മനോജ് വീട്ടിക്കാട്

നാൽപ്പതോളം ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. രണ്ടു ചെറുകഥാ സമാഹാരങ്ങൾ -ആൺപേടി, എലീറ്റ ആഞ്ജലീന തുടങ്ങിയവർ. ഒരു നോവൽ  – തുക പൂജ്യമാകുന്ന കളികൾ. 

 

ചൂർണിയാറിന്റെ പാലം കടന്നുവന്ന അപരിചിതനായ അയാൾ അന്വേഷിച്ചത് ഗോപാലശേഷാദ്രിയെ മാത്രമായിരുന്നു. ഗോപാലശേഷാദ്രി എന്നു കേൾക്കുമ്പോൾ ഒരു നിമിഷമെങ്കിലും ഒന്നു നിശ്ശബ്‌ദമാവാതിരിക്കാനാവില്ലല്ലോ ഗ്രാമത്തിന്…

ശേഷാദ്രികളെ അന്വേഷിച്ച്‌ ആരു വന്നാലും ആര് എന്നു ചോദിക്കുന്ന പതിവില്ല ഗ്രാമത്തിൽ.

ആൾക്കാരുടെ കൂട്ടത്തിൽ നിന്ന് മെലിഞ്ഞ് ശുഷ്‌കിച്ചു പോയ ഒരാൾ എഴുന്നേറ്റു.

“നടന്നോളൂ”, അയാൾ പറഞ്ഞു.

“പുഴയുടെ വടക്കാണ് വീട്. ജനലുകൾ തുറന്നു വച്ചാൽ പുഴ കാണാം…”

അമ്മ പറഞ്ഞ വാക്കുകൾ…

“കയറാം”

ആരുമില്ലാത്ത ഒരു മുറ്റത്തെത്തിയപ്പോൾ അയാൾ പറഞ്ഞു.

“ശേഷാദ്രികൾ കിടപ്പിലാണ്…”

“ആർക്കും എപ്പോഴും കടന്നു വരാവുന്ന ഒരു വീടായിരുന്നു അത്. ഒരു തരത്തിൽ ഗ്രാമത്തിന്റെ മുഴുവൻ വീട്..” അമ്മയുടെ ഗദ്‌ഗദം.

അപ്പോഴേക്ക് അയാൾ ഉമ്മറ വാതിൽ കടന്ന് അകത്തെത്തിയിരുന്നു.

അകത്തെ മുറിയിൽ കണ്ണടച്ചു കിടക്കുന്ന മെലിഞ്ഞ രൂപത്തെ ചൂണ്ടി അയാൾ പറഞ്ഞു.

“ഗോപാലശേഷാദ്രി”

ശേഷാദ്രികൾ മെല്ലെ കണ്ണു തുറന്നു. അവയിലെ പ്രകാശം ഇപ്പോഴും കുറഞ്ഞിട്ടില്ല.

“അച്ഛന്റെ കണ്ണുകളാണ് നിനക്കു കിട്ടിയിട്ടുള്ളത്. അവയിലൊരു വെളിച്ചമുണ്ട്. മറ്റെവിടെയുമില്ലാത്ത ഒരു തീവ്രദ്യുതി…”

അമ്മയുടെ അഭിമാനപ്പെടൽ…

“ഒരു കുട്ടി കാണണം എന്നു പറഞ്ഞു..” എന്ന് വഴികാട്ടി വന്ന ശുഷ്‌കിച്ച മനുഷ്യൻ പറഞ്ഞു. എന്നിട്ട് വന്നതു പോലെ അയാൾ തിരികെ പോയി. ഒരു യാത്ര പോലും പറയാതെ.

ശബ്‌ദം കേട്ടിട്ടാവണം അകത്തു നിന്ന് ആരാ എന്ന ചോദ്യം വന്നത്.

“പാവമാണ് അമ്മ. അച്ഛന്റെ ശരികൾ അമ്മക്കും ശരി.” ഇടക്ക് അമ്മ ആത്‌മഗതം നടത്തുന്ന വാക്കുകൾ.

“മുത്തശ്ശാ..”

അയാൾ ശേഷാദ്രിയുടെ കൈകൾ ചേർത്തു പിടിച്ചു.

“ഇതു ഞാനാ ആദിത്യൻ”

“അച്ഛൻ എനിക്കൊരു അനിയനുണ്ടാകുമ്പോൾ വിളിക്കാൻ എടുത്തു വച്ച പേരാണ് ആദിത്യൻ. അത് നിനക്കു തരണമെന്ന്  എന്നോടാവശ്യപ്പെട്ടിരുന്നു.”

കാതുകളിൽ അമ്മ.

ശേഷാദ്രിയുടെ കൈകൾ വല്ലാതെ വിറക്കുന്നതും കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങുന്നതും അയാൾ കണ്ടു.

“ഇത്രയും കഴിയുമ്പോഴാണ് നിന്റെ മുത്തശ്ശി പ്രത്യക്ഷപ്പെടുക. എന്നും അതങ്ങിനെയാണ്. സന്തോഷമായാലും സങ്കടമായാലും ആദ്യത്തെ ഭാഗം അച്ഛനെടുക്കും.”

മുത്തശ്ശി വിശ്വസിക്കാനാവാത്തതെന്തോ കണ്ടതു പോലെ ..

“എന്റെ മോൾ…?”

“പോയിട്ടേറെ കാലമായി…” ആദിത്യൻ പറഞ്ഞു.

“അവിടെ നിന്നു രക്ഷപ്പെടുമ്പോൾ രണ്ടു വിത്തുകളാണ് എന്നിലുണ്ടായിരുന്നത്. ഒന്നു നീ.. പിന്നെ ഈ മാറാവ്യാധിയുടെ വിഷബീജം..” അമ്മയുടെ സങ്കടം.

ആദിത്യൻ സഞ്ചി തുറന്ന് ഒരു ഫോട്ടോ ആൽബം പുറത്തെടുത്തു.

“ഇതിലുണ്ട് അമ്മയുടെ ജീവിതം”

തുറക്കാനാഞ്ഞ മുത്തശ്ശിയെ അയാൾ തടഞ്ഞു.

“ഇപ്പോഴല്ല.. പിന്നെ എപ്പോഴെങ്കിലും..”

”ഭിത്തിയിൽ നിറയെ ഫോട്ടോകൾ ചില്ലിട്ടു വച്ചിട്ടുണ്ട്”

ആദിത്യൻ ചുറ്റും നോക്കി. നിറം മങ്ങിയെങ്കിലും ഫോട്ടോകൾ അവിടെത്തന്നെയുണ്ടായിരുന്നു.

“അച്ഛൻ ഓരോ സമരം കഴിഞ്ഞു വരുമ്പോഴും ഓരോ ചിത്രം കൊണ്ടു വരും. അവയങ്ങനെ വരിവരിയായി നോക്കുമ്പോൾ ഒരു ജനതയുടെ നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിന്റെ നേർചിത്രം മനസിൽ കാണാം..”

“അതാണ് നിന്റെ അമ്മ”. ചിത്രങ്ങളെത്തന്നെ നോക്കി നിൽക്കുന്നതു കണ്ടിട്ടാവണം മുത്തശ്ശി ഒരു ഫോട്ടോ ചൂണ്ടി പറഞ്ഞത്.

“ഞാനും പങ്കെടുത്തിട്ടുണ്ട് സമരത്തിൽ. അച്ഛനും ഞാനും കുടി ഒരുമിച്ചു നിന്ന് ഒരു ചിത്രവുമെടുത്തിട്ടുണ്ട്.”

“അന്നു വൈകുന്നേരം വീട്ടിൽ വന്നപ്പോഴാണ് തലവേദനയുണ്ട് എന്നവൾ ആദ്യമായി പറയുന്നത്. തല പൊട്ടിപ്പോണ വേദനയായിരുന്നു. അച്ഛനോട് പറഞ്ഞപ്പോൾ വെയിലു കൊണ്ടിട്ടാവും എന്നാശ്വസിപ്പിച്ചു. പിറ്റേന്നും അതിന്റെ പിറ്റേന്നും തലവേദന കുറയാതായപ്പോഴാണ് അവളെ ഞങ്ങൾ ആശുപത്രിയിൽ കാണിച്ചത്..” മുത്തശ്ശി പറഞ്ഞു.

“ഇങ്ങനെ തലവേദനിക്കുന്ന കുട്ടികൾ  വേറെയുമുണ്ട് എന്ന് അന്നാണ് ഞാനറിഞ്ഞത്…”

“കുട്ടികളുടെയൊക്കെ രക്‌തത്തിൽ അത്രക്കു പരിചിതമല്ലാത്ത എന്തൊക്കെയോ വസ്‌തുക്കൾ കാണാനുണ്ട്” എന്ന് ഡോക്ടർ പറഞ്ഞു.

പിന്നെ നിങ്ങളെന്താണത് റിപ്പോർട്ട് ചെയ്യാത്തത് എന്ന് അച്ഛൻ അയാളോട് ദേഷ്യപ്പെട്ടു.

നിങ്ങളുടെ സമരം അല്ലാതെതന്നെ ഗവൺമെന്റിനെ വല്ലാതെ വലച്ചിരിക്കുന്നു. അതിന്റെ പുറമേ ഞങ്ങളും കൂടി നിങ്ങൾക്കനുകൂലമായാൽ പിന്നെന്തു ചെയ്യും..? ഇതൊന്നും മറ്റാരും അറിയരുതെന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത് എന്ന് ഡോക്റ്റർ സ്വയം രക്ഷപ്പെടുത്തി.

ആദിത്യന്റെ മൊബൈൽ ഫോൺ മെല്ലെ ശബ്‌ദമുണ്ടാക്കി.

“എപ്പോഴാ തിരിച്ചു വരുന്നത്..?”

“അറിഞ്ഞൂടാ.. ചിലപ്പോൾ നാളെത്തന്നെ.. അല്ലെങ്കിൽ…. എനിക്കറിയില്ല…”

“ഞാനിവിടെ തനിച്ചാണെന്ന് മറക്കണ്ട.” മറിച്ചൊന്നും പറയാതെ ആദിത്യൻ സംസാരം അവസാനിപ്പിച്ചു.

നേരം ഇരുണ്ടു കഴിഞ്ഞു. ഒരു കറുത്ത വര പോലെ ചൂർണിയാർ കാണാം.

“പിന്നെപ്പിന്നെ  ഞങ്ങടെ നാട്ടിൽ നിന്നാരും ആഹാരം കഴിക്കാതെയായി. അല്ല, ഗ്രാമത്തിലേക്ക് ആരും വരാതെയായി എന്നു പറയുന്നതാവും ശരി.”

മുത്തശ്ശിയുടെ അത്താഴത്തിന്റെ പങ്കു പറ്റുമ്പോൾ ആദിത്യൻ അമ്മ പറയുന്നതു കേട്ടു .

“സമരം ശക്‌തമാകുകയായിരുന്നു. അന്തരീക്ഷത്തിലും മണ്ണിലും വെള്ളത്തിലും വിഷ ബീജങ്ങൾ വിതറുന്ന ഗവൺമെന്റ് സ്വന്തം ജനങ്ങളെ കൊലപ്പെടുത്താൻ കൂട്ടുനിൽക്കുന്നത് ആർക്കു വേണ്ടിയാണ് എന്ന ചോദ്യം വളരെപ്പെട്ടെന്ന് ഗ്രാമത്തിന്റെ അതിരുകൾ കടന്ന് വ്യാപിച്ചു.”

“ഭിത്തിയിൽ ഇടത്തു നിന്ന് നാലാമത്തെ ഫോട്ടോ നോക്ക്. പോലീസിന്റെ തല്ലുകൊണ്ട് ചോര വാർന്നു കിടക്കുന്ന കുമാരൻ. അച്ഛന്റെ വലിയ കൂട്ടുകാരനായിരുന്നു.”

“കുമാരന്റെ കുഞ്ഞ് ജനിച്ചത് ഈ സമരങ്ങൾക്കിടയിലാണ്…”

മുത്തശ്ശി ആദിത്യന്റെ അരികിൽ വന്നിരുന്നു.

“വളഞ്ഞ കൈകാലുകളും വലിയ തലയുമുള്ള ആ കുഞ്ഞായിരുന്നു ഈ ഗ്രാമത്തിന്റെ ജീവിതം മാറ്റി മറിച്ചത്.”

“അച്ഛനെ കാണാൻ ദിവസവും നിറയെ ആളുകൾ വന്നിരുന്നു. എല്ലാവരോടും അച്ഛൻ ഒരേ ചോദ്യം ചോദിച്ചു. കുമാരൻ ചോദിച്ച ചോദ്യം.

“ഈ കുഞ്ഞിനെ ഇനിയെന്താണ് ചെയ്യേണ്ടത്..?”

പിന്നെയീനാട്ടിൽ ജനിച്ച കുട്ടികളെല്ലാം തന്നെ കുമാരന്റെ കുഞ്ഞിനെപ്പോലെയായിരുന്നു. എല്ലാ വീട്ടിലും ഇഴയുകയും വേദനിച്ച് നിലവിളിക്കുകയും ചെയ്യുന്ന കുട്ടികളുണ്ടായിത്തുടങ്ങിയപ്പോൾ സമരാവേശം ഭീതിക്കു വഴിമാറി…”

നമ്മുടെ ജീവിതം വൃഥാവിലാവുകയാണല്ലോ സുഹൃത്തുക്കളേ എന്ന് ശേഷാദ്രി സങ്കടപ്പെട്ടു.

പുറത്ത് അനുദിനം ഊർജം കൂടി വരുന്ന സമരത്തെ കണ്ടില്ലെന്നു നടിക്കുന്നത് വിഡ്ഡിത്തമായിരിക്കും എന്ന തിരിച്ചറിവിന്റെ ഫലമാണ് അന്ന് ശേഷാദ്രിയെ കാണാനെത്തിയ അപരിചിതരായ രണ്ടു പേർ.

“മിസ്റ്റർ ശേഷാദ്രീ, നിങ്ങൾ വിചാരിക്കുന്നതുപോലെ വെള്ളത്തിലും മണ്ണിലുമൊന്നും അത്രക്ക് വിഷബീജങ്ങൾ ഞങ്ങൾ വിതറിയിട്ടില്ല. അല്ലെങ്കിൽ തന്നെ പാഷാണവൽകരിച്ച് നിങ്ങളെ നശിപ്പിച്ചിട്ട് ഞങ്ങൾക്കെന്തു നേടാനാണ്…”

“പിന്നെ ഞങ്ങളുടെ കുട്ടികൾക്ക് എന്തു പറ്റിയതാണ്..? അറിയുക, ഇവിടുത്തെ മൃഗങ്ങൾക്കു പോലും ഇപ്പോൾ പിറക്കുന്നതൊക്കെ ചാപിള്ളകളും വികലസന്തതികളുമാണ്…”

“അതിനെക്കുറിച്ചുള്ള പഠനങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു. പക്ഷേ ഒന്നുറപ്പിച്ചു പറയാൻ കഴിയും. നിങ്ങളാരോപിക്കുന്നതുപോലെ ഞങ്ങളല്ല ഈ കുഴപ്പങ്ങൾക്കൊന്നിനും കാരണം.”

“അവർ പോയിക്കഴിഞ്ഞപ്പോൾ അച്ഛൻ വല്ലാതെ അസ്വസ്ഥനായിരുന്നു.  എന്റെ തലവേദന വല്ലാതെ കൂടിയതും അന്നായിരുന്നു.”

പതിവുപോലെ വേദനസംഹാരികൾ തന്ന് എന്നെ ആശ്വസിപ്പിച്ച് ഡോക്റ്റർ അച്ഛനോട് ശണ്ഠ കൂടുന്നതിനു പകരം ഒരു ഒത്തു തീർപ്പിന്റെ സ്വരത്തിൽ സംസാരിച്ചു തുടങ്ങി.

“നിങ്ങടെ സമരം എവിടെയുമെത്തിയില്ലല്ലോ ശേഷാദ്രീ…”

“ഞങ്ങളുടെ സമരത്തിനു ജയിച്ചേ തീരൂ… അല്ലാത്ത പക്ഷം ഞങ്ങളെ കാത്തിരിക്കുന്നത് മരണമാണ്. ”

“നിങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഫലമായി വിഷസ്രോതസുകൾ ഇല്ലാതായി എന്നു തന്നെയിരിക്കട്ടെ..”, ഡോക്റ്റർ നിന്നിടത്തു നിന്ന് നാടകീയമായി തിരിഞ്ഞ് ചോദിച്ചു.

“ശേഷാദ്രീ, വേറെ ഏതൊക്കെ രൂപത്തിൽ ഈ മരണവ്യാപാരികൾക്കു തിരിച്ചു വന്നു കൂടാ..?”

“ഒരിക്കലും ജയിക്കാത്ത ഒരു സമരമാണ് നിങ്ങൾ നടത്തുന്നത്. ജയിച്ചു എന്നു തോന്നുമ്പോഴൊക്കെ നിങ്ങൾ തോൽക്കുകയാണ്.”

“അച്ഛനിങ്ങനെ മറ്റുള്ളവർ പറയുന്നത് കേട്ടിരിക്കുന്നത് ആദ്യമായി കാണുകയാണ് ഞാൻ.”

ഡോക്റ്റർ അച്ഛന്റെ തൊട്ടരികിൽ വന്നിരുന്നു.

“ഇങ്ങനെ വികലശിശുക്കൾ ഇനിയും പിറന്നാൽ ഈ നാടിന്റെ ഗതിയെന്താവും? ഞാനൊരു വഴി പറയട്ടെ….”, ഒന്നു നിർത്തി അച്ഛന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു.

“നമുക്കിവിടെ പുതിയ ജീവിതങ്ങൾ ഉണ്ടാവുന്നത് തൽക്കാലം നിർത്തി ഡോക്റ്റർ. ആർക്കും വേണ്ടാതെ ഇങ്ങനെ ദുരിത ജന്മങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടാതിരിക്കാനാണ് നിങ്ങളുടെ സാമൂഹ്യബോധം ശ്രമിക്കേണ്ടത്.”

“ഇപ്പോഴും എനിക്കറിഞ്ഞുകൂടാ അച്ഛന് അന്നയാൾ പറഞ്ഞത് പൂർണമായും മനസിലായോ എന്ന്.”

ആദിത്യൻ അപ്പോൾ നോക്കുകയായിരുന്ന ഫോട്ടോയിലിരുന്ന് അമ്മ പറഞ്ഞു. ആ ചിത്രത്തിൽ അമ്മ പച്ചപ്പട്ടു പാവാട ധരിച്ച് ചുവന്ന പനിനീർപൂ ചൂടി നിൽക്കുന്ന ഒരു സുന്ദരിക്കുട്ടിയായിരുന്നു.

“അവളുടെ കല്യാണത്തിന് തൊട്ടു മുമ്പെടുത്ത ചിത്രമാണത്”. മുത്തശ്ശി ആദിത്യന് ആ ചിത്രത്തെ പരിചയപ്പെടുത്തി.

അതാണ് അമ്മയുടെ അവസാനത്തെ ചിത്രം. അതു കൊണ്ടുവന്ന് ചുമരിൽ തൂക്കിയ ദിവസം.

“അച്ഛൻ അന്ന് വലിയ ദേഷ്യത്തിലായിരുന്നു. ആ ഡോക്റ്റർ അന്നു വെറുതെ പറഞ്ഞതല്ലായിരുന്നത്രേ ജന്മങ്ങളെ തടയണമെന്ന നിർദ്ദേശം.”

“ശരിക്കും ഗവൺമെന്റ് അതു നടപ്പാക്കാൻ പോകുന്നു പോലും.. അതെങ്ങനെ ശരിയാവും..?”

“സത്യത്തിൽ എനിക്കു തോന്നിയത് അച്ഛനു തന്നെ ആശയക്കുഴപ്പമുണ്ടെന്നാണ്. ”

അതു തന്നെയാണ് ഡോക്റ്ററും പറഞ്ഞത്.

“എന്താ ശരിയാവാതെ.. വേദനിച്ചു മരിക്കാൻ വേണ്ടി മാത്രം എന്തിനാണ് കുറേ മനുഷ്യർ ഇവിടെ ജനിക്കുന്നത്…?”

അങ്ങനെയാണ് ജന്മങ്ങളുടെ നിരോധനം നടപ്പിലായത്.

വളരെ സാവധാനത്തിലായിരുന്നു മാതൃത്വത്തിന്റെ നിഷ്‌കാസനം ആരംഭിച്ചത്. പിന്നീടത് സ്വയം തീരുമാനിക്കുന്നവരിൽ മാത്രമാവാതിരിക്കുകയും ഗ്രാമത്തിലെ മുഴുവൻ ഗർഭപാത്രങ്ങളേയും വന്ധ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് വ്യാപകമാക്കപ്പെടുകയും ചെയ്‌തു.

മുത്തശ്ശി ആദിത്യനോട് തുടർന്നു.

“ആ ദിവസത്തെ അമ്മ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. രാത്രി ഏറെ വൈകിയാണ് നിന്റെ അച്ഛൻ വീട്ടിലെത്തിയത്. ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളു വിറക്കും. ഉണങ്ങിയ പാതയിലൂടെ പൊടി പറത്തി ആശുപത്രി വാൻ ഇടക്കിടെ കടന്നു പോകുന്നത് കാണാം. അപ്പോഴൊക്കെ അടിവയറ്റിൽ നിന്നൊരു നേർത്ത കരച്ചിൽ കേൾക്കുന്നുണ്ടോ എന്നു തോന്നും. ആ കരച്ചിൽ കേട്ടില്ലെന്നു നടിക്കാൻ വയ്യാതായതോടെ നിലാവു പോലുമില്ലാത്ത ഒരു രാത്രി ഞങ്ങൾ ആ ഗ്രാമത്തേയും അച്ഛനേയും അമ്മയെയും എല്ലാം ഉപേക്ഷിച്ചു.”

“ഇവിടമിപ്പോൾ ആയുസ്സൊടുങ്ങിയവരുടെ മാത്രം ആലയമാണ്. മരണത്തിന്റെ മാത്രം വിളഭൂമിയാണ്.” മുത്തശ്ശി സങ്കടപ്പെട്ടു.

ഇവിടേക്ക് ജീവന്റെ പുതിയ നാമ്പുകളുമായി ഞാൻ മടങ്ങി വരും എന്ന് പറയണമെന്ന് ആദിത്യന് ആഗ്രഹമുണ്ടായിരുന്നു. അയാളതു പറയാതെയാണ് മുത്തശ്ശനോടും മുത്തശ്ശിയോടും യാത്ര ചോദിച്ചതെങ്കിലും.

ഇനി വരുമോ എന്ന് ചോദിക്കണമെന്ന് ആഗ്രഹിച്ച മുത്തശ്ശിയും എന്തോ അതു മാത്രം ചോദിച്ചില്ല.

3 Comments
  1. Babu Raj 2 years ago

    നല്ല കഥയും കഥ പറച്ചിലും…

  2. Jayakumar 2 years ago

    Good..

  3. Priya 2 years ago

    Good..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account