പകർച്ചവ്യാധിക്കാലത്ത് ഒറ്റപ്പെടലിന്റെ വേവലാതികൾ തിരിച്ചറിഞ്ഞപ്പോഴാണ് ഓർമ്മകളിൽ ഒരു ഏകാന്തവാസി കടന്നു വന്നത്. ബാല്യകാല ഓർമ്മകളിൽ ആരോടും പറയാത്ത രഹസ്യങ്ങളിലൊന്നായി അതും.

ഞാനും സുനിയും കിണറ്റിൻകരയിൽ നിൽക്കുന്നതു പോലും ശ്രദ്ധിക്കാതെ കുറച്ച് നേരമായി കുളത്തിന്റെ കരയിലൊരു കുശുകുശുക്കൽ. തൊട്ടടുത്ത വീട്ടിലെ പെണ്ണുങ്ങൾ എല്ലാരുമുണ്ട്. മൂക്കത്ത് വിരൽ വെച്ചും ഊയ്യാരവും പായ്യാരവും കൂട്ടി ജാനു അമ്മയാണ് ചർച്ചകൾ നയിക്കുന്നത്. നാട്ടു കിസ്സ പറയുമ്പോൾ അവരുടെ കണ്ണുകൾ മിഴിഞ്ഞ് മിഴിഞ്ഞ് പുറത്തേക്ക് വരും. ആരും ആരോടും ഒന്നും പറയില്ലെന്ന് പരസ്‌പരം ഉറപ്പ് കൊടുത്ത് രഹസ്യത്തിന്റെ ഒരു വൻ ബോംബ് ഉള്ളിലൊതുക്കി നാലഞ്ച് പെണ്ണുങ്ങൾ പരവേശത്തോടെ പല വഴിക്ക് പിരിഞ്ഞു. രഹസ്യങ്ങൾ സൂക്ഷിക്കന്നതിന്റെ പ്രാരാബ്‌ധത്തോടെ അമ്മയും വല്യമ്മയും തിരക്കുപിടിച്ച അടുക്കളപ്പണികളിലേക്കും അച്ഛമ്മ ഭാഗവതത്തിന്റെ താളുകളിലേക്കും വിലയിച്ചു. ആരും വഴക്ക് പറയാനില്ലാത്തതിനാൽ ഞങ്ങളും കിണറ്റിലേക്ക് എത്തിനോക്കുകയോ മീൻ കുഞ്ഞുങ്ങളോട് കിന്നരിക്കുകയോ ചെയ്‌തില്ല.

സാധാരണയിൽ കവിഞ്ഞ നിശബ്‌ദതയായിരുന്നു അന്ന് പരിസരത്തിന്. അമ്മയും വല്യമ്മയും പരസ്‌പരമുരിയാടാതെ പണിയെടുക്കുന്നത് ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു. സുനി അടുക്കള കോനായയിൽ ഒരു പാത്രം വെള്ളം മറിച്ചപ്പോൾ പോലും ആരും ശ്രദ്ധിച്ചില്ല. ആ തക്കത്തിന് ഞാനും ഒഴിച്ചു ഒരു പാത്രം വെള്ളം. അതിങ്ങനെ ഒഴുകി വടക്കേ ചേതിയിലൂടെ താഴേക്കൊഴുകി, കല്യാണത്തിന് പോവുന്ന ഉറുമ്പിൻ കൂട്ടത്തെ ചിതറിത്തെറിപ്പിച്ച് മുറ്റത്തേക്ക് ഇറ്റുവീഴുന്നത് കാണാൻ നല്ല രസമായിരുന്നു.

സാധാരണയിൽ കവിഞ്ഞ് വീട്ടുബഹളങ്ങൾക്ക് ഒരു അടുക്കും ചിട്ടയുമുണ്ടായിരുന്നു അന്ന്. സ്‌കൂളിൽ നിന്ന് വന്ന ഏട്ടനും ഏച്ചിക്കും ചക്കരക്കാപ്പിയും പൂവൻ പഴവും കൊടുക്കുമ്പോൾ വല്യമ്മ പറഞ്ഞു, ‘ഇനി കളിക്കാനാണെന്നും പറഞ്ഞ് വണ്ടിയുരുട്ടി അപ്രത്തെ പറമ്പിലൊന്നും പോണ്ട, വല്ല ഓലമടലോ വെളിച്ചിലോ തെങ്ങുമ്മന്ന് വീണാലതു മതി’.

പതിവില്ലാത്തതാണത്. സ്‌കൂള് വിട്ട് വന്ന ഉടൻ ചെറിയ ടയർ വണ്ടിയുരുട്ടി ഏട്ടൻ ഇടവഴിയിലും അടുത്ത വീട്ടിലെ ആളൊഴിഞ്ഞ പറമ്പിലും പോവും. അവന് പിന്നാലെ വാലു പോലെ ഞങ്ങളും. തിളങ്ങുന്ന കല്ലിന്റെ പൊടികൾ ഉണ്ട് അടുത്ത പറമ്പിൽ, ഒന്നോ രണ്ടോ കല്ല് കഷണങ്ങൾ സുനി ദിവസവും പെറുക്കിയെടുത്ത് പോക്കറ്റിലിടും, എനിക്കുമുണ്ട് ചില കുഞ്ഞുകൗതുകങ്ങൾ അവിടെ. നീല നിറമുള്ള ഒരു പൂമ്പാറ്റയെ ആദ്യമായി കണ്ടത് ആ പറമ്പിൽ വെച്ചാണ് .

നിരാശയോടെ ഞങ്ങൾ വീട്ടുമുറ്റത്ത് നിന്ന് കളി തുടങ്ങി. അമ്മാവൻ ഉണ്ടാക്കി വെച്ച ഓല കൊണ്ടുള്ള ആട്ട ഉണങ്ങിത്തുടങ്ങിയിരുന്നു. അതിനെ വഴിയിലുപേക്ഷിച്ച് ഏട്ടൻ ചെറിയ ഒരു ടിന്നെടുത്ത്   കൊട്ടാൻ തുടങ്ങി. ഞങ്ങൾ കോഴിവാലൻ പൂക്കൾ ആട്ടിയുലച്ച് നൃത്തമാടാനും. തോറ്റം ചൊല്ലലും ഭസ്‌മമെന്ന് പറഞ്ഞ് പൊടി മണ്ണ് പാറ്റലുമായി ഞങ്ങളുടെ കൊട്ടും പാട്ടവും ആട്ടവും മുറുകിക്കൊണ്ടിരുന്നപ്പോൾ അടുത്ത വീട്ടിലെ ജനാലക്കരികിൽ ഒരു നിഴലനക്കം പോലെ തോന്നി. ആരോ ഞങ്ങളെ സാകൂതം നോക്കുന്നുണ്ടെന്ന തോന്നൽ. ബഹളം നിർത്താതെ തന്നെ ഞങ്ങൾ സാവധാനം അടുത്ത വീട് ലക്ഷ്യമാക്കി നീങ്ങി. വീട്ടിൽ നിന്ന് കിട്ടിയ വിലക്ക് തത്‌കാലത്തേക്ക് ഞങ്ങളങ്ങു മറന്നു.

രണ്ടു മൂന്നടി മുന്നോട്ട് വെച്ചു കഴിഞ്ഞപ്പോൾ സുനി പിൻ തിരിഞ്ഞോടി. എനിക്കും പെട്ടെന്ന് അകാരണമായ പേടി തോന്നി. അപ്പോഴേക്കും മുറ്റമടിക്കാനായി വല്യമ്മ പുറത്തിറങ്ങിയിരുന്നു. മണ്ണഭിഷേകം നടത്തി മിടുക്കരായി നിൽക്കുന്ന ഞങ്ങൾ നാൽവർക്കും പതിവ് റേഷൻ അടി സമ്മാനിച്ച് കിഴക്ക് ഭാഗത്തേക്ക് ഓടിച്ച് വിട്ടു. ടിന്നെടുത്ത് ദൂരെ മുളങ്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞ് പൂക്കളും ഇലകളും അടിച്ചു കളയുകയും ചെയ്‌തു.

ആ വീട്ടിൽ ആരോ ഉണ്ടെന്ന ബോധം ഞങ്ങളെ അലട്ടി. അതുകൊണ്ട് തന്നെ ഏറെ ബഹളം വെക്കാതെ സന്ധ്യാ പരിപാടികളിലേക്കും കടന്നു. അടുത്ത ദിവസം രാവിലെ പതിവുപോലെ ഏട്ടനും ഏച്ചിയും സ്‌കൂളിൽ പോയി. അമ്മയും വല്യമ്മയും അടുക്കളത്തിരക്കുകളിലും.

അലക്കാനും കുളിക്കാനും കഥകൾ പറയാനുമായി വീട്ടുമുറ്റത്തെ കുളക്കടവിൽ രാവിലെ തന്നെ അയൽ വീടുകളിലെ പെൺ കൂട്ടം ഹാജരായി. വർത്തമാനത്തിന്റെ തിരക്കിനിടെ കുട്ടികളെ മറന്ന് പോവരുതേ എന്ന് അച്ഛന്മ ഓർമ്മിപ്പിച്ചു. ഞാനും ഞാനുമെന്ന് ഓരോരുത്തരും ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്‌തു. എല്ലാവരും അവരുടെ തിരക്കുകളിലേക്ക് മുഴുകിയെന്നുറപ്പ് വരുത്തി ഞാൻ മെല്ലെ സുനിയുടെ കൈയും പിടിച്ച് അടുത്ത പറമ്പിലെ ഒഴിഞ്ഞ വീട് ലക്ഷ്യമാക്കി നീങ്ങി. ഞങ്ങളെ മാത്രം നോക്കുന്ന രണ്ടു കണ്ണുകൾ ആ ജനാലയുടെ പിന്നിൽ നിന്ന്  മാടി വിളിച്ചു എന്നതാണ് സത്യം.

ഞാൻ മെല്ലെ കതകിലൊന്ന് തട്ടി നോക്കി. ചെവി ചേർത്തു വെച്ചു. ജനലിനരികിലേക്ക് എത്തി നോക്കി. ആരും വാതിൽ തുറന്നില്ല. പേടിപ്പിക്കുന്ന നിശബ്‌ദത ഞങ്ങളെ മൂടി. അക്കരെ പാടം കടന്ന് പരിചയമില്ലാത്ത ഒരു പട്ടി ആ വീട്ടുമുറ്റത്തെത്തിയപ്പോൾ സുനി ഉറക്കെ കരയാൻ തുടങ്ങി. എനിക്കും കരച്ചിൽ വന്നെങ്കിലും, അതിനിടയിൽ ഒരു തിളങ്ങുന്ന കല്ല് പെറുക്കിയെടുത്ത് അവന്റെ പോക്കറ്റിലിട്ടു കൊടുത്ത് അവനെ തത്‌കാലത്തേക്ക് നിശബ്‌ദനാക്കി. പെട്ടന്ന് സുനിയുടെ ഏങ്ങലടികൾക്കു പിന്നിൽ ശബ്‌ദമുണ്ടാക്കാതെ കതക് തുറന്ന് ഒരാൾ പുറത്തു വന്നു. വല്യ ഒരാളുടെ മുഖവും കുഞ്ഞി ശരീരവുമായി ഒരു മായാരൂപി. കഥകളിൽ കേട്ടത് പോലെ ഒരു ഗന്ധർവ്വൻ.

അയാൾ മെല്ലെ സുനിയുടെ അടുത്ത് വന്ന് അവന്റെ മുഖം പതുക്കെ തലോടി. കണ്ടു മറന്ന ആരെയോ നോക്കുന്നത് പോലെ അയാൾ സുനിയെ സാകൂതം നോക്കി. പിന്നെ ഞങ്ങളുടെ വീടിനു നേരെ കൈചൂണ്ടി വേഗം അങ്ങോട്ട് പോവാൻ ആംഗ്യ ഭാഷയിൽ കാണിച്ചു. അതിനിടയിൽ പട്ടിയെ നിശബ്‌ദ നോട്ടം കൊണ്ട് ഓടിച്ചു വിട്ടു.

ഞങ്ങൾക്ക് പിറകിൽ കരുതലോടെ ഇരു കണ്ണുകൾ ഉണ്ടെന്ന ധൈര്യത്തോടെ തിരിഞ്ഞു നോക്കാതെ, പരസ്‌പരമുരിയാടാതെ ഞങ്ങൾ നടന്നു വീട്ടിലെ ബഹളങ്ങളിലേക്ക് എത്തി. കുട്ടികൾ ഇവിടെത്തന്നെയുണ്ടെന്ന് ആരോ അടുക്കളക്ക് നേരെ നോക്കിപ്പറഞ്ഞു.

അടുത്ത വീട്ടിലെ ജനാലയ്ക്കിടയിൽ നിന്ന് ഇരു കണ്ണുകൾ ഞങ്ങൾക്ക് ചുറ്റും വാത്‌സല്യമഴ പെയ്യിക്കുന്നത് ഞങ്ങളറിയുന്നുണ്ടായിരുന്നു.

അങ്ങിനെയൊരു ദിവസം ജനാലപ്പഴുത് ശൂന്യമായതും ഞങ്ങൾ മാത്രമനുഭവിക്കുകയും ചെയ്‌തു.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കുളക്കടവിൽ വീണ്ടുമൊരു ചർച്ച. ധർമ്മടത്തെ സർക്കസ് കമ്പനിയിലെ പ്രശസ്‌തനായ കോമാളി  അടുത്ത പറമ്പിലെ പഴയ വീട്ടിൽ ഒളിച്ച് താമസിച്ചിരുന്നത്രെ!

ജാനു അമ്മക്ക് സംശയമുണ്ടായിരുന്നെന്നും ഇവിടെയത് പറഞ്ഞിരുന്നെന്നും മൂപ്പർ ആണയിട്ടു. എന്നാലുമൊന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന് എല്ലാവരും പതം പറഞ്ഞു.

ആ ജനാലക്ക് പിന്നിലെ വാത്‌സല്യം നിറഞ്ഞ രണ്ടു കണ്ണുകൾ ഒരു കോമാളിയുടേതായിരുന്നില്ല എന്ന രഹസ്യമറിയുന്നവർ ഞങ്ങൾ രണ്ടു പേർ മാത്രമായിരുന്നു. ഇന്നും ഇതുവരെ വീട്ടിലാരോടും പറയാത്ത കുഞ്ഞു രഹസ്യങ്ങളിലൊന്നതും.

വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ സർക്കസ് കാണാൻ പോയപ്പോൾ ചുവന്ന ചായം തേച്ച്, കൂർമ്മൻ തൊപ്പി വെച്ച്, ചിരിച്ച മുഖത്തോട് കൂടിയ ആൾ രൂപത്തെ നോക്കി ഞാൻ കൈകൾ വീശി. കണ്ണുകളിലൂടെ ഒരു  രഹസ്യം പങ്കുവെച്ചു.

തിരിച്ച് വരുമ്പോൾ മമ്മി പതുക്കെ ഡാഡിയോട് പിറുപിറുക്കുന്നതും ഞാൻ കേട്ടു. ‘പണ്ട് അവിടെ താമസിച്ചത് ഇയാളാണ്. ഞാൻ എഴുത്തെഴുതിയിരുന്നത് ഓർമ്മയില്ലേ’ എന്ന് .

ഏകാന്ത ജീവിതം ഓർമ്മിപ്പിച്ച കഥകൾക്കൊപ്പം ബാല്യത്തിന്റെ സാഹസവും രഹസ്യങ്ങളും ഇങ്ങിനെ കൂടി…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account