മൃൺമയ കഥകൾ

മലയാളത്തിൽ ആഘോഷപൂർവം പുനർനിർമിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത സിനിമകളാണ് രതിനിർവേദവും നീലത്താമരയും. പഴയ സിനിമകളുടെ പുതിയ പ്രിൻറ് എടുക്കുകയോ വീണ്ടും പ്രദർശിപ്പിക്കുകയോ അല്ല അക്ഷരാർഥത്തിൽ പുനർനിർമിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് ഈ രണ്ടു സിനിമകളും തന്നെ അപ്രകാരമൊരു പ്രക്രിയക്ക് വിധേയമായി എന്നത് അന്നു മുതലേയുള്ള ചോദ്യമാണ്. ഉത്തരം വളരെ ലളിതമാണ്. അടിമുടി കാപട്യക്കാരനായ മലയാളി വ്യാജ ബുദ്ധിജീവി നാട്യങ്ങളോടെ അവയെ പ്രകീർത്തിക്കുകയും അവക്ക് അനർഹമായ കലാമൂല്യം കൽപ്പിച്ചു നൽകുകയും സോഫ്റ്റ്പോൺ പ്രിയരായ മലയാളി പ്രേക്ഷകർ തനിക്കു സാമ്പത്തിക ലാഭമുണ്ടാക്കി തരുകയും ചെയ്യുമെന്ന് അതിൻ്റെ സംവിധായകൻ / നിർമാതാവിന് അറിയാമായിരുന്നു എന്നാണ് ആ ഉത്തരം. ഏറെക്കുറേ അതേ നിലവാരത്തിലാണ് മലയാള കഥാസാഹിത്യവും സഞ്ചരിക്കുന്നത്. മനുഷ്യൻ മൃഗത്തിൽ നിന്ന് ഭിന്നനാകുന്നത് ശരീരത്തേയും മനസ്സിനെയും പൊതു ഇടങ്ങൾക്ക് സ്വീകാര്യമായ വിധത്തിൽ പ്രകടമാക്കാനുള്ള അവൻ്റെ ശേഷികൊണ്ടാണ്. അതു കൊണ്ടു തന്നെ കേവലമൊരു ജീവി എന്ന നിലക്കുള്ള മനുഷ്യൻ്റെ പെരുമാറ്റങ്ങളല്ല മറിച്ച് സഹജ ജന്തുവാസനകളെ അതിലംഘിക്കുന്ന നിലപാടുകളാണ് സാഹിത്യ സൃഷ്ടികൾക്കുണ്ടാവേണ്ടത്. വായനക്കാരൻ ആഗ്രഹിക്കുന്നത് നൽകുകയല്ല, മറിച്ച് എഴുത്തുകാരൻ നിർണയിക്കുന്ന വഴിയിലൂടെ വായനക്കാരനെ കൊണ്ടു പോകലാണ് എഴുത്തിൻ്റെ/ സാഹിത്യത്തിൻ്റെ ഉത്തരവാദിത്തം. എന്നാൽ മലയാളം ഇപ്പോൾ ആദ്യം സൂചിപ്പിച്ച സിനിമകളെപ്പോലെ വെൺമണി സാഹിത്യത്തിൻ്റേയും അച്ചീചരിതങ്ങളുടേയുമൊക്കെ പുനർനിർമാണത്തിൻ്റെ വഴിയിലാണ് സഞ്ചരിക്കുന്നത്. മനുഷ്യൻ ഏറ്റവും ഇഷ്ടപ്പെടുന്ന മൃദു ലൈംഗികത വിളമ്പി അവനെ തൃപ്തിപ്പെടുത്തുക എന്ന കുടില തന്ത്രം പയറ്റിയിരുന്ന പഴയ പ്രായപൂർത്തിസിനിമക്കാരുടെ അതേ തന്ത്രമാണ് എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും പയറ്റുന്നത്.

മലയാളം വാരികയിൽ സലിൻ മാങ്കുഴി എഴുതിയ പതU/A എന്ന കഥയാണ് ഇങ്ങനെ ചിന്തിക്കാൻ കാരണമായത്.ചന്ദ്രൻ എന്ന സുന്ദരനും ബലവാനുമായ ബാർബർ അയാളുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ജയിലിൽ പോയതെന്തിന് എന്നതാണ് കഥയുടെ തന്തു. ചന്ദ്രൻ അന്നാട്ടിലെ പ്രമുഖരും പ്രൗഡകളുമായ പല സ്ത്രീകളുമായും തനിക്ക് രഹസ്യ ബാന്ധമുണ്ടെന്ന് ആനന്ദനോടും നാട്ടുകാരോടും പറയുന്നുണ്ട്. ഔവ്വാച്ചി എന്ന വേശ്യയുടെ പ്രഖ്യാപനവും അയാൾ അയാളുടെ “ശേഷി ” തെളിയിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ യഥാർഥത്തിൽ ചന്ദ്രൻ ഷണ്ഡനാണ്. അതയാൾ ഭാര്യയോടു പറയുകയും അവൾ അയാളുടെ പക്കൽ നിന്നു കത്തി വാങ്ങി സ്വയം കുത്തി മരിക്കുകയുമാണുണ്ടായത്. മനുഷ്യൻ്റെ ഇത്തരം അവസ്ഥകൾ അവനിലുണ്ടാക്കുന്ന അന്ത:സംഘർഷങ്ങളെ അനുവാചകനു പകർന്നു നൽകാൻ സാധിക്കുന്ന ആഖ്യാനത്തിലൂടെ മാത്രമേ സൂക്ഷ്മമായ വൈകാരിക വ്യതിയാനങ്ങൾ പ്രതിഫലിപ്പിക്കാനാവൂ. ഇക്കഥയിൽ ആഖ്യാനം ആദ്യന്തം ചന്ദ്രനെ ചുറ്റിപ്പറ്റി നിൽക്കുന്നുവെങ്കിലും അയാളെ പരിഹാസപാത്രമാക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. അതവിടെ  നിൽക്കട്ടെ, കഥയുടെ ആദ്യത്തെ വാചകം വായിക്കുമ്പോൾ അത് സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ നിന്നെടുത്തതാണ് എന്ന് സംശയിച്ചാൽ വായനക്കാരനെ കുറ്റം പറയരുത്. അതും പോട്ടെ ഇതേ കഥ ഇതേപോലെ വായിക്കാൻ കെ വി മോഹൻകുമാറിൻ്റെ മൂരി എന്ന കഥയൊന്നു നോക്കിയാൽ മതി. പുരുഷൻ്റെ നിലനിൽപ് ലൈംഗികതയിലാണ് എന്ന പഴഞ്ചൻ നിലപാട് ഉപേക്ഷിക്കുവാൻ കഥാകൃത്തിനോട് അപേക്ഷിക്കുന്നു. മലയാള സാഹിത്യത്തിലെ ഏറ്റവും സുന്ദരമായ കാവ്യങ്ങൾ വെൺമണിക്കവികളുടേതാണ് എന്നു പറയുന്നത് ഒരിക്കലും അവ മികച്ചതാണ് എന്ന അർഥത്തിലല്ല.

മാധ്യമത്തിലുള്ളത് മരണം മണക്കുന്ന മൂന്നു കഥകളാണ്. മധുപാൽ എഴുതിയ ട്രൂ ലിസണർ രണ്ടു തവണ വായിച്ചിട്ടും അതിലെന്താണ് കഥ എന്നു പിടി കിട്ടിയില്ല. മടുപ്പുളവാക്കും വിധം ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവും അതിലേറെ മടുപ്പിക്കുന്ന പഴഞ്ചൻ കഥാപരിസരവും ചേർന്ന് സാമാന്യത്തിലധികം ബോറടിപ്പിക്കുന്നുണ്ട് കഥ. എഴുതാൻ ഒന്നുമില്ലാതാവുമ്പോൾ അതു നിർത്താനുള്ള ബോധത്തെയാണ് ആർജവം എന്നു വിളിക്കുക. വി. പ്രവീണയുടെ ഉ സാ ഘ എന്ന കഥയിലും കാര്യമായി കഥയെ കണ്ടെത്താനായില്ല. അതിൽ ഒളിഞ്ഞും തെളിഞ്ഞുംകുത്തിച്ചെലുത്തിയ ഇത്തിരി കമ്യൂണിസ്റ്റ് വിരോധമുണ്ട്. കമ്യൂണിസ്റ്റ്കാരനായ സുന്ദരേശൻ്റെ മകൻ സ്റ്റാലിൻ ദാസ് പിന്നീട് മുത്തശ്ശൻ നാണുക്കുറുപ്പിൻ്റെ തന്ത്രം കൊണ്ട് എസ് ദാസ് ആയി ചുരുങ്ങുന്നതും പിന്നീട് ജീവിതത്തിലുടനീളം മറ്റുള്ളവരുടെ താൽപര്യങ്ങൾക്കു വിധേയനായി ഉത്തമ സാധാരണ ഘടകമായി ഒടുങ്ങിപ്പോകുന്നതുമാണ് കഥ. മുത്തശ്ശൻ നാണുക്കുറുപ്പ് പാടത്ത് തവളക്കണ്ണനാണ് വിതക്കുന്നത് എന്നത്   അയാളൊരു  പഴഞ്ചൻ പാരമ്പര്യവാദിയാണ് എന്ന സൂചന നൽകുന്നു. വലിയ പുസ്തകങ്ങൾ വായിക്കുന്ന ദാസൻ ഒരുച്ചക്ക് ആരോടും പറയാതെ മരിച്ചു പൊയ്ക്കളഞ്ഞു. ഇതൊക്കെ കഥയാണെങ്കിൽ നമ്മളെന്തു പറയാനാണ്.? ഉസാഘിസ്റ്റുകൾ നീണാൾ വാഴട്ടെ.. അജേഷ് കടന്നപ്പള്ളി എഴുതിയ അച്ഛൻ എന്ന കഥയിലും മരണമുണ്ട്. മരിക്കാറായി കിടക്കുന്ന അച്ഛനെക്കുറിച്ചുള്ള ഓർമകളും കേട്ടു കേൾവികളുമൊക്കെയാണ് കഥയിൽ പ്രതിപാദ്യം. പക്ഷേ എല്ലാം ചർവിത ചർവണമാണ്. മരണം മനുഷ്യൻ്റെ എക്കാലത്തേയും പ്രതിസന്ധിയാണ്. അതിനെക്കുറിച്ചുള്ള കേവലാഖ്യാനങ്ങൾ യഥേഷ്ടം സംഭവിച്ചിട്ടുമുണ്ട്. അതു കൊണ്ട് മരണത്തിനപ്പുറം നിൽക്കുന്ന കഥകൾക്കു മാത്രമേ ഇനി പ്രസക്തിയുള്ളൂ. ഇത് സ്വന്തം സംതൃപ്തിക്ക് എഴുതിയതാണ് എന്ന മുടന്തൻ ന്യായം കൊണ്ട് എഴുത്തുകാർക്ക് വേണമെങ്കിൽ പ്രതിരോധിക്കാം..!

ദേശാഭിമാനിയിൽ ബിന്ദു മരങ്ങാട് എഴുതിയ ‘കൂട് സ്വപ്നം കാണുന്ന കിളികൾ എന്ന ഹിന്ദി കഥ കൊറോണക്കാലത്തെ  അതിഥിത്തൊഴിലാളികളുടെ ദാരിദ്ര്യമാണ് ചർച്ച ചെയ്യുന്നത്. ഒറ്റക്ക് കൂടുകൂട്ടുന്ന പെൺകിളിയുടെ മെറ്റഫറിലൂടെ കഥാനായികയുടെ പ്രവാസിയും സ്നേഹസമ്പന്നനും കരുതലുള്ളവനുമായ ഭർത്താവിനെ കഥയിൽ ഉൾപ്പെടുത്തുക വഴി എന്താണ് കഥക്കുണ്ടായ മെച്ചം എന്ന് മനസിലായില്ല. എന്നു മാത്രമല്ല ഈ കഥയിൽ ദേബേഷ് കുമാർ ‘ എന്ന ബംഗാളിത്തൊഴിലാളിയെക്കുറിച്ച് പറയുന്നതിനു പകരം മലയാളിയായ ഒരു തൊഴിലാളിയെക്കുറിച്ചും പറയാമായിരുന്നല്ലോ.. അവിടെയാണ് കഥാകൃത്തുക്കളുടെ ദൗർബല്യം നമുക്കു മനസിലാവുക. അവർ കരുതുന്നത് ഈ പുതുമ, വ്യത്യസ്തത എന്നൊക്കെ പറയുന്നത് ഇതാണെന്നാണ്. ഇതൊക്കെ വെറും ആവർത്തനമാണെന്ന് മനസിലാവണമെങ്കിൽ മറ്റുള്ളവർ എഴുതിയത് വായിക്കണ്ടേ.. അതൊക്കെ വലിയ മെനക്കേടാണല്ലോ.. ഗോവിന്ദ് ആർ കുറുപ്പ്  എഴുതിയ നങ്കൂര ബാലൻ ചടുലമായ ആഖ്യാനം കൊണ്ട് മികച്ച വായനാനുഭവം തരുന്ന കഥയാണ്. വെട്ടുകളം എന്ന മത്സരക്കളിയും അതിൽ നിന്നുണ്ടാകുന്ന പകയും ആ പക വീട്ടുന്നതുമായി അടരടുകളായി വികസിച്ചു വരുന്ന ഒരു കഥയാണ് നങ്കൂര ബാലൻ. ഓരോ മനുഷ്യനും ഒന്നരച്ചക്കരക്കും ഒരു ജീവനും വേണ്ടി വെട്ടുകളം വാഴുന്ന വെറും നങ്കൂര ബാലൻമാരാണ് എന്ന വലിയ തിരിച്ചറിവിലേക്ക് പൈലി സ്വാഭാവികമായി എത്തിച്ചേരുന്നു. കഥയിലെ സംഭവങ്ങൾക്ക് ക്രമാനുഗതമായ ഒരു സഞ്ചാരപഥമുള്ളപ്പോൾ മാത്രമാണ് അത് വായനക്കാരനെ കൂടെ കൊണ്ടു പോവുക. ഒന്നിൽ നിന്ന് ഒന്നിലേക്ക് തുടർച്ചയായി പരിണമിക്കും വിധം കഥ നിർമിക്കുക എന്നതു തന്നെയാണ് പ്രധാനം. അക്കാര്യത്തിൽ നങ്കൂര ബാലൻ അഭിനന്ദനമർഹിക്കുന്നു.

എഴുത്ത് മാസികയിൽ ജെയ്സൺ ജോസ് എഴുതിയ സ്ഫടിക ജലത്തിലെ പ്രണയ മീനുകൾ എന്ന കഥ ഒട്ടും ദുർമേദസില്ലാത്ത ചെറിയ മനോഹരമായ കഥയാണ്. വയ്യാത്ത അച്ഛൻ്റടുത്തിരുന്ന് തൻ്റെ ജീവിതത്തെ അവലോകനം ചെയ്യുന്ന മകനാണ് കഥയിലെ നായകൻ. വലിയ ജീവിതതത്വ ശാസ്ത്രങ്ങളൊന്നും പറയാതെ ഒതുക്കി പറഞ്ഞു പോയ ഒരു കഥ.. ഷീബ ഇ കെ യുടെ രാം നഗർ ചൗക്കി ഗാന്ധിജിയെന്ന തൻ്റെ പിതാവിനെ കാണാനില്ല എന്നു പറഞ്ഞ് രാം നഗർ പോലീസ് സ്റ്റേഷനിലെത്തുന്ന മകൻ്റെ കഥയാണ്. പതിവാഖ്യാനങ്ങൾ മാത്രമുള്ള പറഞ്ഞു പഴകിയ നിരവധി കഥകളുടെ ദുർബലമായ ആവർത്തനം മാത്രമാണ് ഈ കഥ.

മാതൃഭൂമിയിൽ പ്രിയ എ. എസ് എഴുതിയ മൃൺമയം എന്ന കഥ അതിൻ്റെ ആഖ്യാനത്തിലെ മിതത്വം കൊണ്ട് സുന്ദരമാണ്. തികച്ചും അപ്രതീക്ഷിതമായി ബസിൽ വച്ചു കണ്ടുമുട്ടുന്ന മൃൺമയിയും എല്ലാ സങ്കടങ്ങളേയും മറികടക്കാൻ സിനിമ കാണാൻ വന്ന ടീച്ചറും തമ്മിലുണ്ടാവുന്ന ബന്ധമാണ് കഥയുടെ കാതൽ. ഡിമെൻഷ്യ ബാധിച്ച ഭർത്താവും ആക്സിഡൻ്റിൽ ശ്വാസമല്ലാതെ ബാക്കിയെല്ലാം നഷ്ടപ്പെട്ട മകനുമാണ് ടീച്ചർക്കു വീട്ടിലുള്ളത്. അവരെ മാത്രം കണ്ടു കൊണ്ടിരുന്നാൽ വിഷാദം ബാധിക്കുമെന്ന് ശിഷ്യനായ ഡോക്ടർ പറഞ്ഞതിനുള്ള പോംവഴിയാണ് സിനിമ കാണൽ. സിനിമ നമ്മളെ വേറൊരു ലോകത്തെത്തിക്കും എന്നാണ് ടീച്ചറുടെ അഭിപ്രായം. ആരൊക്കെ കൂട്ടു വന്നാലും ഒറ്റക്ക് നടന്നു കയറേണ്ട ചില ഇടങ്ങളുണ്ട് ജീവിതത്തിൽ എന്ന് ടീച്ചർ മൃൺമയിയോട് പറയുന്നുണ്ട്. ദു:ഖങ്ങളെക്കുറിച്ചും ഇല്ലായ്മകളെക്കുറിച്ചും പ്രിയ കഥകളെഴുതാറില്ല. മറിച്ച് അവയെ മറി കടക്കുവാൻ സ്വയം സന്തോഷം കണ്ടെത്തുന്നതിനെക്കുറിച്ചാണ് അവർ എപ്പോഴും എഴുതുന്നത് .. സീ യൂ സൂൺ എന്ന് പറഞ്ഞ് പിരിയുന്ന മൃൺമയിക്ക് അവർ അവരുടെ കൈയിലെ മൺ വളകൾ ഊരി നൽകുന്നു. മൃൺമയിക്ക് മൺവളകളല്ലാതെ എന്താണു നൽകുക എന്നത് കഥയുടെ ആഴം കൂട്ടുന്നു.  ലളിതമായി കഥ പറഞ്ഞു പോകുമ്പോഴും അതിൻ്റെ ലാവണ്യ ശാസ്ത്ര സങ്കീർണതകളെക്കൂടി അഭിസംബോധന ചെയ്യുക എന്നത് കൃതഹസ്തരായ എഴുത്തുകാർക്ക് മാത്രം സാധ്യമാകുന്നതാണ്. ഋജുവായി പറയുന്ന കഥക്ക് സമാന്തരമായി മറ്റൊരു കഥ പറയുക, അത് ജീവിതത്തെക്കുറിച്ചുള്ള നിർവചനമാവുക, എന്നതൊക്കെ കൃത്യമായ നിലപാടുകളും ലാവണ്യബോധവുമുള്ളവർക്കേ സാധ്യമാവൂ.. മികച്ച കഥയാണ് മൃൺമയം. എന്നല്ല അപൂർവമായി മാത്രം സംഭവിക്കുന്ന കഥയാണ് മൃൺമയം.വായനയെ ഉപേക്ഷിക്കാതിരിക്കാൻ ഇടക്കെങ്കിലും ഇത്തരം കഥകൾ കിട്ടേണ്ടതുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account