക്കാരന് മുന്നിൽ രസകരമായ് തുറന്നെഴുതുകയാണ് വരുൺ ഗ്രോവർ. ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു “ടി.വി.” എന്ന നാടകം.

ടി.വി. ശാസ്‌ത്ര സമൂഹത്തിന്റെ വലിയൊരു പുരോഗതിയാണ്. അതിന്റെ പ്രതിഫലനങ്ങളായ് ഒരുപാട് അനുബന്ധ ഉപകരണങ്ങളുമുണ്ടായി. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായ് ഇന്ത്യയിലെ സാധാരണക്കാരന്റെ വീട് മുതൽ കോടീശ്വരന്റെ മണിമാളികകൾ വരെ ടി.വി. കടന്നു വന്നു. പല രൂപത്തിൽ. ഇന്ന് നടക്കുന്ന പല പഠനങ്ങളും ടി.വിയുടെ കഥ കഴിയാറായ് എന്നു വാദിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സമൂഹത്തിൽ ഒഴിച്ച് കൂടാനാവത്ത ഘടകം തന്നെ ടി.വി.

– സ്വരൺദീപ്

1 Comment
  1. Jayaraj Menon Vappala 2 years ago

    അസ്സലായിട്ടുണ്ട് അപ്പുണ്ണീ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account