വൻ കുടലിലെ അണുബാധയെ തുടർന്ന്, പ്രശസ്ത ചലച്ചിത്ര നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. അൻപത്തിമൂന്ന് വയസ്സായിരുന്നു. 2018 -ലാണ് അദ്ദേഹത്തിന് ‘ന്യൂറോ എൻഡോക്രൈൻ ട്യൂമർ’ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു.
പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രിയും ദേശീയ ചലച്ചിത്ര അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ നടനാണ് ഇർഫാൻ ഖാൻ. അതിനുമപ്പുറം ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നവൻ.
ബോളിവുഡിൽ മാത്രമല്ല, ഹോളിവുഡിലും അദ്ദേഹം തന്റെ അഭിനയപാടവം തെളിയിച്ചിരുന്നു.
മീരാ നായരുടെ ‘സലാം ബോംബെ’ (1988) എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. 2011 ൽ ‘പാൻ സിംഗ് തോമർ’ ലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി.
2017 ൽ അഭിനയിച്ച ‘ഹിന്ദി മീഡിയം ‘ എന്ന ചലച്ചിത്രം ഇൻഡ്യയിൽ മാത്രമല്ല ചൈനയിലും സൂപ്പർ ഹിറ്റായി മാറി. കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിലൊന്നാണ് ‘ഹിന്ദി മീഡിയം’.
ഓസ്കാർ നേടിയ സ്ലം ഡോഗ് മില്യണയർ, ലഞ്ച് ബോക്സ്, ലൈഫ് ഓഫ് പൈ, ജുറാസിക് വേൾഡ്… ഇവയൊക്കെ ആ അഭിനയ പ്രതിഭയുടെ പാടവം തെളിയിക്കപ്പെട്ടവയിൽ ചിലതാണ്. അംഗ്രേസി മീഡിയമാണ് അഭിനയിച്ചതിൽ അവസാന ചിത്രം .
സിനിമകളിൽ മാത്രമല്ല, സീരിയലുകളിലും ടെലിവിഷൻ നാടകങ്ങളിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ തുടങ്ങിയവ അതിൽ പ്രധാനങ്ങളാണ്.
അഭിനേതാവ് ആകുന്നതിനു മുൻപ് മികച്ച ക്രിക്കറ്റർ കൂടിയായിരുന്നുവെങ്കിലും പരിശീലത്തിനും മത്സരങ്ങളിൽ പങ്കെടുക്കുവാനും വേണ്ടിയിരുന്ന പണത്തിന്റെ അഭാവം മൂലം ക്രിക്കറ്റിനോടു വിട പറയേണ്ടി വന്നു.
ഇർഫാൻ… നിങ്ങളെന്നും സിനിമാ പ്രേമികളുടെ ഹൃദയത്തിലുണ്ടാവും വേർപാടില്ലാതെ.
പ്രണാമം!