എഴുത്തിന്റെ വഴിയിൽ…. വിശദികരിക്കാമോ?

എല്ലാ കുട്ടികളെയും പോലെ കഥകൾ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഞങ്ങളുടെ വെപ്പുകാരി ഒരു മിനാക്ഷി വലിയ കഥ പറച്ചിലുകാരി ആയിരുന്നു. അന്നൊക്കെ നെന്മാറ (പാലക്കാട്ട്)-യിലും പരിസരത്തും ഒരുപാട് യക്ഷികളും ഗന്ധർവ്വന്മാരും ഉണ്ടെന്നായിരുന്നു മീനാക്ഷി പറയാറ്. എല്ലാം കക്ഷിയുടെ നേരിട്ടുള്ള അനുഭവങ്ങളും! നിറയെ പൂത്ത് നിൽക്കുന്ന ഉങ്ങു മരങ്ങൾക്കു പിന്നിൽ നിന്നും പെട്ടന്ന് പ്രത്യക്ഷപ്പെട്ട് , ചുണ്ണാമ്പ് ചോദിക്കുന്ന യക്ഷി, ശാപം മൂലം സർപ്പശരീരനായിപ്പോയ ഗന്ധർവ്വൻ കിണറ്റിൻ കരയിൽ വെള്ളം കോരാൻ പോയ പെൺകുട്ടിയോട് ശാപമോക്ഷത്തിനായി അനുരക്തനായത്, താമരക്കുളത്തിൽ ഇറങ്ങിയ പെൺകുട്ടിയെ ‘മായ” താഴ്ത്തിക്കൊണ്ട് പോയത്, ഇങ്ങിനെ ഒരു നൂറു കഥകൾ അവർ പറയും. ഞങ്ങളുടെ തറവാട്ടിനെ ചുറ്റിപ്പറ്റിയും കുറെ വിചിത്രമായ കഥകൾ ഉണ്ട്. ഇങ്ങിനെ അയഥാർത്ഥമായ കുറെ സങ്കല്പങ്ങൾ സ്വാധി നിച്ചു. കൂടാതെ ഹെഡ്മാസ്റ്ററായിരുന്ന അച്ഛൻ കൊണ്ട് വന്നു തന്ന പഞ്ചതന്ത്രക്കഥകളും, ഗ്രീക്ക് ദേവീദേവന്മാരുടെ കഥകളും, സംസ്‌കൃതം ക്ലാസ്സിലെ മാഷ് പറയുന്ന കാളിദാസ കഥകളും, റഷ്യൻ നാടോടിക്കഥകളും എല്ലാം സ്വാധീനിച്ചു എന്ന് പറയാം.

ബ്രിജിയുടെ കഥകൾ കവിത പോലെ മനോഹരം. എന്താണ് ഈ രചനയുടെ രഹസ്യം.?

എന്റെ അഭിപ്രായത്തിൽ സാഹിത്യത്തിൽ ഏറ്റവും സുന്ദരമായത് കവിതയാണ്. അങ്ങേയറ്റം വിസ്മയത്തോടെ ഉള്ള ഒരു ആരാധനയാണ് കവികളോട് എനിക്ക്. കവിത പോലെ മനോഹരം എന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്. പ്രസിദ്ധ  നിരൂപകനായ  ശ്രി. കെ.പി ശങ്കരൻ സാറും ഇതേ അഭിപ്രായം പറയുകയുണ്ടായി. ചിലർ അത് പഴഞ്ചൻ എഴുത്തായി കാണുന്നു. നാടകീയമായ അതിശയോക്തിയോടെ നല്ലഭാഷ മാത്രം ഉപയോഗിച്ചായിരുന്നു പഴയ എഴുത്ത്. അതിൽ നിന്ന് വ്യത്യസ്തമായി സാധാരണ ഭാഷയിലേക്കും വിവരണങ്ങളിലേക്കും എഴുത്ത് മാറി. അത്യന്താധുനികമെന്നോ ഉത്തരാധുനികത എന്നോ മറ്റോ പറഞ്ഞു, വാക്കുകൾ കൊണ്ട് കസർത്ത് കാണിച്ച് കഥയും കവിതയും എല്ലാം എഴുതുമ്പോൾ  അതെനിക്ക് ചില ‘മോഡേൺ ആർട്ട് ‘ പോലെ മനസ്സിലാവാറില്ല. ബിംബങ്ങളും ഉപമകളും വായനക്കാർക്ക് അരോചകമാവാത്ത രീതിയിൽ പ്രയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നുന്നത്. പലരുടെയും എഴുത്തിന്റെയും, വായനയുടെയും മാനദണ്ഡങ്ങൾ വെവ്വേറെയാണല്ലോ. എഴുത്തുകാരൻ എന്ത് ഉദ്ദേശിച്ച് ആണോ എഴുതിയത് അത് വായനക്കാരനും മനസ്സിലാവുമ്പോൾ അയാൾ കൃതാർത്ഥനാവുന്നു.

കഥയെഴുത്തിൽ   കൂടുതൽ സ്വാധീനിച്ച എഴുത്തുകാർ? 

എഴുത്തുകാരിൽ കൂടുതൽ സ്വാധീനിച്ച വർ എം.ടി യും മാധവിക്കുട്ടിയും ആണെന്ന് പറയാമെങ്കിലും, എഴുത്തുകാർ ആരായിരുന്നാലും സ്വാധിനിക്കുന്നത് പലപ്പോഴും കൃതികളാണ്. അത് അപ്രശസ്തരുടേതുമാകാം.

കുട്ടിക്കാലം മുതൽ കഥയെഴുതിയിരുന്നുവോ?

കുട്ടിക്കാലം മുതൽ എന്തെങ്കിലുമൊക്കെ എഴുതുമായിരുന്നു. അന്നൊക്കെ മാസത്തിലൊരിക്കൽ ഒരു വെള്ളിയാഴ്ച അവസാനത്തെ പിരീഡ് സാഹിത്യ സദസ്സാണ്. ഒരു കുട്ടി ഒരു വിഷയം അവതരിപ്പിക്കണം, മറ്റു താൽപ്പര്യമുള്ളവർ അതേക്കുറിച്ച് അഭിപ്രായം പറയണം. എല്ലാവരും വീട്ടിൽ പറഞ്ഞു എഴുതിച്ചു  കൊണ്ട് വരുന്നത് വായിക്കുമ്പോൾ, ഞാൻ സ്വയം എഴുതി വായിക്കും. ഡയറി എഴുതുന്ന ശീലം ഉള്ളത് കൊണ്ട് മനസ്സിൽ തട്ടുന്ന ഒരു കാര്യം അപ്പോഴല്ലെങ്കിലും പിന്നിട് എഴുതും. ചിലപ്പോൾ കഥ പോലെ. മുട്ടിറങ്ങുന്ന ഷർട്ടിന്റെ വലിയ പോക്കറ്റിൽ കുട്ടികളെ പിടിച്ചിട്ടു കൊണ്ട് പോകുന്ന റാവുത്തർ കത്തെഴുതിക്കാൻ വരുന്നതും, മകളുടെ അഡ്രസ് അറിയാതെ കരഞ്ഞതും, വീട്ടിലെ സഹായി ചെറുക്കൻ ചെല്ലപ്പൻ ചില പ്രലോഭനങ്ങളിൽ പെട്ട്, മറ്റൊരു കൃഷിക്കാരന്റെ വീട്ടിൽ പണിക്ക് പോയി മുടിയനായ പുത്രനെ പോലെ തിരിച്ചു വന്നതൊക്കെ കഥകളായി.

എഴുത്തിൽ കാലങ്ങൾക്കനുസരിച്ച് സങ്കേതങ്ങളിൽ വൈവിദ്ധ്യം തിരഞ്ഞെടുക്കുന്നുണ്ടോ?

കാലങ്ങൾക്കും, സന്ദർഭത്തിനും അനുസരിച്ച് എഴുത്തിന്റെ രീതിയിലും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാറുണ്ട്. അധർമ്മത്തെ ജയിക്കുക തുടങ്ങി ചില പൊതു സ്വഭാവമുള്ള ആശയം സന്ദർഭവും കഥാപാത്രങ്ങളും മാറുമെങ്കിലും പല കഥകളിലും വരുന്നത് കാണാം. അതുപോലെ,  ഒരേ ഇതിവൃത്തം തന്നെ പല രൂപത്തിൽ പല സന്ദ ർഭങ്ങളിൽ കഥകളാവുന്നതിന്റെ ഒരു ഉദാഹരണമാണ്  ‘സിൻഡർല’. എന്റെ കഥകൾ എല്ലാം തന്നെ ജീവിച്ചിരിക്കുന്നതോ,മരിച്ചു പോയതോ ആയ വ്യക്തികളുടേതാണ്. അവരുടെ ജിവിതം അതേപടിയല്ല. എങ്കിലും കെട്ടുകഥകളേക്കാൾ വിചിത്രമായ ജിവിതങ്ങൾ ഏറെയുണ്ട്. ഒറ്റക്കിരിക്കുന്ന നിമിഷങ്ങളിൽ ആൾക്കു ട്ടത്തിനിടയിൽ നിന്നും, എന്റെ കൂടെ പോന്ന ഒരു പുഞ്ചിരി, ഒരു വേദന, ഒരു നിശ്വാസം, ഒരു ധിക്കാരം, ഒരു വേർപാട്, പ്രണയത്തോടെയുള്ള ഒരു നോട്ടം, ഒരു വാക്ക്, ഒരു യാത്രാമൊഴി.., ഇതൊക്കെയാണ് എന്റെ കഥകൾ.

കഥയിലെ ഇതിവൃത്തത്തിൽ നാട്ടു വെളിച്ചവും, നഗര വെളിച്ചവും ഒരു പോലെ ദൃശ്യമാവുന്നതിന്റെ രസതന്ത്രം ?

കേരളംതിങ്ങുന്ന മനസ്സുമായാണ് വടക്കേഇന്ത്യയിലേക്കു  പോയത്. പെട്ടന്നുണ്ടായ പട്ടണ പ്രവേശം ഒരു കൾച്ചർ ഷോക്ക് തന്നെ എന്ന് വേണമെങ്കിൽ പറയാം. കിട്ടുന്ന ഒഴിവു സമയം മുഴുവൻ കത്തെഴുത്തായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ചണ്ഡീഗഡ് നഗരം,  ഒരുപാട്  മുന്നോട്ട് പോയ സംസ്കാരം, മോഹിപ്പിക്കുന്ന കാഴ്ചകൾ, അഥിതികളെ സ്നേഹിച്ചു കൊല്ലുന്ന പഞ്ചാബികൾ. പിന്നീട് ഡൽഹി വഴി ഗുജറാത്ത് ജാംനഗറിലേക്ക്. അവിടത്തെ കന്റോൺമെന്റിലെ താമസം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ സൗഹൃദം, യുദ്ധ വിമാനങ്ങളുടെ പരിശീലനകേന്ദ്രമായ  ജാംനഗർ. താഴ്ന്നു പറന്നു കുട്ടിക്കരണം മറിയുന്ന ഫൈറ്റർ പൈലറ്റുമാരോടുള്ള ആരാധന. വാസ്തവത്തിൽ, എല്ലാവർക്കും  പല സംസ്ഥാനങ്ങളിൽ താമസിക്കാനുള്ള അവസരം ഉണ്ടാവണമെന്നാണ് എന്റെ പക്ഷം. കുന്നോളം ഉണ്ടാവും അനുഭവങ്ങൾ! ഇനിയും ഒന്നും എഴുതാൻ കഴിഞ്ഞിട്ടില്ല എന്നെ ഞാൻ പറയൂ.

എഴുത്ത് ജിവിതത്തിൽ കുടുംബത്തിന്റെ സ്വാധീനം?

അദ്ധ്യാപകരായിരുന്നു  മാതാപിതാക്കൾ. അച്ഛൻ ഒരുപാട് വായിക്കുന്ന ആളായിരുന്നു. പ്രത്യേകിച്ച് കവിതകൾ. എന്നെക്കൊണ്ടും വായിപ്പിക്കും. എനിക്ക് ജി ശങ്കരക്കുറുപ്പിന്റെ പെരുംതച്ചൻ, വൈലോപ്പിള്ളിയുടെ മാമ്പഴം തുടങ്ങിയ കഥ പറയുന്ന കവിതകളായിരുന്നു ഇഷ്ടം. അമ്മ എന്നും അസുഖക്കാരി ആയിട്ടായിരുന്നു ഓർമ്മ. ആകാശമായിരുന്നു അമ്മയുടെ ഇഷ്ട വിഷയം. നിമിഷങ്ങൾക്കകം വരച്ചു മായ്ക്കുന്ന ഒരു ചിത്രം പോലെ, ആകാശത്ത് ഉരുണ്ട് കൂടുന്ന മേഘങ്ങൾക്ക് രൂപകല്പന ചെയ്ത് കാണിച്ച് തരും. പണ്ടുകാലത്ത് രാത്രി ആകാശം നോക്കി സമയം ഗണിച്ചിരുന്നതും, നക്ഷത്രങ്ങളും അതിന്റെ പിന്നിലെ കഥകളും…. മറ്റും പറയും. ജൂണിലെ നിർത്താതെ പെയ്യുന്ന മഴയത്ത് വെള്ള വസ്ത്രമിട്ട്  യാത്രയായ അമ്മയെ പള്ളിയിലേക്കെടുക്കുന്ന നേരം മഴ നിലച്ചു. പെട്ടന്ന് വെയിൽ പരന്നു. അമ്മ രൂപങ്ങൾ നൽകാറുള്ള മേഘങ്ങൾ എല്ലാം നിരന്നു നിന്ന് അമ്മ യെ യാത്രയാക്കി. എന്റെ എല്ലാ കഥകളിലും ആകാശത്ത് കാണുന്ന വിസ്മയങ്ങൾ വന്നു ചേരും. അത് പോലെ, വീടിനു മുമ്പിൽ നിന്നിരുന്ന അമ്മയുടെ സുഹൃത്തായ ഒരു വാകമരം മെയ് മാസം മുതലേ അമ്മയെ കൂട്ടി കൊണ്ട് വരും. വിവാഹം കഴിഞ്ഞതോടെ മലയാളം വലിയ വശമില്ലാത്ത, എഴുത്തും വരയും ഒന്നും ഒരു പ്രത്യേക കഴിവല്ല എന്ന ഒരു സാഹചര്യത്തിൽ വന്നു  ചേർന്നിടത്ത് വെച്ച് എല്ലാം മനസ്സിൽ എവിടെയോ ഒളിച്ചു.

കഥയെഴുത്ത് പോലെ ചിത്രരചനയിലും താല്പര്യമുണ്ടല്ലോ. ചിത്ര രചനയെ കുറിച്ച് പറയാമോ?

ചെറുപ്പത്തിലേ പെൻസിൽ ഡ്രോയിങ്ങിനോടായിരുന്നു താൽപ്പര്യം. സ്‌കൂൾ തലത്തിൽ ഒരു പാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നിട്  ചാണ്ടിഗറിൽ വെച്ച് ഓയിൽ പെയിന്റിങ്ങിലേക്ക് തിരിഞ്ഞു. അവിടെ കണ്ട ചിത്രകാരന്മാരുടെ അവിശ്വസനീയമായ  ചിത്രങ്ങൾ കണ്ടപ്പോൾ ഒരു ചിത്ര കാരിയാവാൻ  മോഹിച്ചു. ജീവിതത്തിൽ വേഷങ്ങൾ അനവധിയാവുമ്പോൾ ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാറില്ല. എഴുത്തിലോ, ചിത്രകലയിലോ, മനസ്സിന്റെ തൃപ്തിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടുമില്ല. എല്ലാറ്റിനും ഒരു നിയോഗമുണ്ടെന്നു വിശ്വസിക്കാതെ തരമില്ല.

ചിത്രരചനയിൽ ആരാണ് സ്വാധീനം?

ഈ വെണ്ണക്കല്ലിൽ ഞാൻ കാണുന്ന മാലാഖയെ സ്വാതന്ത്രമാക്കാതെ എനിക്ക് വിശ്രമം ഇല്ല എന്നു പറഞ്ഞ ശില്പി കൂടിയായ മൈക്കിൾ ആഞ്ചലോ, ബോത്തിച്ചെല്ലി, ലിയാണോർദാവിഞ്ചി, രാജാ രവിവർമ്മ, തുടങ്ങിയവരുടെ റിയലിസ്റ്റിക് ചിത്രങ്ങളോടാണ് താൽപ്പര്യം. അന്നത്തെ കാലത്ത് മരങ്ങളുടെയും, ഇലകളുടെയും ചാറുകൾ കുറുക്കി ഉണ്ടാക്കുന്ന നിറങ്ങൾ കൊണ്ട്, പള്ളികളുടെയും മറ്റും സീലിംഗിൽ ഞാണ് കിടന്നു കൊണ്ട് വരച്ചിട്ടു പോലും വിസ്മയിപ്പിക്കുന്ന ചിത്രങ്ങളായി ഇന്നും നിലനിൽക്കുന്നു. അവർണ്ണനീയമായ ആ ചിത്രങ്ങൾ എഴുതിയ ചിത്ര കാരന്മാർ തന്നെയാണ്  രാജാ രവിവർമ്മയുടെയും മാനസിക ഗുരുക്കന്മാർ.

കടിഞ്ഞുൽ, നാലാമത്തെ ചക്രവർത്തി, ഈ രണ്ട് സമാഹാരങ്ങളുടെയും പൊതു സ്വഭാവങ്ങൾ?

കടിഞ്ഞുൽ തീർത്തും പതിമൂന്ന് വയസ്സ് വരെ ഞാൻ ചിലവിട്ട എന്റെ ചുറ്റുപാടുകളി ലെ ജനങ്ങളെ കുറിച്ചാണ്. ഞാൻ മുമ്പ് പറഞ്ഞത് പോലെ ജിവിച്ചു മരിച്ചവരാണ്  എല്ലാവരും. മരിച്ചിട്ടും ജിവിച്ചിരിക്കുന്ന ചിലർ! കോഴിക്കോട്ടെ പൂർണ്ണാ പബ്ലിക്കേഷനാണ് ‘കടിഞ്ഞൂൽ ‘പ്രസിദ്ധികരി ച്ചത്. ഓരോ കാലഘട്ടത്തിലെ കഥകൾ  തരം  തിരിച്ചു പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിലാണ് തുടങ്ങിയത്. പക്ഷെ അപ്രശസ്തരായവരുടെ പുസ്തകങ്ങൾ പ്രസാധകർക്ക് താല്പര്യമില്ലാത്തത് കൊണ്ട് രണ്ടാമത് തിരുവനന്തപുരത്തെ ബുദ്ധ പബ്ലിക്കേഷൻ ഒരു അവസരം ത ന്നപ്പോൾ കേരളവും വടക്കേ ഇന്ത്യയും ഒക്കെ ഇടകലർന്നു നാലാമത്തെ ചക്രവർത്തിയായി. രണ്ട് സമാഹാരങ്ങളിലും നമ്മുടെ ഇടയിലുള്ളവരെ തന്നെ കണ്ടുമുട്ടാൻ കഴിയും എന്നതാണ് പൊതു സ്വഭാവം. ഇങ്ങിനെയൊരു അവസരം തന്നതിന് ജ്വലനം മാസികയോടും കവിയും, എഴുത്തുകാരിയും, പൊതുപ്രവർത്തകയും, സർവ്വോപരി എന്റെ സുഹൃത്തും ആയ ശ്രിമതി ഇന്ദിര ബാലനും  എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

3 Comments
 1. Babu Raj 5 years ago

  Wonderful! Best wishes to both..

 2. ANITHA 5 years ago

  മനോഹരമായ അഭിമുഖം.. കവിതകലര്‍ന്ന ചോദ്യങ്ങളും കൂടെ നാട്യങ്ങളില്ലാത്ത ഉത്തരങ്ങളും..

  ആശംസകള്‍..

 3. Haridasan 5 years ago

  Beautiful interview… Congrats and best wishes..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account