വർത്തമാനകാലത്ത് സ്ത്രീശാക്തീകരണങ്ങൾ പല തോതിലും  രീതിയിലും നടക്കുന്നുണ്ടെങ്കിലും പാർശ്വവല്ക്കരിക്കപ്പെടുന്നവർ ഇന്നും ധാരാളമുണ്ടെന്ന് നിരീക്ഷണത്തിലൂടെ അറിയാൻ കഴിയും. അവനവന്റേതായ ചട്ടക്കൂടുകൾ ഉണ്ടാക്കി ജീവിക്കുന്നവർ ഒരു ഭാഗത്ത്, മറുഭാഗത്ത് കൃത്യമായ കള്ളികൾക്കുള്ളിൽ തളച്ചിടപ്പെട്ടവർ . തളച്ചിടപ്പെട്ടവരുടെ ആകുലതകളും വ്യാകുലതകളും സമൂഹ കണ്ണാടികളിൽ എത്തിപ്പെടുന്നുണ്ടോയെന്നും സംശയം. ജീവിതത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഉള്ളതു വേവിച്ചു മറ്റുള്ളവരെ ഊട്ടി സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും  മടക്കി വെച്ച് കുടുംബത്തിന്നകത്തേക്കു മാത്രം ഒതുങ്ങിനില്ക്കുമ്പോൾ അവൾക്കുള്ള നഷ്ടങ്ങൾ എത്രയോ……..എല്ലാ നിറവുകൾക്കു നടുവിലും ആത്മനിരാസത്തോളമെത്തുന്ന മൌനവും സ്വയംഹത്യയുടെ ബലിയും അതിജീവനത്തിന്റെ അടയാളങ്ങളും സ്ത്രീജീവിതത്തിന്റെ ചരിത്രവഴികളിൽ ഉണ്ട്‌. ഓരോ ഇതിഹാസകഥകളും ചുരുൾ നിവർത്തുന്നത് വ്യത്യസ്ഥതയാർന്ന മനുഷ്യജീവിത നേർസാക്ഷ്യങ്ങളാണ്‌. ഉയിർപ്പും തുടിപ്പും നിസ്വതയും, അതിജീവനവും,നിരാസങ്ങളുമെല്ലാം പല രൂപഭാവഹാവാദികളോടെ ചിറകു വിടർത്തുന്നു. എന്നിട്ടും നിലനിൽപ്പിന്റെ  വഴികളിൽ മുള്ളുകളും കുപ്പിച്ചില്ലുകളും മാത്രം അവശേഷിക്കുന്നവരെത്ര. പഴയ ക്ഷമാസഹനങ്ങളുടെ പ്രതീകമല്ല വർത്തമാനകാല സ്ത്രീയെന്നു വിളിച്ചു കൂവുമ്പോഴും അത്തരം പ്രതീകങ്ങളായി മാത്രം ഇപ്പോഴും പലരും പിന്നണിയിൽ ജീവിക്കുന്നതിന്റെ വാങ്മയ ചിത്രമാണ്‌ കവയിത്രി വിജയലക്ഷ്മിയുടെ “ഭാഗവതം“ എന്ന കവിതയിലെ സ്ത്രീ കഥാപാത്രം. യാഥാസ്ഥിതികതയുടെ ഉമ്മറത്തിണ്ണയിൽ സന്ധ്യക്കു വിളക്കു കൊളുത്തി ഉറക്കെ ഭാഗവതം വായിക്കുവാൻ പോകുന്ന ഭർത്താവു ഭാര്യയെ വിളിക്കുന്നു തന്റെ ഭാഗവതപാരായണം കേൾക്കുവാൻ. എന്നാൽ ഭാര്യ എന്തു ചെയ്യുന്നുവെന്നോ അവളുടെ അവസ്ഥ എന്തെന്നൊ അറിയാൻ മിനക്കെടാതെ സ്വന്തം ഊറ്റത്തെ പ്രഖ്യാപിക്കുവാനുള്ള പുരുഷന്റെ ആധിപത്യസമീപനത്തിന്റെ വിളി തന്നെയാണിത്‌. ജീവിതമെന്ന മഹാഭാഗവതത്തിന്റെ ഏടുകൾ ഇനിയും വായിച്ചു തീർന്നിട്ടില്ലെന്നു വ്യംഗ്യമായി കഥാപാത്രത്തിന്റെ മനോനിലയിൽ നിന്നും ആസ്വാദകനു വായിച്ചെടുക്കാം. തീയീന്നരികിൽ വെപ്പുവേലകൾ, തേച്ചുകഴുകിതീരാനാകാതെ എത്ര പാത്രങ്ങൾ, നാളെക്കെത്ര കൊച്ചു കാര്യങ്ങൾ, കരി പറ്റിയ കയ്യാൽ മരണം വരെ തീരാഭാഗവതം ഞാൻ മറിച്ചു വായിക്കുന്നു, മടിയാതെ അങ്ങ് കേൾക്കുവാൻ വരുന്നില്ല എന്ന ഭാര്യയുടെ മറുപടിയോടെ കവിത   അവസാനിക്കുന്നിടത്ത് ദൈന്യതയുടേയും നിസ്സഹായതയുടേയും നിഴൽ പരക്കുന്നു . എന്നാൽ ഇതൊന്നും അവളൊഴിഞ്ഞു മറ്റാരും അറിയുന്നുമില്ല. അഞ്ചെട്ടു വരിയിലാണ്‌ കവയിത്രി മഹാജീവിതത്തെ വരച്ചിട്ടിരിക്കുന്നത്‌.  ഓരോ വരികൾക്കിടയിലും ഒളിഞ്ഞിരിക്കുന്നത്‌ അർത്ഥങ്ങളുടെ കടലാണ്‌, ശംഖിനുള്ളിൽ നിറഞ്ഞ കടൽ പോലെ!  ഇതു  കവിതയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ജീവിക്കുന്ന പല സ്ത്രീകളുടേയും പ്രതിച്ഛായ തന്നെയാണ്‌. ജീവിതാന്ത്യം വരെ കരി പുരണ്ട കയ്യാൽ ജീവിതം തള്ളി നീക്കുന്നവരെത്രയോ! ഓരോ കുരുക്കുകൾ അഴിക്കുന്തോറും അവൾക്കു മുന്നിലെ കുരുക്കുകൾ കൂടുതൽ കൂടുതൽ മുറുകിക്കൊണ്ടിരിക്കുന്നു. ജീവിതാന്ത്യം വരെ ഈ തത്രപ്പാടിലും ബദ്ധപ്പാടിലും അവനവനോടു തന്നെ യുദ്ധം ചെയ്തു ജീവിതത്തെ തിരിച്ചുപിടിക്കുവാൻ വെമ്പിക്കൊണ്ടിരിക്കുന്നു. അതിവൈകാരികതയുടെ അഗ്നിവിസ്ഫോടനങ്ങൾ ഉള്ളിൽ വിള്ളലുകൾ തീർക്കുമ്പോഴും കുടുംബത്തിനു വേണ്ടി പുഞ്ചിരിയുടെ പൂനിലാവു പൊഴിക്കാനും നന്മയുടെ ഉറവിടങ്ങൾ ശ്രമിക്കുന്നു.എന്നാൽ സമൂഹം പ്രഖ്യാപിക്കുന്നതോ? ഉള്ളു കൊണ്ട് അവളുടെ കഴിവ് അറിയാമെങ്കിലും സ്ത്രീകൾ കഴിവു കുറഞ്ഞവരാണെന്നും അവൾ പുറത്തുവരാൻ സന്നദ്ധരല്ലാത്തതു കൊണ്ടും ആണ്‌  പകൽ വെളിച്ചത്തിലേക്കു വരാത്തതെന്നും സമർത്ഥിക്കാൻ ഒരുമ്പെടാറുണ്ട്‌. വീട്ടിലെ സ്ത്രീകളൊക്കെ പുറത്തിറങ്ങിയാൽ തങ്ങളുടെ കയ്യിലെ ചരടുകൾ അറ്റുപോകുമോ എന്ന ഉല്ഖണ്ഠകൾ സ്ത്രീക്കെതിരെ പ്രതിലോമപരമായി ചിന്തിക്കാൻ വഴിയൊരുക്കുന്നതും കാണാം. പ്രതികൂലാവസ്ഥയിലും നിർഭയത്വവും ധീരതയും കാഴ്ച്ച വെച്ച എത്രയോ വനിതകൾ ചരിത്ര മുഹൂർത്തങ്ങൾ സൃഷ്ടിക്കുവാൻ പര്യാപ്തരായിട്ടുണ്ട്‌. എന്നിട്ടും ചരിത്രതാളുകൾ പാടെ വിസ്മരിക്കാനും സ്ത്രീക്കെതിരെ യുദ്ധങ്ങൾ സൃഷ്ടിക്കാനും വർത്തമാനകാലവും ഒട്ടും പിന്നോക്കമല്ല. വ്യക്തി ഹത്യ നടത്തി അവളെ പുറത്തു നിന്നും അകത്തേക്കു തന്നെ പറഞ്ഞയക്കുവാൻ യാഥാസ്ഥിതികകാലത്തെപ്പോലെ ഇന്നും കർമ്മപദ്ധതികൾ അനുസ്യൂതം തുടരുന്നു. എന്നാലും കയ്പ്പേറിയ ജീവിത സാഹചര്യങ്ങളിൽ നിന്നും പയറ്റിയും നിലവിലുള്ള ദുഷിച്ച വ്യവസ്ഥിതിയെ പൊളിച്ചെഴുതി മാറ്റാനും പല സ്ത്രീവ്യക്തിത്വങ്ങളും ഉണർവ്വിന്റെ രഥഘോഷങ്ങൾ നടത്തുന്നുണ്ട്‌. മുമ്പിൽ എന്നും ഇരുൾ മാത്രമല്ലല്ലൊ പരക്കുക…അതിന്നപ്പുറം ഒരു പ്രകാശവും ഉണ്ടെന്ന തിരിച്ചറിവിൽ നിസ്സഹായത അനുഭവിക്കുന്നവർ ഉണർന്നു വരട്ടെ….പുതിയ സൂര്യ തേജസ്സിനെ വരവേല്ക്കാൻ!

1 Comment
  1. Retnakaran 4 years ago

    Well written. Agree with your thoughts…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account