രാജ്യം കൊവിഡ് വിമുക്തി നേടിയപ്പോൾ തന്റെ രണ്ടു വയസ്സുകാരി മകളുമൊത്ത് ആനന്ദ നൃത്തമാടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി.
ലോകത്തിൽ കൊവിഡ് വിമുക്തി നേടിയ ആദ്യ രാജ്യമാണ് ന്യൂസിലൻഡ്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും
പ്രധാനമന്ത്രിയായിരിക്കെ അമ്മയായ ലോകത്തെ രണ്ടാമത്തെ പ്രധാനമന്ത്രിയുമാണ് ജസിൻഡ. എന്നാൽ, ജസിൻഡയാവട്ടെ താനൊരു സംഭവമൊന്നുമല്ല എന്ന നിലപാടിലാണ്. ‘ഒരേ സമയം ഒന്നിലധികം ജോലി ചെയ്യുന്ന ആദ്യ സ്ത്രീയൊന്നുമല്ല ഞാൻ. കുഞ്ഞുള്ളപ്പോൾ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയുമല്ല ഞാൻ’. ജസിൻഡയുടെ നിലപാട് ഇങ്ങനെയാണ്.
ന്യൂസിലൻഡ് കൊവിഡ് വിമുക്തമായെന്ന് പ്രഖ്യാപിക്കുമ്പോഴും അവർ നന്ദി പറഞ്ഞത് ലോക്ക് ഡൗണിനോട് സഹകരിച്ച ജനങ്ങളോടായിരുന്നു.
ന്യൂസിലൻഡിലെ ഹാമിൽട്ടണിൽ 1980 ലാണ് ജെസിൻഡയുടെ ജനനം. ബിരുദം നേടിയതിനു ശേഷം ന്യൂസിലൻഡ് പ്രധാനമന്ത്രിയായിരുന്ന ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ ഗവേഷകയായി പ്രവർത്തിച്ചു തുടങ്ങി. പിന്നീട് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ നയഉപദേഷ്ടാവായി. കൃഷിക്കാരിയായും സെയിൽസ് ഗേളായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.
മാരി ആർഡൻ എന്ന ബന്ധു വഴിയാണ് ജസിൻഡ ലേബർ പാർട്ടിയിലെത്തിയത്. 2008ലെ പൊതുതിരഞ്ഞെടുപ്പിൽ ജസിൻഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2017 ഒക്ടോബറിൽ പ്രധാനമന്ത്രി പദവിയിലുമെത്തി.
ന്യൂസിലൻഡിൽ ക്രൈസ്റ്റ് ചർച്ചിൽ വെടിവയ്പ്പ് നടന്നപ്പോൾ ഹിജാബ് ധരിച്ചുകൊണ്ട് എത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച വ്യക്തിയാണ് ജസിൻഡ.
‘ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലൻഡിൽ താമസമാക്കിയ മറ്റ് രാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെപ്പു നടത്തിയ ആക്രമികളല്ല, ഇവിടെ വെടിയേറ്റു വീണ അഭയാര്ത്ഥികളാണ് ഈ നാടിന്റെ യഥാർത്ഥ മക്കൾ, അവരാണ് നമ്മൾ’. ഇതാണ് ജസിൻഡയുടെ മനോഭാവം. ന്യൂസിലൻഡിലെ ജനങ്ങൾക്ക് ജസിൻഡയെന്നാൽ ഒരു പ്രധാനമന്ത്രിക്കുമപ്പുറം അവരോട് വളരെ അടുത്തു നിൽക്കുന്ന ഒരാളാണ്.
താൻ പ്രവർത്തിച്ച ഓരോ മേഖലയിലും അസമത്വങ്ങളായിരുന്നുവെന്നു ജസിൻഡ വെളിപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമമാണ് ജസിൻഡയ്ക്ക് മുഖ്യം. അവരോടുള്ള സഹാനുഭൂതിയും കരുതലുമായിരിക്കും തന്റെ ഭരണത്തിന്റെ മുഖമുദ്ര എന്ന് ജസിൻഡ തന്നെ പറഞ്ഞിട്ടുണ്ട്.
ലോകത്തെ മാറ്റിമറിച്ച പ്രായം കുറഞ്ഞ വനിതകളിൽ ഒരാളായി, ടൈം മാഗസിൻ 2017ൽ ജസിന്ഡയെ തിരഞ്ഞെടുത്തിരുന്നു.
എവിടെ ആയിരുന്നാലും എന്തു ജോലിയാണേലും തനിക്ക് തന്റേതായ സ്പേസ് വേണമെന്നാണ് ജസിൻഡ പറയുന്നത്.
അത് വളരെ ശരിയാണ്. സ്വയം ബഹുമാനിക്കുന്ന ഒരാൾക്ക് മാത്രമേ മറ്റുള്ളവരെ മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയു.