പരിമിതികൾ ഏറെയുണ്ട്. എന്നാലും ആ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് മണ്ണിനും, ഭൂമിക്കും, വായുവിനും വേണ്ടിയുള്ള ജനകീയ സമരങ്ങൾക്ക്, തെരുവിൽ കഴിയുന്നവരുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി മുന്നോട്ട് പോകാനാണ് ഞങ്ങൾ ഉദേശിക്കുന്നത് – കെ.കെ. രമ
എന്താണ് കെ.കെ. രമ?
പ്രസ്ഥാനത്തോട് കൂറുള്ള ഒരാൾ. മക്കൾ രാഷ്ട്രീയത്തിൽ വരുന്നതിൽ വലിയ സന്തോഷമുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ മകൾ. ഒരു പാർട്ടി കുടുംബത്തിൽ നിന്നു വരുന്ന ഞാൻ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പ്രീഡിഗ്രി പഠന കാലത്താണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് മലബാർ ക്രിസ്ത്യൻ കോളേജിലെ ഡിഗ്രി പഠനകാലത്തത് അത് സജീവതയിലാവുകയും ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെംബർ, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഞാൻ എന്നും പാർട്ടിക്കൊപ്പമായിരുന്നു. എന്റെ എല്ലാം പാർട്ടിയായിരുന്നു. സമാന ആശയക്കാരനൊപ്പം ജീവിക്കുക എന്നാഗ്രഹം ടി.പി. ചന്ദ്രശേഖരനിലേക്കെത്തിച്ചു. വിവാഹശേഷം സാധാരണക്കാർക്കൊപ്പം പ്രത്യോകിച്ച് സ്ത്രീകൾക്കൊപ്പം പ്രവർത്തിക്കുക എന്ന അനിവാര്യത തിരിച്ചറിയുകയും പ്രാദേശികതലത്തിൽ പ്രവർത്തിക്കുകയും ചെയതു തുടങ്ങി. പാർട്ടി മെമ്പർഷിപ്പിൽ നിന്നാന്ന് 2008ൽ ടി.പിയൊടൊപ്പം പുതിയ പാർട്ടിയിലേക്ക് വരുന്നത്. പ്രതിസന്ധികളിൽ പതറാതെ, തളരാതെ കരുത്താർജ്ജിച്ച് ഇന്നും മുന്നോട്ട് പോകുന്നതിന്റെ കാരണം ടി.പി.യൊടൊപ്പം ജീവിച്ചതിന്റെ ഊർജ്ജമാണ്.
പെണ്ണിരകളോടുള്ള സ്ത്രീകളുടെ പ്രതികരണം എന്താണ് ?
മുഖ്യധാരാ വനിത നേതൃത്വം ഇതിനെതിരെ മുന്നോട്ട് വരാത്തതിൽ വലിയ വിഷമം തോന്നി. രണ്ട് വനിതാസംഘടന പ്രവർത്തകർ മാത്രമാണ് എന്നെ വിളിച്ചത്. സമൂഹത്തിന്റെ ഈ മൂല്യശോഷണത്തിനെതിരെ പ്രതികരിക്കുവാൻ വനിതകൾ മുന്നോട്ട് വരുന്നില്ല. ഇത് എന്റെ വ്യക്തിപരമായ വിഷയമായി കാണുന്നില്ല, മറിച്ച് സ്ത്രീകൾക്കെതിരെയുള്ള ഒരു പൊതു വിഷയമായാണ് ഞാൻ കാണുന്നത്. ഇത് ഏത് സ്ത്രീക്കും സംഭവിച്ചേക്കാം. അതുകൊണ്ടാണ് ഞാൻ പരാതി കൊടുക്കാത്തത്. സത്രീകൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളിൽ സ്വയമേവ കേസെടുക്കുവാൻ ബാധ്യതയുള്ള വനിതാ കമ്മീഷനിലെ ഒരംഗത്തിന്റെ ഭർത്താവ് ആണ് ഇപ്പോൾ എനിക്കെതിരെ മോശപ്പെട്ട പരാമർശം നടത്തിയിരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് ഞാൻ നടത്തുന്നത്. ടി.പി.യെ ആഞ്ഞു വെട്ടിയവർ എന്നെയും അതേ രീതിയിൽ വെട്ടിക്കൊണ്ടിരിക്കുകയാണ് .
പ്രതിരോധം എന്നത് സത്രീയുടെ പ്രധാന ആവശ്യകതയായി മാറുകയാണോ?
അതെ, തീർച്ചയായും. സത്രീയായതുകൊണ്ട് തന്നെയാണ് ഈ അവസ്ഥ നേരിടേണ്ടി വരുന്നത്. സ്ത്രീ രാഷ്ട്രീയം പറയുമ്പോൾ, പൊതുപ്രവർത്തനം നടത്തുമ്പോൾ, പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ഒക്കെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നു. ലൈംഗിക പരാമർശങ്ങളും, സദാചാര പ്രശ്നങ്ങളും അവളെ തളർത്താനുള്ള വഴികളായി കാണുന്നു. സ്ത്രീ പറയുമ്പോൾ കൊള്ളേണ്ടയിടത്ത് കൊള്ളുന്നു. ആളുകളിൽ വേഗത്തിൽ എത്തുന്നു. ഇത് പ്രശ്നമാണ്. അതുകൊണ്ട് മോറൽ പോലീസിംഗിലൂടെ അവളെ തളർത്തുക. ഒരു തരം വസ്ത്രാക്ഷേപമാണിത്. ഇതിനെ പ്രതിരോധിക്കേണ്ടതാണ്. എനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ഞാൻ പറയുന്ന രാഷ്ട്രീയത്തിനെതിരെയാണ്. സ്ത്രീയും ആ രാഷ്ട്രീയം പറയുന്നു എന്നതാണ് പ്രശ്നം. എന്റെ പാർട്ടിയിയുടെ സംസ്ഥാന സെക്രട്ടറിയും, ഞാനും ഒരേ കാര്യങ്ങളാണ് ചെയ്യുന്നത്. പക്ഷെ, എനിക്കെതിരെ മാത്രമാണ് ഇത്തരം ആക്രമങ്ങൾ. ഞാൻ നല്ല വസ്ത്രം ധരിച്ചാൽ പ്രശ്നം, ചിരിച്ചാൽ പ്രശ്നം. ഭർത്താവ് മരിച്ചവൾ സഹതാപത്തിൽ ജീവിക്കേണ്ടവളാണ് എന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. ഒഞ്ചിയം റാണി, ശവം വിറ്റു ജീവിക്കുന്നവൾ, ആസ്ഥാന വിധവ തുടങ്ങിയ വിവിധതരം പേരുകൾ എനിക്കെതിരെ പ്രയോഗിക്കുന്നു. സ്ത്രീയെ ഇരുത്താൻ കഴിയുന്ന ഒന്നായി സദാചാര പ്രശ്നത്തെ കൊണ്ടുവരികയാണ്. ഞാൻ കുറെക്കാലമായി ഈ മോറൽ പോലീസിംഗിന്റെ ഇരയാണ്. കഴിഞ്ഞ ദിവസം വന്ന സിപിഎം-ന്റെ സമുന്നതനായ നേതാവ് ഗുപ്തന്റെ ഫേസ് ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത് ശരിക്കും അധ:പതനത്തെയാണ്. സ്ത്രീകളോടുള്ള സമീപനം എത്രമാത്രം സ്ത്രീ വിരുദ്ധമാണ് എന്നതാണ്. ഇത്തരം ആളുകളിൽ നിന്നും ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്തതാണ്. ഇത്തരം ആക്രമണങ്ങളൊന്നും എന്നെ വേദനിപ്പിക്കുകയോ ,നിരാശപ്പെടുത്തുകയോ ചെയ്യുന്നില്ല .
നമ്മുടെ സാംസ്ക്കാരികതയ്ക്ക് ഇരട്ട മുഖമാണെന്ന വാദം ശക്തമാണ്. ചിലപ്പോൾ പ്രതികരിക്കുകയും, ചിലപ്പോൾ നീണ്ട മൗനവും. ഇതിനെക്കുറിച്ച്?
സ്വന്തം നിലനിൽപ്പ് ഭദ്രമാക്കിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് മിക്കപ്പോഴും സാംസ്ക്കാരിക രംഗത്തു നിന്ന് ഉണ്ടാക്കുന്നത്. അനീതിക്കെതിരെ മുഖം നോക്കാതെ ശക്തമായി ശബ്ദിക്കേണ്ടവർ നമ്മുടെ സാംസ്ക്കാരിക പ്രവർത്തകരും, എഴുത്തുകാരും തന്നെയാണ്. എന്നാൽ അവർ ആരുടെയൊക്കെയോ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കുകയാണ് എന്ന തോന്നൽ അവരുടെ മൗനം നമ്മളിൽ ഉണ്ടാക്കുന്നു. എല്ലാവരേയും അടിച്ചാക്ഷേപിക്കുകയല്ല ഞാൻ. എന്നാൽ, പ്രതികരിക്കേണ്ടയിടങ്ങിൽ പ്രതികരിക്കാതെ മൗനം ആയി ഇരിക്കുന്നത് ആണ് ഇത്തരം തോന്നലുകൾ നമ്മളിൽ ഉണ്ടാക്കുന്നത്. പലപ്പോഴും രാഷ്ട്രീയം നോക്കി പ്രതികരിക്കുന്നു. നമ്മുടെ സാംസ്ക്കാരിക രംഗവും രാഷ്ട്രീയവൽക്കരിക്കപ്പെടുകയാണ്. ഈ സാംസ്ക്കാരിക മൗനം വലിയ അപകടമാണ്.
വർത്തമാനകാല രാഷ്ട്രീയം സ്ത്രീക്ക് നൽകുന്ന പരിഗണന എത്രത്തോളമാണ്?
വളരെ കുറവാണ്. സ്ത്രീസംവരണം ഉള്ളതുകൊണ്ട് മാത്രമാണ് അവൾ പരിണിഗണിക്കപ്പെട്ടുന്നത്. അതിനുമപ്പുറം പൊതുരംഗത്ത് സ്ത്രീയുടെ വാക്കിന് വില കൽപ്പിക്കുന്ന അവസ്ഥ ഇപ്പോഴും ഇല്ലെന്നു തന്നെ പറയാം. തീരുമാനങ്ങൾ എടുക്കുന്ന പദവികളിൽ ഒന്നിലും സ്ത്രീകൾ ഇല്ല. അത് എല്ലാ പ്രമുഖ രാഷ്ട്രീയ സംവിധാനങ്ങളിലും നോക്കിയാൽ കാണാവുന്നതാണ്. അവൾ ചില അലങ്കാര പദവികളിൽ മാത്രം ഒതുങ്ങുന്നു. കഴിവുള്ള സ്ത്രീകൾ ധാരാളമുണ്ട്, പക്ഷെ രാഷട്രീയത്തിലെ ആൺകോയ്മ മറികടന്ന് മുന്നിലേക്ക് വരുക എന്നത് സ്ത്രീയെ സംബന്ധിച്ച് വലിയ പ്രയാസകരമാണ്. കഴിവുള്ള സ്ത്രീകൾ മുന്നോട്ട് കൊണ്ടുവരുന്നതിൽ ബോധപൂർവ്വമായ ഒരിടപെടൽ നമ്മുടെ രാഷ്ട്രീയ രംഗത്ത് ഉണ്ടാകുന്നില്ല. അവളെ സംവരാണാനുകൂല്യത്തിൽ ഒരുക്കപ്പെടുന്നു. രാഷ്ട്രീയത്തിൽ അവസര സമത്വം എന്നത് വാക്കുകളിൽ മാത്രമാണ് .
ഉയർന്നു വരുന്ന സ്ത്രീ കൂട്ടായ്മകൾ ഏകീകരിച്ച് ശക്തിപ്പെടുത്തുവാനുള്ള സമയമായി എന്നു തോന്നുന്നുണ്ടോ?
അനിവാര്യമായ കാലമാണിത്. ശക്തിപ്പെടേണ്ട സമയമാണിത് എന്ന തിരിച്ചറിവിൽ അത്തരം ആലോചനകൾക്ക് തുടക്കമായിട്ടുണ്ട്. പെണ്ണൊരുമ എന്ന പേരിൽ കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു കൂട്ടായ്മ തുടങ്ങിയിട്ടുണ്ട്. ചില പ്രശ്നങ്ങളിൽ ഇടപെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും അത് സജീവമായി വരുന്നേയുള്ളൂ. ഇത്തരം കൂട്ടായ്മകൾക്ക് ഒരു രാഷ്ട്രീയം കൂടി വേണമെന്ന അഭിപ്രായം എനിക്കുണ്ട്. കേരളത്തിലെ പ്രശ്നം ഒരു ചെറിയ വിഭാഗം സ്ത്രീകൾ മാത്രമാണിപ്പോഴും പൊതുരംഗത്തേക്ക് വരുന്നത് എന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെ അതിപ്രസരവും, കുടുoബശ്രീ പോലുള്ളവയിൽ സ്ത്രീകളെ തളച്ചിടന്നതു കാരണവും ഭൂരിഭാഗവും പുറത്തേക്ക് വരുന്നില്ല. രാഷ്ട്രീയ മേധാവിത്വത്തിനു അപ്പുറമുള്ള ഒരു സ്ത്രീമുന്നേറ്റമാണ് നമുക്കാവശ്യം. അതിന് കുറെയധികം അദ്ധ്വാനം ആവശ്യമാണ്. എന്തായാലും അതിനുള്ള പ്രവർത്തങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കാലഘട്ടം അത് ആവശ്യപ്പെടുന്നുണ്ട്.
രമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ ഭാവി?
ഭാവി ഞാൻ പ്രവചിക്കുന്നില്ല. നിലവിൽ ഇടതുപക്ഷത്തിന്, പ്രത്യോകിച്ച് സിപിഎം-ന് സാമൂഹ്യ അധ:പതനം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. അതുകൊണ്ട് തന്നെ അനീതിക്കെതെരിയുള്ള ഒരു ഇടതുപക്ഷ പ്രസ്ഥാനമായി മുന്നോട്ട് പോവുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഞങ്ങളുടേത് ചെറിയ പ്രസ്ഥാനമാണ്. പരിമിതികൾ ഏറെയുണ്ട്. എന്നാലും ആ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് മണ്ണിനും, ഭൂമിക്കും, വായുവിനും വേണ്ടിയുള്ള ജനകീയ സമരങ്ങൾക്ക്, തെരുവിൽ കഴിയുന്നവരുടെ പോരാട്ടങ്ങൾക്ക് ഒക്കെ നേതൃത്വം നൽകി മുന്നോട്ട് പോകാനാണ് ഞങ്ങൾ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ദേശീയ തലത്തിൽ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ യോജിപ്പിച്ച് ഒരു ഇടത് ഐക്യം രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവമാക്കുവാനുള്ള ശ്രമത്തിലാണ്. ഇത്തരത്തിൽ അനീതിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിന് പ്രസക്തി വർദ്ധിച്ചിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം .
സ്ത്രീകൾക്കൊപ്പം ഉണ്ടാകുമോ?
തീർച്ചയായും. സ്ത്രീകൾക്കു വേണ്ടിയുള്ള പോരാട്ടം പാർട്ടിക്കകത്തും, പുറത്തും ഇനിയും തുടരും. അത് വലിയ അനിവാര്യതയാണ്.
നന്നായിട്ടുണ്ട്