(ഇന്ത്യ ടു ഇന്ത്യാന….4)

ജൂലായ് ഒന്നിന് ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയെങ്കിലും നഗരം കണ്ടില്ലല്ലോ! നേരെ ഇന്ത്യാനയിലേയ്ക്കു പോവുകയല്ലേ ചെയ്തത്. അതിനാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും ഷിക്കാഗോയിലേയ്ക്കു തിരിച്ചുവന്നു. കാര്‍മല്‍ സിറ്റിയില്‍നിന്നു കാറിലായിരുന്നു യാത്ര. അന്നു രാത്രി ഒരു ഹോട്ടലില്‍ താമസിച്ചു. കാലത്ത് ഹോട്ടലുകാരുടെ വക പ്രഭാതഭക്ഷണമുണ്ടായിരുന്നു. പലതും എന്താണെന്നുപോലും മനസ്സിലായില്ല. പാന്‍ കെയ്ക്ക് ഉണ്ടാക്കാനുള്ള മാവും അച്ചും അടുപ്പുമൊക്കെ ഒരുക്കിവെച്ചിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ ഉണ്ടാക്കി കഴിക്കണം. സ്‌ക്രാംബിള്‍ഡ് എഗ്ഗ്, പഴങ്ങള്‍, പലതരം  ജൂസ്, മധുരമില്ലാത്ത ചില ബിസ്ക്കറ്റുകള്‍, പന്നിയിറച്ചി അരച്ച് ദോശപോലെയാക്കിയശേഷം ചുരുട്ടിവെച്ചത്, തുടങ്ങി എന്തൊക്കെയോ കണ്ടു. കാപ്പിപ്പൊടിയിട്ടു തിളപ്പിച്ച വെള്ളവും പാലും പഞ്ചസാരയും പലതരം ചോക്ളെറ്റുകളുമൊക്കെ വെച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് കാപ്പിയുണ്ടാക്കി കഴിക്കാം. എന്തൊക്കെയോ ചിലത് എടുത്ത് കഴിച്ചു. പലതും ഇഷ്ടപ്പെട്ടില്ല. എട്ടുമണിയോടെ ഇറങ്ങി. ചരിത്രപ്രസിദ്ധമായ ഷിക്കാഗോ നഗരം കാണാന്‍.

നഗരം ചുറ്റിക്കാണാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഷിക്കാഗോ ആര്‍ക്കിടെക്ച്ചര്‍ റിവര്‍ ടൂറാണ്. നഗരത്തെിന്‍റെ ഹൃദയത്തില്‍ക്കൂടി ഒഴുകുന്ന ഷിക്കാഗോ നദിയിലൂടെ വലിയ സ്‌പീഡ്‌ ബോട്ടിലുള്ള യാത്രയാണ് ആര്‍ക്കിടെക്ച്ചര്‍ റിവര്‍ ടൂര്‍. നഗരത്തിന്‍റെ ഓരോ മുക്കിലും മൂലയിലും നോട്ടമെത്തുന്ന തരത്തിലാണ് ബോട്ടിന്‍റെ യാത്ര. കാണുന്ന ഓരോ കെട്ടിടത്തേയും  പാലത്തേയും റോഡിനേയും കുറിച്ച് അതിന്‍റെ ചരിത്രവും ഭൂമിശാസ്‌ത്രവും അടക്കമുള്ള എല്ലാ കാര്യവും വിശദീകരിക്കാന്‍ വിദഗ്ദ്ധരായ ഗൈഡുകളുണ്ട്. അവര്‍ മൈക്കിലൂടെ പറയുന്നതുകാരണം എല്ലാവര്‍ക്കും കേള്‍ക്കാം. തമാശപറഞ്ഞും ആളുകളെ ചിരിപ്പിച്ചുമൊക്കെയാണ് വിശദീകരണം. പക്ഷേ അമേരിക്കന്‍ ആക്‌സെന്റ് കാരണം പറയുന്ന പല കാര്യവും മനസ്സിലാവില്ല. അതു സാരമാക്കാനില്ല. എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചാല്‍ മതിയാകും. നദിക്കു കുറുകെയായി നിരവധി പാലങ്ങളുണ്ട്. പാലത്തിന്‍റെ അടിയില്‍ക്കൂടിയാണ് ബോട്ടുകള്‍ (അഥവാ ചെറിയ കപ്പലുകള്‍) സഞ്ചരിക്കുക. മിക്കവാറും പാലങ്ങള്‍ ഇരുമ്പുകൊണ്ട് നിര്‍മ്മിച്ചവയാണ്. മെട്രോ റെയില്‍ കടന്നുപോകുന്ന പാലങ്ങളും ഉണ്ട്. ഇരുമ്പുപാലങ്ങള്‍ പലതും രണ്ടു ഭാഗത്തേയ്ക്കുമായി ഉയര്‍ത്തിവെക്കാവുന്നവയാണ്. വലിയ കപ്പലുകള്‍ക്കു കടന്നുപോകാന്‍ ഈ പാലങ്ങള്‍ ഉയര്‍ത്തിക്കൊടുക്കും. പാലത്തിനോടുചേര്‍ന്നുതന്നെ, അവ ഉയര്‍ത്താനാവശ്യമായ ക്രെയിനുകളും ഉണ്ട്.

ഓരോ കാലഘട്ടത്തിലും ഷിക്കാഗോവിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളായി രംഗപ്രവേശം ചെയ്തവരും, പിന്നീട് അതിനേക്കാള്‍ ഉയരമുള്ളവ വന്നപ്പോള്‍ അഹങ്കാരം കുറഞ്ഞ് തലതാഴ്ത്തി നില്‍ക്കുന്നവരും ഒക്കെ ബോട്ടുയാത്രയ്ക്കിടയില്‍ ഗൈഡു കാണിച്ചുതന്നു. ട്രംപ് എന്നെഴുതിയ ഭീമാകാരമായ ഒരു കെട്ടിടം ശ്രദ്ധയില്‍ പെട്ടു. അതെ. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റേതുതന്നെ. ഷിക്കാഗോവില്‍മാത്രമല്ല, ന്യൂയോര്‍ക്കിലും ലോസ് വാഗാസിലുമടക്കം നിരവധി വന്‍നഗരങ്ങളില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ ബിസിനസ് സാമ്രാജ്യം തലയുയര്‍ത്തി നില്‍പ്പുണ്ട്.

ഷിക്കാഗോ നദിയെ അതിന്‍റെ സ്വാഭാവികമായ ഒഴുക്കില്‍നിന്ന് തിരിച്ച് എതിര്‍ദിശയിലേയ്ക്ക് പായിച്ചതിന്‍റെ കഥ, ഷിക്കാഗോ നഗരത്തെയും അതിലെ കെട്ടിടങ്ങളെയും ഒന്നാകെ ജാക്കിവെച്ച് 10 അടി ഉയരത്തിലാക്കിയ കഥ, തുടങ്ങി ആധുനിക ശാസ്‌ത്രത്തിന്‍റെയും ആര്‍ക്കിടെക്ച്ചറിന്‍റെയും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്‍റെയും നിരവധി അത്ഭുതകഥകളുണ്ട് ഈ നഗരത്തിനു പറയാന്‍.

ഷിക്കാഗോ നഗരത്തോടു ചേര്‍ന്നുതന്നെയാണ് മിഷിഗന്‍ തടാകം.  തടാകം എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ ധാരണവെച്ച് വേമ്പനാട്ടുകായലുപോലെയോ അഷ്ടമുടിക്കായലുപോലെയോ ആണെന്നു ധരിച്ചുകളയരുത്. മിഷിഗന്‍ തടാകം യഥാര്‍ത്ഥത്തില്‍ ഒരു ചെറിയ കടലുതന്നെയാണ്. 58000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീർണം. ശരാശരി ആഴം 85 മീറ്റര്‍. ഏറ്റവും കൂടിയ ആഴം 281 മീറ്റര്‍.  2300 കിലോമീറ്റര്‍ നീളത്തിലാണ് തടാകത്തിന്‍റെ തീരപ്രദേശം. കൂടാതെ അതിലെ ദ്വീപുകളുടെ തീരപ്രദേശം 383 കിലോമീറ്റര്‍ വേറെയും. 4918 ക്യൂബിക് കിലോമീറ്റര്‍ ജലം. 12 മില്യന്‍ (112 ലക്ഷം) ആളുകള്‍ തടാകതീരത്ത് താമസിക്കുന്നു. ഷിക്കാഗോ അടക്കം 67 നഗരങ്ങളും നിരവധി പോര്‍ട്ടുകളും പാര്‍ക്കുകളും  തടാകത്തിന്‍റെ കരയിലുണ്ട്. കൂടാതെ തടാകത്തിനകത്ത് നിരവധി ദ്വീപുകളുണ്ട്.  വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ അഞ്ചു വന്‍തടാകങ്ങളില്‍ പെടുന്നതാണ് മിഷിഗന്‍ തടാകം.  അമേരിക്കയ്ക്കു മാത്രം അവകാശപ്പെട്ട ഏക വന്‍തടാകവും മിഷിഗന്‍തന്നെ. മറ്റെല്ലാം കാനഡയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.  ജലസമ്പത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ തടാകമാണ് മിഷിഗന്‍;  പ്രതല വിസ്തീര്‍ണത്തില്‍ മൂന്നാമത്തേതും. വിസ്കോസിൻ, ഇല്ലിനോയ്, ഇന്ത്യാന, മിഷിഗന്‍ എന്നീ നാലു സംസ്ഥാനങ്ങളിലായാണ് ഇവളുടെ കിടപ്പ്.  മിഷിഗാമി അഥവാ മഹാ ജലാശയം എന്ന വാക്കില്‍നിന്നാണത്രേ മിഷിഗന്‍ എന്ന് തടാകത്തിന് പേരുവന്നത്.

ഷിക്കാഗോ നദിയുടെ അടുത്തുതന്നെയാണ് മിഷിഗന്‍ തടാകം. ഷിക്കാഗോ നദിയുടെയും മിഷിഗന്‍ തടാകത്തിന്‍റെയും കരയിലാണ് ഷിക്കാഗോ നഗരം വികസിച്ചുവന്നത്.  ഫ്രഞ്ച് കച്ചവടക്കാരനായിരുന്ന നിക്കോളസ് പെരോട്  (Nicolas Perrot )എന്നയാള്‍, മീയാമി വിഭാഗക്കാരായ ഗോത്രവംശജരുടെ അധീനത്തിലുണ്ടായിരുന്ന ഇപ്പോഴത്തെ  ഷിക്കാഗോ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലേയ്ക്ക് 1671-ല്‍ എത്തുന്നതോടെയാണ് ആധുനിക ഷിക്കാഗോ നഗരത്തിന്‍റെ ജാതകം കുറിക്കപ്പെടുന്നത്. മിസ്സിസ്സിപ്പി നദിയേയും മിഷിഗന്‍ തടാകത്തേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലഗതാഗതമാര്‍ഗ്ഗവും കച്ചവട സാധ്യതയും ഫ്രഞ്ചു വ്യാപാരികള്‍ തിരിച്ചറിഞ്ഞു. ചിക്കാഗൗ എന്നാല്‍  കാട്ടുവെളുത്തുള്ളി എന്നാണത്രേ പ്രാദേശിക ഭാഷയില്‍ അര്‍ത്ഥം. വെളുത്തുള്ളി ധാരാളമായി വളരുന്ന പ്രദേശം എന്ന നിലയ്ക്കാണ് ഈ പേരുവന്നത്. 1679-ല്‍ Robert de LaSalle എന്ന ഗ്രന്ഥകര്‍ത്താവാണ് അദ്ദേഹത്തിന്‍റെ ഒരു പുസ്തകത്തില്‍, ആദ്യമായി ഈ പ്രദേശത്തെ ഷെക്കാഗൗ ‘Chicagou’ എന്ന് വിളിക്കുന്നത്.

1900-വരെ ഷിക്കാഗോ നദി, മിഷിഗന്‍ തടാകത്തിലേയ്ക്ക് ഒഴുകിച്ചേരുകയായിരുന്നു.  ഷിക്കാഗോയുടെ പത്തുമൈല്‍ ദൂരെ പടിഞ്ഞാറുകൂടി ഒഴുകുന്ന  ദസ് പ്ലെയ്നസ് നദി,  ഇല്ലിനോസ് നദിയിലേയ്ക്ക് ഒഴുകിയെത്തി അവിടെ നിന്ന് പിന്നീട് മിസ്സിസിപ്പി നദിയിലേയ്ക്ക് ചേരുന്നു. ഷിക്കാഗോ നഗരത്തിലെ ആളുകള്‍ കുടിവെള്ളത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് മിഷിഗന്‍ തടാകത്തെയായിരുന്നു.  പത്തൊമ്പതാം നൂറ്റാണ്ടില്‍ ഷിക്കാഗോ നഗരത്തിലും  വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം നടന്നു. ഫാക്ടറി മാലിന്യം നേരെ ഒഴുകി ഷിക്കാഗോ നദിയിലും തുടര്‍ന്ന് മിഷിഗന്‍ തടാകത്തിലും  അടിഞ്ഞുകൂടി. നഗരത്തിലെ മാലിന്യം  കുടിവെള്ളത്തില്‍ കലരാന്‍ തുടങ്ങിയതോടെ,  പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.  ഷിക്കാഗോ നഗരത്തില്‍ 1858ല്‍ പടര്‍ന്നുപിടിച്ച കോളറയും ടൈഫോയിഡും നഗരത്തിന്‍റെ ആറുശതമാനം മനുഷ്യരെ തുടച്ചുനീക്കിയത്രേ. ഇതേത്തുടര്‍ന്ന്, നഗരത്തിന്‍റെ ശുചീകരണപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ആരോഗ്യ വകുപ്പ് വിവിധ പദ്ധതികള്‍ തയാറാക്കി. ശുദ്ധജലവിതരണപദ്ധതിയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ 1865ല്‍ ശ്രമം നടന്നുവെങ്കിലും നഗരത്തിന് ആവശ്യമുള്ളത്രയും ശുദ്ധജലം കണ്ടെത്താനായില്ല.

മലിനജല ശുചീകരണത്തിനും കപ്പല്‍ ചാലിനുമായി പുതുതായി നിര്‍മ്മിച്ച കനാലിലേയ്ക്ക് ഷിക്കാഗോ പുഴയെ വഴിതിരിച്ചുവിടുകയായിരുന്നു അടുത്തപടിയായി ചെയ്തത്. മേയര്‍ റിച്ചാര്‍ഡ് എം ഡാലിയുടെ സൗന്ദര്യവല്‍ക്കരണപദ്ധതിയുടെ ഭാഗമായി പിന്നീട് ഷിക്കാഗോ നദി ശുദ്ധീകരിക്കപ്പെട്ടു. എഞ്ചിനീയറിംഗ് രംഗത്തെ ഈ അതിസാഹസികപ്രവര്‍ത്തനംകൊണ്ട് വടക്കേ അമേരിക്കയുടെ കിഴക്കേ പാതി ദ്വീപായി മാറി. ഈ പ്രവര്‍ത്തനത്തിന്‍റെ രൂപരേഖ തയാറാക്കി പൂര്‍ത്തീകരിക്കാന്‍ 60 വര്‍ഷങ്ങള്‍ വേണ്ടിവന്നു. വളരെ യാദൃശ്ചികമായാണത്രേ ഇത്തരമൊരു ആശയം രൂപപ്പെട്ടുവന്നത്.

1871 ല്‍ ഷിക്കാഗോ നദിയിലെ വെള്ളത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്ന് മിഷിഗന്‍ തടാകത്തില്‍നിന്ന് ഷിക്കാഗോ നദിയിലേയ്ക്ക്  വെള്ളം പമ്പു ചെയ്തു. ഈ സാഹചര്യത്തില്‍ അത്ഭുതകരമായ ഒരു കാഴ്ച്ച പണിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. നഗരത്തിലെ അഴുക്കുചാലുകള്‍ മിഷിഗന്‍ തടാകത്തിലേയ്ക്ക് ഒഴുകുന്നതിനുപകരം എതിര്‍ദിശയിലേയ്ക്ക് ഒഴുകുന്നതായി അവര്‍ കണ്ടെത്തി. തടാകത്തിലേയ്ക്ക് മാലിന്യം ഒഴുകിയെത്താതിരിക്കാന്‍ നദിയുടെ ഒഴുക്ക് തിരിച്ചുവിടുക എന്ന ആശയം ജനിക്കുന്നത് ഇതേത്തുടര്‍ന്നാണ്.

ബോസ്റ്റണ്‍കാരനായ, എല്ലിസ് ചെസ്ബ്രോ എന്ന ആര്‍കിടക്ച്ചറല്‍ എഞ്ചിനീയറായിരുന്നു നഗരത്തിലെ ശുചീകരണപദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയാറാക്കിയതും പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചതും. അഴുക്കുചാലുകള്‍ നഗരത്തില്‍നിന്ന് ദൂരേയ്ക്ക് ഒഴുക്കിക്കൊണ്ടുപോകാനാണ് ആദ്യം പദ്ധതിയിട്ടത്. ഇങ്ങനെ ഒഴുക്കിക്കൊണ്ടുപോകുന്നതില്‍ വലിയൊരു തടസ്സമുണ്ടായിരുന്നു. ഷിക്കാഗോ നഗരം പുഴയുടെയും തടാകത്തിന്‍റെയും തീരത്ത് ജലനിരപ്പിനോടുചേര്‍ന്ന് പരന്നു കിടക്കുകയാണ്. അഴുക്കുചാലില്‍നിന്ന് ഒഴുകിയെത്തുന്ന മലിനജലം പുഴവെള്ളവുമായും തടാകത്തിലെ വെള്ളവുമായും കലരാന്‍ വളരെ എളുപ്പം. കെട്ടിടങ്ങളും നഗരവും താഴ്ന്നുകിടക്കുന്നതു കാരണം പൈപ്പ് ലൈനിലൂടെ മലിനജലം ഒഴുക്കി ദുരേയ്ക്കു ഒഴുക്കിക്കൊണ്ടുപോവുക അത്ര എളുപ്പമായിരുന്നില്ല. ജലനിരപ്പില്‍നിന്ന് നഗരത്തെ ഉയര്‍ത്തിയാല്‍ മാത്രമേ മലിനജലം ദുരേയ്ക്കു കൊണ്ടുപോകാന്‍ കഴിയൂ. അതിനാല്‍, നഗരം ഒന്നാകെ ജാക്കിവെച്ച് പത്തടി ഉയര്‍ത്തുക എന്നതായിരുന്നു ചെസ്ബ്രോ കണ്ടെത്തിയ പരിഹാരം. ഇതനുസരിച്ച് നഗരത്തില്‍ അന്നുണ്ടായിരുന്ന വലിയ കെട്ടിടങ്ങള്‍ അടക്കം നഗരം  ഒന്നാകെ ജാക്കിവെച്ച് ഉയര്‍ത്തി. 1857ലെ ചിത്രങ്ങള്‍ ഈ പ്രവൃത്തികള്‍ക്കു തെളിവായുണ്ട്. അക്കാലത്തെന്നല്ല, ഇക്കാലത്തുപോലും അപ്രായോഗികം എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ഒരു ആശയം പക്ഷേ സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിച്ചു നടപ്പിലാക്കാന്‍ ചെസ്ബ്രോയ്ക്കു കഴിഞ്ഞു.

നഗരവും കെട്ടിടങ്ങളും ജാക്കിവെച്ച് ഉയര്‍ത്താന്‍ മാത്രം 20 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഈ പ്രവര്‍ത്തികളൊക്കെ നടക്കുമ്പോഴും ഷിക്കാഗോ നഗരത്തിലെ എല്ലാ ബിസിനസ്സും യാതൊരുതടസ്സവും കൂടാതെ നടക്കുന്നുണ്ടായിരുന്നു.  കെട്ടിടങ്ങളും നഗരവും ഉയര്‍ത്തി, അഴുക്കുചാലുകള്‍ അടിയിലായിക്കഴിഞ്ഞപ്പോഴാണ് മറ്റൊരു വലിയ പ്രശ്നം ചെസ്ബ്രോയുടെയും കൂട്ടരുടെയും ശ്രദ്ധയില്‍പ്പെട്ടത്. ഷിക്കാഗോ നഗരത്തിലെ മലിനജലം മുഴുവനും ഒഴുകുന്നത് മിഷിഗന്‍ തടാകത്തിലേയ്ക്കാണ് എന്ന് അപ്പോഴാണ് അവര്‍ക്കു മനസ്സിലായത്. അതേതുടര്‍ന്ന് ചെസ്ബ്രോ മറ്റൊരു പദ്ധതി രൂപകല്‍പ്പന ചെയ്തു. ഷിക്കാഗോ നദി മിഷിഗന്‍തടാകവുമായി ചേരുന്ന സ്ഥലത്തുനിന്ന്  കുടിവെള്ളം പമ്പുചെയ്യുന്നത് നിര്‍ത്തുക. തടാകത്തിന്‍റെ രണ്ടുമൈല്‍  ഉള്ളില്‍നിന്ന്  പമ്പുചെയ്യുക. രണ്ടുമൈല്‍ ദൂരേയ്ക്കു മാറുമ്പോള്‍ നദിയില്‍നിന്ന് ഒഴുകിയെത്തുന്ന മാലിന്യം കുടിവെള്ളത്തില്‍ കലരില്ല എന്നാണ് ചെസ്ബ്രോ കരുതിയത്. ലോകത്തില്‍ അതുവരെ ഇല്ലാത്തത്ര വലിപ്പവും ആഴവും നീളവും ഉള്ള ഒരു ടണല്‍ ഉണ്ടാക്കി ശുദ്ധജലം കരയിലേയ്ക്ക് എത്തിക്കുക എന്നതായിരുന്നു അടുത്ത പണി. 1864ല്‍ ചെസ്ബ്രോയും കൂട്ടരും ടണലിന്‍റെ പണി ആരംഭിച്ചു. നഗരത്തിന്‍റെ തറനിരപ്പില്‍നിന്ന് 60 അടി താഴ്ചയിലായിരുന്നു ടണല്‍. തടാകത്തിന്‍റെ അകത്തേയ്ക്കു മാറി  ഭീമാകാരമായ ഒരു പമ്പിംഗ് ഹൗസ് സ്ഥാപിച്ചു. അവിടെനിന്ന് നഗരത്തിലേയ്ക്ക് ടണല്‍ തുരക്കാന്‍ തുടങ്ങി. രണ്ടു സംഘമായി പിരിഞ്ഞ്, പണിക്കാര്‍ ടണലിന്‍റെ രണ്ടുഭാഗത്തുനിന്നും പണി ആരംഭിച്ചു. നിര്‍ത്താതെ ഇരുപത്തിനാലു മണിക്കൂറും പണിയായിരുന്നു. ഓരോ ടീമും ദിവസത്തില്‍ 16 മണിക്കൂര്‍ വീതമായിരുന്നു പണിയേണ്ടിയിരുന്നത്. ടണല്‍ തുരക്കുന്നതോടൊപ്പംതന്നെ ഇഷ്‌ടിക ഉപയോഗിച്ച് ആര്‍ച്ച് പണിയുകയായിരുന്നു. ആ പണിക്കു നിയോഗിച്ച അടിമകളില്‍ എത്രയോപേര്‍ ജോലിക്കിടയില്‍ മരിച്ചുവീണുകാണും. 1865 നവംബറില്‍ രണ്ടു സംഘവും ടണലിന്‍റെ നടുക്കുവെച്ചു കണ്ടുമുട്ടി. ടണല്‍ ജോലികള്‍ അവസാനിച്ചു. പക്ഷേ, ചെസ്ബ്രോയുടെ ജോലി എന്നിട്ടും അവസാനിച്ചില്ല.

കാരണം, ഷിക്കാഗോ നഗരം വളര്‍ന്നുകൊണ്ടേയിരിക്കുകയായിരുന്നു. 1880-ല്‍ ഷിക്കാഗോ നഗരത്തിലെ ജനസംഖ്യ 5 ലക്ഷമായി ഉയര്‍ന്നു. കൂടുതല്‍ കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളും നഗരത്തിലെത്തി. നദിയിലേയ്ക്ക് ഒഴുകുന്ന മാലിന്യത്തിന്‍റെ അളവ് വീണ്ടും വര്‍ദ്ധിച്ചു.  ടണലിലൂടെ വെള്ളം പമ്പുചെയ്തു തുടങ്ങുന്നതിനുമുമ്പുതന്നെ യൂണിയന്‍ സ്റ്റോക് യാര്‍ഡ് എന്ന ഇറച്ചിവെട്ടുസ്ഥാപനം ഷിക്കാഗോ നദിയുടെ കരയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.  320 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ അറവുശാലകളും മാംസം വൃത്തിയാക്കി പാക്ക് ചെയ്യുന്ന യൂണിറ്റുകളും  ആയിരുന്നു യൂണിയന്‍ സ്റ്റോക് യാര്‍ഡില്‍. അവര്‍ക്ക് ആവശ്യമില്ലാത്ത എല്ലാ മൃഗമാലിന്യങ്ങളും നേരിട്ട് ഷിക്കാഗോ നദിയിലേയ്ക്ക് ഒഴുക്കിവിടാന്‍ തുടങ്ങി. Bubbly Creek അഥവാ കുമിളു പൊങ്ങുന്ന നീരൊഴുക്ക് എന്ന് ഇപ്പോഴും ഈ ഭാഗത്ത് ഷിക്കാഗോ നദിക്കു പേരുണ്ട്. മാംസ അവശിഷ്‌ടങ്ങൾ വെള്ളത്തിനടിയില്‍ അടിഞ്ഞുകിടന്ന്  മിതൈന്‍ വാതകമായി ജലത്തില്‍ കുമിളകളുണ്ടാവുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ഈ വാതകത്തില്‍നിന്ന് പുഴയില്‍ തീപിടിക്കുകയും പതിവുണ്ട്.

മിഷിഗാ തടാകത്തിന്‍റെ ഉള്‍ഭാഗത്തുനിന്ന് വെള്ളം പമ്പു ചെയ്തിട്ടും മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഷിക്കാഗോ നദിയുടെ ഗതി തിരിച്ചുവിടാന്‍ ആലോചന തുടങ്ങിയത്.  ഷിക്കാഗോ നദിയും ദസ് പ്ലെയ്നസ് നദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കനാല്‍ നിര്‍മ്മിക്കുക എന്നതായിരുന്നു പദ്ധതിയുടെ തുടക്കം. മിഷിഗന്‍ തടാകത്തിലേയ്ക്ക് എത്തേണ്ട ഒരു നിശ്ചിത അളവ് വെള്ളം ഷിക്കാഗോ നദിയിലൂടെ ഇല്ലിനോയ് നദിയിലേയ്ക്കും അവിടെനിന്ന് മിസ്സിസ്സിപ്പി നദിയിലേയ്ക്കും ഒഴുക്കിവിട്ട് ഷിക്കാഗോ നഗരത്തിലെ മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയുമെന്ന് ചെസ് ബ്രോ കണക്കുകൂട്ടി. ഇതുവഴി, ഷിക്കാഗോ നദിയിലെ ജലത്തോടൊപ്പം ഷിക്കാഗോ നഗരത്തിലെ മാലിന്യം മുഴുവന്‍ ഇല്ലിനോയ് നദിയിലേയ്ക്കും അവിടെനിന്ന് മിസ്സിസ്സിപ്പി നദിയിലേയ്ക്കും തള്ളാന്‍ പദ്ധതിയിട്ടു.  ഒരു കൂട്ടം കനാല്‍ ലോക്കുകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് നദിയുടെ ഒഴുക്ക് നേര്‍ വിപരീത ദിശയിലേയ്ക്ക് തിരിച്ചുവിട്ടത്. 115 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഷിക്കാഗോ നദിയുടെ ഗതി ഇങ്ങനെ എതിര്‍ദിശയിലേയ്ക്കാക്കിയത്. 2015-ല്‍ ആ മഹത്തായ പ്രവര്‍ത്തനത്തിന്‍റെ 115-ാം  വാര്‍ഷികവും ആഘോഷിച്ചു.

ഈ ജോലിക്ക് ടണ്‍കണക്കിന് ഡയനാമിറ്റ് ഉപയോഗിക്കേണ്ടിവന്നു. പല പുതിയ യന്ത്രങ്ങളും ഈ ആവശ്യത്തിനായി പ്രത്യേകം കണ്ടുപിടിച്ചു. 1892 സെപ്റ്റംബര്‍ 2 നാണ് ജോലി ആരംഭിച്ചത്.  ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 23 ബില്യന്‍ ഡോളര്‍  (23000 കോടി ഡോളര്‍) ചെലവായി എന്നാണ് കണക്കാക്കുന്നത്.  പുഴയുടെ ഗതിമാറ്റുന്ന പ്രവര്‍ത്തി തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് 1899ല്‍  യുഎസ് സുപ്രീം കോടതിയില്‍ പലരും കേസ് ഫയല്‍ ചെയ്തുവെങ്കിലും, കേസിന്‍റെ വിധി വരുന്നതിനുമുമ്പ് അധികം പരസ്യം കൊടുക്കാതെ  1900 ജനുവരി 2നുതന്നെ ഷിക്കാഗോ കനാല്‍ തുറന്നു.

അതുവരെ ആര്‍ക്കും പരിചയമില്ലാതിരുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കനാല്‍ കുഴിക്കുന്നതിന്‍റെയും മണ്ണു നീക്കുന്നതിന്‍റെയും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. നീരാവികൊണ്ടു പ്രവര്‍ത്തിക്കുന്ന വലിയ ഷോവല്‍ (കോരിക) കൊണ്ടു റെയില്‍മാര്‍ഗ്ഗമാണ് മണ്ണും പാറയും നീക്കിയത്. ഷിക്കാഗോ സ്കൂള്‍ ഓഫ് എർത് മൂവിംഗ് എന്ന പേരില്‍ ഇത് പിന്നീട് പ്രശസ്തമായി. പനാമാ കനാലിന്‍റെയടക്കം പിന്നീടുള്ള പല ജോലികള്‍ക്കും ഈ മാതൃകയാണ് സ്വീകരിച്ചത്. സിവില്‍ എഞ്ചിനീയറിംഗ് മോണ്യുമന്‍റ്  ഓഫ് ദ മില്ലനിയം എന്നാണ് ഈ നിര്‍മ്മാണപ്രവര്‍ത്തനം അറിയപ്പെടുന്നത്. ഷിക്കാഗോ മുതല്‍ മിസ്സിസ്സിപ്പിവരെ എത്തുന്ന ഷിക്കാഗോ സാനിറ്ററി ആന്‍റ് ഷിപ്പ് കനാല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിനു കുറുകെ ഒരു ജലമാര്‍ഗ്ഗം സൃഷ്‌ടിക്കുകയാണ് ചെയ്തത്. ഇല്ലിനോയ്, മിഷിഗന്‍ തടാകങ്ങളെ ഇത് മിസ്സിസ്സിപ്പിയുമായി ബന്ധിപ്പിച്ചു.

വ്യത്യസ്‌തമായ രണ്ടു ജലാശയങ്ങളെ ബന്ധിപ്പിച്ചാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് അക്കാലത്ത് ആരും ഏറെയൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് അമേരിക്ക അതിന്‍റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു വ്യത്യസ്‌തമായ ജലാശയങ്ങളെ ഒരുമിച്ചു ചേര്‍ത്തപ്പോള്‍ വ്യത്യസ്‌ത ജൈവഘടനയില്‍ വളരുന്ന പല മത്സ്യസമ്പത്തിനും വംശനാശം സംഭവിക്കുന്ന അവസ്ഥയുണ്ട്. ഏഷ്യന്‍ കരിമീന്‍പോലെയുള്ള മത്സ്യവർഗ്ഗങ്ങള്‍ ഇതിന് ഉദാഹരണമാണ്. വര്‍ഷത്തില്‍ കോടിക്കണക്കിന് ഡോളറാണ് ഇതുവഴി നഷ്ടപ്പെടുന്നതെന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്. ഷിക്കാഗോവില്‍നിന്ന് മിസ്സിസ്സിപ്പിയിലേയ്ക്കുള്ള ജലഗതാഗതം വഴി നേടാന്‍ കഴിയുന്നതിലും എത്രയോ ഇരട്ടി നഷ്‌ടമാണ്‌ ജൈവസമ്പത്തിന്‍റെ നാശം കാരണം അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച്, വെള്ളത്തില്‍ ഇലക്ട്രിക് ഷോക്ക് പ്രവഹിപ്പിച്ചുകൊണ്ട് മത്സ്യങ്ങള്‍ ഒരു ജലാശയത്തില്‍നിന്ന് മറ്റേതിലേയ്ക്കു കടക്കാതിരിക്കാനുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടും പ്രശ്‌നങ്ങള്‍ക്ക് അധികമൊന്നും പരിഹാരമുണ്ടായില്ല. ഇനിയിപ്പോള്‍, 18 ബില്യന്‍ (18000 കോടി) ഡോളര്‍ ചെലവാക്കി, ഈ കൂട്ടിച്ചേര്‍ത്ത ജലാശയങ്ങള്‍ക്കിടയില്‍ വീണ്ടും കൃത്രിമമായ  തടസ്സം സൃഷ്ടിക്കാനും അതുവഴി ശാശ്വതപരിഹാരം കാണാനുമാണ് അമേരിക്ക ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ നദികളെ സംയോജിപ്പിക്കുന്നതിനുമുമ്പായി ഏറ്റവും ചുരുങ്ങിയത് അമേരിക്കയുടെ അനുഭവങ്ങളെ പഠിക്കുകയെങ്കിലും ചെയ്യുന്നതു നന്നായിരിക്കും.

ഇത്രയേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന ഷിക്കാഗോ നഗരത്തില്‍ത്തന്നെയാണ്  ജോലിസമയം എട്ടുമണിക്കൂര്‍ ആയി നിജപ്പെടുത്താനുള്ള തൊഴിലാളികളുടെ പോരാട്ടങ്ങളും, അതേത്തുടര്‍ന്ന് 1886ലെ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയും നടന്നത് എന്നും കൂട്ടത്തില്‍ ഓര്‍ക്കാം. തൊഴിലാളികളുടെ നിരന്തരമായ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മ്മാണം ലോകത്ത് ആദ്യമായി നടന്നതും ഷിക്കാഗോ ഉള്‍പ്പെടുന്ന ഇല്ലിനോയ് സ്റ്റെയ്റ്റിലാണ്, 1867ല്‍. പക്ഷേ, മെയ് മാസം ഒന്നാം തീയതി മുതൽ ആ നിയമം നടപ്പിലാക്കാന്‍ തുടങ്ങിയതോടെ മുതലാളിമാര്‍ എതിര്‍ക്കുകയും നിയമം നടപ്പിലാക്കുന്നത് തടയുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് തൊഴിലാളികളുടെ പണിമുടക്ക് ആരംഭിക്കുന്നത്. 1885വരെ മെയ് ദിനങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങള്‍ നടന്നുവന്നു. Federation of Organized Trades and Labour Union സമ്മേളനം 1885ല്‍ ഷിക്കാഗോവില്‍ വെച്ചു നടന്നു.  1886 മുതല്‍  മെയ് ദിനത്തില്‍ വിശ്രമമല്ല, ഒരു ദിവസത്തെ പ്രക്ഷോഭം ആണ് നടത്തേണ്ടത് എന്ന് തീരുമാനിക്കപ്പെട്ടു.    ‘one day of revolt – not rest! തൊഴിലാളിക്ക് അവരെ അടിച്ചമര്‍ത്തുന്നവരുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെതന്നെ സ്വന്തം നിയമം ഉണ്ടാക്കാനും അതു നടപ്പിലാക്കാനുമുള്ളതാണ് മെയ് 1 എന്ന പ്രഖ്യാപനമായിരുന്നു അത്. 1886ലെ  മെയ് ദിനത്തില്‍, ഷിക്കാഗോവിലെ തെരുവീഥികളില്‍ മാത്രം 35,000 തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടന്നു. ആകെ മൂന്നുലക്ഷം തൊഴിലാളികള്‍ രാജ്യത്തിന്‍റെ പലഭാഗത്തുമായി  സമരത്തില്‍ പങ്കെടുത്തു.  മെയ് ദിനം പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും രണ്ടുദിവസം കഴിഞ്ഞ്, മെക് കോര്‍മിക് റീപ്പര്‍ വർക്‌സ് ഫാക്ടറിയില്‍ തൊഴിലാളികളും പോലീസും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. 1886 മെയ് 4-ാം തീയതി ഹേ മാര്‍ക്കറ്റില്‍ 3000 തൊഴിലാളികള്‍ പങ്കെടുത്ത ഒരു പൊതുയോഗം നടന്നു. അതൊരു മഴയുള്ള രാത്രിയായിരുന്നു. യോഗം അവസാനിച്ചതോടെ തൊഴിലാളികളെ പിരിച്ചുവിടാന്‍ വലിയൊരു സംഘം പോലീസ് നീങ്ങി. ആരോ പ്രകോപനമുണ്ടാക്കി എന്നാണ് പോലീസ് ഭാഷ്യം. പോലീസ് ഓഫീസര്‍ വെടിവെക്കാന്‍ ഉത്തരവിട്ടു. 12 പേര്‍ മരിച്ചു എന്നാണ് പോലീസിന്‍റെ കണക്കെങ്കിലും യഥാര്‍ത്ഥത്തില്‍ അതിലും എത്രയോ കൂടുതല്‍ മരിച്ചിട്ടുണ്ട് എന്നാണ് ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെക്കുറിച്ചു ഗവേഷണം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്. ഷിക്കാഗോ നഗരത്തിന്‍റെ ഇന്നത്തെ മനോഹാരിതയ്ക്കു പിറകില്‍  പതിനായിരക്കണക്കിന് അടിമകളുടെയും തൊഴിലാളികളുടെയും ചോരയുടെ കറുപ്പുകൂടി കട്ടപിടിച്ചു ചേര്‍ന്നിട്ടുണ്ട്.

എം എം സചീന്ദ്രന്‍
കാര്‍മല്‍ സിറ്റി
ഇന്ത്യാന പോളിസ്, യുഎസ്എ

2 Comments
  1. Pradeep 4 years ago

    Very educative and interesting..

  2. Haridasan 4 years ago

    Thanks for such a detailed note.. very informative.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account