ഊളകളായ നായകന്റെയും വില്ലന്റെയും രണ്ടു മണിക്കൂർ നീണ്ട ആണത്തപ്രകടനങ്ങളെ  ഒരു നിമിഷം കൊണ്ട്, കേവലം ഒരു വിരൽ കൊണ്ട് തകർത്തെറിയുന്ന നായികയാണ് ഇഷ്‌ക് എന്ന സിനിമയെ മലയാള സിനിമയിൽ  അനശ്വരമാക്കുന്നത്. പെണ്ണിനെ ഇരയാക്കിയുള്ള  വില്ലത്തരവും അതേ നാണയത്തിലുള്ള നായകന്റെ പ്രതികാരവും മലയാളത്തിലെ  വാണിജ്യസിനിമയുടെ പ്രധാന വിഭവങ്ങളാണ്. അത്തരമൊരു പടമാകാതെ ഇഷ്‌കിനെ ഉയർത്തി നിർത്തുന്ന ക്ലൈമാക്‌സ് ഏറ്റവും വലിയ കയ്യടി അർഹിക്കുന്നുണ്ട്. അനുരാജ് മനോഹർ എന്ന പുതിയ സംവിധായകനും തിരക്കഥാകൃത്ത് രതീഷ് രവിക്കും അഭിനന്ദനങ്ങൾ. അതീവ ലളിതവും അതേ സമയം കിടിലവുമായ ആ ക്ലൈമാക്‌സ് ഷോട്ടുകളാണ് സിനിമയിലേക്ക് ശക്‌തമായ സ്‌ത്രീപക്ഷ രാഷ്‌ട്രീയം ഗംഭീരമായി സന്നിവേശിപ്പിക്കുന്നത്.

ഷെയ്ൻ നിഗം എന്ന നടന്റെ തികച്ചും വ്യത്യസ്‌തവും അമ്പരപ്പിക്കുന്നതുമായ പ്രകടനം സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ആണ്. ഷെയ്ൻ നിഗം നായകനായി ഇഷ്‌ക് എന്ന പേരിൽ  ഒരു സിനിമ വരുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതൊന്നുമല്ല, അതിനേക്കാൾ ഒരുപാട്  മേലെയാണ് ആ നടനെ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. അങ്ങേയറ്റം റിയലിസ്റ്റിക്കായി പ്രണയവും നിസ്സഹായതയും കൈകാര്യം ചെയ്യുന്ന ആദ്യ പകുതിയും ഓരോ നിമിഷവും പ്രവചനാതീതമായ രണ്ടാംപകുതിയിലെ പിടിവിട്ട അവസ്ഥയിലുള്ള  ബ്രില്യന്റ് വില്ലൻ കളിയും ഷെയ്ൻ നിഗം തകർത്തഭിനയിച്ചു. നായിക ആൻ ശീതൾ പ്രണയവും ദുരന്തവും ക്ലൈമാക്‌സുമൊക്കെ മനോഹരമായി ചെയ്‌തു. പക്ഷെ പ്രണയ രംഗത്തിലൊഴികെ മറ്റെവിടെയും അധികനേരം നായികയെ മുൻപിൽ നിർത്താത്ത സിനിമയായിരുന്നു ഇഷ്‌ക്. രണ്ടാം പകുതിയിലെ നായിക മരിയയായി ലിയോണാ ലിഷോയ് മികച്ച പെർഫോമൻസായിരുന്നു. ആൽബിനായി ഷൈൻ ടോം ചാക്കോ, ഷെയ്ൻ ചെയ്‌തതിൽ പ്രണയമൊഴികെയുള്ളതൊക്കെ എതിർഭാഗത്തു നിന്ന്  റിവേഴ്‌സ് ഓർഡറിൽ ഗംഭീരമാക്കി. പക്ഷേ, ഷൈൻ പതിവായി ചെയ്യുന്ന കഥാപത്രങ്ങളിലൊന്ന് തന്നെയാണ് ആൽബിനും.  ജാഫർ ഇടുക്കി ആൽബിനൊപ്പം നിന്നു. മാലാ പാർവതിയുടെ അമ്മയുടെ ഇടപെടലുകൾ  രസകരമായി.

മനോഹരമായ പ്രണയത്തിലാണ് ഇഷ്‌ക് തുടങ്ങുന്നത്. മൊബൈൽ ഫോണിൽ പ്രണയികളുടെ കുറുകലുകളിലെ പിണക്കവും കൊതിപ്പിക്കലുകളും ഉമ്മകളും മനോഹരമായി, സിനിമ കാണുന്ന  ഏതു പ്രണയിയും തന്റേതെന്ന് താദാത്മ്യം പ്രാപിക്കും വിധം  അവതരിപ്പിച്ചിരിക്കുന്നു. പിറ്റേന്ന് വീട്ടിലെ അമ്മയും മക്കളും ചിരിപ്പിച്ച് രസിപ്പിക്കുന്നു. അത് കഴിഞ്ഞു ആരെയും മോഹിപ്പിക്കുന്ന തരത്തിൽ പ്രണയികളുടെ കാർ യാത്ര. അതുവരെ  ഉണ്ടായിരുന്ന കഥാപാത്രങ്ങളും തമാശകളുമൊക്കെ ഒന്നാംതരം റൊമാൻസിനു ഇടമൊഴിഞ്ഞു കൊടുക്കുന്നു. ആദ്യ ചുംബനത്തിന്റെ അനുഭവം ഇത്രത്തോളം സ്വാഭാവിക സൗന്ദര്യത്തോടെ പ്രേക്ഷകർക്ക് പകർന്ന സിനിമ വേറെയുണ്ടാവില്ല. സുദീർഘമായ ആ പ്രണയനിമിഷങ്ങളിലേക്കാണ്, ആ നിമിഷങ്ങളെ തച്ചുടച്ചുകൊണ്ട്, പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട്,   ഷൈൻ ടോം ചാക്കോയുടെ ആൽബിൻ കടന്നു വരുന്നത്. സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന ദുരാചാര ഗുണ്ടയുടെ വിളയാട്ടമാണ് പിന്നെ. സമാന്തര/സ്വതന്ത്ര സിനിമകൾക്ക് മേലുള്ള വാണിജ്യ സിനിമയുടെ മാടമ്പി വിളയാട്ടവും.

അവിടെയാണ് അതുവരെയുള്ള സിനിമ മാറുന്നത്. തിരക്കഥാകൃത്തും സംവിധായകനും മാറുന്നത്. മലയാളത്തിലെ മികച്ച മൂന്നു സിനിമകൾ സ്‌ക്രീനിൽ നിറയുന്നത്. ‘എസ്. ദുർഗ’ എന്ന സനൽ കുമാർ ശശിധരൻ ചിത്രത്തിൽ കണ്ട ഭയാനകമായ അവസ്ഥകളുടെ ലഘൂകരിക്കപ്പെട്ട, വാണിജ്യവൽക്കരിക്കപ്പെട്ട കാഴ്‌ച്ചകളാണ് പിന്നെ. സുദേവന്റെ ‘ക്രൈം നമ്പർ 89’ എന്ന ചിത്രത്തിലെ രണ്ടു വില്ലൻ കഥാപാത്രങ്ങളെപ്പോലെയാണ് ഇതിലെ വില്ലന്മാരുടെയും പ്രകടനവും അവരുടെ പാരസ്‌പര്യവും. ക്രൈം നമ്പറിൽ സന്തോഷും പ്രദീപ് കുമാറും ആയുധം കടത്തുന്ന ജീപ്പ് കേടായതിനെ തുടർന്ന് വിജനമായ ഒരു ഗ്രാമപാതയിൽ പെട്ടുപോകുന്നു. അച്യുതാനന്ദനും അശോക്‌കുമാറും അവതരിപ്പിച്ച കഥാപാത്രങ്ങളോട് അവർ പെരുമാറുന്നതെങ്ങനെയോ അതുപോലെയാണ്  ഇവിടെയും എല്ലാം. വില്ലൻ കഥാപാത്രങ്ങളുടെ പ്രായവും സ്വഭാവവും അതേപടി തന്നെ. എന്നാൽ ചെയ്യുന്നതൊക്കെ സെക്‌സി ദുർഗയിൽ ദുർഗ്ഗയോടും കൂട്ടുകാരനോടും കളിച്ച അതെ എലിയും പൂച്ചയും കളി. സദാചാര ഗുണ്ടായിസത്തെ വ്യത്യസ്‌തമായി അവതരിപ്പിച്ച ചിത്രമാണ് പ്രതാപ് ജോസഫിന്റെ ‘രണ്ടു പേർ ചുംബിക്കുമ്പോൾ’. അർച്ചന പത്മിനിയുടെയും പ്രദീപ് കുമാറിന്റെയും പ്രണയത്തിനിടയിൽ ശരത് കോവിലകം അവതരിപ്പിച്ച സദാചാര ഗുണ്ട ഇടപെടുന്നത് ഒറ്റ ഷോട്ടിൽ തീവ്രമായി അനുഭവിപ്പിച്ചിട്ടുണ്ട്.  ശരത്തിന്റെ വില്ലനെയും തെളിഞ്ഞു കാണാം ആൽബിന്റെ സംഭാഷണങ്ങളിൽ. ‘രണ്ടുപേർ ചുംബിക്കുമ്പോൾ’ സിനിമയുടെ അവസാനഭാഗം ഡോക്യൂമെന്റേഷൻ ആണ്. വിവിധ സദാചാര പോലീസ് ആക്രമണങ്ങളുടെ വാർത്തകൾ കാണിക്കുന്നുണ്ട്. അവ ഉൾപ്പെടെ കുറച്ചു കൂടി വാർത്തകൾ ചേർത്താണ് ഇഷ്‌കിന്റെ ടെയിൽ എൻഡ്!

ഇങ്ങനെ അതിക്രൂരമമാം വിധം ഈ മൂന്നു സിനിമകളാണ് ഇഷ്‌കിലെ  സദാചാര ഗുണ്ടായിസം കാണിക്കുന്ന സീനുകളിൽ ഉള്ളത്! തിയേറ്ററിൽ വ്യാപകമായി റിലീസ് ചെയ്യപ്പെടുകയോ അധികം പ്രേക്ഷകർ കാണുകയോ ചെയ്യുന്നവയല്ല ഇത്തരം സിനിമകൾ. തിയേറ്ററുകളിൽ/ടിവിയിൽ മാത്രം സിനിമ കാണുന്ന പ്രേക്ഷകർ ഈ  സീനുകൾക്കു നൽകുന്ന പ്രശംസ തീർച്ചയായും അത് മുൻപേ ചെയ്‌ത സംവിധായകർക്ക് അവകാശപ്പെട്ടതാണ്. കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്നമലയാളത്തിലെ സ്വതന്ത്ര സിനിമകൾ മസാല തേച്ച് വലിയ ബജറ്റിൽ വാണിജ്യവൽക്കരിച്ച് പുറത്തിറങ്ങുന്നത് ഈയിടെ പതിവായി കാണുന്നതിനാൽ ‘ഇത് തികച്ചും യാദൃശ്ചികം’ എന്ന് ഇനിയും വിശ്വസിക്കാനാവില്ല.

ഇടവേളയ്ക്കു ശേഷം ഷെയ്ൻ-ലിയോണ-ഷൈൻ കോമ്പിനേഷനിൽ ഓരോ നിമിഷത്തിലും ആകാംഷ പെരുക്കി മുന്നോട്ടു പോവുന്നു. (അതിനിടയിൽ അടച്ചിട്ട മുറിക്കുള്ളിൽ ആളുണ്ടെന്നറിയാതെ വെള്ളമടിക്കാരായ കൂട്ടുകാർ പുറത്തിരുന്ന് റഷീദിനെ കുറ്റം പറയുന്ന ‘ഷട്ടറി’ലെ  രംഗവും കോപ്പി ചെയ്‌തിടുന്നുണ്ട്! – കഷ്‌ടം തന്നെ). സമൂഹത്തിലെന്നപോലെ എല്ലാ ആണുങ്ങളും ഊളകളാണ്  ഈ  സിനിമയിൽ നായകനുൾപ്പെടെ. പ്രേക്ഷകരടക്കമുള്ള അത്തരം ഊളകൾക്ക് നായിക കൊടുക്കുന്ന മറുപടിയാണ് ഈ മലയാള  സിനിമയുടെ ശക്‌തിയും രാഷ്‌ട്രീയവും. അത്തരമൊരു സിനിമയിൽ പഴയ സിനിമകളിലെ രംഗങ്ങൾ പുതുക്കിപ്പണിത് വെക്കുന്നത് കൂതറ പരിപാടിയാണ്. ആദ്യം പറഞ്ഞ മൂന്നു സിനിമകൾ തിരക്കഥാകൃത്തും സംവിധായകനും കണ്ടിട്ടില്ലെന്നു വാദിച്ചേക്കാം. എന്നാൽ  ജോയ്‌ മാത്യുവിന്റെ ഷട്ടർ എന്ന പടം കണ്ടില്ലെന്നു പറയുമോ?

– ഉമേഷ് വള്ളിക്കുന്ന്

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account