“സ്വീകരിക്കപ്പെട്ട ചരിത്രത്തിൽ നമ്മളൊക്കെ പുറത്താണ്. എഴുതപ്പെട്ട ചരിത്രം എന്നും അധികാരത്തിന്റെ ചരിത്രം കൂടിയാണ്. അത് ഏറ്റുമുട്ടലുകളുടേയും കൂടി കഥയുമാണ്. ചരിത്രം മാറുന്നില്ല, കളിക്കളങ്ങളേ മാറുന്നുള്ളൂ”- T.D. രാമകൃഷ്‌ണൻ

സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ T.D രാമകൃഷ്‌ണന് ഹൃദ്യമായ അഭിനന്ദനങ്ങൾ!

ശ്രീലങ്കയുടെ രാഷ്‌ട്രീയ സങ്കീർണതകളാണല്ലോ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ ആധാരം. എന്തുകൊണ്ട് ശ്രീലങ്ക?

കാൽ നൂറ്റാണ്ടിലേറെയായി ശ്രീലങ്കൻ രാഷ്‌ട്രീയം അടുത്ത് നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ. പ്രഭാകരനോടൊക്കെ വീരാരാധന തോന്നിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ആത്‌മഹത്യാ ബോംബുകൾ പോലുള്ള സമര രീതികളോട് പൊരുത്തപ്പൊൻ കഴിഞ്ഞില്ല. ഒരു വിമോചന സമരത്തിന് വയലൻസ് ഉണ്ടാവരുത് എന്നൊന്നും ഞാൻ അഭിപ്രായപ്പെടുന്നില്ല. അവരൊരുപക്ഷേ അതിനു നിർബന്ധിതരായതുമാവാം. പക്ഷേ നമുക്കത് അത്ര Comfortable ആയി തോന്നിയില്ല. ഇതിനിടയിൽ സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആരുമുണ്ടാവില്ലേ എന്നൊരു അന്വേഷണം എന്നിലുണ്ടായിരുന്നു. അവിടെയുള്ള എഴുത്തുകാരും മറ്റു സാമൂഹ്യ പ്രവർത്തകരും വിവരങ്ങൾ പങ്കുവെക്കുമായിരുന്നു. എഴുത്തുകാർ ലോകത്തെല്ലായിടത്തും എന്നതുപോലെ ലങ്കയിലും സമാധാനത്തിനുവേണ്ടി ശ്രമിച്ചു. പക്ഷേ അവർക്ക് നേരിടേണ്ടി വന്നത് നമുക്കൊന്നും സങ്കൽപ്പിക്കാനാവാത്ത ഭീകരമായ അനുഭവങ്ങളാണ്. മിക്കവരും കൊല്ലപ്പെടുകയോ പാലായനം ചെയ്യാൻ നിർബന്ധിതരാവുകയോ ചെയ്‌തു. ബഹുഭൂരിപക്ഷത്തിനും നാടുവിടേണ്ടിവന്നു. കൊല്ലപ്പെട്ടവരെക്കുറിച്ച് നമുക്കറിയില്ല. പെൻ പുരസ്‌ക്കാരം നേടിയ ചിദ രമണിയൊക്കെ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇത്തരം അന്വേഷണങ്ങളാണ് രജനി തിരണഗാമയിലൊക്കെ എത്തി നിൽക്കുന്നത്. സ്വാഭാവികമായും ഒരു നോവൽ എഴുതേണ്ടി വന്നപ്പോൾ ശ്രീലങ്ക ഉപയോഗിക്കപ്പെട്ടു എന്നതാണ് സത്യം . നോവലിനു വേണ്ടിയല്ല ലങ്കയെക്കുറിച്ച് പഠിച്ചത് എന്നർഥം.

ജനാധിപത്യത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും ലംഘനമാണല്ലോ സുഗന്ധിയുടെ അടിസ്ഥാന രാഷ്‌ട്രീയം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ ധ്വംസനവും ലോകവ്യാപകമായി നടക്കുകയും ചെയ്യുന്നു. അപ്പോൾ നമുക്ക് സമകാലിക രാഷ്‌ട്രീയാവസ്ഥകളെക്കൂടി ചർച്ച ചെയ്യേണ്ടി വരില്ലേ…?

തീർച്ചയായും സുഗന്ധി സമകാലിക രാഷട്രീയത്തെക്കുറിച്ചു തന്നെയാണ് ചർച്ച ചെയ്യുന്നത്. സുഗന്ധി ശ്രീലങ്കയുടെ മാത്രം കഥയല്ല. ശ്രീലങ്ക ലോകത്തിനു മുമ്പിൽ പിടിക്കുന്ന കണ്ണാടിയാണ്. കാഷ്‌മീരിലാണെങ്കിലും, സിറിയയിലോ അഫ്‌ഗാനിസ്ഥാനിലോ സൗത്ത് സുഡാനിലോ ആണെങ്കിലും ഹിംസയുടെ വിവിധ തലങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്‌തമല്ല. പല അതിർത്തി പ്രദേശങ്ങളിലും വല്ലാതെ ഹിംസാത്‌മകമായ രീതികളിലാണ് നേരിടപ്പെട്ടുന്നത്.

ഇവിടെ സംഭവിക്കുന്നതെന്തെന്നുവച്ചാൽ മനുഷ്യകുലത്തിനെ അതിന്റെ ആസുരതകളിൽ നിന്ന് മോചിപ്പിക്കാൻ പലതരത്തിലുള്ള പ്രവാചകൻമാരും ഫിലോസഫർമാരും ശ്രമിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായാണ് ഒട്ടനവധി മതങ്ങൾ രൂപപ്പെട്ടത്. വിവിധ പ്രത്യയശാസ്‌ത്രങ്ങൾ രൂപപ്പെട്ടത്. എല്ലാത്തിന്റേയും ലക്ഷ്യം മനുഷ്യൻ എന്ന ഈ  ജന്തുവിനെ സാമൂഹ്യ ജീവിയാക്കി പരസ്‌പരം ബഹുമാനിച്ചും സ്‌നേഹിച്ചും ജീവിക്കാൻ പഠിപ്പിക്കാനാണ്.  മത ജാതി ലിംഗ വ്യത്യാസങ്ങളെ മറികടക്കാൻ പര്യാപ്‌തമാക്കാനാണ്. പക്ഷേ നമ്മളെല്ലാവരും  ഉൾപ്പെടുന്ന ഈ മനുഷ്യൻ എന്ന ജന്തുവർഗം നമ്മൾ കരുതുന്നതു പോലെ ആത്യന്തികമായി നന്മയുടെ അംശങ്ങൾ വച്ചുപുലർത്തുന്നവരല്ല. നമുക്ക് അംഗീകരിക്കാനാവില്ലെങ്കിലും അതൊരു യാഥാർഥ്യമാണ്. ഹോമോ സാപ്പിയൻ എന്ന ഒരൊറ്റ മനുഷ്യ സംജ്ഞ കൊണ്ട് വിശദീകരിക്കാൻ സാധ്യമല്ല മനുഷ്യനെ. ഇത്രയേറെ ഹെറ്ററോ ജീനസ് ആയ മറ്റൊരു ജന്തുവർഗം ഭൂമിയിലില്ല. രൂപത്തിലല്ലാതെ മറ്റെല്ലാ തരത്തിലും, ചോദനകളിലും അഭിരുചികളിലും എന്നു വേണ്ട സർവതിലും യാതൊരു സാമ്യവുമില്ലാത്ത ഈ വർഗത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ചെയ്യുന്ന എല്ലാ പ്രവൃത്തികളും അവന്റെ ആനന്ദത്തിനും സ്വാർഥതക്കും അധികാരത്തിനും വേണ്ടി മാത്രമാണ്. ഇതു തുറന്നു സമ്മതിക്കാതെ വ്യാജമായ മാന്യതയുടേയും നന്മയുടേയും മുഖംമൂടി വച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്. ഈ ജീവിയുടെ തലച്ചോറിനകത്ത് ഒരു തീരുമാനമെടുക്കൽ നടക്കുമ്പോൾ അതിൽ നിന്ന് തനിക്കെന്ത് ലാഭം എന്ന് കണക്കുകൂട്ടുന്നുണ്ട്. നിസ്വാർഥൻ എന്നു നാം വിചാരിക്കുന്നവർ പോലും ആ നിസ്വാർഥത കൊണ്ട് അവർക്കുണ്ടാകുന്ന നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിസ്വാർഥരാവുന്നത്.  എല്ലാവരും വിപ്ലവത്തിനു തയ്യാറാണ്. പക്ഷേ മാറ്റത്തിനു ശേഷം എന്തെങ്കിലും നേട്ടങ്ങളുണ്ടായേ പറ്റൂ. നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള ഒരു വിപ്ലവത്തിനും ആരും തയ്യാറല്ല. ഇതിലൊക്കെ മനുഷ്യൻ ആനന്ദിക്കുന്നു. പണത്തിൽ, അധികാരത്തിൽ, കാമത്തിൽ ഒക്കെ മനുഷ്യൻ ആനന്ദിക്കുന്നു. പല മതങ്ങൾ. വിവേകാനന്ദനെപ്പോലുള്ള മഹാൻമാർ ഒക്കെ മനുഷ്യനെ ഭൗതികമായ ഈ ആനന്ദങ്ങളിൽ നിന്ന് മോചിപ്പിക്കാൻ എന്തൊക്കെ ചെയ്‌തു. സ്വർഗം എന്ന സങ്കൽപം തന്നെ അതിനു നിർമിച്ചതല്ലേ.. പക്ഷേ എന്നിട്ടൊന്നും മനുഷ്യൻ മാറിയില്ല.  അതായത് ഒരു ഗ്രൂപ്പിലെ ഓരോരുത്തർക്കും അവനവന്റെ നേട്ടങ്ങൾ പ്രധാനമാണ്. സ്വാർഥത എന്നു വിളിക്കാവുന്ന ഈ സ്വഭാവത്തെ കുറ്റപ്പെടുത്താനാവില്ല നമുക്ക്. നരവംശശാസ്‌ത്രപരമായ ഇത്തരം സ്വഭാവങ്ങളെ വിശകലനം ചെയ്യാനാണ് എന്റെ മൂന്നു നോവലുകളിലും ഞാൻ ശ്രമിച്ചിട്ടുള്ളത്.

ആൽഫ മൂന്നു കാലങ്ങളേയും അഭിസംബോധന ചെയ്യുമ്പോൾ ഇട്ടിക്കോരയും സുഗന്ധിയും ഭാവിയെക്കുറിച്ച് മൗനം പാലിക്കുന്നു.  ഭാവി പ്രവചനാതീതമാണെന്നാണോ, ഭാവി പരാമർശിക്കേണ്ടതില്ല എന്നാണോ?

അതിപ്പോ എഴുത്തുകാരന് അത്ര വലിയ ഉത്തരവാദിത്തമുണ്ട് എന്നൊന്നും കരുതണ്ട എന്നാണ് തോന്നുന്നത്. ആൽഫ കുറച്ചു കൂടി ഫിലോസഫിക്കൽ ആയ തലത്തിൽ നിന്നാണ് കഥ പറയുന്നത്. അതിന് അതിന്റേതായ മേന്മകളുണ്ട്. അതോടൊപ്പം പരിമിതികളുമുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു പുസ്‌തകം ഒരാളെക്കൊണ്ട് വായിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. അതിന് കഥ പറയുന്ന രീതിയിൽ മാറ്റം വരുത്തുകയേ വഴിയുള്ളൂ. മാസ്‌മരികമായ രീതിയിൽ കഥ പറയുകയേ തരമുള്ളൂ.  ആൽഫയിൽ ഫിലോസഫിയുടെ അളവ് കുറച്ചു കൂടുതലാണ്. ചിലപ്പോഴൊക്കെ തൈരുകടയുമ്പോൾ വെണ്ണയെന്ന പോലെ ഫിലോസഫി മുകളിലേക്ക് വരുന്നുമുണ്ട്. ഇതുകൊണ്ട് എന്തു പറ്റീന്നു വച്ചാൽ ഫിലോസഫിയിൽ താൽപര്യമില്ലാത്ത വായനക്കാർ അതു വായിച്ചതേയില്ല. താൽപര്യമുള്ള വായിച്ചവർ അതിനെക്കുറിച്ച് പറഞ്ഞതുമില്ല. അതാണ് എന്റെ വ്യക്‌തിപരമായ ആശയങ്ങളോ നിലപാടുകളോ ഒന്നും തുറന്നു പറയാതെ, അതൊക്കെ വായനക്കാരനു വിട്ടുകൊടുക്കുന്ന കഥാ രീതി ഇട്ടിക്കോരയിലും സുഗന്ധിയിലും സ്വീകരിക്കാൻ കാരണമായത്. എന്റെ ശരി സമൂഹത്തിന്റെ ശരിയാണ് എന്ന നിലവരുന്നത് വലിയ അപകടമാണ് എന്ന് കരുതുന്ന ആളാണ് ഞാൻ. അതുകൊണ്ട് എന്നെ അപ്രത്യക്ഷനാക്കിക്കൊണ്ട് ചില സോഷ്യോ പൊളിറ്റിക്കൽ യാഥാർഥ്യങ്ങൾ വായനക്കാരനു നൽകുകയും വായനക്കാരനും നമ്മളെഴുതുന്ന ടെക്സ്റ്റും തമ്മിലുള്ള ഡിബേറ്റാണ് ലക്ഷ്യം വക്കുന്നത്. അതു കൊണ്ടാണ് ആൽഫയെ പോലെ തീർപ്പുകളില്ലാത്തത് അത് വായനക്കാരന്റെ ഉള്ളിൽ സംഭവിക്കണമെന്നാണ് ഉദ്ദേശ്യം. അതു കൊണ്ടു തന്നെ  ആൾക്കാർ വായിക്കുകയും യോജിക്കുകയും വിയോജിക്കുകയും കലഹിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. കലഹം ഒരു സർഗാത്‌മകമായ ഭൗതിക പ്രവർത്തനം തന്നെയാണ്. സർഗാത്‌മകമായ കലഹം സംവാദത്തിലേക്കെത്തും . അതാണ് പുതിയ ചിന്തകളെ ഉൽപാദിപ്പിക്കുക. അതിനുള്ള ശ്രമമാണ് ഇട്ടിക്കോരയും സുഗന്ധിയും എന്നു പറയാം.

ആൽഫക്കും ഇട്ടിക്കോരക്കുമിടയിൽ ഒരു മൗനമുണ്ടല്ലോ..

ആൽഫക്കും ഇട്ടിക്കോരക്കുമിടയിലുള്ള അഞ്ചു കൊല്ലമാണ് ഞാൻ തമിഴുമായി ആഴത്തിലുള്ള ബന്ധമുണ്ടാക്കുന്നത്. അക്കാലം ചെന്നൈയിലായിരുന്നു താമസം.

ഫ്രാൻസിസ് ഇട്ടിക്കോര അന്നോളം നിലവിലുണ്ടായിരുന്ന സാഹിത്യ സദാചാര ബോധത്തെ അട്ടിമറിക്കുകയാണ്. അതുകൊണ്ട് തന്നെ കാര്യമായ വിമർശനങ്ങളും കല്ലേറുകളും കൊള്ളുകയും ചെയ്‌തു. അസ്വാഭാവികമോ അക്രമാസക്‌തമോ ആയ രതി, നരമാംസാസ്വാദനം തുടങ്ങി വയലൻസിനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നിട്ടും വായനക്കാർ നോവലിനെ സ്വീകരിക്കുന്നു. അതായത് മലയാളിയുടെ അടിസ്ഥാന സ്വഭാവമായ സരള പ്രണയം, കുടുംബം തുടങ്ങി എല്ലാത്തിനേയും നിഷേധിച്ചിട്ടും വായനക്കാർ കൂടെ നിന്നു എന്നത് കൗതുകകരമാണ്.

ഞാനെന്റെ മൂന്നു നോവലുകളിലും കുടുംബത്തെപ്പറ്റി പറയുന്നതേയില്ല. ഇട്ടിക്കോരയിലെ മൂന്നു കഥാപാത്രങ്ങൾ, രേഖ, രശ്‌മി, ബിന്ദു എന്നിവർ എങ്ങനെയാണ് ഇത്തരത്തിലായത് എന്ന് ഓരോ അധ്യായത്തിലായി വിശദീകരിക്കണം എന്നു വിചാരിച്ചതാണ്. ഒരധ്യായം എഴുതുകയും ചെയ്‌തു. പിന്നീടതു വേണ്ടെന്നു വക്കുകയാണ് ചെയ്‌തത്. പത്തു കൊല്ലം മുമ്പ് ലൈംഗികതയേയും  വ്യഭിചാരത്തേയും കുറിച്ചൊക്കെയുള്ള കാഴ്ച്ചപ്പാടുകൾ ഇന്നത്തെപ്പോലെയല്ല. ഒരു സ്‌ത്രീ വേശ്യാവൃത്തിയിലേക്ക് വരുന്നത് ഗതികേടുകൊണ്ടോ ചതിക്കപ്പെട്ടോ ഒക്കെയാണ് എന്നു തന്നെയാണ് സമൂഹസിദ്ധാന്തം . ജീവിക്കാൻ വഴിയുള്ള ആരും അത്തരമൊരു പണിക്കു വരില്ല.

എന്നാൽ അങ്ങനെയൊരു പശ്ചാത്തലത്തിലല്ലാതെയും അപ്രകാരം ജീവിക്കുന്ന സ്‌ത്രീകളെ അറിയാമെന്നിരിക്കെ എന്തിനാണ് അങ്ങനെയൊരു വിശദീകരണം എന്നു തോന്നിയിട്ടാണ് ആ അധ്യായം ഉപേക്ഷിച്ചത്. അധികാരശ്രേണിയിലെ വിവിധ ഘട്ടങ്ങളിൽ സ്വാർഥ ലാഭങ്ങൾക്കായി  ലൈംഗികതയെ ഉപയോഗപ്പെടുത്തുന്ന നിരവധി ആൾക്കാരെ നമുക്കറിയാമെന്നിരിക്കെ വ്യാജ സദാചാര സംഹിതകളുടെതായ ഒരു വിശദീകരണം ആവശ്യമില്ല എന്നു തോന്നി.

രണ്ടാമത്, അധികാരഘടനയിലെ ഏറ്റവും ശക്‌തമായ ഘടകമാണ് കുടുംബം എന്നതാണ്. ഇതിനെ മറികടക്കുക എന്നത് അത്ര എളുപ്പമല്ല. സത്യമാണെങ്കിലും ഒട്ടും സ്വീകാര്യമല്ല കുടുംബം വലിയ സംഘർഷങ്ങളുണ്ടാക്കുന്നു എന്നത് . അതുകൊണ്ടുതന്നെ ഇട്ടിക്കോര എഴുതുന്നത് ഒട്ടും സുഖകരമായ അവസ്ഥയല്ല. ഒരു തരം ഞാണിൻമേൽ കളിയായിരുന്നു അത്. വലിയ ആക്ഷേപങ്ങൾ കേൾക്കും എന്നുറപ്പിച്ചു തന്നെയാണ് അതെഴുതുന്നതും. എത്ര മറച്ചു വച്ചാലും എല്ലാവരുടേയും ഉള്ളിൽ സ്വാർഥതയുണ്ട്. വ്യക്‌തിപരമായ നേട്ടമാണ് എല്ലാവരുടേയും ലക്ഷ്യം എന്നത് ഒരു യൂണിവേഴ്‌സൽ ട്രൂത്ത് ആണ്. പക്ഷേ നമ്മുടെ ജനങ്ങൾക്കു കംഫർട്ടബിൾ ആകുമോ ഇതു പറഞ്ഞാൽ? നമുക്ക് നമ്മളൊക്കെ നിസ്വാർഥരാണെന്ന് നടിക്കുകയും നല്ലവരാണെന്ന് ഭാവിക്കുകയും അതുകൊണ്ടു കിട്ടുന്ന നേട്ടങ്ങളെ സ്വന്തമാക്കുകയും വേണം. അതേസമയം ഈ സ്വാർഥതയെ നമുക്ക് അങ്ങനെയങ്ങ് തള്ളിക്കളയാനും പറ്റില്ല. മനുഷ്യനെ മുന്നോട്ടു നയിക്കുന്ന torque അതാണ്.  സോവിയറ്റ് യൂണിയൻ തകർന്നു പോകാനുള്ള കാരണമെന്താണ്? നിങ്ങൾ എത്ര ജോലി ചെയ്‌താലും നിങ്ങൾക്കു കിട്ടാൻ പോകുന്നത് മുന്നൂറ്റമ്പത് ഗ്രാം ബ്രഡും അമ്പത് ഗ്രാം വെണ്ണയുമാണെങ്കിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ എങ്ങനെയാണ് താൽപ്പര്യമുണ്ടാവുക? എല്ലാവർക്കും ഒരേ പോലത്തെ വീട്, ട്രാക്റ്റർ ഓടിക്കുന്നവനും കോളേജധ്യാപകനും ഒരേ ശമ്പളം, ഒരേ വസ്‍ത്രം, എല്ലാം ഗവർമെന്റ് നിങ്ങൾക്കു തരുന്നു, പകരം നിങ്ങൾ ജോലി ചെയ്യുന്നതൊക്കെ ഗവർമെന്റ് എടുക്കുന്നു. ചൂഷണമില്ല, അസമത്വമില്ല,.. മഹത്തായ സങ്കൽപ്പമാണ്. പക്ഷേ അങ്ങനെയായാൽ പിന്നെന്തിനു നാം അധ്വാനിക്കണം എന്ന സംശയമുയരുന്നു. അടിസ്ഥാനപരമായ മനുഷ്യന്റെ അധ്വാനിക്കാനുള്ള പ്രവണതയെ നിരാകരിക്കലാണിത്. പിന്നീട് ഉരുക്കു മുഷ്‌ടികളാണ് അവനെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്. പക്ഷേ അത് നിലനിൽക്കില്ല. നോക്കൂ, ഒരു കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിൽ വ്യത്യസ്‌ത തലങ്ങളുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണ്. ചൈനയിൽ 1977 മുതൽ 87 വരെ നടന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായാണ് ആ സമ്പദ് വ്യവസ്ഥ ഇന്ന് ബലത്തിൽ നിൽക്കുന്നത്. മനുഷ്യന്റെ സ്വാർഥതയെ കുറേശെ കുറശെയായി പ്രോത്‌സാഹിപ്പിക്കുകയും അതേ സമയം അവന്റെ സ്വാതന്ത്ര്യത്തെ പൂർണമായി നിയന്ത്രിക്കുകയും ചെയ്യുന്നതായിരുന്നു ആ പരിഷ്‌കാരങ്ങളുടെ രീതി. മുതലാളിത്തത്തിന് ഏറ്റവും നന്നായി പ്രവർത്തിക്കാൻ കഴിയുക നിയന്ത്രിതമായ ഒരു ഒറ്റപ്പാർട്ടി സംവിധാനത്തിലായിരിക്കും. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ സ്റ്റേറ്റിൽ പ്രവർത്തിക്കുന്ന മുതലാളിത്തത്തിന് ഇവിടെയുള്ള പാർലമെന്ററി ഇടപെടലുകളേയും  പൊതുജന ചർച്ചകളേയും അവയുണ്ടാക്കുന്ന വെല്ലുവിളികളേയും നേരിടേണ്ടി വരും. അതായത് സ്വാതന്ത്ര്യം നിയന്ത്രിതമാണെങ്കിൽ അവിടെ മുതലാളിത്തം കാര്യക്ഷമമായി പ്രവർത്തിക്കും. നമ്മളിപ്പോ അൽപാൽപമായി സ്വകാര്യവൽക്കരിച്ചു കൊണ്ടിരിക്കുകയാണല്ലോ. അപ്പോൾ അതിൽ കുറച്ച് അഴിമതിയും സ്ഥാനം പിടിക്കും. അഴിമതി മോശമാണെന്ന് തോന്നാം. പക്ഷേ പലപ്പോഴും അഴിമതിക്കുള്ള സാധ്യതകളാണ് മനുഷ്യനെ കൂടുതൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിനു കാരണം മുതലാളിത്തത്തിൽ മനുഷ്യന്റെ സ്വാർഥത, ആർത്തി തുടങ്ങിയതിനെയൊക്കെ തൃപ്‌തിപ്പെടുത്താനുള്ള Space ഉണ്ട്. സോവിയറ്റ് യൂണിയൻ തകർന്ന സമയത്ത് ഫുക്കയാമയുടെ ഒരു ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്. മറ്റു തത്വശാസ്‌ത്രങ്ങൾക്കൊന്നും ഇനി പ്രസക്‌തിയില്ല. ഇനി മുതലാളിത്തം എന്ന ഒരു തത്വമേയുള്ളു എന്ന്. മതങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഒരു മതം മറ്റൊരു മതത്തെ ആക്രമിച്ചു തവിടുപൊടിയാക്കുകയൊന്നുമല്ല. മനുഷ്യന്റെ അത്യാഗ്രഹത്തെ തൃപ്‌തിപ്പെടുത്താൻ ഏതു മതത്തിലാണോ കൂടുതൽ അവസരം അതിലേക്ക് ആളുകൂടുകയും അങ്ങനെയല്ലാത്തവ പിന്തള്ളപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് ജൈനിസം എന്തുകൊണ്ട് തകർന്നു? അതിന്റെ ആശയം മഹത്തായ ത്യാഗമാണ്. ഈ മനുഷ്യൻ എന്ന ജന്തുവിന് ത്യാഗം എങ്ങനെ ഉൾക്കൊള്ളാൻ കഴിയും? മതത്തിനനനുസരിച്ച് സ്വയം കണ്ടീഷൻ ചെയ്യലല്ല, അവന്റെ സൗകര്യത്തിനുള്ള മതത്തിലേക്ക് മാറുകയാണ് അവൻ ചെയ്യുന്നത്.

ബുദ്ധമതത്തിനെ ഹിന്ദുമതം കീഴടക്കിയതൊന്നുമല്ല.  ഹിന്ദുമതത്തിൽ ഇത്തരം സ്വാർഥ ലാഭങ്ങൾക്കു കൂടുതൽ അവസരങ്ങളുണ്ട്. അതുകൊണ്ട് ഹിന്ദുമതം അതിജീവിച്ചു. മനുഷ്യൻ എന്ന ജന്തു ഒട്ടനവധി വിചിത്ര സ്വഭാവമുള്ള ഒന്നാണ്. അതു സമ്മതിക്കാതെ മനുഷ്യൻ മഹത്തായ ഒരു സംഭവമാണ് എന്ന് നാം വെറുതെ പറയുകയാണ്. മനുഷ്യൻ ഉള്ളിലൊന്നു വച്ച് മറ്റൊന്നാണെന്നു നടിക്കാൻ വല്ലാത്ത ശേഷിയുള്ള മൾട്ടി ലെയർ പേഴ്‌സണാലിറ്റിയുള്ള ഒരു ജീവിയാണ്. അതിനെയാണ് ഇട്ടിക്കോരയിലും സുഗന്ധിയിലും കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്.

ചരിത്രമാണല്ലോ T.D രാമകൃഷ്‌ണന്റെ സ്രോതസ്. ചരിത്രത്തോട്  എത്രമാത്രം നീതി പുലർത്തിയിട്ടുണ്ട്?

ചരിത്രമാണ് വായനക്കാരൻ അറിയാൻ ആഗ്രഹിക്കുന്നത്. എന്നാൽ ചരിത്രത്തിൽ ഏറെ പൂരിപ്പിക്കപ്പെടാത്ത മേഖലകളുണ്ട്. കഥ പറച്ചിലുകാരന്റെ മേഖല അതാണ്. വിട്ടു പോയ ചരിത്രത്തിൽ ഒരുപാടു പേർ വിസ്‌മൃതിയിൽ കിടക്കുന്നുണ്ട്. സ്വീകരിക്കപ്പെട്ട ചരിത്രത്തിൽ നമ്മളൊക്കെ പുറത്താണ്. എഴുതപ്പെട്ട ചരിത്രം എന്നും അധികാരത്തിന്റെ ചരിത്രം കൂടിയാണ്. അത് ഏറ്റുമുട്ടലുകളുടേയും കൂടി കഥയുമാണ്. ചരിത്രം മാറുന്നില്ല, കളിക്കളങ്ങളേ മാറുന്നുള്ളൂ. അതേ സമയം ചില സ്ഥിരം കളിക്കളങ്ങളുണ്ട് താനും. ചരിത്രത്തിലെ ഈ പ്രശ്‌നസന്ധികളെ  വിശകലനം  ചെയ്യാനുള്ള ശ്രമങ്ങളാണ് എന്റെ  എഴുത്ത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account