ജോസഫിനെക്കുറിച്ചെഴുതുമ്പോൾ ഷാഹിയിൽ നിന്നേ തുടങ്ങാനാകൂ. പീറ്ററിലേ അവസാനിക്കൂ.

കോട്ടയം എ.ആർ. ക്യാമ്പിലെ പോലീസുകാരൻ ഷാഹി കബീർ അവധിയെടുത്ത് സിനിമ ചെയ്യാനിറങ്ങിയത്  ‘കൗതുകം ലേശം കൂടിപ്പോയത്’ കൊണ്ടല്ല എന്ന് ആരും  അടിവരയിട്ട്  പറയും  ജോസഫ് കണ്ടുകൊണ്ടിരിക്കുമ്പോൾ. വാണിജ്യസിനിമയിൽ കുറ്റാന്വേഷണവും അന്വേഷകൻ്റെ വ്യക്‌തിജീവിതവും ഇത്ര ഭംഗിയായി ആരും അവതരിപ്പിച്ചിട്ടില്ല.  ത്രില്ലർ എന്ന നിലയിൽ നാടകീയത തെല്ലേറെയുണ്ടങ്കിലും ആദ്യ രംഗം മുതൽ മുറുക്കി മുറുക്കി തിരക്കഥ കൊണ്ടുപോകാൻ കഴിഞ്ഞപ്പോഴാണ് എം. പത്‌മകുമാറിൻ്റെ  സംവിധാനത്തിൽ സിനിമ ഭദ്രമായത്.  വാണിജ്യ സിനിമയിലെ ഒരു  തുടക്കക്കാരൻ എന്ന നിലയിൽ വേണ്ടിവന്നിട്ടുണ്ടാകാവുന്ന കോംപ്രമൈസുകളില്ലാത്ത സ്വന്തം സിനിമകളുമായി ഷാഹി കബീർ വരാനിരിക്കുന്നുവെന്നത്തിൻ്റെ  വിളംബരമാണ് ‘ജോസഫ്’.

ജൂനിയർ ആർട്ടിസ്റ്റായി സിനിമയുടെ അരികുകളിൽ അഭിനയ ജീവിതം തുടങ്ങിയ  ഒരു നടന്റെ ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ അനുഭവമായിരിക്കും ഈ സിനിമ. ശരീരം കൊണ്ടും ചമയം കൊണ്ടും പക്വമായ ഭാവപ്രകടനങ്ങൾ കൊണ്ടും ജോജു ജോർജ് തന്നെ പൂർണമായും ജോസഫിന് വിട്ടു കൊടുത്തിരിക്കുന്നു. സൂപ്പർ താരങ്ങൾക്കു കിട്ടിയിരുന്നെങ്കിൽ പൂണ്ടു വിളയാടി ക്ളീഷേ കളിച്ച് നശിപ്പിക്കുമായിരുന്ന  കഥാപാത്രത്തിന്റെ ഓരോരോ പ്രായത്തിലെ പ്രകടനവും ജോജുവിന്റെ കയ്യിൽ ഭദ്രം.

പ്രേക്ഷകർക്ക് പ്രതീക്ഷ നശിച്ചു തുടങ്ങിയിരുന്ന ഒരു സംവിധായകനായിരുന്നു പത്‌മകുമാർ. വലിയ ബജറ്റിലെ ഒരൊറ്റ പൊട്ടൽ മതി കച്ചവടസിനിമയിൽ  ഒരു സംവിധായൻ നിഷ്‌കാസിതനാവാൻ. ഷാജി കൈലാസും ഐ. വി. ശശിയും പോലുള്ള രാജാക്കന്മാർ മുതൽ രൺജിത് വരെ പൊലിഞ്ഞു പോയിടത്താണ് പത്‌മകുമാർ തിരിച്ചു വന്നിരിക്കുന്നത്.  ആത്‌മാർത്ഥമായി അധ്വാനിക്കുന്ന പ്രതിഭകൾക്ക് മരണമില്ല എന്ന്  ‘ജോസഫിൻ്റെ  സംവിധായകൻ’ പത്‌മകുമാറിനെ ചൂണ്ടിക്കാട്ടി സധൈര്യം പറയാം.

ത്രില്ലറിന്റെ മുറുക്കവും പാട്ടുകളുടെ ഭംഗിയും ഇമോഷൻസിന്റെ മൂഡും കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ മനേഷ് മാധവൻ (ക്യാമറ), കിരൺദാസ് ടീമിന് സാധിച്ചു. ഗോപിസുന്ദർ മോഡൽ ഭീകരബഹളങ്ങളില്ലാതെ അനിൽ ജോൺസൻ്റെ പശ്ചാത്തല സംഗീതം ദൃശ്യങ്ങൾക്ക് കിടിലൻ സപ്പോർട് നൽകി. പാട്ടുകളാകട്ടെ, ഇതുപോലെ അടുത്ത കാലത്തൊന്നും സിനിമയോടിത്ര ലയിച്ചു ചേർന്ന് ഹൃദ്യമായി അനുഭവപ്പെട്ടിട്ടില്ല.  രഞ്ജിൻ രാജിന്റെ സംഗീതത്തിൽ അജീഷ് ദാസന്റെയും ബി.കെ. ഹരിനാരായണന്റെയും വരികൾ  അതിമനോഹരമായി സിനിമയിലുണ്ട്.

ജോസഫ് എന്ന ഒരു റിട്ടയേർഡ് പോലീസുകാരൻ്റെ  ഏകാന്ത ജീവിതം, കൂട്ടുകാർ, അയാൾക്കുള്ളിൽ റിട്ടയറാകാത്ത കുറ്റാന്വേഷകൻ, ബന്ധങ്ങളുടെ വിചിത്രവും എന്നാൽ  സ്വാഭാവികവുമായ പരിണാമങ്ങൾ, വലിയ  വിപത്താകാവുന്ന ഒരു സാമൂഹ്യ വിഷയം എന്നിങ്ങനെ സജീവമാണ് സിനിമയുടെ തിരക്കഥ. കച്ചവടസിനിമയുടെ  പതിവ് നാടകീയതകളെത്തന്നെ അവലംബിക്കുമ്പോഴും തികച്ചും വ്യത്യസ്‌തമായി രൂപപ്പെടുത്തിയ  കഥാപാത്ര സ്വഭാവവും പശ്ചാത്തലവും – ഇതൊക്കെയാണ് ‘ജോസഫ്’ എന്നിരിക്കെ സിനിമയുടെ ആസ്വാദനത്തെ തടസ്സപ്പെടുത്തിയ ചിലതുണ്ടെന്നും പറയാതെ വയ്യ.  ഒരു സസ്‌പെൻസ്‌ ത്രില്ലർ എന്ന നിലയ്ക്ക് സിനിമയിലുടനീളം സസ്‌പെൻസ്‌ നൽകാമായിരുന്ന ഒരു കഥാപാത്രത്തെ ആദ്യ സീനിൽ തന്നെ ഉൾപ്പെടുത്തി രസംകൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നി. പല പോലീസ്  സീനുകളിലും  യഥാർത്ഥ പോലീസിനെയല്ല, സിനിമകളിലെ പോലീസിനെയാണ് കാണാൻ കഴിഞ്ഞത്.  കാമുകിയുടെ വരവും പെർഫോമൻസും ജോസഫിനെ സംബന്ധിച്ച് ബോറായിരുന്നു. അവസാനത്തെ  നീണ്ട കോടതിരംഗങ്ങൾ ബോധവല്ക്കരണസിനിമ പോലെയായിരുന്നുവെന്നു  ബബിതയും ‘അവസാനായപ്പോ വിജയ് പടം മാതിരി’ എന്ന് ഉത്തരയും സിനിമ കണ്ടിറങ്ങുമ്പോൾ പറഞ്ഞത് ശരിയാണെന്നു തോന്നി.

അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടിയുണ്ട് സിനിമയിൽ. ആത്‌മീയ ലളിതമായി നായികയെ അവതരിപ്പിച്ചു. കൂട്ടുകാരായി ഇർഷാദും ജെയിംസ് എലിയയും നല്ല പ്രകടനം. സുധി കോപ്പയും വേദും (S. ദുർഗ ഫെയിം) മോശമല്ലാത്ത വേഷങ്ങളിലുണ്ട്. ജോസഫിന്റെ സഹായിയായി (പഴയ വണ്ടിക്കച്ചവടക്കാരൻ) അഭിനയിച്ച വിക്രമൻ നായരുടെ  വളരെ സ്വാഭാവികമായ പ്രകടനം എടുത്തു പറയേണ്ടതാണ്. പെർഫെക്റ്റ് പെർഫോമൻസ്!.

ജോജു ജോർജിൻ്റെ പടമാണ് പൂർണമായും ജോസഫ്. നിർമ്മാതാവും അദ്ദേഹം തന്നെയായതിനാൽ  രചയിതാവും സംവിധായകനും പൂർണശ്രദ്ധയോടെയായിരിക്കും ആ കഥാപാത്രത്തെ കൈകാര്യം ചെയ്‌തിരിക്കുക.  നടൻ എന്ന നിലയിൽ ജോജുവിൻ്റെ സമർപ്പണവും ജോസഫിനെ മികച്ചതാക്കി (പോരായ്‌മകൾ ഇല്ലെന്നല്ല).  പക്ഷേ, സിനിമ കണ്ടിറങ്ങുമ്പോൾ ജോസഫിനെ തിയേറ്ററിലിരുത്തി നമ്മുടെ കൂടെ ഇറങ്ങിപ്പോരുന്നത് പീറ്ററാണ്. ജോസഫിന്റെ പരിസരങ്ങളിൽ വളരെ കുറച്ചു സീനുകളിൽ അധികം സംസാരമില്ലാതെ പീറ്റർ ജീവിച്ചു. വളരെ ലളിതമെന്ന മട്ടിൽ, എത്ര അനായാസമായാണ് ദിലീഷ് പോത്തൻ പീറ്റർ എന്ന മനുഷ്യനായ് പകർന്നാടിയത്!  ജോസഫ് എന്ന സിനിമയിലെ നടന്മാരിൽ ഗംഭീര പെർഫോമൻസ് ദിലീഷ് പോത്തന്റെതാണ്. അതുപോലെത്തന്നെ, പീറ്ററും ജോസഫും ഒരുമിച്ചുള്ള രംഗങ്ങളാണ് ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്‌ടപ്പെട്ടത്.

പീറ്ററു ചേട്ടാ, ഞാനിതെഴുതുമ്പോഴും തൊട്ടു പിന്നിൽ ഒന്നും മിണ്ടാതെ, എന്തൊക്കെയോ പറയാതുള്ളിലൊതുക്കി നിൽക്കുകയാണോ നിങ്ങൾ!

– ഉമേഷ് വള്ളിക്കുന്ന്

6 Comments
 1. Anil 3 weeks ago

  Nice review

 2. Sunil 3 weeks ago

  സിനിമ കാണാൻ പ്രേരിപ്പിക്കുന്ന റിവ്യൂ…

 3. George K T 3 weeks ago

  Super review….

 4. Sujith. N 3 weeks ago

  നല്ല നിരീക്ഷണം. മികച്ച നിരൂപണം. അഭിനന്ദനങ്ങൾ

 5. Priya 3 weeks ago

  Good…

 6. Biju 3 weeks ago

  Nice review…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account