-ഡോ. അജിതന്‍ മേനോത്ത്

ഉത്തരാധുനികതയുടെയും അനന്തരകാലത്തിന്‍റെയും സമ്മിശ്രമായ ഒരു കഥാശ്രേണി മലയാളത്തില്‍ വേരുപിടിച്ചിട്ടുണ്ട്. പക്ഷേ നവകഥാകൃത്തുക്കള്‍ ഒന്നടങ്കം ഒരു പൊതുധാരയെ പിന്‍പറ്റുന്നതായി അനുഭവപ്പെടുന്നുമില്ല. ഈ സാഹചര്യത്തില്‍ തന്‍റേതു മാത്രമായ ഒരു ആഖ്യാനശൈലിയുമായി ഉത്തരാധുനികരോടൊപ്പം വേരുറപ്പിച്ച കഥാകൃത്താണ് ഷാഹുല്‍ ഹമീദ് കെ.ടി. ആഖ്യാന തന്ത്രമാണോ പ്രമേയസാധുതയാണോ കഥയില്‍ മികച്ചു നില്‍ക്കേണ്ടത് എന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം നല്‍കാനാവില്ല. രണ്ടു സംഗതികളും അവശ്യഘടകങ്ങളാകുമ്പോള്‍ താരതമ്യവും എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ആഖ്യാന തന്ത്രങ്ങളിലോ ഉത്തരാധുനിക ശാഠ്യങ്ങളിലോ കൂടുതല്‍ അഭിരമിക്കാതെ സമകാലത്തിന്‍റെ അനിവാര്യമായ പ്രമേയങ്ങളില്‍ ശ്രദ്ധയൂന്നുന്ന കഥാകൃത്താണ് ഷാഹുല്‍ ഹമീദ് എന്ന് എടുത്തു പറയാവുന്നതാണ്.

പ്രകൃതിക്ക് ജൈവികമായ ഒരു നീതിശാസ്ത്രമുണ്ട്. മനുഷ്യനും ഉറുമ്പിനും കൃമികീടങ്ങള്‍ക്കുമെല്ലാം ഒരുപോലെ ബാധകമായ ഒന്ന്. സസ്യകുലത്തിനും ജന്തുകുലത്തിനും ബാധകമായ ഈ പാരസ്പര്യത്തിലും വൈവിധ്യത്തിലുമാണ് ഭൂമിയുടെ അസ്തിത്വം നിലകൊള്ളുന്നത്. ഓരോ ജീവിക്കും ജന്മകല്‍പ്പിതമായ മൗലികാവകാശമുണ്ട്. എന്നാല്‍ ഈ നീതിശാസ്ത്രത്തെ ധിക്കരിച്ച് മനുഷ്യന്‍ പ്രകൃതിക്കു മേല്‍ സ്വാര്‍ത്ഥതയുടെ നീതിശാസ്ത്രം അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നു. അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങാന്‍ ജീവജാലങ്ങളെല്ലാം നിര്‍ബന്ധിതമാകുന്നു. “സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്‍റര്‍ & സ്‌പ്രിങ്‌” എന്ന സമാഹാരത്തിലെ “ഭൂമിയിലൊരിടത്ത്” എന്ന കഥയുടെ പ്രമേയം ഈ സംഘര്‍ഷത്തെ ശക്തമായി അനുഭവിപ്പിക്കുന്നു. മനുഷ്യന്‍റെ നെറികേടുകളില്‍ മനം മടുത്തതുകൊണ്ടാകാം മുഖ്യകഥാപാത്രമായ ജാലവിദ്യക്കാരന്‍ ബധിരനും മൂകനുമായിത്തീര്‍ന്നത്. അറവുശാലയിലേക്കുപോകുന്ന തള്ളയാട് പ്രസവിച്ച കുഞ്ഞിനെ മാത്രമല്ല, കൂട്ടംതെറ്റിയ ഉറുമ്പിനെപ്പോലും അയാള്‍ സംരക്ഷിക്കുന്നു. ഭൂലോകത്തെ ജീവജാലങ്ങളിലൊന്നിനോടും സ്നേഹമില്ലാത്തവരായി തീര്‍ന്ന മനുഷ്യരെയോര്‍ത്ത് അയാള്‍ വ്യസനിക്കുന്നു. സഹജീവികളോടു പോലും സ്നേഹമില്ലാത്ത മനുഷ്യന്‍റെ ദുരയെ പ്രഛന്നമായി ഇക്കഥയില്‍ വിചാരണചെയ്യുന്നു.

“ഗ്രീന്‍ റവല്യൂഷന്‍” എന്ന കഥയില്‍ പരിസ്ഥിതി ചിന്തയുടെ അനിവാര്യതയെ കുറിച്ചാണ് വായനക്കാരെ ചര്‍ച്ചചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഫ്ളക്സ് ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കളാല്‍ മലിനമാക്കാന്‍ വിധിക്കപ്പെട്ട ഭൂമിയുടെ വിലാപത്തിലേക്കാണ് ഈ കഥ വിരല്‍ ചൂണ്ടുന്നത്. പ്രമേയ പ്രാധാന്യമുള്ള സോദ്ദേശകഥയാണിത്. മാവോയിസത്തില്‍ മറഞ്ഞിരിക്കുന്ന മാനുഷികതയുടെ മുഖം പ്രതിഫലിപ്പിക്കുവാനുള്ള ഉദ്യമമാണ് “സ്‌പ്രിങ്‌”. എന്ന കഥയിലുള്ളത്. ഹൃദയസ്പൃക്കായ അവതരണത്താല്‍ വേറിട്ടു നില്‍ക്കുന്ന കഥയാണിത്.

“സമ്മര്‍” എന്ന കഥയില്‍ പ്രാന്തവത്കരിക്കപ്പെടുന്ന സമൂഹത്തിന്‍റെ ഹൃദയസ്പന്ദനമുണ്ട്. സ്വന്തം കുഞ്ഞിനെ പോറ്റാന്‍ വ്യഭിചരിക്കുന്ന നിരാലംബയായ ഒരമ്മയുടെ വേദനിപ്പിക്കുന്ന ചിത്രമാണുള്ളത്. ഇലയറ്റ കുരുന്നുവൃക്ഷം പോലെ തെരുവോരത്ത് അതിജീവനത്തിനായി പൊരുതുന്ന കുഞ്ഞുമുണ്ട്, ഈ അമ്മയോടൊപ്പം. ആഖ്യാന മാതൃകയിലല്ല പ്രമേയത്തിന്‍റെ കാമ്പിലാണ് ഈ കഥതിളങ്ങുന്നത്.

“ഫാള്‍” എന്ന കഥയിലും പ്രാന്തവത്കരിക്കപ്പെട്ട ജീവിതത്തെയാണ് മുഖ്യധാരയിലേക്കു കൊണ്ടുവരുന്നത്. ഡോക്ടര്‍മാര്‍ ആതുരസേവകരാകണം, ദ്രോഹകരാകരുത്. പക്ഷേ സ്വന്തം തൊഴിലിന്‍റെ മഹത്വം മറന്ന് സാന്ത്വനം ലഭിക്കപ്പെടേണ്ട സാധാരണക്കാരെ അത്തരക്കാര്‍ പീഡിപ്പിക്കുന്നു. ഈ വൈരുദ്ധ്യത്തിനെതിരെ വിരല്‍ചൂണ്ടുന്ന കഥയാണ് “ഹിപ്പൊക്രേറ്റസിന്‍റെ ചിരി”. കാപട്യവും കൃത്രിമത്വവും പേറി ജീവിക്കുന്ന വ്യക്തിയെയും സമൂഹത്തെയും ഒരേസമയം വിചാരണ ചെയ്യുന്ന കഥയാണ് “വിഗ്ഗുകള്‍ നഷ്ടപ്പെട്ടവരുടെ നഗരം”. പ്രതീകാത്മകതയാണ് ഈ കഥയുടെ സവിശേഷത.

“കപ്പല്‍ച്ചേത”ത്തില്‍ വേറിട്ട ഒരാഖ്യാന മാതൃകയാണ് കാണുന്നത്. പ്രാണികളുടേയും ഉറുമ്പുകളുടേയും വിചാരഗതിയിലൂടെയാണ് മനുഷ്യജീവിതത്തിന്‍റെ ദയനീയത ഇക്കഥയില്‍ അവതരിപ്പിക്കുന്നത്. ജലക്ഷാമത്തിന്‍റെ ഭയാനകത തീക്ഷ്ണമായിട്ടാണ് “ജലജന്യം” എന്ന കഥയില്‍ ആവിഷ്കരിക്കുന്നത്. ഫാന്‍റസി ഉപയോഗിക്കാമായിരുന്നിട്ടും യാഥാര്‍ത്ഥ്യത്തെ തനതായ രീതിയില്‍ അവതരിപ്പിക്കാനാണ് കഥാകൃത്തിന്‍റെ ശ്രമം.

പ്രകൃതിയോടുള്ള ആഭിമുഖ്യം, വ്യക്തിയുടേയും സമൂഹത്തിന്‍റേയും കാപട്യങ്ങള്‍ക്കെതിരായ പരിഹാസം, പ്രാന്തവത്കരിക്കപ്പെടുന്നവരോടുള്ള പ്രതിബദ്ധത, നീതിബോധം എന്നിങ്ങനെ സമകാലത്തിന്‍റെ പ്രമേയങ്ങളോട് ഈ കഥാകൃത്ത് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്നു. “സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്‍റര്‍ & സ്‌പ്രിങ്‌” എന്ന പുസ്തകത്തിന്‍റെ ശീര്‍ഷകം അല്‍പ്പം ലളിതവത്കരിക്കാമായിരുന്നു എന്നു തോന്നുന്നു.

സ്‌പ്രിങ്‌, സമ്മര്‍, ഫാള്‍, വിന്‍റര്‍ & സ്‌പ്രിങ്‌ (കഥകൾ)
ഷാഹുൽ ഹമീദ് കെ.ടി.
പൂർണ പുബ്ലിക്കേഷൻ, കോഴിക്കോട്

-ഡോ. അജിതന്‍ മേനോത്ത്, അക്ഷയ ഹെവെന്‍സ്, കാരിയട്ടുകര, എൽതുരുത്ത്, പിഒ,തൃശൂര്‍-

4 Comments
 1. Pradeep 11 months ago

  Wonderful review…

 2. Anil 11 months ago

  Good review

 3. Vivek Chandran 11 months ago

  നല്ല റിവ്യൂ.. ഈ കഥകൾ വായിക്കണം എന്ന് തോന്നുന്നുണ്ട്.

 4. Babu Raj 11 months ago

  നല്ല റിവ്യൂ,, പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ഗ്രന്ഥകർത്താവിനു അഭിവാദ്യങ്ങൾ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account