എന്തു നേടിയാലും എത്ര സമ്പാദിച്ചാലും എത്ര വലിയ മണിമാളിക പണിതാലും ഒന്നും ശാശ്വതമല്ല എന്നുള്ള ഒരു തിരിച്ചറിവ് നമുക്കു ഉണ്ടാകേണ്ടതാണ്. ആ ഒരു തിരിച്ചറിവ് നമ്മെ ബോധ്യപെടുത്താനാണോ ഇടക്കിടയ്ക്ക് ഓരോ പ്രകൃതിക്ഷോപങ്ങൾ വരുന്നത് എന്ന് തോന്നിപ്പോകും!.

2001 ജനുവരി 26 നു ഇന്ത്യയുടെ അമ്പത്തിരണ്ടാമത്തെ റിപബ്ലിക് ദിനത്തിൽ നേരം പുലർന്നതു രാജ്യത്തെയും ലോകത്തെയും ഞെട്ടിപ്പി ച്ച ഗുജറാത്തിലെ ഭുജിൽ ഉണ്ടായ ഭൂമി കുലുക്കത്തിന്റെ വാർത്ത‍യുമായിട്ടായിരുന്നു.

പൊതുഅവധി ദിനമായതിനാലും വാർത്താ വിനിമയ തകരാറു മൂലവും സമീപ നഗരമായ ബോംബെയിൽ പോലും വിവരങ്ങൾ അറിയാൻ പ്രയാസമായിരുന്നു. ഗുജറാത്തിലെ, പ്രതേകിച്ചു കച്- ഭുജ് ജില്ലയിലെ നല്ലൊരു ശതമാനം ആളുകൾ ബോംബെയിൽ ബിസിനസ്സുകാരണ്. ഞങ്ങൾ താമസിച്ചിരുന്ന ന്യൂബോംബെയിലെ നെരുളിലും അവർ ഒട്ടും കുറവല്ല. അവരിൽ പലരും എന്റെ സുഹൃത്തുക്കളും ആയിരുന്നു.

പലരുടെയും മാതാപിതാക്കളും സഹോദരങ്ങളും ഗുജറാത്തിൽ ആയിരുന്നതിനാൽ എല്ലാവരും വിവരം അറിയുവാനും സ്ഥലത്തു ചെന്നെത്താനും ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. എന്നാൽ, അറിഞ്ഞ വിവരം അനുസരിച്ചു റോഡുകളും വിമാനത്താവളവും എല്ലാം തകർന്നതിനാൽ അവിടെ ചെന്നെത്തുക ദുഷ്കരമാണ് എന്നാണ്. തന്നെയുമല്ല, വീണ്ടും വീണ്ടും ഭൂചലനം ഉണ്ടായികൊണ്ടിരിക്കുന്നു. ഗുജറാത്തിലേക്കു പോകുവാൻ ആണ് എന്നു പറഞ്ഞപ്പോൾ പല വാഹന ഉടമകളും ഡ്രൈവർമാരും വണ്ടി കൊടുക്കുവാനും പോകുവാനും തയ്യാറല്ലായിരുന്നു.

നെരുളിൽ വാച്ചിന്റെ കട നടത്തുന്ന എന്റെ ഒരു സുഹൃത്ത്‌ ദിനകർ ഉച്ചയോടടുത്തു ഞങ്ങളുടെ ഫ്ലാറ്റിൽ വരുകയും വണ്ടി തരണമെന്നും അപേക്ഷിച്ചു. ഞാൻ വണ്ടി കൊടുക്കാൻ തയ്യാറാണെങ്കിലും എന്റെ ഡ്രൈവർ ഫിറോസ്‌ പോകുവാൻ തയ്യാറായില്ല.

അപ്പോൾ എന്നോട് ഫിറോസ്‌ പറഞ്ഞു, “ഭായ്… മർനെ കേലിയെ മേ ഗുജറാത് നഹീം ജാവൂന്ഗ. മങ്ങ്തെ തോ ആപ് മേരെകോ കാം സെ നിക്കാൽദോ“.

പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!

സുഹൃത്ത്‌ ആകെ പരവശനായി പറഞ്ഞു, “എങ്ങനെയും അവിടെ ചെന്നേ പറ്റൂ. എന്റെ അമ്മയും സഹോദരനും കുടുംബവും എന്റെ ഏക മകനും അവിടെയാണ്. ഞങ്ങളുടെ പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടായിട്ടുള്ളത് എന്നാണറിവ്. സഹായിക്കണം”.

ആ വാക്കുകളെ ധിക്കരിക്കാനുള്ള മനക്കട്ടി എനിക്കില്ലായിരുന്നു. ഞാൻ പറഞ്ഞു, “ഞാൻ വരാം. പക്ഷെ വഴി ഇല്ല എന്നാണ് കേൾക്കുന്നത്. എവിടം വരെ വരാൻ പറ്റുമോ അവിടെ വരെ വരാം. പിന്നെ ഞാൻ അവിടെ നിൽക്കില്ല. തിരിച്ചു പോരും”.

“മതി. അങ്ങനെ ആയിക്കോളൂ”, ദിനകർ സന്തോഷത്തോടെ പറഞ്ഞു.

പ്രശനം അപ്പോൾ വേറെ ആയി. ഭാര്യ അമ്പിനും വില്ലിനും അടുക്കില്ല. ആരൂം പേടിച്ചിട്ടു പോകുന്നില്ല. പിന്നെ നിങ്ങൾ എങ്ങനെ…, പോകണ്ട എന്നായി.

ഞാൻ പറഞ്ഞു, “നമുക്കു മറ്റൊന്നും ചെയ്യാൻ പറ്റില്ല. നമ്മുടെ കയ്യിൽ വണ്ടിയുണ്ട്. അവർക്കു അവിടെ പോയെ പറ്റൂ. പേടിക്കണ്ട. ഞാൻ അവരെ അവിടെ വിട്ടിട്ടു വരാം”.

അവസാനം ഭാര്യ അർദ്ധസമ്മതം മൂളി, “ഇടക്ക് വിളിക്കണം”.

വിളിക്കാൻ പറ്റിയാൽ വിളിക്കാം എന്നു പറഞ്ഞു ഞങ്ങൾ ഇറങ്ങി. ഫ്ലാറ്റിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറിയപ്പോൾ എന്റെ ഭാര്യയുടെ പ്രയാസം കണ്ടിട്ടാകാം ദിനകർ പറഞ്ഞു, “എയർ പോർട്ടിൽ ചെന്നിട്ടു ഫ്ലൈറ്റ് കിട്ടുമോ എന്നു നോക്കാം. കിട്ടിയാൽ അങ്ങനെ പോക്കോളം” എന്ന്.

എനിക്കും സന്തോഷമായി .അങ്ങനെ ആയാൽ പോകാതിരിക്കാൻ പറ്റുമല്ലോ. പക്ഷെ, പ്രതീക്ഷ തെറ്റിപ്പോയി. സാന്തക്രൂസ് എയർപോർട്ടിൽ ചെന്നപ്പോൾ അവിടെ നിന്നും രാവിലെ പോയ ഫ്ലൈറ്റ് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ തിരിച്ചു വന്നു എന്നറിഞ്ഞു. ഗുജറാത്തിലേക്ക് പോകുവാനുള്ളവരുടെ തിരക്കും.

ഞാൻ ദിനകറിനോട് പറഞ്ഞു, “ഇനി ഒന്നും നോക്കണ്ട . പോയേക്കാം”.

അവിടെ ഉണ്ടായിരുന്നവരിൽ കുറെ പേർ അവരെ കൂടി കൊണ്ടുപോകാമോ എന്നായി.

9 പേർക്കു സുഖമായി യാത്ര ചെയ്യാവുന്നതായിരുന്നു എന്റെ വാഹനം. അതിൽ 12 പേരെ കയറ്റി.

അപ്പോൾ സമയം ഉച്ചകഴിഞ്ഞ് 3.30. രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് പിന്നെ ഒന്നും കഴിച്ചില്ല. ഈ അവസരത്തിൽ എങ്ങനെയാ അവരോടു ഞാൻ പറയുന്നത്‌ വല്ലതും കഴിക്കണം എന്ന്. അതുകൊണ്ട് ഒന്നും പറഞ്ഞില്ല.

ഇന്നത്തെ പോലെ റോഡ്‌ അത്ര നല്ലതല്ലായിരുന്നു അന്ന്. ഏതാണ്ട് 150 കിലോമീറ്റർ കഴിഞ്ഞു വാപ്പിയിൽ(ഗുജറാത്ത്‌) എത്തിയപ്പോൾ അവിടെ നിന്നും ഫോൺ ചെയ്തു വിവരങ്ങൾ അറിയാം എന്ന് കരുതി വണ്ടി നിറുത്തി. അവരിൽ ഒരാൾക്ക് ആരുമായോ സംസാരിക്കാനും കുറച്ചു കാര്യങ്ങൾ മനസിലാക്കാനും സാധിച്ചു.

വിവരം അറിഞ്ഞ ആൾ എന്നോട് പറഞ്ഞു, ദിനകറിന്റെ അമ്മ മരിച്ചു. മകനെ കിട്ടിയിട്ടില്ല. എത്രയും പെട്ടെന്നു നമുക്ക് അവിടെ എത്തണം”.

ദിനകരിൽ നിന്നും ഞങ്ങൾ ഈ വാർത്ത‍ മറച്ചു വച്ചു.

പെട്ടെന്ന് എത്തുക അത്ര എളുപ്പം ഉള്ള കാര്യമല്ല. കാരണം റോഡ്‌ മോശം. ഇനിയും 700 കിലോമീറ്റർ പോകേണ്ടിയിരിക്കുന്നു. ഭുജ് കഴിഞ്ഞാൽ പാകിസ്ഥാൻ ആണ്. സംഗതിയുടെ ഗൌരവം അറിഞ്ഞതിനാൽ ഞാനും മാക്സിമം സ്പീഡിൽ വണ്ടിയോടിക്കാൻ മാനസീകമായി തയ്യാറെടുത്തു.

ഒരു കമ്പ്യൂട്ടർ സെന്റെറിൽ നിന്നും Give way …Relief camp.. എന്നു ടൈപ്പ് ചെയ്യിച്ചു വണ്ടിയുടെ ഫ്രണ്ട് ഗ്ലാസിൽ ഒട്ടിച്ചു. പിന്നെ ഞാൻ എങ്ങനെ വണ്ടി അത്രയും സ്പീഡിൽ ഓടിച്ചു എന്നു എനിക്കറിയില്ല. അതിനു മുൻപും അതുകഴിഞ്ഞും അങ്ങനെ ഓടിച്ചിട്ടില്ല.

ഗുജറാത്തിൽ ഇടയ്ക്കിടെ ടോൾ പ്ലാസ ഉണ്ട്. എന്നാൽ ഞങ്ങളുട വണ്ടിക്കു പാസ്‌ എടുക്കാൻ നിറുത്തേണ്ടി വന്നില്ല. കാരണം മുന്നിലെ ബോർഡ്‌ ആണ്.

സുരേന്ധർ നഗർ എന്ന സ്ഥലത്തു നിന്നും ഞങ്ങൾ വണ്ടിയിൽ കയറ്റാവുന്ന അത്രയും മിനറൽ വാട്ടറും ബിസ്കറ്റും കയറ്റി.

ഞങ്ങൾ അവിടെ എത്തുമ്പോൾ വെളുപ്പിനു 3 മണി. അപ്പോഴും അവിടെ കട തുറന്നു വച്ചിരുന്നത് ഭുജിലേക്ക് വേണ്ട സാധനങ്ങൾ കൊടുക്കുവനായിരുന്നു. ഞങ്ങളോടു വെള്ളത്തിന്റെയോ ബിസ്കറ്റിന്റെയോ പൈസയും വാങ്ങിയില്ല എന്നുള്ളതു എടുത്തു പറയേണ്ടിയിരിക്കുന്നു.

സുരേന്ധർ നഗർ കഴിഞ്ഞു കുറച്ചു കൂടി ചെന്നപ്പോൾ വണ്ടികൾ നിരനിരയായി കിടക്കുന്നതു കണ്ടു. ഒരു നദിയുടെ കുറുകെ ഉള്ള പാലത്തിന്റെ രണ്ടുവശത്തെയും റോഡു ചേരുന്നിടത്ത് വലിയ വിള്ളൽ. അവിടം മണ്ണും കല്ലും ഇട്ടു നിറച്ചിട്ട്‌ വേണം വണ്ടികൾക്ക് പോകുവാൻ. ആളുകൾ അത് ചെയ്തു കൊണ്ടിരിക്കുന്നു. അധികം താമസിയാതെ വണ്ടികൾ മുന്നോട്ടു നീങ്ങിത്തുടങ്ങി. അങ്ങനെ പല സ്ഥലത്തും ഞങ്ങൾക്ക് റോഡിലെ വിള്ളൽ നികത്തി മുന്നോട്ടു പോകേണ്ടി വന്നു.

വെളുപ്പിനു( 27th) 6 മണിക്കു ഞങ്ങൾ ബച്ചാവൂ എന്നു പറയുന്ന സ്ഥലത്ത് എത്തി. അവിടെയാണ് ദിനകറിന്റെ വീട്. പക്ഷെ, ഒരുമാതിരി വലിയ സിറ്റി ആയിരുന്ന ബച്ചാവൂലെ എല്ലാ കെട്ടിടങ്ങളും തകർന്നിരുന്നു എന്നുള്ളതാണ്.

അവിടുത്തെ കാഴ്ചകൾ കണ്ടതോടെ എന്റെ ഉള്ളു പിടഞ്ഞു തുടങ്ങി. പിന്നീടുകണ്ട കാഴ്ച ഓർക്കുമ്പോൾ ഇന്നും ആ ഞെട്ടലിൽ നിന്നും വിടവാങ്ങാൻ പറ്റിയിട്ടില്ല.

മൃതദേഹങ്ങൾ കൂട്ടി ഇട്ടിരിക്കുന്നു. അവകാശികൾക്ക് വേണമെങ്കിൽ കൊണ്ടുപോകാം. പക്ഷെ ആരും കൊണ്ടുപോയിട്ടും പ്രയൊജനം ഇല്ല.എവിടെ കൊണ്ടുപോകാൻ. എല്ലായിടവും ശ്മശാന ഭൂമി പോലെ. പട്ടാളക്കാർ ആ മൃതദേഹങ്ങൾ കത്തിക്കുവാനുള്ള ഒരുക്കത്തിൽ ആണ്.

ഇതെല്ലാം കണ്ടതോടെ എന്റെ കയ്യും കാലും വിറ തുടങ്ങി. വണ്ടി ഒരടി പോലും മുന്നോട്ടു എടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും എല്ലാവരും തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി അവരവരുടെ ഉറ്റവരെ തിരയുവാൻ തുടങ്ങിയിരുന്നു. പേടിച്ചരണ്ടു ഞാൻ മാത്രം വണ്ടിയിൽ.

കുറെ കഴിഞ്ഞു ദിനകർ എന്നെ തേടി വന്നു. കൂടെ ദിനകരിന്റെ സഹോദരനും. ദിനകരിന്റെ അമ്മ വീടിനടിയിൽ പെട്ട് മരണപെട്ടിരുന്നു.
മകന്റെ കാലിൽ സ്ലാബ് വീണിരുന്നു. രക്ഷാ പ്രവർത്തകർ എവിടെയോ റിലീഫ് ക്യാമ്പിൽ കൊണ്ട് പോയിട്ടുണ്ട്. എവിടെയാണെന്ന് ആർക്കും അറിയില്ല.

ഭാര്യയും രണ്ടു മക്കളും അമ്മയും ആയിരുന്നു ദിനകറിന്റെ സഹോദരന്റെ വീട്ടിൽ. ദിനകറിന്റെ മകൻ തലേ ദിവസം അമ്മാവന്റെ വീട്ടിലേക്കു പോയിരുന്നു. ആ പ്രദേശങ്ങളിൽ ഭൂചലനം ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുള്ളതിനാൽ അവർക്കു അതിന്റെ സൂചനകൾ അറിയാം. അന്നു പതിവിലും കൂടുതൽ ശക്തമായതിനാൽ തന്റെ ഭാര്യയെയും മക്കളെയും പെട്ടെന്നു പുറത്തിറക്കി. അമ്മയ്ക്ക് നടക്കുവാനുള്ള സ്വാധീനം ഇല്ലായിരുന്നു. അത് കൊണ്ടു അമ്മയെ എടുത്തുകൊണ്ടു വേണമായിരുന്നു പുറത്തിറങ്ങാൻ. ഭാര്യയെയും മക്കളെയും പുറത്തു എത്തിച്ചു വീട്ടില്ലേക്കു കേറുന്നതിനു മുൻപായി വീടു മൊത്തം നിലംപതിച്ചു .

തന്റെ മാതാവു കെട്ടിടത്തിനടിയിൽ പെട്ട് മരണപെടുന്നത്‌ കണ്ട ആ യുവാവിന്റെ അന്നത്തെ കരച്ചിലും ദയനീയ ഭാവവും ഇന്നും എന്റെ കണ്ണിൽ മായാതെനിൽക്കുന്നു. ഒരു മിനിട്ടുകൂടി എനിക്കു സമയം ദൈവം തന്നിരുന്നുവെങ്കിൽ എന്റെ അമ്മ നഷ്ടപെടുക ഇല്ലായിരുന്നു. എന്റെ അമ്മയെ ഞാൻ രക്ഷപെടുത്തുമായിരുന്നു.

ആ മകന്റെ ഉള്ളം തേങ്ങി.

ദിനകറിന്റെ മകനെ തേടിയുള്ള അന്വേഷണത്തിൽ ഓരോ റിലീഫ് ക്യാമ്പുകളിൽ കഴിയുന്നവരെ കാണുവാൻ ഇടയായി. അവരുടെ നില വളരെ പരിതാപകരമായിരുന്നു .

ഒടുവിൽ ഗാന്ധിദാമിനടുത്തുള്ള അന്ജാൻ എന്ന സ്ഥലത്തെ ഒരു റിലീഫ് ക്യാമ്പിൽ നിന്നും കണ്ടുകിട്ടി. ഇനി ഒരു ദുഃഖംകൂടി കൊടുക്കണ്ട എന്ന ദൈവത്തിന്റെ ഇളവാകും ദിനകറിന്റെ മകനു കാലിൽ ഫ്രാക്ച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ .

മെഡിക്കൽ ടീമെല്ലാം വന്നു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. പല ഗ്രാമങ്ങളും ഒരു വീടു പോലും ഇല്ലാതെ നാമാവിശേഷമായി .

ഹെലികോപ്ടറിൽ ഇട്ടുകൊടുക്കുന്ന ഭക്ഷണപൊതിക്കു വേണ്ടി വേഴാമ്പലിനെ പോലെ മാനത്തു നോക്കി നിൽക്കുന്നവരിൽ ധനികൻ എന്നോ ദരിദ്രൻ എന്നോ വ്യത്യാസമില്ലയിരുന്നു.

അപ്പോളാണ് എന്തു നേടിയിട്ടും എത്ര സമ്പാതിച്ചാലും എത്ര വലിയ മണിമാളിക പണിതാലും ഒന്നും ശാശ്വതമല്ല എന്നുള്ള ഒരു തിരിച്ചറിവ് നമുക്കു ഉണ്ടാകുന്നത്…

ഇനിയും ഇതുപോലൊരു പ്രകൃതി ദുരന്തമോ അപകടമോ ഉണ്ടാക്കരുതേ ഈശ്വരാ.. എന്നു നമുക്കു പ്രാർത്ഥിക്കാം.

4 Comments
 1. Sunil 2 years ago

  Dear Mr. Marar, a big salute to you for the kindness and help you extended to the victims! You are a good Samaritan! Best wishes to you and your family..

  • Author
   Pulickal Marar 2 years ago

   സന്തോഷം… ഇഷ്ടം… വായനക്കും വിലയേറിയ അവലോകനത്തിനും.

 2. Haridasan 2 years ago

  Happy to meet people like you… നല്ല മനസ്സിന് പ്രണാമം.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account