ഏകകേന്ദ്ര വൃത്ത സ്വഭാവമുള്ള കഥകൾ

കഥയുടേയും സാഹിത്യത്തിൻ്റെയുമൊക്കെ പ്രധാന ഉദ്ദേശ്യം സമൂഹത്തേയും മനുഷ്യനേയും മുന്നോട്ടു നയിക്കലാണ്. ചുരുങ്ങിയ പക്ഷം പിന്നാക്കം നടക്കുന്നതിൽ നിന്ന് തടയുകയെങ്കിലുമാണ്. എന്നാൽ നമ്മുടെ കഥകൾ കേവലം എൻ്റർടെയിനർ എന്നതിനപ്പുറത്തേക്ക് പോവാതിരിക്കാൻ മന:പൂർവം ശ്രമിക്കുന്നതായാണ് ഇപ്പോഴത്തെ അനുഭവം. കൂടുതൽ ജനപ്രിയമാകുക എന്നതാണ് മിക്കപ്പോഴും എഴുത്തുകാർ ലക്ഷ്യം വക്കുന്നത്. അതു കൊണ്ടു തന്നെ പുതുമകളെക്കുറിച്ചോ പുതുക്കലുകളെക്കുറിച്ചോ നാം ആലോചിക്കുന്നതേയില്ല. ഒരേ കുറ്റിയിൽ കെട്ടിയ വ്യത്യസ്ത നീളമുള്ള കയറുകളുടെ അറ്റത്തു ചുറ്റിത്തിരിയുന്ന വെളുത്ത പശുക്കളാണ് എല്ലാ കഥകളും എന്നതാണ് സത്യം . പ്രണയം, സ്ത്രീ, പക, രതി എന്നിങ്ങനെ വളരെ കുറച്ചേയുളളൂ കഥകൾക്ക് പ്രമേയങ്ങളായി വരാൻ. അതിലപ്പുറമുള്ള സാധ്യതകളെ അന്വേഷിക്കാനോ പരീക്ഷിക്കാനോ കഥാകൃത്തുക്കൾക്കും പത്രാധിപൻമാർക്കും ധൈര്യമില്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

ദേശാഭിമാനി ഡിസംബർ 6 ലക്കം കഥപ്പതിപ്പാണ്. 10 കഥകളുണ്ട് വായനയുടെ ഈ ഉത്സവപ്പതിപ്പിൽ. അവയിൽ കഥകളെത്രയുണ്ട് എന്നത് മറ്റൊരു ചോദ്യമാണെങ്കിലും. കെ.പി രാമനുണ്ണി എഴുതിയ വാരിയം കുന്നത്ത് വീണ്ടും എന്ന ലേഖന സ്വഭാവത്തോട് ചേർന്നു നിൽക്കുന്ന സോദ്ദേശ നീളൻ രചനയാണ് ഇവയിൽ ആദ്യത്തേത് . വാരിയം കുന്നത്തിനെക്കുറിച്ച് ഇനി താനൊന്നും എഴുതിയില്ലെങ്കിൽ മോശമല്ലേ എന്നു കരുതി ബോധപൂർവം തട്ടിക്കൂട്ടിയ ഒരു സംഗതിയാണിത്. തീർച്ചയായും കഥയെന്നു വിളിക്കാനുള്ള യാതൊരു യോഗ്യതയും അതിനില്ല തന്നെ. പക്ഷേ എഴുതിയത് രാമനുണ്ണിയാണല്ലോ അതു കൊണ്ട് പ്രമാദം, പ്രമാദം.. കെ.കെ നവീൻകുമാർ എഴുതിയ തങ്കയം എന്നു പേരുള്ള രചനയും കഥയാണെന്നാണ് പത്രാധിപർ പറയുന്നത്. കുറേ കഥാപാത്രങ്ങൾ, ഒരു കൊലപാതകം, പോലീസ്, മയക്കുമരുന്ന്, പ്രതിപക്ഷം, പഞ്ചായത്ത് തെരഞ്ഞെടുപ്പ് , ലോക് സൗൺ, കൊറോണ, വെടി, പുക, ബോംബ്, തീ ഒന്നും പറയണ്ട.. പക്ഷേ പേരിനെങ്കിലും ഒരു കഥ വേണമല്ലോ.. ങേ.. ഹേ ..!  പി.കെ. പാറക്കടവിനെക്കുറിച്ച് ഇനിയും പറയുന്നതിൽ വലിയ കാര്യമൊന്നുമില്ല.. ഫലിതബിന്ദുക്കൾ എന്ന പേരിൽ മംഗളം / മനോരമ വാരികകളിൽ കാണുന്ന കുറിപ്പുകളേക്കാൾ ഒട്ടും മോശമല്ല അദ്ദേഹം കഥകൾ എന്നു പറഞ്ഞ് എഴുതി വിടുന്ന പടപ്പുകൾ.. വൈ ഫൈ എന്ന കഥ ഇങ്ങനെയാണ്. “മമ്മി ഡൗൺലോഡ് ചെയ്തെടുത്ത കുഞ്ഞ് കരഞ്ഞില്ല, പകരം ഇങ്ങനെ മൊഴിഞ്ഞു . ഇവിടെ വൈ ഫൈ ഇല്ല, എനിക്കു തിരിച്ചു പോകണം.. ” ഇവയുടെ പേരാണ് ഗംഭീരം.. പത്തു മിന്നൽക്കഥകൾ, വായിക്കുമ്പോൾ മിന്നലുമില്ല, ഇടിയുമില്ല. സാരമില്ല, എന്തായാലും പാറക്കടവല്ലേ.. സലിൻ മാങ്കുഴി എഴുതിയ ഉടൽത്തീരത്ത് എന്ന കഥ മകൻ്റെ കാമുകിയായ വേലക്കാരിപ്പെണ്ണിനെ ഞെക്കിക്കൊന്ന് കെട്ടിത്തൂക്കിയ, സ്വന്തം പിതാവിനെ മരണക്കിടക്കയിൽ ശ്വാസം മുട്ടിച്ച് കൊന്ന, പിന്നീട് മകൻ്റെ മരണത്തിനു ശേഷം പശ്ചാത്താപ വിവശനായി ഒ വി വിജയൻ്റെ കടൽത്തീരത്ത് കയ്യിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വിശ്വൻ സാർ എന്നയാളുടെ കഥയാണ്. നന്നായി അണിയിച്ചൊരുക്കി ഇടക്കിടക്ക് പാമുക്ക്, സോളമൻ നോർത്തപ്പ് തുടങ്ങിയവരുടെയൊക്കെ ഉദ്ധരണികൾ ചേർത്ത് അലങ്കരിച്ച് അവതരിപ്പിക്കുന്നുണ്ട് കഥ. പക്ഷേ തേങ്ങ പത്തരച്ചാലും കറി താളു തന്നെ എന്നതാണ് അവസ്ഥ. ഇനിയുമെത്ര കാലം ഈ താളിൻ കറി തന്നെ കഴിക്കേണ്ടി വരുമോ എന്തോ..! മുഹമ്മദാലി പൂനൂര് എഴുതിയ ലൊംബാർഡിയിലെ കൊറോണക്കാലം ഇറ്റലിയിലെ നേഴ്സായ എസ്തറിൻ്റേയും അവിടെ അവളെ മകളെപ്പോലെ സ്നേഹിച്ച സെർജിയുടേയും കഥയാണ്.കേരളത്തിൽ നിന്ന് മിലനിൽ വന്നിറങ്ങിയ എസ്തേറിനെ അവളുടെ ഹോസ്റ്റലിൽ എത്തിക്കുന്നതിലൂടെ തുടങ്ങിയ സെർജിയുമായുള്ള  സൗഹൃദം, അവളുടെ നാട് , പിന്നീട് കൊറോണ വന്ന് ഇറ്റലിയിലെ വൃദ്ധരെ മരണത്തിനു വിട്ടു കൊടുക്കാൻ നിർബന്ധിതരായ ആരോഗ്യ പ്രവർത്തകരുടെ നിസഹായത, അതിനിടയിൽ എസ്തേറിൻ്റെ കൈയിൽ കിടന്ന് സെർജി അന്ത്യശ്വാസം വലിക്കുനത് ഒക്കെയാണ് കഥ. പ്രമേയത്തിൽ പുതുമയൊന്നുമില്ലെങ്കിലും ഹൃദയസ്പർശിയായ ആഖ്യാനം കഥയെ പാരായണക്ഷമമാക്കുന്നുണ്ട്. കഥയുടെയും സാഹിത്യത്തിൻ്റെയുമൊക്കെ ലക്ഷ്യം കഥാർസിസ് ആണെന്നാണല്ലോ സങ്കല്പം. ആ അർഥത്തിൽ ഈ കഥ വായനക്കാരൻ്റെ കണ്ണിൽ ഇറ്റു നീര് പൊടിക്കാൻ പ്രാപ്തമാണ്.  ജേക്കബ് എബ്രഹാം എഴുതിയ മൾബറിച്ചെടികൾ ചൂളമടിക്കുമ്പോൾ എന്ന കഥയാവട്ടെ ഒരു സാധാരണ അപ്പർ ക്ലാസ് പൈങ്കിളിക്കഥക്കപ്പുറം ഒന്നുമായില്ല. പുതിയൊരു ചെറുക്കനെ കാണുമ്പോൾ തന്നെ അവനിൽ മയങ്ങി വശഗതയായി പോകുന്നവളാണ് സ്ത്രീ എന്നു കരുതുന്ന എല്ലാ കഥാകൃത്തുക്കളോടുമുള്ള സഹതാപം ഇവിടെ രേഖപ്പെടുത്തുന്നു. ദയവു ചെയ്ത് നിങ്ങൾ  സ്വയം അളക്കുന്ന നാഴി കൊണ്ട് പെണ്ണുങ്ങളെ അളക്കരുത്.. പെണ്ണുങ്ങളെ തിരിച്ചറിയുന്നതിൽ കുറേക്കൂടി മികവു പുലർത്തുന്ന കഥയാണ് അർഷാദ് ബത്തേരി എഴുതിയ ഗുജറാത്തിലെ അയാൾ. ഉയരം കുറഞ്ഞ, വലിയ മുലകളുള്ള സൗന്ദര്യത്തിൻ്റെ സുവർണാനുപാതം തെറ്റിപ്പോയ സുജാത എന്ന സോപ്പുകമ്പനിത്തൊഴിലാളിയും അവളുടെ ചുറ്റുമുള്ള ജീവിതവുമാണ് കഥ. ഗുജറാത്തിലെ കച്ചിൽ നിന്ന് കമ്പനിയിൽ പുതുതായി വന്ന ദുപീന്ദർ എന്ന ഉയരം കൂടിയ തൊഴിലാളിയെ വളക്കാൻ പെണ്ണുങ്ങളിലെ ഉയരക്കാരിയായ ശാലിനി കിണഞ്ഞു ശ്രമിച്ചു. പക്ഷേ ദുപീന്ദറിന് സുജാതയെയാണ് ഇഷ്ടമായത്. സുജാതയുടെ കുറവുകളെ കമ്പനിയിൽ ഏറ്റവും കൂടുതൽ പരിഹസിച്ചത് പെണ്ണുങ്ങൾ തന്നെയായിരുന്നു. ദുപീന്ദർ അവളെ ഇഷ്ടപ്പെട്ടത് അവിടെ ആർക്കും സഹിക്കാനാവാത്ത കാര്യമായിത്തീർന്നു. അതെന്താ അങ്ങനെ എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. സുജാതയെ ആരെങ്കിലും ഇഷ്ടപ്പെടുമെന്ന് ആരും കരുതിയതല്ല. തങ്ങളുടെ കരുതലിനപ്പുറമുള്ള കാര്യങ്ങളെ സംശയത്തോടെ മാത്രമേ നമുക്കു കാണാനാവൂ .. ഒടുവിൽ വീട്ടിലേക്ക് പുറപ്പെട്ട ദുപീന്ദറിനെ പതിയിരുന്ന് വെട്ടി വീഴ്ത്തുന്ന അജ്ഞാതർക്കും മറ്റെന്താണ് പ്രകോപനം ..! അവളും അവളുടെ വൈരൂപ്യവും നമുക്കൊരു ക്രൂരമായ ആസ്വാദനത്തിനുള്ള വിഭവമാണ്. അതിലപ്പുറമെന്ത് മനുഷ്യത്വത്തെക്കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടത്.? ശ്രീകണ്ഠൻ കരിക്കകം എഴുതിയ ജ്യോതി ലക്ഷ്മിയുടെ മണങ്ങൾ എന്ന കഥ മണങ്ങളിലൂടെ വരും കാല സംഭവങ്ങൾ അറിയാൻ പോലും സാധിക്കുന്ന ശ്രീലക്ഷ്മി എന്ന സ്ത്രീയുടെ കഥയാണ്. ഒരിക്കൽ കയറിക്കൂടിയാൽ പിന്നെ മണങ്ങളൊന്നും ശ്രീലക്ഷ്മിയെ വിട്ടു പോകാറില്ല. എന്നല്ല മണങ്ങൾ അവൾക്കു വലിയ ബാധ്യതയായിത്തീരുന്നു. സുനാമി മുതൽ ട്രംപിൻ്റെ തെരഞ്ഞെടുപ്പു വരെ പ്രവചിക്കാൻ അവൾക്കു സാധിക്കുന്നു. ഗന്ധം എന്ന അനുഭവത്തെ പ്രവചനത്തിനുപയോഗിക്കുക എന്നത് നമുക്ക് പരിചയമില്ലാത്ത കാര്യമാണ്. പക്ഷേ പഞ്ചേന്ദ്രിയങ്ങളിൽ മറ്റുള്ളവയൊക്കെ പ്രയോഗിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഗന്ധം ഇരിക്കട്ടെ എന്നാവാം കഥാകൃത്തിൻ്റെ യുക്തി. അതവിടെ നിൽക്കട്ടെ, പറയാനുള്ളതെന്തെന്ന് വായനക്കാരന് / ആസ്വാദകന് പിടികിട്ടുന്നതിനു വേണ്ടി മാത്രമാണ് ആഖ്യാനം ഉപയോഗിക്കപ്പെടേണ്ടത്. അതിനപ്പുറം ഒരേ സംഗതി ആവർത്തിക്കുന്നത് വായനക്കാരനെ നിസ്സാരവൽക്കരിക്കലാണ്.  അമിതാഖ്യാനം എന്ന സാഹിത്യദോഷം ശ്രീകണ്ഠൻ്റെ എല്ലാ കഥകളിലുമെന്നപോലെ ഇതിലുമുണ്ട്. ചൊല്ലിയാട്ടവും മനോധർമവുമായി ഒരേ പദം പലവുരു പാടേണ്ട കഥകളിയല്ല ചെറുകഥ. ഒരു സന്ദർഭവും ഒരു വാചകവും ആവർത്തിക്കാതിരിക്കുമ്പോഴാണ് കഥ മിഴിവുള്ളതായിത്തീരുന്നത്. പരത്തിപ്പറയലിൻ്റെ ഏറ്റവും വലിയ നഷ്ടം കഥയുടെ മർമം നഷ്ടപ്പെട്ടു പോകും എന്നതാണ്. ഇവിടെയും അതു തന്നെ സംഭവിക്കുന്നു. ഒപ്പം മനോജ് വെള്ളനാടിൻ്റെ പരോസ്മിയ എന്ന കഥയെ ഓർമിപ്പിക്കുകയും ചെയ്തു ഈ കഥ. മജീദ് സെയ്ദിൻ്റെ പെയ്ൻറർ എന്ന കഥ ആഖ്യാനത്തിൽ മികവു പുലർത്തുന്നുണ്ട്. കഥയുടെ തുടക്കത്തിലെ അവിശ്വസനീയമായ ഫാൻ്റസി അതിലേറെ അവിശ്വസനീയമായ ക്ലൈമാക്സിന് ഉചിതമായി. മിസിസ് ക്ലീത്തിൻ്റെ വസതിയിൽ ഒരു ചിത്രം വരക്കാൻ വേണ്ടി പോവുകയാണ് പെയ്ൻ്റർ. അന്ധനായ വഴികാട്ടി തെളിക്കുന്ന കുതിരവണ്ടി, പിന്നീട് കുതിരകൾ സ്വയം സഞ്ചരിച്ച് ആ കൊട്ടാരത്തിലെത്തുന്നു. മിസ്റ്റർ ക്ലീത്ത് വരച്ച അവരുടെ രണ്ടു പേരുടേയും വിവിധ ചുംബനങ്ങളുടെ ചിത്രങ്ങൾ കൊണ്ടു നിറഞ്ഞ ഭിത്തിയിൽ അവശേഷിക്കുന്ന ഇടത്തിലേക്ക് അവരുടെ അന്ത്യചുംബനത്തിൻ്റെ ചിത്രം വരക്കാനാണ്  അയാൾ ക്ഷണിക്കപ്പെട്ടിട്ടുള്ളത്. തുടർന്ന് മിസിസ് ക്ലീത്ത് മിസ്റ്റർ ക്ലീത്തിനെ വെടിവച്ചു കൊന്ന് അന്ത്യചുംബനത്തിന് സാഹചര്യമൊരുക്കി. അവരയാളെ ചുംബിക്കുന്ന ചിത്രം പ്രതീക്ഷിച്ച അവരുടെ സങ്കൽപങ്ങളെ തകർത്ത് ക്ലീത്ത് സായ്പ് അവർക്ക് അന്ത്യചുംബനം നൽകുന്ന ചിത്രം വരച്ചു പെയ്ൻ്റർ. എന്നിട്ട് മിസിസ് ക്ലീത്തിനെ പുറകിലുപേക്ഷിച്ച് പെയ്ൻ്റർ പുറത്തേക്കു നടക്കുന്നിടത്ത് കഥ തീരുന്നു. ആഖ്യാനത്തിലെ കൈയടക്കം കഥയുടെ വിജയത്തിലെ ഒരു പ്രധാന ഘടകമാണ്. അത് പ്രമേയത്തിൻ്റെ ബലഹീനതയെ മറച്ചു വക്കാൻ സഹായിക്കും. സൂക്ഷ്മമായി പരിശോധിച്ചാൽ മജീദിൻ്റെ ട്രേഡ്മാർക്കായ കൊലപാതകവും രക്തവും ചേർന്നുള്ള ഒരു സാധാരണ പ്രമേയത്തിൻമേൽ കെട്ടിപ്പൊക്കിയ ചില്ലുകൊട്ടാരമാണ് ഈ കഥ. പിന്നൊരാശ്വാസം ചില്ലാണെങ്കിലും ഒരു കൊട്ടാരമാണല്ലോ എന്നതാണ്.  മിനി. പി.സി യുടെ ദേശീയ മുരൾച്ച എന്ന കഥയാണ്. വാടകക്കൊലയാളിയും തെമ്മാടിയുമൊക്കെയായ കുര്യാക്കോക്ക് കാട്ടിൽ നിന്ന് ഒരു കടുവാക്കുഞ്ഞിനെ കിട്ടുകയും ദയ തോന്നിയ ( !) അയാൾ അതിനെ വീട്ടിൽ കൊണ്ട് പാർപ്പിക്കുകയും ക്രമേണ സോഫി മോൾക്ക് അവളുടെ കൊല്ലപ്പെട്ട ഇരട്ട സഹോദരനായും ഗ്രേസിക്ക്  അവളുടെ മകനായും പൗലോസുട്ടി എന്ന കടുവക്കുട്ടൻ മാറുകയും ചെയ്തു. കടുവയെ വീട്ടിൽ വളർത്തുന്നത് നിയമ വിരുദ്ധമാകയാലും ചുറ്റുമുള്ള ആൾക്കാർ അറിയാതിരിക്കാൻ വേണ്ടിയും അവർ അവൻ്റെ മേലാകെ കറുത്ത ചായമടിച്ചു. പക്ഷേ എന്തു കാര്യം.? ഗ്രേസിയുടെ കൾഗങ്ങളേയും ആടിനേയും മലഞ്ചെരിവിൽ മേയുകയായിരുന്ന പശുവിനേയുമൊക്കെ പൗലോസുട്ടി കൊന്നു തിന്നു. ഒടുവിൽ അവൻ്റെ പല്ലും നഖവും പറിക്കാൻ തീരുമാനിച്ച അന്നു രാത്രി കുര്യാക്കോയും ഗ്രേസിയും ഉറങ്ങുന്ന നേരത്ത് സോഫി മോൾ അവനെ കാട്ടിലേക്ക് ആട്ടി വിട്ടു. പോയി ഉശിരനായി വളര് എന്നവനെ അനുഗ്രഹിക്കുകയും ചെയ്തു സോഫി മോൾ. കഥ വ്യക്തമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുണ്ട്. ടർക്കിക്കോഴിക്ക് കൾഗം എന്ന പേരുള്ളത് ഗുജറാത്തിയിലാണ്. കടുവയെ പൂർണ സസ്യഭുക്കായി വളർത്തുന്നതിന് കഥയിൽ നടക്കുന്ന ശ്രമങ്ങൾക്കുമുണ്ട് രാഷ്ട്രീയ ലക്ഷ്യം. കടുവയുടെ പല്ലും നഖവും പറിച്ച് അവനെ മര്യാദക്കാരനാക്കാമെന്ന ധാരണയിലും ഒടുവിൽ ദേശീയമൃഗം കാട്ടിൽ നിന്ന് ഉച്ചത്തിൽ ഗർജിക്കുന്നതിലുമുൾപ്പെടെ അടിമുടി രാഷ്ട്രീയം പറയുന്ന കഥയാണ് ദേശീയ മുരൾച്ച. അതേ സമയം താഴ് വാരത്തിൽ മേഞ്ഞുനടന്ന പശുവിനെ കൊന്നു തിന്ന പൗലോസുട്ടിയോട് ഗ്രേസി  ചോദിക്കുന്ന എന്നതാടാ ഇത്, ഇവിടെ മനുഷ്യർക്കു പോലും ബീഫ് തിന്നൂടാ അപ്പഴാ എന്ന ചോദ്യവും അവനതിനു സാധാരണക്കാരനല്ലല്ലോ ദേശീയ മൃഗമല്ലേ എന്ന കുര്യാക്കോയുടെ മറുപടിയും പോലുള്ള ഭാഗങ്ങൾ കഥയുടെ ഗൗരവം കുറക്കുന്നു. ദേശീയ എന്ന വാക്കു ചേർക്കുന്നതോടെ അത് ഫാസിസ്റ്റ് വിരുദ്ധമാകുന്നു എന്ന ഒരു തെറ്റിദ്ധാരണ എഴുത്തുകാർക്കിടയിൽ വ്യാപകമായുണ്ട്. ദേശീയതയും ദേശീയ ബോധവും പരിഹാസ്യമാണെന്ന വിരുദ്ധ സന്ദേശം നൽകുന്നതിനും ഇത്തരം നിലപാടുകൾ കാരണമാകുന്നു. ഇന്ത്യൻ ദേശീയതയോ ഇന്ത്യയെന്ന ബോധ്യമോ അല്ല, കപട ദേശീയതയാണ് ഫാസിസ്റ്റ് ശക്തികളുടെ ആയുധം. അതിനോടുള്ള പ്രതിരോധം ദേശത്തിൻ്റെ നിരാകരണമല്ല തന്നെ. തിരുകിക്കയറ്റുന്ന ഇത്തരം “ദേശവിരുദ്ധതകൾ” കഥയുടെ ആത്മാർത്ഥതയെ പക്ഷവൽക്കരിക്കാൻ ഇടവരുത്തും.

മാധ്യമം ഡിസംബർ 7 ലക്കത്തിൽ നാലു കഥകളുണ്ട്. അനൂപ് അന്നൂർ എഴുതിയ പാതാളപ്പിടപ്പ് എന്ന കഥ ആദ്യന്തം കഥയുടെ ഉദ്വേഗം നിലനിർത്തുകയും വായനക്കാരനെ കഥയോടൊപ്പം നയിക്കുകയും ചെയ്യുന്നുണ്ട്. കഥ എന്ന നിലക്ക് പാതാളപ്പിടപ്പിന് പുതുമയൊന്നും അവകാശപ്പെടാനില്ല. കൂലിത്തല്ലും ക്വൊട്ടേഷൻ പണികളുമായി നടക്കുന്ന വാവാച്ചൻ, ഇടക്ക് അയാൾ പാർട്ടിക്കു വേണ്ടി ചെയ്ത  ഒരു കൊലപാതകം, പാർട്ടി അയാൾക്ക് വീടുണ്ടാക്കി നൽകിയതും പിന്നീട് അയാളെ നോക്കാതെയായതുമായി പറഞ്ഞു പഴകിയ പതിവു കഥ മാത്രമാണ് ഇതും. എന്നു മാത്രമല്ല, സമൂഹത്തിൻ്റെ അടിത്തട്ടിലുള്ള ഇത്തരം മനുഷ്യർ എല്ലായ്പോഴും സാമൂഹ്യ വിരുദ്ധതയും ക്രിമിനൽ പ്രവർത്തനങ്ങളുമായാണ് ജീവിക്കുന്നത് എന്ന പതിവു പൊതു നിലപാടിനെ അബോധപൂർവം കഥ അംഗീകരിക്കുന്നുമുണ്ട്. വാടകഗുണ്ടയായ അച്ഛൻ, കഞ്ചാവു കച്ചവടക്കാരനായ മകൻ, അവൻ അവൻ്റെ സഹോദരിയെത്തന്നെ കയറിപ്പിടിക്കുകയും അവളോടി റോഡിലെത്തുകയും ഒരു ലോറി തട്ടി വീഴുകയും ലോറിക്കാരൻ, വാവാച്ചൻ പണ്ടു കൊലപ്പെടുത്തിയയാളുടെ മകൻ അവളെ ആശുപത്രിയിലെത്തിക്കുകയും അങ്ങനെ ഒരു പഴയ വാണിജ്യ സിനിമയുടെ എല്ലാ കറിക്കൂട്ടുകളും ചേർത്തുണ്ടാക്കിയ ഒരു കഥ. പെറ്റ വയറുപോലെ ശൂന്യമായ കിണറിൻ്റെ ഉൾഭാഗം പോലുള്ള ചില മെറ്റഫറുകൾ കഥയിലുണ്ടെങ്കിലും അവയൊന്നും കഥയെ മികച്ചതാക്കുന്നില്ല. പുട്ട് പുട്ടായിത്തന്നെ നന്നാവണം. ഇടക്കിടെയുള്ള തേങ്ങാപ്പീര ഗംഭീരം എന്നു പറഞ്ഞിട്ടു കാര്യമില്ലല്ലോ .. നൗഷാദ് എഴുതിയ ടു ബേക്കർ സ്ട്രീറ്റ് ഫ്രം തിരുവില്വാമല, പയ്യൻ ഷെർലക് ഹോംസിനെ കാണുന്നതും കൊല്ലത്തെ ഉത്രയെ ഉൾപ്പെടെയുള്ള കൊലപാതകങ്ങൾക്ക് ഹോംസിൻ്റെ കഥകൾ വായിച്ചതാണ് കാരണം എന്നു പറയുന്നതുമാണ് കഥ. സമകാലിക സംഭവങ്ങൾ, വാർത്തകൾ എന്നിവ എഴുതുമ്പോൾ ഇങ്ങനെ ചില പൊടിക്കൈകൾ നല്ലതാണ്.  എന്നിട്ടും പക്ഷേ ഈ കഥ പരാജയപ്പെട്ടു. വീഞ്ഞു മാറ്റാതെ കുപ്പി മാത്രം മാറ്റി കഥയെഴുതി വായനക്കാരനെ പറ്റിക്കാമെന്നു കരുതരുത് എന്നേ പറയാനുള്ളൂ. ആനിഷ് ഒബ്രിൻ എഴുതിയ സമ്മർദ്ദഗോലി എന്ന കഥയും ശരാശരിയിൽ താണ നിലവാരം പുലർത്തുന്നതാണ്. ഉത്സവപ്പറമ്പുകളിൽ ജയൻറ് വീലും മരണക്കിണറുമൊക്കെ നടത്തുന്ന മനുഷ്യരുടെ സമ്മർദ്ദങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ അവർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതുമാണ് കഥയുടെ പ്രമേയം. തങ്ങൾ മാത്രമല്ല തങ്ങളെ സമ്മർദ്ദത്തിലാക്കുന്ന യജമാനനും അതേ ഗോലി കഴിക്കുന്നു എന്ന “ഞെട്ടിക്കുന്ന ”  തിരിച്ചറിവാണ് കഥയുടെ മർമം.. സത്യം പറയാമല്ലോ വായിച്ചു കഴിഞ്ഞപ്പോൾ സഹതാപം തോന്നി, കഥാകൃത്തിനോട് .. അരുൺ പി ഗോപിയുടെ ഒറ്റ് രണ്ടു ക്വട്ടേഷൻ സംഘങ്ങളുടെ ഇടയിലെ ”പണി ” യുടെ കഥയാണ്.  വായനക്കാരനെ പരിഹസിക്കുക എന്നതിലപ്പുറം ഇത്തരം കഥകൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് തോന്നിയില്ല ..

മലയാളം വാരികയിൽ എൻ രാജൻ എഴുതിയ മരണ സന്നിധി ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ പറ്റാതെയായ മാധവൻ മാഷുടേയും വൃദ്ധസുഹൃത്തുക്കളുടെയും കഥയാണ്. മാഷിൻ്റെ ദൈനംദിന ജീവിതത്തോടൊപ്പം പെരുങ്ങോട്ടുകരയിലെ ചാത്തൻമാരും ബസ് ഡ്രൈവർമാരുടെ ജീവിതവും ഓഫീസിലെ സമ്മർദ്ദം തലയിലേറ്റി വീട്ടിലേക്കു വരുന്ന മകളും മൊബൈൽ ഫോണിൽ ഉണ്ടുറങ്ങി ജീവിക്കുന്ന പുതിയ തലമുറയും  പുതിയ കാലത്തെ ഒടിയനായ അജ്ഞാത ജീവിയുമൊക്കെ തട്ടും തടസവുമില്ലാതെ സ്വാഭാവികമായി വന്നു പോകുന്നുണ്ട് കഥയിൽ . കൃത്രിമത്വം ഒട്ടുമിലാത്ത ആഖ്യാനശൈലി കഥയുടെ പാരായണ ക്ഷമത വർദ്ധിപ്പിക്കുന്നു. പ്രമേയത്തിൽ പുതുമയൊന്നുമില്ലെങ്കിലും വായനക്കാരനെ പരിഗണിക്കുന്ന കഥയാണ് മരണ സന്നിധി. ക്ലൈമാക്സിന് കുറച്ചു കൂടി സൗന്ദര്യമാവാമായിരുന്നു എന്നു തോന്നി.

ചന്ദ്രികയിൽ നിഷ അനിൽകുമാർ എഴുതിയ ഹോളോകോസ്റ്റ് എന്ന കഥ മികച്ച വായനാനുഭവം തരും. ഒരു കൊട്ടാരത്തിൽ വധുവായെത്തുന്ന അരുണ എന്ന പുരാവസ്തു ഗവേഷക കണ്ടെത്തുന്ന തിരുമിലാംബ എന്ന മുത്തശ്ശി എഴുതി വച്ച കുറിപ്പുകളാണ് കഥക്ക് ആധാരം. പണ്ട് നരബലി നടന്നിരുന്ന ഒരു കൊട്ടാരമുണ്ട് അവർക്ക് കാട്ടിനുള്ളിൽ. ഇപ്പോഴും സ്ത്രീകളുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും അംഗീകരിക്കാത്ത ആ വീട്ടിൽ നിൽക്കാനാവാതെ അരുണ വനത്തിലെ വീട്ടിലേക്ക് പോയി.പണ്ടൊക്കെ നടന്നിരുന്ന പോലെ തന്നെ കന്യകകളെ ഇപ്പോഴും മറ്റൊരു തരത്തിൽ ബലി കൊടുക്കുന്നുണ്ട് എന്നാണ് തിരുമിലാംബ എഴുതി വച്ച പ്രധാന കുറിപ്പ്. അങ്ങനെ ബലിക്കായി കൊണ്ടു വന്ന പെണ്ണിനെ രക്ഷിച്ച് മൂപ്പൻ്റെ സംരക്ഷണയിലാക്കി തിരിച്ചെത്തിയ തിരുമിലാംബ അടിമക്കച്ചവടം നിർത്തലാക്കിയത് തമ്പുരാൻ അറിഞ്ഞില്ലേ എന്ന് ചോദിക്കുന്നുമുണ്ട്. ഒരിക്കലും നിർത്തലാക്കാൻ കഴിയാത്ത ഒന്നാണ് പെണ്ണടിമകളുടെ ക്രയവിക്രയം എന്ന് കഥ ഓർമിപ്പിക്കുന്നു. വരികൾക്കിടയിൽ കഥ ഒളിപ്പിച്ചു വച്ചുള്ള ആഖ്യാനം ആസ്വാദ്യമാണ്. നിഷാ അനിൽകുമാറിന് അഭിവാദ്യങ്ങൾ.

ഈ വായിച്ച കഥകളിൽ എത്രയെണ്ണം അടുത്തയാഴ്ച നമ്മുടെ മനസിലുണ്ടാവും എന്നതാണ് ഒരു പ്രധാന ചോദ്യം. നിർഭാഗ്യവശാൽ ഈ ഉത്സവപ്പറമ്പിൽ നിന്നും അടുത്ത കൊല്ലത്തേക്ക് സൂക്ഷിച്ചു വക്കാനുള്ള ഒരു വളപ്പൊട്ട് പോലും നമുക്ക് കിട്ടുന്നില്ല. അതാണ് അങ്ങിനെയാണ് ഇപ്പോൾ കഥ ..

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account