ശ്രീകുമാരൻ തമ്പി എന്ന ചലച്ചിത്രകാരനെ മലയാളത്തിന്  മറക്കാനേ കഴിയില്ല. അത്രകണ്ട് മലയാള ചലച്ചിത്ര രംഗത്തോട് അടുത്തു നിൽക്കുന്ന അപൂർവ്വ വ്യക്‌തിത്വങ്ങളിൽ പ്രധാനിയാണ് അദ്ദേഹമെന്ന് സംശയമന്യെ പറയാം. ഏറെ വൈകിയാണെങ്കിലും  സംസ്ഥാന സർക്കാറിന്റെ ഉന്നത ചലച്ചിത്ര പുരസ്ക്കാരമായ ജെ.സി ഡാനിയേൽ പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയിലേക്കെത്തിയിരിക്കുന്നു . അരനൂറ്റാണ്ടിലധികമായുള്ള അദ്ദേഹത്തിന്റെ സിനിമാ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം തന്നെയാണിത്. ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായൻ , നിർമ്മാതാവ്, സംഗീത സംവിധായകൻ തുടങ്ങിയ മേഖലയിലെല്ലാം പ്രവർത്തിച്ച പ്രതിഭ തന്നെയാണ് അദ്ദേഹം

1966-ൽ മെറിലാന്റിന്റെ കാട്ടുമല്ലിക എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ശ്രീകുമാരൻ തമ്പി ചലച്ചിത്രത്തിലേക്ക് വരുന്നത്. എം .എസ് ബാബുരാജ് ഈണം നൽകിയ പത്ത് ഗാനങ്ങളും രചിച്ചത് തമ്പിയായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ ദിനങ്ങളായിരുന്നു. വയലാർ – ഒ.എൻ.വി പ്രതിഭകൾ തിളങ്ങി നിന്ന ഗാനരചനാ ലോകത്ത് ശ്രീകുമാരൻ തമ്പിയും അജയ്യനായി മാറി.

കഥയുടെ രസഭാവങ്ങളിൽ ലയിച്ചു നിൽക്കുന്ന ഗാനങ്ങളൊരുക്കുന്നതിലുള്ള അസാധാരണ കഴിവ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വലിയ പ്രത്യേകത. കവിത്വം ഏറെയുള്ള ആ ഗാനങ്ങൾ ഇന്നും നമ്മളിൽ മായാതെ തന്നെ നിൽക്കുന്നു. ഹൃദയ സരസ്സിലെ പ്രണയ പുഷ്‌പമെ …., സ്വന്തമെന്ന പദത്തിനെന്തർത്ഥം…, വൈക്കത്തഷ്‌ടമിനാളിൽ…, ഒടുവിൽ 1993 ൽ എഴുതിയ ബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിലെ ബന്ധുവാര് ശത്രുവാര്…. , മലയാളിപ്പെണ്ണേ നിന്റെ മനസ്സ്….., ഇവയൊന്നും മലയാളി ഇനിയും മറന്നിട്ടില്ല. 3000ത്തിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ബന്ധുക്കൾ ശത്രുക്കൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകിയതും അദ്ദേഹമായിരുന്നു .

1974ൽ ചന്ദ്രകാന്തമെന്ന ചിത്രം സംവിധാനം ചെയ്‌തപ്പോഴാണ് ഗാനരചനക്കപ്പുറമുള്ള തമ്പി എന്ന ചലച്ചിത്രകാരനെ മലയാളി അറിയുന്നത്. 1993 ൽ പുറത്തിറങ്ങിയ ബന്ധുക്കൾ ശത്രുക്കൾ വരെ 30 ചലച്ചിത്രങ്ങൾ അദ്ദേഹം അണിയിച്ചൊരുക്കി. 22 ചിത്രങ്ങൾ നിർമ്മിച്ചതും അദ്ദേഹം  തന്നെയാണ്. മലയാളത്തിലെ ആദ്യ സ്‌ത്രീപക്ഷ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന മോഹിനിയാട്ടം അണിയിച്ചൊരുക്കിയ അദ്ദേഹത്തിന് അതുവഴി വലിയ അംഗീകാരങ്ങളാണ് ലഭിച്ചത്. 77 ലെ സാൻഫ്രാൻസിസ്ക്കോ ചലച്ചിത്ര മേളയിൽ ഈ ചിത്രം പ്രദർശിക്കപ്പെട്ടു. തുടർന്ന് വന്ന ഗാനം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. തന്റെ മിക്ക ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയിരുന്നതും തമ്പി തന്നെയായിരുന്നു. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി രചനകളിൽ ഒത്തുതീർപ്പുകൾ നടത്തുവാൽ അദ്ദേഹം ഒരിക്കലും വഴങ്ങിയിരുന്നില്ല. കലാമൂല്യo ഉള്ളവയാകണം  സിനിമ  എന്ന ഉറച്ച വിശ്വാസത്തിൽ അടിയുറച്ച്  അദ്ദേഹം  നിന്നു. പ്രധാനമായും അക്കാരണങ്ങൾ തന്നെയാണ് കഴിഞ്ഞ 25 കൊല്ലമായി അദ്ദേഹം ചലച്ചിത്ര മേഖലയിൽ സജീവമാകാത്തതിനു കാരണം. ടെലിവിഷൻ രംഗത്ത് ആണ് ഇപ്പോൾ കൂടുതൽ സജീവം. ഒപ്പം കവിത എഴുത്തും തുടരുന്നു.

വൈകിയെത്തിയ ഈ അംഗീകാരത്തിന്റെ നിറവിൽ പുതിയ ചലച്ചിത്ര ചിന്തകൾ ശ്രീകുമാരൻ തമ്പിയെന്ന വലിയ പ്രതിഭയിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

3 Comments
  1. Pramod 9 months ago

    അപൂർവ്വ പ്രതിഭ തന്നെയാണ് അദ്ദേഹം…

  2. Babu Raj 9 months ago

    A great writer… but he did not get his dues….

  3. Prasad 9 months ago

    Congratulations, Sir.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account