തപാൽക്കാരനെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു; പണ്ട്. വളയൻ  പിടിയുള്ള നരച്ച കാലൻകുട. തെളിഞ്ഞ ആകാശത്തിന്‍റെ നിറമുള്ള ഇളം നീല കോട്ടൺ ഷർട്ട്. ചുമലിൽ തൂക്കിയിട്ട കത്തുകൾ നിറച്ച കാക്കിസഞ്ചി. കക്ഷത്തിൽ  തുകൽ ഷീറ്റിൽ ഭദ്രമായി പൊതിഞ്ഞടുക്കിയ മണിയോർഡർ ഫോറവും ചുവപ്പും നീലയും അരികുകളോട് കൂടിയ നീളൻ കവറുള്ള ഫോറിൻ കത്തുകളും  കൂടാതെ ചില പ്രമാണങ്ങളും.

തൂവെള്ള നിറമുള്ള കോറമുണ്ടും മടക്കി കുത്തി ഒരിക്കലും  തേഞ്ഞു പോകാൻ കൂട്ടാക്കാത്ത ടയറിന്‍റെ ചെരിപ്പുമിട്ട് പാടവരമ്പുകൾ താണ്ടി പാലം കടന്നു വരാറുള്ള നമ്മുടെ പ്രിയപ്പെട്ട  കിട്ടൻശിപായി.

പഴമക്കാരിൽ ചിലർ ശിപായി കിട്ടനെന്നും  ചിലർ ബഹുമാനത്തോടെ പോസ്റ്റ് മാഷെന്നും അയാളെ വിളിക്കാറുണ്ട്. പക്ഷെ , ആർക്കെങ്കിലും അയാൾക്ക് ഒരു കത്തയക്കണമെന്ന് തോന്നിയാൽ കെ.പി.കൃഷ്ണൻ,  പോസ്റ്റ്മാൻ എന്ന പേരിൽ തന്നെ അയക്കേണ്ടി വരും.

മാസന്തോറും അമ്മയ്ക്ക്  മുടങ്ങാതെ കിട്ടികൊണ്ടിരുന്ന കത്തിനും പണത്തിനും വേണ്ടിയുള്ള കാത്തിരിപ്പ്. അച്ഛൻ തന്‍റെ ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന തുച്ഛമായ തുകയും  പിന്നെ   കൃഷിയിൽ നിന്നു കിട്ടുന്ന ആദായവും  സ്വരുകൂട്ടിയാണ് അമ്മ, നമ്മൾ അഞ്ചു പേരുള്ള കുടുംബം പുലർത്തിയത്.

എന്റെ പിറവിക്കും മുപ്പതു വർഷം മുമ്പ്, അച്ഛൻ നാടുവിട്ടുപോയിരുന്നു; ആരോടും ഒരു വാക്കു പോലും ഉരിയാടാതെ.

പണ്ട്, അച്ഛന് വലിയ കച്ചവടമായിരുന്നു. പിച്ചള വളയമുള്ള റാത്തൽ കല്ലും കൊത്തുപണികളും അറകളുമുള്ള കൊച്ചു പണപ്പെട്ടിയും മുകളിലെ മൂലയിൽ പഴമയുടെ ഗന്ധം പേറി ഇപ്പൊഴും കിടപ്പുണ്ട്. പുരാതന നാണയമായ അണയും ഓട്ടമുക്കാലും കണ്ടതിന്റെ നേരിയ ഓർമ്മയും ബാക്കിയുണ്ട്.

കച്ചവടത്തിലെ നഷ്ടമായിരിക്കാം അച്ഛനെ നാടുവിട്ടു പോകാൻ പ്രേരിപ്പിച്ചത്.

ഇന്ത്യ സ്വതത്രയായതിനു ശേഷം ജോലിക്കു വേണ്ടി ആളുകളെ ബലമായി പിടിച്ചു കൊണ്ടു പോകുന്ന കാലം. എട്ടാം തരവും തട്ടിമുട്ടി ഇംഗ്ലീഷും അറിയാമായിരുന്ന അച്ഛന്, ബോംബെയിൽ വെസ്റ്റേൺ റെയിൽവേയിൽ എളുപ്പത്തിൽ ഒരു ജോലി തരപ്പെട്ടു.  അച്ഛന്റെ  ഒരു സഹോദരനും  പണ്ടെ പരദേശിയായി പാണ്ടി നാട്ടിലേക്ക് വണ്ടികയറിയിരുന്നു.  മറുനാട്ടിൽ  നിന്നും വരുന്ന ഒരു കുറിമാനത്തിനു വേണ്ടി  തറവാട്ടിലെ പലരും കിട്ടൻ ശിപായിയെ പ്രതീക്ഷയോടെ കാത്തിരുന്നു കാണും.

ആറുവർഷങ്ങൾക്കു ശേഷമാണ് അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന സത്യവുമായി ഒരു കത്ത് അമ്മയെ തേടിയെത്തുന്നത്. അമ്മയുടെ കണ്ണീരിനും കാത്തിരിപ്പിനും  പ്രാർത്ഥനയ്ക്കും അറുതി വരുത്തി കൊണ്ട്, അച്ഛൻ തന്റെ പ്രിയതമയുടെ  തപ്തഹൃദയത്തെ  തണുപ്പിക്കാൻ തക്കവണ്ണം എന്ത് അക്ഷരകൂട്ടുകളായിരിക്കും കോരിയൊഴിച്ചിട്ടുണ്ടാവുകണ്ടാവുക?

നീണ്ട വർഷങ്ങൾക്കിടയിൽ അമ്മ ഏക മകളെയും ചേർത്തുനിർത്തി ജീവിതത്തോട്  സ്വയം പടപൊരുതി കൊണ്ട് കാരിരുമ്പിന്‍റെ കരുത്ത് നേടിയിരുന്നു.

രണ്ടു മൂന്നു വർഷത്തിൽ ഒരിക്കൽ ലീവിൽ വീട്ടിൽ വരുന്ന അച്ഛൻ. വീടും കൃഷിയും കുട്ടികളെയും പരിചരിച്ച് അമ്മയും ജീവിതസമരത്തോട് സമരസപ്പെട്ടിരുന്നു.

അമ്മയുടെ കൈവരുതിയിൽ നിന്നും എഴുത്ത്  വഴുതി മാറിയപ്പോൾ  ആചുമതല മക്കൾ ഏറ്റെടുത്തിരുന്നു.  അതോടൊപ്പം അച്ഛന്റെ കുമ്പളവള്ളി പോലുള്ള  കൈയക്ഷരം   വായിക്കാനുള്ള കഴിവും ഞങ്ങൾ  നേടിയിരുന്നു.

അമ്മ പറഞ്ഞു തരുന്ന ഓരോ വാക്കിനും വാചകത്തിനും ഒരു തിരുത്തിന്‍റെ ആവശ്യം പോലും വേണ്ടി വരില്ല. ഹൃദയത്തിൽ നിന്നും വരുന്ന ഉറവ വറ്റാത്ത വാക്കുകൾ…..

അയൽപക്കങ്ങളിലെ അക്ഷരമറിയാത്തവർക്ക് വരുന്ന കത്തുകൾ വായിച്ചു കൊടുക്കേണ്ടതും മറുപടി എഴുതേണ്ടണ്ടതും  എന്റെ ഉത്തരവാദിത്തമായി തീർന്നു. പിൽക്കാലത്ത് കത്തെഴുത്തുകലയോട് ആവേശവും ശിപായിമാരോട് അടുപ്പവും ആദരവും തോന്നാൻ ഇതൊക്കെ കാരണമായിക്കാണും.

ജീവിത നെട്ടോട്ടങ്ങൾക്കായി എന്റെ ചേട്ടനും പീന്നീട് ഞാനും മറുനാട്ടിലേക്ക് ചേക്കേറുകയും കത്തെഴുത്തുകളിലൂടെ മാതാപിതാക്കളുമായി മനസ്സു തുറക്കുകയും ചെയ്തു.  അച്ഛൻ, കത്തുകളിലൂടെ ഞങ്ങൾക്ക് ഉപദേശവും ഉപമയും ഉൽപ്രേക്ഷയും പോരാതെ സ്നേഹവും വാരിക്കോരി നൽകിയിരുന്നു.

അമ്മയുടെ  പുടവകൾ സൂക്ഷിച്ചിരുന്ന ഇരുമ്പുപെട്ടിക്കകത്ത് കത്തുകൾ ഇട്ടു വെക്കാറുള്ള ചെറിയ പാളിക്കകത്ത്, അച്ഛന്റെ അക്ഷരം മാഞ്ഞ് ദ്രവിച്ചു പൊടിഞ്ഞ  ചില പഴയകാല കത്തുകൾ കണ്ടിട്ടുണ്ട്.

ജീവിതത്തിന്റെ മുക്കാൽ പങ്കും റെയിൽവേയിൽ അടിയറ വെച്ച്   അടുത്തൂൺപററി അച്ഛൻ വീട്ടിൽ തിരിച്ചെത്തി.

പിന്നീടെപ്പൊഴൊ, അച്ഛന്റെ  ചന്ദനവും വാസന ചുണ്ണാമ്പും മണക്കുന്ന സ്യൂട്ട്കെയ്സിൽ ചന്ദനമുട്ടിയും ചാണകല്ലും പെൻഷൻ ബുക്കും ഷേവിംഗ് അനുസാരികൾ സൂക്ഷിക്കുന്ന ബ്രിട്ടാണിയ ബിസ്ക്കറ്റിന്റെ  വട്ടത്തിലുള്ള ഡബ്ബിയും വെററിലചെല്ലവും പാക്കുവെട്ടിയും കണക്കുപുസ്തകവുംകണ്ട കൂട്ടത്തിൽ ഞങ്ങളുടെ കൈപ്പടയിലുള്ള ഏതാനും കത്തുകളും ചിതറി കടപ്പുണ്ടായിരുന്നു.

അമ്മ, പ്രിയതമനു വേണ്ടി ഹൃദയവികാരങ്ങൾ പെയ്തു നിറച്ച സ്വന്തം കൈപ്പടയിലുള്ള കത്തുകൾ എവിടെ? ഒരു പക്ഷെ, അതൊക്കെയും അച്ഛൻ തന്റെ മനസ്സിന്റെ മാണിക്യ ചെപ്പിൽ അടച്ചു വെച്ചു കാണും! … സ്നേഹത്തിൽ പൊതിഞ്ഞ മയിൽപ്പീലി തണ്ടു പോലെ……

ജീവിത നാടകത്തിലെ വേഷങ്ങൾ അഴിച്ചുവെച്ച് അച്ഛനും അമ്മയും കാലയവനകയ്ക്കുള്ളിൽ മറഞ്ഞു.

വർഷങ്ങൾ പലതു കഴിഞ്ഞു. ഞാൻ വിവാഹിതനായി.ഏതാനും  ആഴ്ചകൾക്കുശേഷം ഭാര്യയേയും  കൂട്ടി ബാംഗ്ളൂരിലേക്ക് തിരിച്ചു. ഇവിടെ, ഒരു  പലചരക്കുകട നടത്തുകയായിരുന്നു; ഞാൻ.

എനിക്ക് കുറച്ച് സാഹിത്യ ഭ്രാന്തുണ്ടെന്ന് അവൾക്ക് നേരത്തെ അറിയാമായിരുന്നു. അച്ചടിമഷി പുരണ്ട ചില കുറിപ്പുകൾ നോക്കി അത്  ഒന്നുകൂടി അവൾ ഉറപ്പു വരുത്തി.

എന്റെ തോന്ന്യാക്ഷരങ്ങൾക്കൊപ്പം കുറച്ചു കാലം കൂട്ടിരുന്നു.പിന്നെ, പതിയെ കൈയ്യൊഴിഞ്ഞു.

എട്ടു മാസങ്ങൾ എത്ര പെട്ടെന്നാണ് കൊഴിഞ്ഞു തീർന്നത്. ദാമ്പത്യവല്ലരിയിൽ തളിരിലകളും മൊട്ടും വിടരാൻ തുടങ്ങി. ഇനി വിരഹ ദിനങ്ങളുടെ  ആ റുമാസക്കാലം.  ഒരമ്മയാവുക എന്ന ഒഴിച്ചു കൂടാനാവാത്ത ദൗത്യം നിറവേറ്റാതെ പറ്റില്ലല്ലോ?

അവൾക്കു വേണ്ടി  (അതോ, എനിക്കു  വേണ്ടിയോ?) ഒരോ  രാത്രിയിലും കത്തുകൾ എഴുതി. കവിതയായ്, കഥയായ് ചിലപ്പോൾ ഒരു തുടർക്കഥ പോലെ……..

അവർക്ക് എഴുതിയ ഒരു കത്തിലെ വരികൾ ഇപ്പൊഴും ഓർക്കുന്നു: എട്ടു മാസക്കാലം  എത്രപ്പെട്ടെന്നാണ് എരിത്തൊടുങ്ങിയത്…… എന്നു തുടങ്ങുന്ന ഒരു കവിതയായിരുന്നു; അത് .

ധന്വന്തരം തൈലം പുരട്ടി തേച്ചു കുളിക്കാനും രാസ്നാദിപ്പൊടി മൂർദ്ദാവിൽ തിരുമ്മാനും  ഓർമ്മിപ്പിച്ചു കൊണ്ടുള്ള കവിത…… വഴുക്കുന്ന പാടവരമ്പിനെയും ചരൽകുന്നുകളെയും കരുതി നടക്കണമെന്നുമുള്ള  മുന്നറിയിപ്പുകൾ……

ഗുഡ് നൈറ്റ് മാററിലെ അമ്മയും കുഞ്ഞുമായുള്ള പരസ്യവും പത്രമാസികകളിലെ കുരുന്നുകളുടെ വർണ്ണചിത്രങ്ങും ചേർത്ത് ഞാൻ സ്വയം തീർത്ത ആശംസാ കാർഡുകൾ ! അതിൽ കട്ടുറുമ്പിനെപ്പോലെ കുനുകുനെ എഴുതിയ അക്ഷരകൂട്ടുകൾ വായിച്ചെടുക്കാൻ അവൾ ഒരുപാടു കഷ്ടപ്പെട്ടു കാണും.

ഉടൻ മറുപടി കിട്ടാൻ വേണ്ടി നീളൻ കവറിനകത്ത്  ഇൻലാൻറു കൂടി വെച്ച് അയക്കുമായിരുന്നു. പിന്നീട് മുപടി കത്തിനു വേണ്ടി നാളുകള്ളെണ്ണിയുള്ള കാത്തിരിപ്പ്. ചിലപ്പോൾ എന്റെ പഴയ  അറ്റ്ലസ് സൈക്കിളിൽ, രണ്ടര കിലോമീറ്റർ അകലെയുള്ള  പോസ്റ്റ് ഓഫീസിലേക്ക് ആഞ്ഞു ചവിട്ടിയ  ആവേശവും ഒരു  വിരഹ രോഗിയുടെതായിരുന്നു.

അവളുടെ ആദ്യ മുപടി എങ്ങനെയുണ്ടാകുമെന്ന ആ കാംക്ഷയോടെയാണ് കത്തു തുറന്നത്. വളരെ പതുക്കെ, ഒരു പനിനീർ പൂ ഇറുക്കുന്നതു പോലെ………

എന്റെ എത്രയും പ്രിയപ്പെട്ട……… ന്. നിങ്ങളെ പ്പോലെ, സാഹിത്യമൊന്നും അറിയില്ല. കത്തഴുതിയും ശീലമില്ല. എന്നു തുടങ്ങുന്ന കത്ത്  നേരിട്ട് എന്റെ ഹൃദയത്തിലേക്ക് ഒരു ചാട്ടുളി പോലെ………

നാട്ടുഭാഷയിൻ, പച്ചയായ്  വളച്ചുകെട്ടില്ലാതെ…….

ആദ്യമായി കിട്ടിയ പ്രേമലേഖനം പോലെ എനിക്ക് ഉൾപ്പുളകമുണ്ടായി.

കത്തു പലവട്ടം വായിച്ചും മടക്കിയും കീശയിലിട്ട് എന്റെ  ഹൃദയത്തോട് ചേർത്തുവെച്ചു കൊണ്ടുനടന്നു; അടുത്ത മറുപടി വരും വരെ.

ഒരു പ്രണയ ലേഖനമെഴുതാനുള്ള കഴിവോ  പെൺകുട്ടികളെ ആകർഷിക്കാൻ തക്ക ഗുണഗണങ്ങളോ എനിക്കുണ്ടായിരുന്നില്ല. സ്വന്തം ഭാര്യയ്ക്ക് വേണ്ടി സധൈര്യം പ്രണയ നൊമ്പരങ്ങൾ കുറിച്ചുകൊണ്ട് അതിന്റെ  കുറവ് നികത്തുകയായിരുന്നു; ഞാൻ .

നാലഞ്ചു മാസങ്ങൾക്കകം പരസ്പരം കൈമാറിയ കത്തുകൾക്ക് കണക്കില്ലായിരുന്നു. അവൾ കൈ കുഞ്ഞുമായി തിരിച്ചു വന്നതിനു ശേഷം നമ്മൾ പരസ്പരം ഹൃദയഭാരങ്ങൾ ഇറക്കി വെച്ച കത്തുകളത്രയും ഒരു കവറിൽ പൊതിഞ്ഞു ഞാൻ ഭദ്രമായി  സൂക്ഷിച്ചു.

വർഷങ്ങൾക്കിപ്പുറം പഴയ പെട്ടിയും പ്രമാണങ്ങളും പരിശോധിക്കവെ, പാത്തുവെച്ചിരുന്ന കത്തുകൾ  മാത്രം കണ്ടില്ല…

എന്റെ പരവേശം കണ്ടേപ്പൾ നിർവികാരയായി ഭാര്യ പറഞ്ഞു: “എന്തിനു വേണ്ടിയാണ് നിങ്ങൾ ഈ പഴയ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത്? അതൊക്കെ ഒരു ദിവസം ഞാനെടുത്തു കത്തിച്ചു.”

എന്തു ചേതോവികാരമായിരിക്കും അവളെ പ്രചോദിപ്പിച്ചിട്ടുണ്ടാവുക?? ആർക്കറിയാം?

എങ്കിലും,എന്റെ പ്രിയപ്പെട്ടവളെ, ആ അക്ഷരചിരാതുകൾ ആയിരം നാവുള്ള കൈത്തിരിനാളമായി നമ്മിൽ എന്നും എരിഞ്ഞു കൊണ്ടേ യിരിക്കും……….

ഇപ്പൊഴത്തെ പുതുതലമുറ (ഇ) യുഗത്തിൽ വാട്ട്സ് ആപ്പും ഫേസ് ബുക്കും ചാററും മെയിലും മെസ്സേജും മെസ്സെഞ്ചറും കത്തുകൾക്ക് പകരമായി  നവകാലലോകത്തിലെ മേഘസന്ദേശ വാഹകരാകുന്നു.

( ഇ) ലോക ( ബൂ) ലോകവാസികള, പുതു തലമുറക്കാരെ, പ്രണയ…:……. വിരഹ …………. സന്തോഷ:…….. സന്താപ സമ്മിശ്ര വികാരങ്ങളുടെ മേഘ പെയ്ത്തിൽ അഭിരമിക്കുവിൻ!

ഭൂലോകം വിരൽതുമ്പിൽ തിരിയുമ്പൊഴും, പാടവരമ്പു താണ്ടി പാലം കടന്നു വരുന്ന നമ്മുടെ കിട്ടൻ ശിപായിയെയും ഗൃഹാതുരത ഉണർത്തുന്ന കത്തെഴുത്തുകാലത്തെയും എനിക്കെങ്ങനെ മറക്കാൻ കഴിയും? നിങ്ങൾക്കോ……..?

 

10 Comments
 1. Sunil 2 years ago

  പഴയ ഓർമകളിലേക്കുള്ള ഒരു യാത്ര! നാനായിട്ടുണ്ട്

  • Author
   Sugathan Velayi 2 years ago

   നന്ദി. വായനയ്ക്കും അഭിപ്രായത്തിനും. ഓർമ്മപ്പെടുത്തൽ ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം

 2. VP Nair 2 years ago

  പാടവരമ്പു താണ്ടി പാലം കടന്നു വരുന്ന നമ്മുടെ കിട്ടൻ ശിപായി . ഓർപ്പെടുത്തലുകൾക്കു നന്ദി …

  • Author
   Sugathan Velayi 2 years ago

   നന്ദി. വായനയ്ക്കും ആസ്വാദനത്തിനും. കിട്ടൻ ശിപായി യെ ഇഷ്ടപ്പെട്ടതിനും.

 3. Ajay 2 years ago

  ഗ്രാമങ്ങളിൽ പണ്ട് കാലത്ത് വരുവാൻ കത്തുകൾ ഇല്ലെങ്കിലും ശിപായിയെ (തപാൽ ക്കാരനെ) നോക്കിയിരിക്കുന്നവരെ കാണാറുണ്ടായിരുന്നു.
  നല്ല വായന തന്നതിൽ സന്തോഷം തുടരുക

 4. Author
  Sugathan Velayi 2 years ago

  താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. പ്രായമായ അച്ഛന്റെ ഇളയ സന്തതിയായിരുന്നു;ഞാൻ. അപ്പൊഴെക്കും അയൽ വീടുകളിൽ നിന്നും ഒന്നു രണ്ടു ചെറുപ്പക്കാർ മറ്റു നാട്ടിലേക്ക് ചേക്കേറിയിരുന്നു.
  നല്ല വായനക്കാരന് നന്ദി. സ്നേഹാദരപൂർവ്വം

 5. Rema Pisahrody 2 years ago

  nannayittundu

 6. Rema Pisahrody 2 years ago

  thapal mudrakal ennoru kavitha njan ezhuthiyittundu
  pazhaya ormakal

  • Author
   Sugathan Velayi 2 years ago

   ആദ്യമായി ശ്രീമതിയുടെ ഒരു കവിത വായിക്കാനിടയായത് നിവേദ്യം മാസികയിലാണെന്നാണ് എന്റെ ഓർമ്മ .

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account