കഥയായി, കഥാപാത്രങ്ങളായി മാറുവാനാണോ കാദംബരി ആത്‌മഹത്യ ചെയ്‌തത്? അമലിനോടുള്ള അഭിവാഞ്ജയെ അതിജീവിക്കുകയാണ് ചാരുലത ചെയ്‌തത്. ചാരുലതയായി അഭിനയിച്ച മാധ്ബി മുഖർജിയുടെ പ്രണയത്തെ മറികടക്കുകയാണ് സത്യജിത് റായും ചെയ്‌തത്. അതൊക്കെ കഥയും കഥാന്തരവും. പക്ഷേ ജീവിത്തിൽ നിന്ന് കഥാവശേഷയായ കാദംബരിയുടെ കണ്ണീർ അവശേഷിക്കുകയാണ്.

കഥകളും നോവലുകളും സിനിമകളും ഒക്കെ ഇതുപോലെ ഉപകഥകളും മറ്ററിയാക്കഥകളും ഒളിപ്പിക്കുന്നുണ്ടാകും. ഒരു സിനിമയായി മാറിയ കഥയും, കഥയായി മാറിയ ജീവിതവുമാണ് കാദംബരിയുടേത്.

സത്യജിത് റേയുടെ ചാരുലത എന്ന ഒരൊറ്റ സിനിമയ്ക്കുതന്നെ പല കഥകളാണ് പറയാനുള്ളത്. നേരിട്ട് പറയുന്ന സിനിമാക്കഥയും ചിത്രീകരണ വേളയിൽ റേയും ചാരുലതയായഭിനയിച്ച മാധ്ബിയും തമ്മിലുണ്ടായ പ്രണയത്തിന്റെ കഥയും ഉൾപ്പടെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല കഥകളുണ്ടാകും.

ചാരുലതയ്ക്ക് ആസ്‌പദമായത് രബീന്ദ്രനാഥ ടഗോറിന്റെ നഷ്‌ടനീർ എന്ന കഥയാണ്. നഷ്‌ടനീറിലെ നായകനായ അമൽ തന്റെ ജ്യേഷ്ഠസഹോദരനും പത്‌നിക്കുമൊപ്പം കഴിയുന്ന കാലമാണ് കഥയിൽ. ജ്യേഷ്ഠന്റെ ഔദ്യോഗിക തിരക്കുകൾ കാരണം വേണ്ടത്ര ശ്രദ്ധയും കരുതലും കിട്ടാതെ ജീവിതം മുഷിഞ്ഞു തുടങ്ങിയ ജ്യേഷ്ഠത്തിക്കും സമപ്രായക്കാരനും സമാന താൽപ്പര്യങ്ങളുള്ളയാളുമായ അമലിനും തമ്മിലുണ്ടാകുന്ന അടുപ്പമാണ് കഥയുടെ ഇതിവൃത്തം.

ടഗോറിന് ഇങ്ങനെയൊരു കഥയെഴുതാൻ സ്വന്തം ജീവിതാനുഭവങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടം തന്നെ ധാരാളമായിരുന്നു.

ജോറൊശങ്കോ ഠാക്കൂർ ബാരി എന്ന ടഗോർ ഭവനത്തിലേക്ക് പത്തു വയസു തികയാത്ത കാദംബരി എത്തിയത് ജ്യോതിരിന്ദ്രനാഥ ടഗോറിന്റെ പത്‌നിയായി.

കൊട്ടാര സമാനമായ ഗാംഭീര്യമുള്ള പ്രഭു കുടുംബത്തിൽ അതിലും ഗാംഭീര്യമുളള വ്യക്‌തിത്വങ്ങൾക്കൊപ്പം ആണവൾ ജീവിച്ചത്. അവിടെയവൾക്കൊരു കളിക്കൂട്ടുകാരനെ കിട്ടി. ജ്യോതിരിന്ദ്രയുടെ അനുജൻ, എട്ട് വയസ്സുകാരനായ രബീന്ദ്ര. രണ്ടു പേരും ഒന്നിച്ചു വളർന്നുവെന്നു തന്നെ പറയാം. രബീന്ദ്ര  എഴുത്തിന്റെ ലോകത്ത് പിച്ചവച്ചു തുടങ്ങിയതു മുതൽ ആദ്യവായനക്കാരിയായും വിമർശകയായും കാദംബരി ഉണ്ടായിരുന്നു.

നാടകം, ബിസിനസ്, അങ്ങനെയങ്ങനെ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടുകയായിരുന്നു ജ്യോതിരിന്ദ്ര. കാദംബരിക്ക്   കൊടുക്കേണ്ട കരുതൽ സ്‌നേഹക്കുറവു കൊണ്ടല്ലെങ്കിലും കൊടുക്കാനായില്ല. ഒറ്റപ്പെടലുകളിൽ അവൾക്ക് കൂട്ടായത് രബീന്ദ്രയാണ്. യൗവനത്തിൽ ആ കൂട്ട് പുതിയ മാനങ്ങൾ കണ്ടു. രബീന്ദ്രസംഗീതം കാദംബരിക്കായി ഒഴുകിയെന്നു വേണം പറയാൻ. ഹെകറ്റ് എന്ന് ടാഗോർ കൂട്ടുകാരിക്ക് ഓമനപ്പേരിട്ടിരുന്നു. രാത്രിയുടേയും ചന്ദ്രന്റേയും മായാജാലത്തിന്റെയും ഗ്രീക്ക് ദേവതയാണ് ഹെകറ്റ്.

ടഗോറിന്റെ ഭഗ്ന ഹൃദയമെന്ന കവിതയും 1880 കളിൽ ഭാരതിയിൽ പ്രസിദ്ധീകരിച്ച കത്തുകളുമൊക്കെ തന്റെയീ ആത്‌മസഖിയെ മനസിൽ ഓർത്ത് എഴുതിയതാണ്. ടാഗോറിന് ആ ബന്ധം എഴുതാനുള്ള പ്രോത്‌സാഹനമേകിയിരുന്നു. പക്ഷേ ജീവിതത്തിൽ തെറ്റുകളും ശരികളും നിർണ്ണയിക്കുന്നത് ഹൃദയത്തിന്റെ ലോല വികാരങ്ങളെ മാത്രം മുൻനിർത്തിയല്ലല്ലോ! തന്റെ ജീവിതത്തിലെ ശരിയായ വഴിയേതെന്ന് തിരിച്ചറിയാൻ ഔചിത്യമുള്ള ഹൃദയത്തിനാകും. ടാഗോറിന് അതിന് കഴിഞ്ഞു.

എന്നാൽ ആശയറ്റ മനസുകളെ ശരിതെറ്റുകളെന്ന ബോധത്തേക്കാൾ വികാരം ഭരിച്ചെന്നും വരാം. രബീന്ദ്രയുടെ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിൽ കാദംബരി ആത്‌മഹത്യ ചെയ്‌തു. അവരുടെ മനസിന് ഒരു തിരിഞ്ഞു നടക്കൽ അസാധ്യമായിരുന്നിരിക്കാം. കുരുടിച്ചു പോകുമായിരുന്ന പനിനീർച്ചെടിയെ വളമിട്ടും നനച്ചും പുഷ്‌പിണിയാക്കിയാലും പിന്നീടുപേക്ഷിച്ചാൽ ജീവനറ്റു പോകുകയേയുള്ളു. വെയിലത്തു കുരുത്ത കള്ളിമുൾച്ചെടിയുടെ കരുത്ത് ലോലഹൃദയരിൽ പ്രതീക്ഷിക്കേണ്ടതില്ലല്ലോ!

‘എന്റെ ഹൃദയത്തിന്റെ റാണി, എന്റെ ആദ്യ പ്രണയം, അവൾ മരിച്ചു. എന്റെ ലോകം അതിന്റെ സന്തോഷത്തിന്റെ ഭവനത്തിലേക്കുള്ള വാതിൽ കൊട്ടിയടച്ചു’ എന്നാണ് ആ മരണത്തെക്കുറിച്ച് ടാഗോർ പറയുന്നത്.

‘ഹൃദയം ദ്രാവകം പോലെയാണ്. അതിനെ ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതിയിൽ അത് ഒതുങ്ങുന്നു. അപൂർവ്വമായാണ് ശൂന്യമായ ഇടം ഇല്ലാത്തതോ സ്ഥലക്കുറവ് തോന്നാത്തതോ ആയ കൃത്യമായ അളവിലുള്ള പാത്രം അതിന് ലഭിക്കുന്നത്’. രബീന്ദ്രയുടെ ഹൃദയത്തിനെ കൃത്യമായി ഉൾക്കൊള്ളാൻ കഴിയുന്ന പാകത്തിലുള്ള മനസുള്ള കാദംബരീ ദേവിയെക്കുറിച്ച് തന്നെയാണ് അദ്ദേഹത്തിന്റെയീ വാക്കുകൾ. കാദംബരിയുമായുള്ള അടുപ്പം ടാഗോറിന്റെ സാഹിത്യ സംഭാവനകൾക്ക് നിദാനമായിട്ടുണ്ട് എന്നതുകൊണ്ടു മാത്രമാണെങ്കിൽ പോലും ആ ബന്ധത്തെ സാഹിത്യാസ്വാദകന് ഇകഴ്ത്തിപ്പറയാനാവില്ല.

പുറമേ ശാന്തമെന്നു തോന്നുന്ന ജലാശയത്തിനടിയിലേക്ക് ഊളിയിട്ടാൽ അത്‌ഭുതങ്ങൾ കാത്തിരിക്കുന്നുണ്ടാകാം. ഒറ്റനോട്ടത്തിൽ ഈ കാണുന്ന കാഴ്ച്ച മാത്രമാണ്, ഇതിനപ്പുറം യാതൊന്നുമില്ല എന്നൊരു ശാന്തഭാവമാകും ജലാശയത്തിന്. തുറന്ന പുസ്‌തകമെന്നൊക്കെ ഒറ്റനോട്ടത്തിൽ തോന്നുന്ന ചില പ്രഗത്‌ഭ ജീവിതങ്ങളും ഇങ്ങനെയാണ്. ഇനിയുമറിയാത്ര എത്ര കഥകൾ ആ ജീവിതങ്ങളിൽ ഉണ്ടാകാം.

കാദംബരി എന്ന പേരിൽ തന്നെ 2015 ൽ സുമൻ ഘോഷ് സംവിധാനം ചെയ്‌ത ചിത്രത്തിൽ കാദംബരിയായി കൊങ്കൊണ സെൻ ശർമ്മയും രബിയായി പരംബ്രൊതൊ ചാറ്റർജിയും അഭിനയിച്ചിരിക്കുന്നു. ഠാക്കൂർ ബാരിയുടെ വരാന്തകളിലൂടെയും ആഡംബരങ്ങളിലൂടെയും അവിടെയുള്ളവരുടെ ജീവിതങ്ങളിലൂടെയും ഈ ചിത്രം പഴയ കാലം വരച്ചിടുന്നു.

നഷ്‌ടനീറിൽ തുടങ്ങി ചാരുലതയിലൂടെ കാദംബരിയിലെത്തി നിൽക്കുന്നു ഈ കഥ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കാദംബരിയിൽ തുടങ്ങി കാദംബരിയിൽ എത്തി നിൽക്കുന്നു. പത്തു വയസുകാരി കാദംബരി ദേവി, ഠാക്കൂർ ഭവനത്തിലേക്ക് വലതുകാൽ വച്ച് കയറിയതു മുതൽ കൊങ്കൊണ സെൻ ശർമ്മ അതേ കാദംബരിയുടെ വേഷമണിഞ്ഞതുവരെയെത്തി കഥ. ഓരോ ചിത്രത്തിനും കഥയ്ക്കും ഉള്ളിൽ ഇതുപോലെ എന്തൊക്കെ സംഭവങ്ങൾ ഒളിഞ്ഞും തെളിഞ്ഞുമുണ്ടാകും. അതിലേതിനെയൊക്കെ ഉൾക്കൊള്ളണം, എത്ര ഉൾക്കൊള്ളണം എന്നത് തീർച്ചയായും വായനക്കാരന്റെ ഔചിത്യം പോലെ ചെയ്യേണ്ടതാണ്. സാഹിത്യത്തിനു നൽകിയ സംഭാവനകൾ മാനിച്ച്, അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൃതികൾ വായിച്ച് ടഗോർ എന്ന എഴുത്തുകാരനെ ഇഷ്‌ടപ്പെടുന്നതിന് വ്യക്‌തി ജീവിതമോ ഇത്തരം കഥകളോ തടസമാകേണ്ടതില്ല. തെറ്റുകളും ശരികളും ആപേക്ഷികമാണ് എന്ന് ഓർക്കുക മാത്രമേ വേണ്ടൂ.

ഓരോരുത്തർക്കും ജീവിത നാടകത്തിൽ ഓരോ വേഷം ചെയ്യേണ്ടതുണ്ട്. ചിലർ മുഴുനീള കഥാപാത്രങ്ങൾ, ചിലർ ഇടയ്ക്ക് വന്നു പോകുന്നവർ. എന്തായാലും നായകനും നായികയും മുതൽ കാമിയോ വരെ ഓരോരുത്തർക്കും കഥാഗതിയിൽ പങ്കുമുണ്ട്.  ഓരോ കഥാപാത്രത്തിനും കഥയിൽ പറഞ്ഞതും പറയാത്തതുമായ ജീവിതമുണ്ട്. അത്തരം ജീവിത കഥകൾ തേടിയിറങ്ങുമ്പോൾ ആഴങ്ങളിൽ നിന്നു കിട്ടുന്നത് സുന്ദരങ്ങളായ ചിപ്പികളും അതിനുള്ളിലെ മുത്തുകളുമാണ് എന്നത് വീണ്ടും വീണ്ടും ആഴങ്ങളിലേക്കിറങ്ങാൻ മതിയായ പ്രലോഭനങ്ങളുമാണ്. കാദംബരിയെ പോലെ ചിലർക്ക് ചില പ്രലോഭനങ്ങൾ മരണകാരണവും.

– Vinitha Vellimana

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account