ഗ്രഹനിലയിൽ ചില ഗ്രഹങ്ങളുടെ പിണക്കം മാറ്റാൻ വേണ്ടി ചൊവ്വാഴ്ച്ച വ്രതം എടുക്കുന്ന പതിവ് ഉണ്ടായിരുന്നു. അന്നേ ദിവസം രാവിലെ മുതൽ ഉച്ച വരെ വീട്ടിനു അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പ്രാർത്ഥനയോടെ കഴിയും. അങ്ങിനെ ഒരു ദിവസം ക്ഷേത്രത്തിൽ ഉച്ചപൂജ നടന്നുകൊണ്ടിരിക്കുമ്പോൾ ഏകദേശം 60- 65 വയസ്സു പ്രായം വരുന്ന ഒരു സ്ത്രീ ഉറക്കെ കരഞ്ഞു കൊണ്ട് ഓടി വന്നു.

കരച്ചിലിനിടയിൽ ‘അമ്മേ ഞാൻ ഒന്നും മോഷ്ട്ടിച്ചിട്ടില്ല…. എന്നെ കള്ളിയാക്കല്ലേ…. ‘ എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അന്ന് വിശേഷ ദിവസം ഒന്നും അല്ലാതിരുന്നതിനാൽ, വളരെ കുറച്ചു ഭക്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലർ കാര്യം അന്വേഷിച്ചു. അവരുടെ വീട്ടിൽ എന്തോ മോഷണം പോയി എന്ന് മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞുള്ളു. അവരുടെ അവസ്ഥ കണ്ടപ്പോൾ പൂജ കഴിഞ്ഞെങ്കിലും അവരെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സ് വന്നില്ല. വളരെ മാനസിക പ്രയാസം അനുഭവിക്കുന്ന അവരെ ആശ്വസിപ്പിക്കാനോ, കൂടുതൽ വിവരങ്ങൾ അറിയാനോ, ഒരു പരിഹാരം കാണാനോ കഴിയാതെ പൂജാരി ഉൾപ്പെടെയുള്ളവർ വിഷണ്ണരായി.

അവിടെ അന്ന്, എന്തോ പ്രത്യേക പൂജകൾക്കായി ദൂരെനിന്നും വന്ന ഒരു ചേട്ടനും ചേച്ചിയും ഉണ്ടായിരുന്നു. ആ ചേട്ടൻ ചെന്ന് ആ അമ്മയെ പിടിച്ചു എഴുന്നേല്പിച്ചു.

‘സമാധാനമായിരിക്ക് എല്ലാ പ്രശ്നങ്ങൾക്കും നമ്മുക്ക് പരിഹാരം ഉണ്ടാക്കാം’ എന്ന് പറഞ്ഞു.

പതുക്കെ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങി..

മകന്റെ കൂടെയാണ് അവർ താമസിക്കുന്നത്. മകനും മരുമകളും ജോലിക്കു പോകുമ്പോൾ അവരുടെ കുഞ്ഞിനെ ഈ അമ്മയാണ് നോക്കുന്നത്. കുഞ്ഞിന്റെ കഴുത്തിലെ സ്വർണമാല അന്ന് രാവിലെ, കുളിപ്പിക്കാൻ നോക്കുമ്പോൾ കാണുന്നില്ല. മകനും മരുമകളും അമ്മയെ സംശയിക്കും. ഇതാണ് അവരുടെ വിഷയം. ശരിക്കും അവരുടെ മേൽ ആരും ഒരു ആരോപണവും ആ മാലയുടെ പേരിൽ അതുവരെ ഉന്നയിച്ചിട്ടില്ല. പക്ഷെ അവർ വല്ലാതെ ഭയക്കുന്നു. ആ ചേട്ടൻ അവരുടെ കൈയ്യിൽ നിന്നും മകന്റെ ഫോൺ നമ്പർ വാങ്ങി അയാളെ ഫോൺ ചെയ്തു, കാര്യങ്ങൾ പറഞ്ഞു. മകന് കാര്യങ്ങൾ മനസ്സിലായി. അയാൾ അമ്മയെ സമാധാനിപ്പിച്ചു വീട്ടിലേക്ക് തിരികെ വരാൻ പറഞ്ഞു. അവർ തിരികെ പോയതിനു ശേഷമാണ് അവിടെ നിന്നും ഞങ്ങൾ എല്ലാവരും പിരിഞ്ഞത്.

ഒരു പക്ഷേ, പണ്ടെന്നോ ഉണ്ടായിട്ടുള്ള ഏതെങ്കിലും ദുരനുഭങ്ങളായിരിക്കും ആ അമ്മയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. സ്വന്തം മക്കൾ പോലും തന്നെ വിശ്വസിക്കില്ല എന്ന് അവർ  ഭയക്കുന്നത്. വീട്ടിലെ ഏല്ലാ കാര്യങ്ങളും നോക്കിനടത്തുകയും തന്റെ സ്വത്തുക്കളെല്ലാം മകന് നൽകുകയും എന്തിനും ഏതിനും മകന്റെയും മരുമകളുയുടെയും കൂടെ നിൽക്കുകയും ചെയ്യുന്ന ഒരമ്മ ഈ വിധം ചിന്തിച്ചു വേദനിക്കണെമെങ്കിൽ അതിനു പിന്നിൽ കാരണങ്ങൾ ഉണ്ടാകുമെന്നു മനസിലാക്കാം..

ഈ ഭയവും അരക്ഷിതാവസ്ഥയും പല അമ്മമാരിലും ഞാൻ കണ്ടിട്ടുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ അച്ഛനമ്മമാർ വീട്ടുകാവൽക്കാരും കുഞ്ഞിനെ നോക്കുന്നവരും ഒക്കെ ആയി മാറുന്നു. എന്നോട് നേരിട്ട് പറഞ്ഞ എത്രയോ ആളുകൾ. മക്കളോട് സംസാരിക്കാൻ പേടിയാണ് എന്ന് പറയുന്ന അച്ഛനമ്മമാരെ, അവരോട് ആവശ്യങ്ങൾ പറയാൻ ബുദ്ധിമുട്ടുന്നവരെ. അത് സാമ്പത്തിക അരക്ഷിതാവസ്ഥ മാത്രമല്ല. കുറച്ചു കൂടി വിശാലമായി ചിന്തിക്കേണ്ട വസ്തുതകളാണ്. ഇത് പലപ്പോഴും നമ്മുടെ സാമൂഹിക ചുറ്റുപാടുകളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതാണ്. ടെക്‌നോളജി വികസിക്കുന്നു, ജീവിത സൗകര്യങ്ങൾ കൂടുന്നു. പക്ഷേ അതിനു ആനുപാതികമായി കാഴ്ചപ്പാടുകളിൽ വ്യത്യാസം വരുന്നുണ്ടോ?

–  ശ്രീജ എം സ്

2 Comments
  1. Anil 2 years ago

    Very pertinent point. The outlook and approach has not changed in this new gen world as well

  2. Sreeraj 2 years ago

    കാഴ്‌ചപ്പാടുകൾ മാറിയിട്ടില്ല എന്നതാണ് സത്യം…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account