‘…സോഷ്യൽ മീഡിയ മാത്രം ഒന്നു ശ്രദ്ധിച്ചാൽ മതി. അവിടെ എഴുത്തുകാർ സ്വയം കൊണ്ടാടുന്നതും സ്‌തുതിപാഠക സംഘങ്ങളെ ഉപയോഗിക്കുന്നതും നിർല്ലോഭം കാണാം. പക്ഷേ ഇതൊന്നും നിലനിൽക്കുകയില്ല. എഴുത്തിന് മെറിറ്റ് ഉണ്ടെങ്കിൽ മാത്രമേ അത് നിലനിൽക്കൂ.’ – ചന്ദ്രമതി

ആധുനിക – ഉത്തരാധുനിക കേരളീയ സമൂഹത്തിന്റെ വ്യത്യസ്‌ത തലങ്ങൾ കഥകളിലാവിഷ്‌ക്കരിച്ച ചന്ദ്രമതിയുടെ രചനാലോകം കാലികമായ എല്ലാ ജീവിതസാഹചര്യങ്ങളിലേക്കും വ്യാപിക്കുന്നതും പടർന്നു കിടക്കുന്നതുമാണ്. സ്‌ത്രീ ജീവിതത്തിന്റെ സമസ്‌ത ഭാവങ്ങളേയും സ്‌പർശിക്കുന്ന വിവിധങ്ങളായ കഥകളെഴുതിയ എഴുത്തുകാരിയുമായി കുറച്ചു നേരം വർത്തമാനം പറയാൻ അവസരം ലഭിച്ചു. പറയുന്നത് നീണ്ടു പോയാൽ ക്ഷമിക്കുക, അതിലും നീണ്ട മറുപടിയാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്ന മുഖവുരയോടെയാണ് തുടങ്ങിയത്.

എഴുതിത്തുടങ്ങിയആദ്യകാലത്ത് വളരെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് നീണ്ടൊരു എഴുതാക്കാലം കഴിഞ്ഞ് തിരിച്ചു വരികയും ചെയ്‌ത ആളാണ് ടീച്ചർ. ഇതിന്റെ കാരണങ്ങൾ പലതും മുമ്പേ സൂചിപ്പിച്ചിട്ടുമുണ്ട്. എനിക്ക് ചോദിക്കാനുള്ളത് ഇത്തരം തിരിച്ചുവരവ് എളുപ്പമാണോ, എളുപ്പമായിരുന്നോ എന്നാണ്. സർഗാത്‌മകത/പ്രതിഭ വറ്റിപ്പോവില്ല. പക്ഷേ ഉപയോഗിക്കാതിരിക്കുമ്പോൾ അതിന്റെ തിളക്കം പോവും. വീണ്ടും മിനുക്കിയെടുത്ത് എഴുത്തിലേക്കു വരാൻ, സ്വന്തം ഇടം സൃഷ്‌ടിച്ചെടുക്കാൻ സ്‌ത്രീകൾക്ക് എളുപ്പമല്ല. ഇരട്ടി അധ്വാനം വേണ്ടിവരുന്നു. ടീച്ചർ എങ്ങനെയാണ് അതിനെ അതിജീവിച്ചത്? അങ്ങനെ തിരിച്ചുവരാൻ പറ്റാതെ പോയവർക്കു വേണ്ടിക്കൂടി അതിനെക്കുറിച്ചു പറയുമോ?

18 വർഷങ്ങളുടെ എഴുതാക്കാലം കഴിഞ്ഞുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. സാഹിത്യാധ്യാപിക ആയിരുന്നതുകൊണ്ട് അതിലെ നൂതന ധാരകൾ പരിചിതമായിരുന്നു. എന്നാൽപ്പോലും എഴുത്തിലേക്കു മടങ്ങുക എന്ന ആഗ്രഹമുണ്ടായപ്പോൾ അക്ഷരങ്ങൾ വഴങ്ങിയില്ല. ഒഴിഞ്ഞപേജിനു മുന്നിൽ വാചകങ്ങളെഴുതിയും വെട്ടിയും രാത്രികൾ ചെലവിട്ട് നേരം വെളുക്കുമ്പോൾ ഉറക്കക്ഷീണത്തോടെ വീട്ടുജോലികളിൽ മുഴുകും. വേദനയോടെ ചാപിള്ളകൾ നിറഞ്ഞ ആ  കടലാസുകൾ ചുരുട്ടി ചവറ്റുകൊട്ടയിലേക്കിടും. നിറകണ്ണുകളോടെയാണ് അടുക്കളയിലേക്കു പോവുക. എതിർപ്പുകൾക്ക് വഴങ്ങി എന്റെ സർഗ്ഗാത്‌മകതയെ വച്ചുപൂട്ടിയത് വിഡ്ഡിത്തമായിരുന്നുവെന്ന് വൈകി മനസിലാക്കി. അതിജീവനം  സാധ്യമാക്കിയത് ഗുരുവായി വന്ന് സ്‌നേഹിതനായി മാറി ആത്‌മാവിനെ തൊട്ടു നിന്ന അയ്യപ്പപ്പണിക്കർ സാറാണ്. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ഞാൻ മനസുകൊണ്ട് എന്റെ ഗ്രാമത്തിലേക്കു മടങ്ങി. തിരുവനന്തപുരത്തിന്റെ അതിരിൽ ശുദ്ധജലതടാകത്തിന്റെ കരയിലുള്ള വെള്ളായണി. അവിടുത്തെ ആളുകൾ, വിശ്വാസങ്ങൾ, അന്ധവിശ്വാസങ്ങൾ, അവയൊക്കെ തൂലികയിലേക്കാവാഹിച്ചപ്പോൾ ദേവിഗ്രാമ കഥകൾ ജനിച്ചു. 70 കളിൽ മലയാള ചെറുകഥാരംഗത്ത് ധാരാളം സ്‌ത്രീകളുണ്ടായിരുന്നു. വസന്ത, ലത, കുമാരി. ബി, സുനന്ദ, എം .പി ഗിരിജ ,എൻ. ചന്ദ്രിക, ഉഷ, എം.ഡി.രാധിക, അഷിത, ഗ്രേസി, സുമിത്രാവർമ്മ, നിർമ്മല അങ്ങനെ ഒരു പാടുപേർ. ഇവരൊക്കെ എന്നെപ്പോലെ ഒരു ഘട്ടത്തിൽ നിശ്ശബ്‌ദരായവരാണ്. കുറച്ചു പേർ തിരിച്ചു വന്നു. കുറച്ചു പേർ വരാൻ ശ്രമിച്ചു പരാജയപ്പെട്ടു. അതെ, അതിജീവനം ദുഷ്‌കരമായിരുന്നു. തിരിച്ചുവരാനും സ്വന്തം സ്ഥാനം നേടിയെടുക്കാനും കഴിഞ്ഞത് ഭാഗ്യമെന്നു തന്നെ കരുതുന്നു. സാഹിത്യാധ്യാപികയായതും വളരെ സഹായകരമായി.

നമുക്ക് ധാരാളം എഴുത്തുകാരികളുണ്ട് എന്നു പറയുമ്പോഴും യഥാർത്ഥത്തിൽ അങ്ങനെയില്ല എന്നതല്ലേ സത്യം? മുഖ്യധാരാ മാധ്യമങ്ങളിൽ, ഒരു പൊതുമീറ്റിങ്ങിൽ ഒക്കെ സ്‌ത്രീ സാന്നിധ്യം എത്ര പരിമിതമാണ്. ഒരു ചെറുകഥാ സെമിനാറിനു വേണ്ടി വിളിക്കാൻ സ്‌ത്രീ കഥാകാരികളുടെ ലിസ്റ്റ് എടുക്കുമ്പോഴാണ് അവരെത്ര കുറവാണെന്നു മനസിലായത്. ഒറ്റ സ്‌ത്രീയും ഇല്ലാതെ സമകാലിക മലയാള കഥാഎഴുത്തുകാരുടെ സമ്മേളനവും കണ്ടിട്ടുണ്ട്. കഥ സജീവമാണ്. പക്ഷേ കഥാകാരികൾ അങ്ങനെയല്ല. എഴുത്തുകാരികൾക്ക് അനുകൂലമല്ലാത്ത ഒരു സാംസ്‌കാരികന്തരീക്ഷം ആണു കേരളത്തിലുള്ളതെന്നാണ് എന്റെ തോന്നൽ. ടീച്ചർക്ക് എന്താണു ഇതിനെപ്പറ്റിയുള്ള  തോന്നൽ? അനുഭവം?

പുരുഷൻമാരുമായി തട്ടിച്ചു നോക്കുമ്പോൾ ചെറുകഥാ രംഗത്ത് സ്‌ത്രീസാന്നിധ്യം കുറവാണ്. പക്ഷേ അതിന്റെ കാരണമെന്തെന്ന് മനസിലാക്കാൻ ശ്രമിക്കണം. 70 കളിൽ എഴുത്തുകാരികൾ കൂടുതലുണ്ടായിരുന്നു ,പക്ഷേ അവർക്ക് സ്വീകാര്യത നൽകുന്ന സാഹചര്യമില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല. സ്‌ത്രീകളുടെ എഴുത്ത് കൂടുതൽ അംഗീകരിക്കപ്പെടുന്നു. പക്ഷേ എന്തെങ്കിലും പുതുതായി പറയുമ്പോഴേ എഴുത്തുകാർ സ്വീകരിക്കപ്പെടൂ. അങ്ങനെ എഴുതുന്ന പുരുഷഎഴുത്തുകാരും കുറവാണ്,സ്‌ത്രീഎഴുത്തുകാരും കുറവാണ്. അത്തരം എഴുത്തുകളുടെ അഭാവം കൊണ്ടാണ് സാഹിത്യമാമാങ്കങ്ങളിലെ ചർച്ചകൾ ശൂന്യമായിപ്പോവുന്നത്. അക്കാദമിക് സെമിനാറിനു വിളിക്കാൻ ലിസ്റ്റെടുത്ത് ആൺ, പെൺ എണ്ണം നോക്കുകയല്ല വേണ്ടത്, നല്ല എഴുത്തു നോക്കി സെലെക്റ്റ് ചെയ്യുകയാണ് വേണ്ടത്. സാഹിത്യസമ്മേളനങ്ങൾ നടത്തുന്നവർക്ക് അവരവരുടേതായ അജണ്ട ഉണ്ട്. ചിലർ എഴുത്തുകാരികളെ കാണുകയേയില്ല. ചിലർ തങ്ങളോട് അനുഭാവികളായ എഴുത്തുകാരികളെ മാത്രം കാണുന്നു. ഇങ്ങനെ പല കാരണങ്ങളാണ് പലപ്പോഴും എഴുത്തുകാരികളെ അദൃശ്യകളാക്കുന്നത്.

ആണുങ്ങൾ എഴുത്തുകാരായും പെണ്ണുങ്ങൾ പെണ്ണെഴുത്തുകാരികളായും മാർജിനലൈസ് ചെയ്യപ്പെടരുതെന്നു ടീച്ചറുടെ അഭിപ്രായം ശ്രദ്ധേയമാണ്. പക്ഷേ സാഹിത്യ രംഗത്തു നടക്കുന്നത് അതു തന്നെയാണെന്നാണ് എന്റെ നിരീക്ഷണം. എങ്ങനെ അതിനെ പ്രതിരോധിക്കാനാവും?

ആണെഴുത്ത് എന്നൊന്ന് ഇല്ലാത്തിടത്തോളം പെണ്ണെഴുത്ത് എന്ന പദത്തിനും നിലനിൽപ്പുണ്ടാകാൻ പാടില്ലാത്തതാണ്. ശിഥിലീകരണവും ലേബലിംഗുമൊക്കെ അക്കാദമിക് രംഗങ്ങളിൽ ആവശ്യമായേക്കാം. പക്ഷേ ഇവിടെ അതൊരു പൊതുനയമായി മാറിയിരിക്കുന്നു. ഇത്തരം ലേബലുകളെ നിഷേധിക്കൽ തന്നെയാണ് പ്രതിരോധത്തിനുള്ള വഴി.

സ്‌ത്രീകളുടെ എഴുത്തിനേയും തരംതാഴ്ത്താനുള്ള ശ്രമം എല്ലാക്കാലത്തും ഉണ്ടല്ലോ. എഴുത്തുകാരികളൊക്കെ അതിനെ വിമർശിച്ചും പരിഹസിച്ചും എഴുതിയിട്ടുമുണ്ട്. പക്ഷേ അത്തരം ശ്രമങ്ങൾ നിരന്തരം തുടരുന്നു. അവഗണിക്കുക, അമിതമായി കൊണ്ടാടുക ഇങ്ങനെയുള്ള  രണ്ടു തരം സമീപനങ്ങൾ മാത്രം. ഈ അപകടത്തെ എങ്ങനെ മറികടക്കാം? വേറൊന്ന് സ്‌ത്രീകളുടെ എഴുത്തിന്റ content ശുഷ്‌കമെന്നതാണ്. അടുക്കള, പ്രണയം,  ഞാൻ, നീ… ഇത്തരം പരിഹാസങ്ങളും കേൾക്കാറുണ്ട്. അടുക്കളയുടെയൊക്കെ രാഷ്‌ട്രീയം തിരിച്ചറിയാൻ പറ്റാത്തതു കൊണ്ടല്ലേ ഈ വിമർശനങ്ങൾ?

അവഗണിക്കുകയും അമിതമായി കൊണ്ടാടുകയും ചെയ്യുന്നത് സ്‌ത്രീകളെ മാത്രമല്ലല്ലോ, പുരുഷൻമാരും ഇതിനു വിധേയരാവുന്നുണ്ട്. സോഷ്യൽ മീഡിയ മാത്രം ഒന്നു ശ്രദ്ധിച്ചാൽ മതി. അവിടെ എഴുത്തുകാർ സ്വയം കൊണ്ടാടുന്നതും സ്‌തുതിപാഠക സംഘങ്ങളെ ഉപയോഗിക്കുന്നതും നിർല്ലോഭം കാണാം. പക്ഷേ ഇതൊന്നും നിലനിൽക്കുകയില്ല. എഴുത്തിന് മെറിറ്റ് ഉണ്ടെങ്കിൽ മാത്രമേ അത് നിലനിൽക്കൂ. സാഹിത്യചരിത്രം പരിശോധിച്ചാൽ അറിയാം, തമസ്‌കരിക്കപ്പെട്ടവർ ഉയിർത്തുവന്നതും ആഘോഷിക്കപ്പെട്ടവർ മങ്ങി മറഞ്ഞതും. സ്‌ത്രീയെ അടുക്കളയിൽ തളച്ചിട്ടിരുന്ന കാലത്താണ് അടുക്കളയെഴുത്തെന്ന തരംതിരിവ് ഉണ്ടായിരുന്നത്. അവൾ അടുക്കള വിട്ട് അരങ്ങത്തേക്കു വന്നിട്ട് കാലമെത്രയായി. ലളിതാംബിക അന്തർജനത്തിന്റെ അഗ്‌നിസാക്ഷിയിലെ സ്‌ത്രീ എന്താണു ചെയ്യുന്നത്? അവൾ ‘അന്തർജനം’ ആയിരുന്നോ? ഇന്ന് ശക്‌തമായെഴുതുന്ന പുതുതലമുറയെ അങ്ങനെ അവഗണിക്കാനാവില്ല. എത്രയോ ഉദാഹരണങ്ങളുണ്ട്.

നിലപാടുകളുള്ള എഴുത്തുകളും എഴുത്തുകാരും എത്രയോ കുറവെന്ന് വായനക്കാരിയെന്ന നിലയിൽ തോന്നാറുണ്ട്. പരസ്‌പര പ്രീണനത്തിന്റെ ഒരു Safe Zone എല്ലാവർക്കും പ്രിയമാവുന്നു. രഹസ്യമായി ഇതേ ആളുകൾ പരസ്‌പരം പുച്ഛിക്കുന്നുമുണ്ടാവും. ടീച്ചർക്ക് എന്താണു തോന്നുന്നത്?

വ്യക്‌തമായ നിലപാടുകളുള്ള എഴുത്തുകാരെ വായനക്കാർ എന്നും തിരിച്ചറിയും. ഭരണാധികാരികളെ വിമർശിക്കുന്ന കഥകളെഴുതുകയും അവർ നൽകുന്ന പുരസ്‌കാരം കൈ നീട്ടി വാങ്ങുകയും ചെയ്യുന്നവരാണ് ഏറെ. ആ കാപട്യം തിരിച്ചറിയാൻ വായനക്കാർക്കു കഴിയില്ലെങ്കിൽ അത്തരം എഴുത്തുകാരെ അവർ അർഹിക്കുന്നു എന്നേ പറയാനുള്ളൂ. എന്നെ സംബന്ധിച്ച് ഒറ്റ സേഫ് സോണേയുള്ളൂ, അത് സ്‌നേഹത്തിന്റേതാണ്.

ഫെമിനിസത്തെക്കുറിച്ച് ടീച്ചറുടെ നിലപാടുകൾ  പണ്ടേ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഫെമിനിസ്റ്റല്ല എന്നു പറയുന്നെങ്കിലും ശക്‌തമായ ഫെമിനിസം ടീച്ചറുടെ കഥകളിലുണ്ടുതാനും. അപരിചിതൻ എഴുത്തുകാരിയോടു പറഞ്ഞത് എന്ന കഥയൊക്കെ സ്‌ത്രീകളുടെ എഴുത്തിന്റെ ഭൂതവും ഭാവിയും വർത്തമാനവും കൃത്യമായി പഠന വിധേയമാക്കുന്നുണ്ട്. നമുക്ക് ഇറക്കുമതി ചെയ്‌ത പാശ്‌ചാത്യ ഫെമിനിസമല്ല വേണ്ടതെന്നു പറയുന്നതിനോടു യോജിക്കുന്നു. പക്ഷേ ലോകത്തെല്ലായിടത്തും സ്‌ത്രീകളുടെ പ്രശ്‌നങ്ങൾക്കു സമാനതകളില്ലേ? തനതു ഫെമിനിസം എന്ന ഒന്ന് ഉണ്ടോ? അല്ലെങ്കിൽ അത്തരമൊന്നു തന്നെയല്ലേ ഇവിടെയുള്ളത്‌? എല്ലാ സ്‌ത്രീകളും ഫെമിനിസ്റ്റാണെന്നാണ് എന്റെ തോന്നൽ. എഴുത്തുകാരികൾ പ്രത്യേകിച്ചും. ടീച്ചർ വളരെയധികവും. എന്തിനാണതു നിഷേധിക്കുന്നത്?

മലയാളസാഹിത്യത്തിലേക്ക് ഡൗൺലോഡു ചെയ്‌തു വന്ന ഫെമിനിസം പാശ്‌ചാത്യവേരുകളുള്ള, റാഡിക്കലായ ഒന്നായിരുന്നു. അതിനെയാണ് ഞാൻ എതിർത്തത്. വ്യക്‌തിഗത ഫെമിനിസ്റ്റ് തന്നെയാണ് ഞാനും. സ്‌ത്രീയനുഭവങ്ങൾക്ക്, പ്രശ്‌നങ്ങൾക്ക് ലോകമെങ്ങും ചില സമാനതകളുണ്ട്, പക്ഷേ എല്ലാം സമാനമാവണമെന്നില്ല താനും. യൂറോപ്യൻ സ്‌ത്രീയ്ക്ക് സ്‌ത്രീധനമെന്നു പറഞ്ഞാൽ മനസിലാവുമോ? അതുകൊണ്ടു തന്നെ സ്‌ത്രീധനമരണമെന്തെന്നും അവർക്കറിയില്ല. നമ്മുടെ പ്രശ്‌നങ്ങൾ നമ്മുടെ വംശം, ദേശം, സംസ്‌കാരം ഇതിൽ നിന്നൊക്കെ ഉണ്ടായതാണ്. അവരുടേത് അവരുടെ വംശീയ- ദേശീയ-സാംസ്‌കാരിക പ്രത്യേകതകളിൽ നിന്നും. ഇത്തരം ചരിത്രാപഗ്രഥനങ്ങൾക്കു പോലും മുതിരാതെ പറിച്ചുനടുന്നത് അപക്വമാണ്. ഫെമിനിസം എന്നു പറയുന്നത് ഒന്നേയുള്ളു എന്നു കരുതുന്നിടത്താണ് തെറ്റിദ്ധാരണ വരുന്നത്. എല്ലാ സ്‌ത്രീകളും ഫെമിനിസ്റ്റാണ് എന്നു ജിസ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ‘For Each, Her Own’  എന്നാണു പറയുന്നത്. ഓരോരുത്തർക്കും ഓരോന്ന്. എന്റെ ഫെമിനിസത്തെ നിർവ്വചിക്കുന്നത് ഞാനാണ്. ശക്‌തരായ സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്കു  കഴിയുന്നത് സ്‌ത്രീശക്‌തിയെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ്. Rash – driving നെ ന്യായീകരിക്കാനാവാത്തതുപോലെ Rash feminisam എന്നതും ന്യായീകരിക്കാനാവില്ല.

കേരളത്തിൽ ഫെമിനിസം പരാജയപ്പെടാനുള്ള കാരണം അതു തനതല്ലാത്തത് ആണെന്ന് ടീച്ചർ പറയുന്നുണ്ട്. പക്ഷേ പരാജയപ്പെട്ടു എന്നു പറയാനാവുമോ? ഫെമിനിസത്തിന്റെ വലിയൊരു നേട്ടമായി ഞാൻ കാണുന്നത് അത് സരസ്വതിയമ്മയെപ്പോലത്തെ എഴുത്തുകാരികളെ വീണ്ടെടുക്കാനുള്ള ഒരു സാഹിത്യ സാംസ്‌ക്കാരികാന്തരീക്ഷം സൃഷ്‌ടിച്ചതാണ്. പുതിയ സ്‌ത്രീകൾ  വിമോചനപരമായ ആശയങ്ങൾ ഉള്ളവരും അതിനനുസരിച്ച് പെരുമാറുന്നവരുമാണ്. പുരുഷന്മാരും തിരിച്ചറിവു നേടുന്നുണ്ട്. ഇതൊക്കെ ഫെമിനിസത്തിന്റെ ഗുണപരമായ വശങ്ങളല്ലേ?

പരാജയപ്പെട്ടുവെന്ന് ഞാൻ പറയില്ല. അത് ചരിത്രം വിലയിരുത്തട്ടെ. പക്ഷേ അന്ധമായ പാശ്ചാത്യപ്രേമം വെടിഞ്ഞ് ഫെമിനിസം നമ്മുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് സ്വാഗതാർഹം. പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്, നിന്റെ മക്കൾക്കൊന്ന്, എന്റെ മക്കൾക്കു വേറൊന്ന്, ഈ കാപട്യത്തെയാണ് ഞാൻ എതിർക്കുന്നത്. പുതുതലമുറ എഴുത്തുകാരികൾക്ക് വാക്കും പ്രവൃത്തിയും ഒന്നാണ് എന്നറിയുന്നത് സന്തോഷം തന്നെ.

പെൺഭാഷ എന്ന സങ്കൽപ്പത്തിന് എന്തെങ്കിലും പ്രസക്‌തിയുണ്ടോ? ഭാഷ ആണധികാര ചിഹ്നങ്ങൾ കൊണ്ടു നിറഞ്ഞതാണ്. പക്ഷേ അതിനെ തകർത്ത് പുതിയ കുറെ പദങ്ങളുണ്ടാക്കുന്നത് വ്യഥാ വ്യായാമമാവില്ലേ? പദങ്ങളല്ല, അതിനെ ചുറ്റിപ്പറ്റിയുള്ള ആശയലോകമാണു തകർക്കേണ്ടത്. അവളവൾ എന്ന പ്രയോഗമൊക്കെ ബാലിശമെന്നേ തോന്നിയിട്ടുള്ളു. ലിംഗവിവേചനം ഉറപ്പിക്കുന്ന വാക്കുകളല്ലേ അതൊക്കെ?  വിദ്യാർത്ഥിനി, കവയിത്രി എന്നൊക്കെയുള്ള ലിംഗഭേദ ശബ്‌ദങ്ങൾ നമ്മൾ ഉപേക്ഷിച്ചതാണ്. നിലവിലുള്ള ഭാഷ ഉപയോഗിച്ചു തന്നെ അതിലെ അധികാരം ഇല്ലാതാക്കുകയല്ലേ വേണ്ടത്?

ഭാഷ മാറി വരും. ഏദൻതോട്ടത്തിൽ ആദ്യം സൃഷ്‌ടിക്കപ്പെട്ടത് പുരുഷനായതുകൊണ്ട് ഭാഷ അവനു സ്വന്തമായി എന്നു പറയാറുണ്ട്. സ്‌ത്രീ തന്റെ അനുഭവങ്ങളെ ശക്‌തമായി ആവിഷ്‌ക്കരിക്കുമ്പോൾ അവളുടേതായ ഭാഷ സ്വയം ഉരുത്തിരിഞ്ഞു വരും. ഓരോ വാക്കിനും പകരം പെൺവാക്കു കണ്ടു പിടിക്കലല്ല അത്.

ടീച്ചറുടെ ഒരു കഥ, വിസ്‌മൃതയായിപ്പോയ വാസന്തി എന്ന എഴുത്തുകാരിയെ തിരിച്ചു കൊണ്ടുവന്ന കഥ പോലെ കൗതുകകരമായ സംഭവത്തെപ്പറ്റി വായിച്ചു – വാസന്തിയുടെ കഥകളും നോവലും വായിക്കാനും പറ്റി. അവർ അങ്ങനെ മറന്നു പോവേണ്ട ആളായിരുന്നില്ല . പക്ഷേ എന്തുകൊണ്ടാണ് ഇത്തരം തുടച്ചു നീക്കലുകൾ, അതും സ്‌ത്രീകൾക്കു മാത്രം സംഭവിക്കുന്നത്?

നമ്മളെല്ലാം സ്‌ത്രീപക്ഷത്തു നിന്ന് നോക്കുന്നതു കൊണ്ടാണ് വീക്ഷണം ഏകപക്ഷീയമായിപ്പോകുന്നത്. ചരിത്രം വിസ്‌മൃതിയിലേക്കെറിയുന്നത് എഴുത്തുകാരികളെ മാത്രമല്ല. എഴുപതുകൾ തൊട്ടുള്ള വിശേഷാൽ പ്രതികൾ നോക്കിയാലറിയാം എത്ര പുരുഷഎഴുത്തുകാരാണ് മറവിയിലേക്കു വീണതെന്ന്. Survival of the Fittest എന്നതു തന്നെയാണിവിടെയും നിയമം. ഈ നിയമം ഇന്ന് സൂര്യവെളിച്ചത്തിൽ നിൽക്കുന്നവർക്കും ബാധകമാണു താനും. വ്യക്‌തിയുടെ മരണത്തിനു കാൽനൂറ്റാണ്ടിനു ശേഷവും കൃതി നിലനിൽക്കുന്നുവെങ്കിലേ നമുക്ക് വിധി പറയാനാവൂ.

വസന്തയെക്കുറിച്ചു പറഞ്ഞല്ലോ. കെ.ബാലകൃഷ്‌ണന്റെ കൗമുദിയിൽ ‘ഈർക്കിലില്ലാത്ത ഓലയില’ വന്നപ്പോഴാണ് ഞാനവരുടെ ആരാധികയായത്. അവരുടെ കഥകളും ധാരാളം വായിച്ചിരുന്നു. രാജലക്ഷ്‌മിയുടെ കൃതിയേക്കാൾ വസന്തയുടെ നോവൽ ഇഷ്‌ടപ്പെട്ടതുകൊണ്ടാണ് ‘അപരിചിതൻ എഴുത്തുകാരിയോട് പറഞ്ഞത്’ എന്ന കഥയിൽ ആ പരാമർശം വന്നത്. പ്രിയാ വർഗീസ് അതിന്റെ പിറകെ പോയി വസന്തയെ കണ്ടെടുത്തു.

ജയിൻ ഓസ്റ്റിൻ ആണ് ഇംഗ്ലീഷിലെ ആദ്യ എഴുത്തുകാരി എന്നു ക്ലാസിൽ പഠിപ്പിച്ചപ്പോൾ അതിനു മുൻപ് സ്‌ത്രീകളാരും എഴുതിയിട്ടില്ലേ എന്ന ചോദ്യമുദിച്ചു ഡെയ്ൽ സ്‌പെൻഡർ എന്ന മിടുക്കിയായ വിദ്യാർത്ഥിയുടെ മനസിൽ. ആ ചോദ്യം പിന്തുടർന്നു പോയി അവർ കണ്ടു പിടിച്ചത് ഓസ്റ്റിനു മുമ്പേ കരുത്തുള്ള നോവലുകളെഴുതിയിരുന്ന നൂറ് എഴുത്തുകാരികളെ. ‘Mothers of the Novel’ എന്ന കൃതിയിലൂടെ സ്‌പെൻഡർ അവരെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നു. പാൻഡോറ ബുക്‌സ് കുറെ നോവലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. തമസ്ക്കരിക്കപ്പെട്ടു പോയവർ കാത്തിരിക്കുന്നത് ഇത്തരം ചില നിമിത്തങ്ങളെയാണ്.

എഴുതാനുള്ള ആശയം താനേ ഉറന്നു വരുമായിരിക്കും, പക്ഷേഎഴുത്ത്  ക്ലേശകരമായ അനുഭവമാണ്. എഴുതിക്കഴിഞ്ഞു കിട്ടുന്ന ഫീഡ്ബാക്കുകളും ചിലപ്പോൾ ക്ലേശകരമാണ്. ടീച്ചറുടെ കഥകളിൽ തന്നെ സ്‌ത്രീകളുടെ അത്തരം അവസ്ഥകളെക്കുറിച്ചുള്ള ധാരാളം സൂചനകൾ കണ്ടിട്ടുണ്ട്. നല്ലൊരു കറിവെച്ചാൽ വീട്ടിൽഎല്ലാവരും അഭിനന്ദിക്കും, നല്ലൊരു കഥയ്ക്ക് അതു കിട്ടണമെന്നില്ല. ഇത്തരം പ്രതിസന്ധികളെ എങ്ങനെയാണ് എഴുത്തുകാരികൾ മറികടക്കുക?

എഴുത്ത് ക്ലേശകരമായ അനുഭവം തന്നെയാണ്. വായനക്കാരുടെ നല്ല വാക്കുകൾ കൂടുതലെഴുതാൻ പ്രോത്‌സാഹനം നൽകും. പക്ഷേ പൊതുവേ മലയാളികൾക്ക് കൈയ്യടിക്കാൻ മടിയാണ്. കഥയുടെ വിവർത്തനങ്ങൾ മറ്റു ഭാഷകളിൽ വരുമ്പോഴാണ് കൂടുതൽ കത്തുകളും ഫോൺവിളികളും കിട്ടുക. കഥ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ വരുന്ന ഫീഡ്ബാക്കുകൾ പത്രാധിപരുടെ ഇഷ്‌ടാനുസരണമാണ് പ്രസിദ്ധീകരിക്കപ്പെടുക. ചിലരുടെ രചനകൾ വന്നു കഴിഞ്ഞാൽ അടുത്താഴ്ച്ച പേജുകൾ നീളുന്ന അഭിനന്ദനക്കുറിപ്പുകൾ പ്രസിദ്ധീകരിക്കും. അത് അധികാര രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നു കരുതിയാൽ മതി. എഴുത്തുകാർ അതൊരു പ്രതിസന്ധിയായി കാണേണ്ടതുമില്ല.

ചില വിഷയങ്ങൾ, ലൈംഗികത ഇതൊക്കെ തുറന്നെഴുതുന്നതിൽ സ്‌ത്രീകൾക്ക്‌ അപ്രഖ്യാപിത വിലക്കുണ്ടെന്നു തോന്നിയിട്ടുണ്ടോ? പുരുഷന്മാർ ഇതിനെക്കുറിച്ചൊക്കെ എത്ര സ്വതന്ത്രമായി എഴുതുന്നു. സ്‌ത്രീകൾക്ക് ഒളിച്ചും മറച്ചും കുറ്റബോധത്തോടെയും എഴുതേണ്ടി വരുന്നു, എഴുതാതിരിക്കേണ്ടി വരുന്നു. ശ്രീഹവ്യയും ചില അക്കാദമിക്ക് പ്രശ്‌നങ്ങളും എന്ന കഥ ലെസ്ബിയനിസത്തെ കുറെയൊക്കെ അക്കാദമികമായി സമീപിക്കുന്ന കഥയാണ്. എന്നിട്ടും പലരും ചന്ദ്രമതിയിൽ നിന്ന് അത് പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞതായി ടീച്ചർ തന്നെ പറഞ്ഞു കേട്ടു .സത്യത്തിൽ എഴുത്തുകാരിക്ക് വായനക്കാരുടെ അത്തരം മുൻവിധികൾ വലിയൊരു പ്രതിബന്ധമല്ലേ?

വായനക്കാരിൽ ഒരു വിഭാഗം മാത്രമാണ് മുൻവിധിയോടെ എഴുത്തുകാരെ സമീപിക്കുന്നത്. അവർക്ക് അമിതപ്രാധാന്യം നൽകേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്. ശ്രീഹവ്യയ്ക്ക് എത്രയോ മുമ്പ്, ചന്ദ്രമതിയാകുന്നതിനു മുമ്പ് താണ്ഡവനടനം എന്ന പേരിൽ മലയാള നാടിൽ ലെസ്ബിയനിസം പ്രമേയമാക്കി ഞാൻ ഒരു കഥ എഴുതിയിരുന്നു. അന്ന് ഞാൻ വിദ്യാർത്ഥിനിയാണ്. പെൺകുട്ടികളുടെ സ്‌കൂൾ, കോളേജുകളിലെല്ലാം ഇത്തരം അഭിരുചികൾ ധാരാളമുണ്ട്. അമർത്തിയ ലൈംഗികതയുടെ സ്‌ഫുരണങ്ങളാണ് അധ്യാപികമാരോടും കൂട്ടുകാരികളോടുമൊക്കെ തോന്നുന്ന ആകർഷണങ്ങൾ. അപൂർവ്വം ചിലപ്പോൾ ആരാധന ശാരീരികബന്ധത്തിലേക്കും വഴിമാറാം.  അധ്യാപികയായിരുന്ന മുപ്പതിലേറെ വർഷക്കാലത്ത് എന്തിനെല്ലാം സാക്ഷിയായിട്ടുണ്ട്. നമ്മൾ കണ്ണടച്ചാൽ ഇല്ലാതാവുന്നതല്ല അതൊന്നും.

ലൈംഗികതയെക്കുറിച്ച് തുറന്നെഴുതുന്നത് സന്ദർഭത്തിനു ചേരുന്നതാണെങ്കിൽ ഒരു തെറ്റുമില്ല. അപ്രഖ്യാപിത വിലക്കൊന്നും ഇക്കാര്യത്തിൽ സ്‌ത്രീകൾക്കിന്നില്ല. എത്രയോ പേർ തുറന്നെഴുതുന്നു. കഥാസന്ദർഭം ആവശ്വപ്പെടാതെ തന്നെ അമിത ലൈംഗികവർണ്ണനകൾ നടത്തുന്നവരുമുണ്ട്. ഒരു തരം shortcut to attention.

ഇംഗ്ലീഷ് അധ്യാപികയായിരുന്നല്ലോ. വിദേശ സാഹിത്യങ്ങളിലെ സ്‌ത്രീ രചനകളും മലയാളത്തിലെ സ്‌ത്രീ രചനകളും എപ്പോഴെങ്കിലും താരതമ്യപ്പെടുത്തി ആലോചിച്ചിട്ടുണ്ടോ? എന്താണ് ഇതര സാഹിത്യങ്ങളിലെ സ്‌ത്രീ രചനകളുടെ അവസ്ഥ?

വിദേശത്തുള്ള സ്‌ത്രീകൾ എഴുതുമ്പോൾ അവർ നിയന്ത്രണങ്ങളോ വിലക്കുകളോ വക വെയ്ക്കുന്നില്ല. അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെടുത്തിയേ ആ കൃതികൾ വിലയിരുത്താനാവൂ. ടോണി മോറിസണായാലും പോൾ മാർഷലായാലും അവരുടെ ജീവിതവും ചുറ്റുപാടുകളും അവരുടേതായ രീതിയിൽ ഒളിവും മറവുമില്ലാതെ അവതരിപ്പിക്കാറുണ്ട്. നാലയര വാക്കുകൾ എന്നു നമ്മൾ വിശേഷിപ്പിക്കുന്ന തെറിവാക്കുകൾ അവർ സ്വതന്ത്രമായുപയോഗിക്കുന്നു. പക്ഷേ അത് ശ്രദ്ധ പിടിച്ചുപറ്റാനല്ല. ഉഗ്രമായ പ്രതിഷേധത്തിന്റെ ഭാഷയാണത്. വാക്കും പ്രവൃത്തിയും അവർക്കു രണ്ടല്ല. നമ്മുടെ എഴുത്തുകാരികളുമായി താരതമ്യ പഠനം നടത്തുന്നതു നന്നായിരിക്കും. അക്കാദമിക് ആവശ്യങ്ങൾക്കായി ചില ഇംഗ്ലീഷ് ലേഖനങ്ങൾ എഴുതിയിട്ടുള്ളതൊഴിച്ചാൽ ഞാനത്തരം ശ്രമങ്ങൾ നടത്തിയിട്ടില്ല.

എന്തുകൊണ്ടാണ് വിവർത്തക എന്ന നിലയിൽ  കൂടുതൽ ശ്രദ്ധിക്കാതിരുന്നത്? എന്തുകൊണ്ട് ഇതുവരെ ഒരു നോവൽ എഴുതുന്നില്ല?

വിവർത്തനം ഇഷ്‌ടമാണ്. സാധിക്കില്ലെന്നു പലരും ഒഴിവാക്കിയ പലതും വിവർത്തനം ചെയ്‌തിട്ടുമുണ്ട്. എസ്.വി. വേണുഗോപൻ നായർ സാറിന്റെ ആദിശേഷൻ ഇംഗ്ലീഷിലാക്കിയതു മുതൽ ഹാരൾഡ് പിന്ററിന്റെ നാടകങ്ങൾ മലയാളത്തിലാക്കിയതു വരെ അതിൽ ഉൾപ്പെടുന്നു. റേഡിയേഷൻ കാലത്ത് ചോദിച്ചു വാങ്ങി വിവർത്തനം ചെയ്‌ത നോവലാണ് ലോറന്റ് ഗ്രാഫ് എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റെ Happy Days. എന്റെ കഥകളൊക്കെ ഞാൻ തന്നെയാണ് മൊഴിമാറ്റം നടത്താറുള്ളതും. അപർണയുടെ തടവറകൾ എന്നൊരു ചെറുനോവൽ എഴുതിയിട്ടുണ്ട്. Invisible Walls എന്ന പേരിൽ അതിന്റെ സ്വന്തം വിവർത്തനവും ഉടനെ വരും.

-ജിസാ ജോസ്

4 Comments
 1. Chandran 4 years ago

  Great to know!!

 2. Joseph 4 years ago

  A great writer of the time….
  Worthwhile questions and replies… All the best!

 3. എൻ ബി സുരേഷ് 4 years ago

  ഒന്നാംതരം അഭിമുഖം

 4. Vm Jose 3 years ago

  Well done Jisa Jose.
  Love you Chandramathi teacher

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account