“റബർ മരങ്ങളും രാത്രിയും ചേർത്തുണ്ടാക്കിയ കനത്ത ഇരുട്ടിൽ വഴി ചേറു പിടിച്ച പോലെ കുഴയുന്നു. എത്ര ചവിട്ടിയാലും മുന്നോട്ടു നീങ്ങാത്ത പോലെ. ഒരിക്കലും വീട്ടിലെത്തണ്ടായിരുന്നു. അയാൾക്ക് കൊതി തോന്നും. എതിരെ നിന്നുവരുന്ന ഏതെങ്കിലും വെളിച്ചം അയാളെ ചീത്ത പറയുന്നു. ചിലപ്പോൾ ചെവി പൊട്ടിയ്ക്കുന്ന തെറി. റോഡിന്റെ നടുക്കായിരുന്നു താനെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞ് അയാൾ വഴിയരികിലേക്കൊതുങ്ങി മുന്നോട്ടു നീങ്ങാത്ത സൈക്കിൾ പിന്നെയും ചവിട്ടും” – സർവ്വമനുഷ്യരുടെയും രക്ഷക്കു വേണ്ടിയുള്ള കൃപ.

ഒറ്റയ്ക്ക് പേടിക്കുന്നതിലും ഭീകരമാണ് പേടിയുള്ള ഒരാളുടെ കൂടെ ആ പേടിയുടെ നിമിഷങ്ങൾ മറികടക്കേണ്ടി വരുന്നത്” – ഇരുണ്ട ഇടങ്ങൾ.

അവഗണനയും ഒരു ബലാൽക്കാരമാണ്” – സെമിനാർ ഹാളിലെ പൂച്ച.

തുള്ളലും കിളിപ്പാട്ടും ഇടകലർത്തി എഴുതിയാലെങ്ങനുണ്ടാകും? അല്ലേ വേണ്ട,  ആശാന്റെ രണ്ടു വരീം ചങ്ങമ്പുഴേടെ രണ്ടു വരീം വീതം കൂട്ടിക്കലർത്തി പുതിയതൊന്നുണ്ടാക്കാൻ നോക്കിയാ എന്നാ ബോറായിരിക്കും, അതുപോലൊക്കെത്തന്നെയേ ആവൂ എഴുതുന്ന രണ്ടുപേരൊന്നിച്ചാ ലൈഫ്” – സാഹിത്യശിൽപ്പശാലയിലെ അന്നാ മേരി.

ജിസ ജോസ് എഴുതിയ 8 കഥകളടങ്ങുന്ന ഈ സമാഹാരത്തിൽ – സർവ്വമനുഷ്യരുടെയും രക്ഷയ്ക്ക് വേണ്ടിയുള്ള കൃപ – മനുഷ്യബന്ധങ്ങൾക്കിടയിലെ വീർപ്പുമുട്ടലുകളും അവനവനെ തേടലുകളും നിറഞ്ഞു നിൽക്കുന്നു. ഇതിൽ വിങ്ങുന്നവരുണ്ട്, അപമാനിക്കപ്പെട്ടവരുണ്ട്, ഉപേക്ഷിക്കപ്പെട്ടവരുണ്ട്, പതുങ്ങിയിരിക്കുന്നവരുണ്ട്, അതിജീവിച്ചവരും. അവരുടെ ജീവിതവും, മോഹങ്ങളും, മോഹഭംഗങ്ങളും, വർത്തമാനങ്ങളുമാണ് ഈ കഥകളുടെ ഭാഷ. ഇവരിലാരും നമുക്കപരിചിതമായതൊന്നും പറയുന്നില്ല. ഏതൊരു മനുഷ്യനും പരിചിതമായ ജീവിതസന്ധികളിലൂടെയും വികാരസ്ഥലികളിലൂടെയുമാണ് ജിസ ജോസിന്റെ കഥകൾ ഒഴുകുന്നത്. ഭാഷയുടെ സ്വാഭാവികത കൊണ്ടും ശക്തമായ പാത്രസൃഷ്ടി കൊണ്ടും മികച്ചു നിൽക്കുന്ന ഈ കഥകൾ വായനക്കാരിൽ ഒരു വീർപ്പുമുട്ടൽ സൃഷ്‌ടിക്കാൻ കെൽപ്പുള്ളവയാണ്.

ജിസ ജോസ്
കോട്ടയം ജില്ലയിൽ ജനനം. തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. വിവിധ ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്.

ഭർത്താവ്: പ്രദീപ് കുമാർ. മക്കൾ: ഹിരണ്വതി, സ്വരൺദീപ്.

എഴുത്തനുഭവം

കുട്ടിക്കാലം മുതൽ കഥകൾ വായിക്കാൻ വളരെ ഇഷ്‌ടമായിരുന്നു. വായന ഇഷ്‌ടമുള്ള മിക്ക കുട്ടികളെയും പോലെ നോട്ട്ബുക്കുകളിൽ കഥകൾ സങ്കൽപ്പില്പിച്ചുണ്ടാക്കി എഴുതാനൊക്കെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അതാരും കണ്ടിട്ടുണ്ടാവില്ല. പാതിയെഴുതി അതൊക്കെ ഉപേക്ഷിക്കുകയും ചെയ്‌തു. പത്താംക്ലാസിലാണ് ആദ്യമായി യുവജനോത്സവത്തിൽ കഥയെഴുത്തിന് പങ്കെടുക്കുന്നത്.

പിന്നെ അതു തുടർന്നു. കലോത്സവ മത്സരങ്ങൾക്ക് മാത്രം കഥയെഴുതുന്ന എഴുത്തുകാരിയായതുകൊണ്ട് പഠനം കഴിഞ്ഞതോടെ അതവസാനിക്കുകയും ചെയ്‌തു. സമ്മാനം കിട്ടിയ കഥകൾ പോലും എഴുതി വെയ്ക്കാനോ, പ്രസിദ്ധീകരണങ്ങൾക്കയക്കാനോ ആർക്കെങ്കിലും കാണിച്ചു കൊടുക്കാനോ പോലും ആത്മവിശ്വാസമുണ്ടായിരുന്നില്ല. പിന്നെ വളരെ വർഷങ്ങൾക്കു ശേഷമാണ് കഥയെഴുതാൻ തുടങ്ങിയത്. എഴുതണം എന്ന ആഗ്രഹം എപ്പോഴും കൂടെയുണ്ടായിരുന്നു, പക്ഷേ അതിനു വേണ്ടി ഒന്നും ചെയ്‌തില്ല. ജീവിതത്തിലെ തിരക്കുപിടിച്ച വർഷങ്ങൾ, സംഘർഷങ്ങൾ, ബാധ്യതകൾ, ഉത്തരവാദിത്വങ്ങൾ, അതിനിടയിൽ എഴുതുക എന്നത് അപ്രായോഗികമോ അപ്രധാനമോ ആയി മാറ്റി വെച്ചു. സേഫ് സോണുകളിൽ തുടരാനാഗ്രഹിക്കുന്ന ശരാശരി മലയാളി ജീവിതത്തിന് എഴുതുന്നതിനെക്കാൾ എത്രയോ സുഖകരമായിരുന്നു വായന.

സമാർട്ട് ഫോണും ഗൂഗിൾ ഹാൻഡ് റൈറ്റിങ്ങ് ഇൻപുട്ടുമൊക്കെക്കൊണ്ട് ജീവിതത്തെ പുതുക്കിപ്പണിത സ്ത്രീകളുടെ കൂട്ടത്തിലാണ് ഞാൻ. പുതിയ കാഴ്ച്ചകളും അനുഭവങ്ങളുമുണ്ടായി. അവിചാരിതമായ ഭൂമികുലുക്കങ്ങളുണ്ടായി. പിടിച്ചു നിൽക്കാൻ ,സ്വയം നിലനിൽക്കുന്നു എന്നുറപ്പു വരുത്താൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടിയിരുന്നു. എന്നിട്ടും ഇത്രയും വർഷങ്ങൾക്കു ശേഷം വീണ്ടും കഥയെഴുതാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നേയില്ല. ലേഖനങ്ങളും കഥാനിരൂപണങ്ങളുമൊക്കെ എഴുതിത്തുടങ്ങി എപ്പോഴോ കഥയിലേക്കെത്തുകയായിരുന്നു.

സാധാരണമായ അനുഭവങ്ങളിൽ പോലും അസാധാരണമായ ആഖ്യാനങ്ങൾക്കുള്ള സാധ്യതകളുണ്ടെന്നു തിരിച്ചറിയുമ്പോഴാണ് ഒരാൾ എഴുത്തുകാരനോ എഴുത്തുകാരിയോ ഒക്കെയാവുകയെന്നു തോന്നുന്നു. എൻ്റെ കാര്യത്തിൽ എന്തായാലും അങ്ങനെയാണ്. .

യാത്രയ്ക്കിടയിലോ മറ്റോ കണ്ട ആളുകൾ, ചിലപ്പോൾ ആരെങ്കിലും പറഞ്ഞ സംഭാഷണത്തിൻ്റെ തുണ്ട് , എന്തെങ്കിലും സംഭവത്തിൻ്റെ വിവരണം ഒക്കെ മനസിൽ കിടക്കുന്നുണ്ടാവും. അതിനോടു റിലേറ്റ് ചെയ്‌ത്‌, കഥാപാത്രങ്ങളും കഥകളുമൊക്കെ രൂപപ്പെട്ടു വരികയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പലപ്പോഴും ഒരൊറ്റ വാചകം, ഒരേയൊരു സിറ്റുവേഷൻ ഒക്കെ വെച്ചിട്ടാണ് എഴുതാൻ തുടങ്ങുക. അതിനു ചുറ്റും കഥാപാത്രങ്ങളും കഥയുമൊക്കെ പതിയെപ്പതിയെ വന്നു ചേരും. ഒരിക്കൽ യാത്രയ്ക്കിടയിൽ ബസിലെ മുൻസീറ്റിലിരുന്ന സ്ത്രീകളിൽ നിന്നാണ് എനിക്ക് ലവ് വിത്ത് എ നൺ എന്ന കഥ കിട്ടിയത്. അക്കൂട്ടത്തിലെ കന്യാസ്ത്രീ മറ്റു രണ്ടു പേരിൽ നിന്നു മാറി ജനാലക്കരികിലെ സീറ്റിലിരിക്കുകയായിരുന്നു. അവർ എന്താണു സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരു വാക്കു പോലും എനിക്ക് പിടിച്ചെടുക്കാനായില്ല. പക്ഷേ അവർ മിണ്ടിക്കൊണ്ടിരിക്കുകയായിരുന്നു.

പിന്നെയുമെത്രയോ നാളുകൾക്കു ശേഷം ആ സ്ത്രീകൾ ഒരു കഥയായി മാറി. വളരെ ആസൂത്രണം ചെയ്‌ത്‌ കഥ മുഴുവൻ മനസിലിട്ടു പാകപ്പെടുത്തി എഴുതുന്നവരായിരിക്കും മിക്ക കഥാകൃത്തുക്കളും. പക്ഷേ എനിക്കങ്ങനെ സാധിക്കാറില്ല. അതിൻ്റെ പരിമിതികൾ എഴുത്തിനുണ്ട് താനും. പക്ഷേ എഴുത്തിൽ ഞാനേറ്റവും ആസ്വദിക്കുന്ന ഒരു കാര്യമാണ് ഈ അനിശ്ചിതത്വം എന്നുകൂടി പറയട്ടെ. അടുത്ത പാരഗ്രാഫ്, അല്ലെങ്കിൽ അടുത്ത വരി എന്താണെന്ന് ചിലപ്പോൾ എനിക്കു തന്നെ അറിയാതെ വരും. ഇതിനെ ഞാനെങ്ങോട്ടു കൊണ്ടു പോകുമെന്ന് എനിക്കു തന്നെ ആശങ്ക വരും. എഴുതി കുറച്ചെത്തുമ്പോൾ ഇതിൻ്റെ അവസാനമെന്തായിരിക്കുമെന്ന് കൗതുകപ്പെടും. അതൊക്കെ വളരെ രസകരമാണ്. നമ്മളെയും കൊണ്ട് കഥ അതിൻ്റെ വഴികളിലൂടെ പോകുന്നതു പോലെയാണത്.

അധികവും സ്ത്രീകളുടെ വീക്ഷണകോണിൽ നിന്നുള്ള കഥകളാണെഴുതിയിട്ടുള്ളത്. സ്ത്രീ എന്ന രീതിയിൽ ഞാൻ ലോകത്തെ കാണുന്നത്,അറിയുന്നത് ഒക്കെ കഥാപാത്രങ്ങളിൽ പ്രതിബിംബിക്കാറുണ്ട്. പിന്നെ ചില ബന്ധങ്ങൾ തുറന്നു തന്ന ഉൾക്കാഴ്ച്ചകൾ പല കഥാപാത്രങ്ങളുടെയും മനസിനെ പിന്തുടരാൻ സഹായിച്ചിട്ടുണ്ട്.

-ജിസ ജോസ്

Publisher: DC Books
Rs.160

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account