“തമിഴ്  സിനിമയിൽ ആദ്യമായി  ഒരു സംവിധായകൻ രജനിക്കും മീതെ വളരുന്ന കാഴ്ച്ചയാണ് പാ.രഞ്‌ജിത്‌ നമുക്ക് സമ്മാനിക്കുന്നത്.”

സാധാരണക്കാരനായ ചെറുപ്പക്കാരനായി, ഏഴൈകളിൽ ഒരാളായി, ഉഴൈപ്പാളറായി കഥാപാത്രത്തെ അവതരിപ്പിച്ച്, തങ്ങളിലൊരാളാണ്  എന്ന തോന്നൽ പ്രേക്ഷകരിലുണ്ടാക്കി കഥാപാത്രത്തിന് അടിത്തറയിടുകയും പിന്നെ അമാനുഷികമായ അഭ്യാസങ്ങളിലൂടെയും പഞ്ച് ഡയലോഗുകളിലൂടെയും എതിരാളികളെ നിഷ്‌പ്രഭമാക്കി സൂപ്പർ ഹീറോയിസത്തിന്റെ മാക്‌സിമത്തിലേക്കു കയറ്റിക്കൊണ്ടു പോകുയും ചെയ്യുന്ന അജയ്യനായ നായക കഥാപാത്രങ്ങളാണ് സൂപ്പർ സ്റ്റാർ രജനികാന്ത്  അവതരിപ്പിച്ചതിലേറെയും. തമാശക്കാരനായ, കുടുംബസ്‌നേഹിയായ, ത്യാഗിയായ, പ്രേമലോലുപനായ, രജനിയെയും ആട്ടവും പാട്ടുമായി രസിപ്പിക്കുന്ന രജനിയെയും ശത്രുക്കളെ നിഗ്രഹിച്ചൊടുക്കുന്ന രജനിയെയും ഒരേ സിനിമയിൽ കാണാം. ഓരോ രജനി സിനിമയും ഏറിയും കുറഞ്ഞും ഇതൊക്കെ തന്നെയാണ്. അങ്ങനെയൊരു സിനിമ കാണാൻ  തന്നെയാണ്, അതിനു മാത്രമാണ്  രജനി സിനിമ കാണാൻ പോകുന്നവർ  ടിക്കെറ്റെടുക്കുന്നത്. ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞാൽ സിനിമ കാണാൻ ആള് കുറയുകയും ചെയ്യും. അതുകൊണ്ടാണ്  കെ.എസ്. രവികുമാർ ചെയ്‌താലും സുരേഷ് കൃഷ്‌ണ ചെയ്‌താലും മണിരത്‌നം ചെയ്‌താലും രജനിപ്പടം ഒരു രജനിപ്പടം തന്നെയാകുന്നത്.

ദളിത് ആക്റ്റിവിസ്റ് എന്നറിയപ്പെടുന്ന പാ. രഞ്‌ജിത്‌ എന്ന സംവിധായകനും ഒരു പക്കാ രജനിപ്പടം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ മസാലകളും  കൃത്യമായി ചേർത്തു തയ്യാറാക്കിയ ‘കാലാ’ ഒരു തട്ടുപൊളിപ്പൻ സിനിമയായിരിക്കെതന്നെ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിന്റെ നയ പ്രഖ്യാപനമായി വായിക്കേണ്ടുന്ന ഒന്നാണ് എന്ന് വിവിധ മാധ്യമങ്ങളിലൂടെ ഓരോ പ്രേക്ഷകനിലേക്കും എത്തിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തിൽ ‘കാലാ’ മുന്നോട്ടു വെക്കുന്ന രാഷ്‌ട്രീയം തന്നെയാണ് ഈ സിനിമയുടെ പ്രസക്‌തി.

‘കാരികാലൻ’  എന്ന തനിത്തമിഴ്  പേരും കറുപ്പിനെയും കാലനേയും സൂചിപ്പിക്കുന്ന ‘കാലാ’  എന്ന വിളിപ്പേരുമാണ് രജനിയുടെ നായകന്. വർദ്ധക്യത്തിലെത്തിയ ഒരു ഗൃഹനാഥൻ. പിതാവിൽ നിന്ന് പകർന്നു കിട്ടിയ പോരാട്ട വീര്യംകൊണ്ട് ധാരാവിയിലെ തമിഴ് ചേരിയുടെ ലീഡറായി മാറിയ ഒരു സാധാരണക്കാരൻ. ആ പ്രായത്തിലുള്ള ഓരോ മനുഷ്യനെയും പോലേ വിവിധ സ്വാഭാവക്കാരായ  കുറേ  മക്കളും പേരക്കുട്ടികളും കൂട്ടുകാരും ഒക്കെയുള്ള ഒരാൾ. എതിർ പക്ഷത്ത് ഭരണവും കോർപറേറ്റ് പണവും കയ്യാളുന്ന കാവി രാഷ്‌ട്രീയത്തിൻ്റെ  നേതാവായി നാനാപടേക്കറുടെ ഹരിദാദ. രാമൻ സവർണ്ണ വില്ലനും രാവണൻ നിലനിൽപ്പിനായി പൊരുതുന്ന ദളിതനും എന്ന് രാമായണത്തെ വായിക്കുന്ന പാത്രസൃഷ്‌ടി. (കറുപ്പിനും വെളുപ്പിനും സമൂഹം കൽപ്പിച്ചിരിക്കുന്ന ഇമേജുകളെ പൊളിച്ചടുക്കുന്നതാണ് തിരക്കഥ).   ക്ലീൻ മുംബൈ,  ചേരി വികസനം എന്നൊക്കെയുള്ള  പദ്ധതികളുടെ മറവിൽ  പണം, അധികാരം, ഗുണ്ടായിസം,  പോലീസ്, മതം, കാവിക്കൊടി, എന്നിങ്ങനെ എല്ലാ  ആയുധങ്ങളും ഉപയോഗിച്ച് നാൽപ്പതിനായിരം കോടി വിലയുള്ള ധാരാവിയിലെ ഭൂമി തട്ടിയെടുക്കാൻ ഹരിദാദ  ശ്രമിക്കുമ്പോഴാണ് കാലായുടെ പ്രതിരോധം.  വില്ലന്മാരുടെ താണ്ഡവത്തിൽ കാലായും ധാരാവി വാസികളും അനുഭവിക്കേണ്ടി വരുന്നത്, നഷ്‌ടപ്പെടുത്തേണ്ടി വരുന്നത് കുറച്ചൊന്നുമല്ല. ആ അനുഭവങ്ങൾ സമകാലിക ഇന്ത്യയിലെ നേർക്കാഴ്‌ച്ചകളുടെ സിനിമാവിഷ്‌കാരമാകുമ്പോൾ  ഭൂരിപക്ഷ പ്രേക്ഷകരിലും സമര വീര്യം പകരുന്നു. തൻ്റേയും കൂടെയുള്ളവരുടെയും സഹനങ്ങളിൽ നിന്ന് ഉൾക്കൊണ്ട  പുതിയ തിരിച്ചറിവുകളോടെ ഗാങ് ലീഡർ എന്ന നിലയിൽ നിന്ന്  ജനകീയ സമരനായകനായി പരിണമിക്കുന്നു കാലാ. കബാലിയുടെ ക്ലൈമാക്‌സ് കൊണ്ട് അതിനു മുൻപുള്ള സകലമാന രജനിപ്പടസംവിധായകരെയും പുറംകാലുകൊണ്ടു തൊഴിച്ച പാ. രഞ്‌ജിത്‌ ഈ സിനിമയിലൂടെ കച്ചവട സിനിമയുടെ തന്നെ ക്ലൈമാക്‌സ് പതിവുകളെ മാറ്റിയെഴുതുന്നു പുതിയ ദൃശ്യഭാഷയാൽ.

തൂത്തുക്കുടി സമരം, മുംബയിലേക്കുള്ള കർഷക റാലി, പുതു വൈപ്പിൻ, എന്നിങ്ങനെ പുറകോട്ടു സീമാസിലെ സെയ്‌ൽസ്‌ഗേൾ സമരം വരെ ഓർമ്മിപ്പിക്കുന്നുണ്ട് കാലാ. മുഖ്യധാരാ രാഷ്‌ട്രീയപ്പാർട്ടികളുടെ പിന്തുണയില്ലാത്ത സമരങ്ങളെ തീവ്രവാദമായി വ്യാഖ്യാനിച്ച്‌ തല്ലിയും  കൊന്നും ഒതുക്കുന്ന ഭരണകൂടത്തിനെതിരെയാണ് സിനിമ സംസാരിക്കുന്നത്. നിയമങ്ങൾ ഒരു ജനതയുടെ ജീവിതത്തെ ഇല്ലാതാക്കാൻ കൂട്ടുനിൽക്കുമ്പോൾ ആ നിയമത്തെ പൊളിച്ചെറിയേണ്ടി വരും അവർക്ക്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ബലാത്‌സംഗം ഒരായുധമായി ഉപയോഗിക്കുന്ന അധികാരി വർഗത്തെ എങ്ങനെയാണ് നേരിടേണ്ടത്? കോർപറേറ്റുകളുടെയോ ഭരണകൂടത്തിന്റെയോ വാലാട്ടിപ്പട്ടികളായ മുഖ്യധാരാ മാധ്യമങ്ങൾ തിരിഞ്ഞു നോക്കാത്തിടത്ത് പ്രാദേശിക ചാനലുകളും സോഷ്യൽ മീഡിയയും മാത്രമാണ് ജനകീയ സമരങ്ങളോടൊപ്പം ആദ്യാവസാനമുണ്ടാകുക എന്ന് മാത്രമല്ല ഇതേ സമരങ്ങൾക്ക് മാർക്കറ്റ് വാല്യു  ഉണ്ടാകുമ്പോൾ ഏറ്റെടുക്കാൻ വൻകിട മാധ്യമങ്ങൾ പറന്നു വരുമെന്നും സിനിമ വ്യക്‌തമാക്കുന്നുണ്ട്.

ധാരാവി എന്നാൽ പട്ടിണിപ്പാവങ്ങളുടെയും, ക്രിമിനലുകളുടെയും കേന്ദ്രമെന്നായിരുന്നു ഇതുവരെയുള്ള സിനിമകൾ പറഞ്ഞുകൊണ്ടിരുന്നത്.  ധാരാവിക്കാർക്ക് ഹീറോ പരിവേഷം നൽകിയെടുക്കുന്ന സിനിമകളും അങ്ങനെ തന്നെയായിരുന്നു. ധാരാവി മുംബൈ നഗരത്തെ സംബന്ധിച്ച് അതൊന്നുമല്ല എന്ന് തിരിച്ചറിയുന്നത്‌ ഈ സിനിമയിലൂടെയാണ്. മഹാനഗരത്തെ ചലിപ്പിക്കുന്നത്, ജീവിപ്പിക്കുന്നത് ചേരികളിൽ നിന്നുള്ള തൊഴിലാളികളാണ്. അവർ ഒരുമിച്ചൊരു ദിവസം പണിമുടക്കിയാൽ കെട്ടു പോകുന്നതേയുള്ളു എല്ലാ പകിട്ടുകളും ആർഭാടങ്ങളും. അതിപ്പോ മുംബൈയിലായാലും കൊച്ചിയായാലും കോഴിക്കോടായാലും തൊഴിലാളികളില്ലാതെയായാൽ തീരുന്നതേയുള്ളു എല്ലാ  ഹുങ്കുകളും.

‘എൻ വഴി തനി വഴി’, ‘പന്നിങ്ക താൻ കൂട്ടമാ വരും, നാൻ തനിയാ വരു’, ‘നാൻ ഒരു തടവൈ  സൊന്നാൽ …’ എന്നിങ്ങനെ ‘ഞാൻ.. ഞാൻ’ എന്ന് പഞ്ചടിച്ചിരുന്ന രജനിയെക്കൊണ്ട്  ‘ഇന്ത കാലാ പോണ എന്ന, ഓവ്വോറുത്തറും കാലാ താൻ’ എന്ന് പറയിപ്പിക്കുന്നു പാ. രഞ്‌ജിത്‌. ഒട്ടും പൈങ്കിളിവൽക്കരിക്കാതെ, ഇതുവരെ കാണാത്ത വിധം സ്വാഭാവികമായി കാലായുടെ കുടുംബത്തെ അവതരിപ്പിച്ചിരിക്കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട  സംവിധായക മികവ്. സെൽവിയെന്ന തിരുനെൽവേലിക്കാരി ‘മദ്ധ്യവയസ്ക്ക’ നിയന്ത്രിക്കുന്ന വലിയ കുടുംബം. അവിടെ പകിട്ടും മിനുക്കലുകളും വലിയ പരിചയപ്പെടുത്തലുകളുമില്ലാതെ കുറെ അംഗങ്ങൾ.  ആ കൂട്ടുകുടുംബജീവിതത്തിൻ്റെ ഒഴുക്കും അസ്വാരസ്യങ്ങളും ചിത്രീകരിച്ച രീതി രജനിപ്പടങ്ങൾക്കും മീതെയാണ്. മുൻ രജനി ചിത്രങ്ങളിലൊക്കെയും ഗെറ്റപ്പുകളുടെ അയ്യരുകളിയായിരിക്കും രജനിക്ക്. പ്രായമുള്ള നായകനാണെങ്കിൽ യുവാവായി ഫ്ലാഷ് ബാക്ക് ഉറപ്പ്.  വാലിബരജനിയെ അനിമേഷനിൽ ഒതുക്കിയിരിക്കുന്നു.

പക്ഷെ സ്റ്റണ്ട് രംഗങ്ങളിലെത്തുമ്പോൾ സംവിധായകൻ പഴയ രജനിപ്പടങ്ങളുടെ ആരാധകനാകുന്നു. പത്തു വണ്ടിക്ക്  ഗുണ്ടകൾ വന്നാലും നിരായുധനായ രജനിയെ തോൽപ്പിക്കാനാവില്ലല്ലോ. ഇവിടെ ഒരു കുടകൊണ്ടാണ് സൂപ്പർസ്റ്റാർ രജനി തകർക്കുന്നത്. പക്ഷേ, കണ്ണെടുക്കാതെ കണ്ടിരുന്നു പോകും… എന്തൊരു ടേക്കിങ്‌സ്! കാമറ/എഡിറ്റ്/ ബിജിഎം!!

രജനികാന്തിന്റെ മികച്ച പ്രകടനം, അതും  ചെറുപ്പക്കാരേക്കാളും എനെർജിറ്റിക്  ആയി. വില്ലനായി നാനാ പടേക്കറും സെൽവിയായി ഈശ്വരി റാവുവും തകർത്തു. അഞ്‌ജലി പാട്ടീലും മണികണ്ഠനും സ്വാഭാവിക പ്രകടനം കൊണ്ട് (കഥാപാത്രം കൊണ്ടും) യുവാക്കളിൽ മികച്ചു നിൽക്കുന്നു. സമുദ്രക്കനി എന്ന മാസ്റ്റർ നടനെ കൗണ്ടമണിയൊക്കെ പണ്ട് ചെയ്‌തിരുന്ന വാലാട്ടി വേഷത്തിലേക്ക് ചുരുട്ടിക്കെട്ടി നശിപ്പിച്ചു. പിന്നണിയിൽ നിന്ന്  ജി.മുരളി (കാമറ), ശ്രീകർ പ്രസാദ്‌ (എഡിറ്റർ), സന്തോഷ് നാരായണൻ (സംഗീതം) ടീം സിനിമയെ പെർഫെക്‌ട് മാസ്സ് എന്റർടൈനർ  ആക്കിക്കൊടുത്തു.

‘കാലാ’  ഇറങ്ങുന്നതിനു കുറച്ചു മുൻപാണ് രജനിയുടെ രാഷ്‌ട്രീയപ്രവേശന വാർത്ത വരുന്നത്.  ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്‌ട്രീയം ജനങ്ങൾ രജനി എന്ന നേതാവിൽ നിന്ന് പ്രതീക്ഷിക്കുകയും അങ്ങനെ രജനിക്ക്  തമിഴ്‌നാട്  രാഷ്‌ട്രീയത്തിൽ പ്രതീക്ഷക്ക് വകയുള്ളതുമായിരുന്നു. തൂത്തുക്കുടിയിൽ സിനിമയിലേതിന് സമാനമായ സമരവും തുടർന്ന് കൂട്ടക്കൊലയും ഉണ്ടായ സാഹചര്യത്തിൽ രജനിയിൽ  ഓരോ തമിഴനും   പ്രതീക്ഷയുണ്ടാകുമായിരുന്നു. എന്നാൽ തിരൈപ്പടത്തിൽ കാണുന്ന രജനി വെറും ‘ഡ്യൂപ്’ ആണെന്നും ഒറിജിനൽ രജനി എന്താണെന്നും തിരിച്ചറിയാൻ തമിഴ് മക്കൾക്ക് ഭാഗ്യമുണ്ടായി. ഈ സിനിമ കാണുന്നതിലേറെ ആളുകൾ രജനിയുടെ തൂത്തുക്കുടി വീഡിയോ കണ്ടിട്ടുണ്ടാകും.1996  മുതൽ സമാധാനപരമായി നടക്കുന്ന ഒരു സമരത്തെ ഇങ്ങനെയൊരു ക്ലൈമാക്‌സിലേക്ക് നയിച്ച ഭരണകൂട-കോർപറേറ്റ് ദുർഭരണത്തെ തിരിച്ചറിയാൻ കഴിവില്ലാത്ത മനുഷ്യനായി ആരാധകർ തങ്ങളുടെ താരത്തെ വേദനയോടെ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ‘നിലം എങ്കളുക്കു വാഴ് ക്കൈ, ഉങ്കളുക്കു അധികാരം’ എന്ന് കാലാ പറയുമ്പോൾ രാഷ്‌ട്രീയബോധമുള്ള മനുഷ്യരുടെ വിരലുകൾ രജനിക്ക് നേരെ ചൂണ്ടിയിട്ടുണ്ടാവും. സിനിമയിൽ തോക്കിനു മുൻപിൽ നെഞ്ചു വിരിച്ചു നിന്ന നായകൻ റിയൽ ലൈഫിൽ പത്രക്കാരുടെ ചോദ്യങ്ങളിൽ ഉത്തരം മുട്ടി പേടിച്ചോടുന്നത്  സിനിമ പകരുന്ന ആവേശം തണുത്തു വരുമ്പോളെങ്കിലും പ്രേക്ഷകർ ഓർത്ത് ചിരിക്കും.

തമിഴ്  സിനിമയിൽ ആദ്യമായി  ഒരു സംവിധായകൻ രജനിക്കും മീതെ വളരുന്ന കാഴ്ച്ചയാണ് പാ.രഞ്‌ജിത്‌ നമുക്ക് സമ്മാനിക്കുന്നത്. അയാൾക്ക്‌ പറയാനുള്ള ദളിത് രാഷ്‌ട്രീയം ഏറ്റവും വിലപിടിപ്പുള്ള താരത്തെക്കൊണ്ട്, അതും എതിർപക്ഷത്ത്  നിൽക്കുന്ന ഒരു നിലംതൊടാമന്നനെക്കൊണ്ട്  പറയിപ്പിക്കുന്ന കാഴ്ച്ച. മിസ്റ്റർ ഡയറക്റ്റർ, ഉങ്കളുക്കെൻ വീരവണക്കം.

അനുബന്ധം: ഈ സിനിമയെ കുറിച്ച് പറയുമ്പോൾ സുഹൃത്ത് ഹേന ഓർമ്മിപ്പിച്ചു: ‘ഈ സിനിമയിൽ ഏതെങ്കിലും ഒരു  നടൻ  നിറഞ്ഞു  നിൽക്കുന്നുണ്ടെങ്കിൽ അത് പ്രകാശ് രാജാണ്!! എന്തെന്നാൽ ഈ സിനിമയിലുള്ളത്  രജനിയോ കമൽ ഹാസനോ പറയുന്ന രാഷ്‌ട്രീയമല്ല. പ്രകാശ് രാജിന്റെ രാഷ്‌ട്രീയമാണ്.’

-ഉമേഷ് വള്ളിക്കുന്ന്

1 Comment
  1. James 12 months ago

    Great review!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account