കഥയില്ലാത്ത ആശാരി, ഉളിയില്ലാത്ത എഴുത്തുകാരൻ
രസകരമായ ഈ തലക്കെട്ട് സുഹൃത്ത് കവി അനീസ് ഹസ്സൻ്റെ ഫേസ്ബുക്ക് ചുമരിൽ നിന്ന് ചൂണ്ടിയതാണ്. നമ്മുടെ കഥകളെക്കുറിച്ച് ഇത്ര കൃത്യമായി നിരീക്ഷിച്ച അനീസിന് ഒരു കുതിരപ്പവൻ സമ്മാനമായി നൽകേണ്ടതാണ്. എന്തു കൊണ്ടെന്നാൽ അക്ഷരാർഥത്തിൽ ഉളി പോയ അവസ്ഥയിലാണ് മലയാള കഥാകൃത്തുക്കൾ . കഥകളുടെ പ്രധാന ദൗത്യങ്ങളിലൊന്ന് അതു ജീവിക്കുന്ന സമൂഹത്തിൽ ഇടപെടുക എന്നതാണ്. സമൂഹത്തെ പരിഷ്കരിക്കുക, നവീകരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങളൊന്നും ഏൽക്കാനുള്ള ശേഷിയും ശേമുഷിയും സാഹിത്യത്തിനില്ല, അതത്ര പ്രസക്തവുമല്ല. എങ്കിലും എഴുത്തുകാരൻ സമൂഹത്തോട് സംവദിക്കേണ്ടതുണ്ട്. ഇപ്പോൾ സംവാദമില്ലേ എന്നാണെങ്കിൽ തീർച്ചയായും ഉണ്ട് എന്നു തന്നെയാണുത്തരം. പക്ഷേ ആ ഇടപെടൽ ഭൂരിപക്ഷ പൊതു സമൂഹം ചിട്ടപ്പെടുത്തിയ കാഴ്ചപ്പാടുകൾക്ക് വിധേയമാണ് എന്നു മാത്രം. പറഞ്ഞു പഴകിയ ക്ലീഷേകളിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമമൊന്നും മലയാളം നടത്താത്തത് എന്തുകൊണ്ടായിരിക്കും എന്നത് ആലോചിക്കേണ്ടതാണ്. അതിനുള്ള പ്രധാന ഉത്തരവാദികൾ പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന പത്രാധിപനാമധാരികളാണ്. കൂടുതൽ വായനക്കാർക്ക് സ്വീകാര്യമാവുന്ന വാർത്തകൾക്ക് പ്രാധാന്യം നൽകുന്ന അതേ സമീപനമാണ് അവർ സാഹിത്യത്തോടും സ്വീകരിക്കുന്നത്. വർത്തമാനത്തിൽ ചുറ്റിപ്പറ്റി നിൽക്കുക എന്നതിനപ്പുറം പരീക്ഷണങ്ങൾ നടത്താനോ ഭാവിയുടെ സാഹിത്യം എന്തായിരിക്കും എന്ന് വെറുതെയെങ്കിലും ആലോചിച്ചു നോക്കാനോ ആരും ഒരുക്കമല്ല. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ പ്രതിനിധീകരിക്കാനും കഴിയുമെങ്കിൽ ഒരു ചുവട് മുമ്പേ നടക്കാനുമുള്ള ശ്രമം എഴുത്തുകാരുടെ ഭാഗത്തു നിന്നോ അത്തരം കഥകൾ കൊല്ലത്തിലൊന്നെങ്കിലും പ്രസിദ്ധീകരിക്കാനുള്ള മനസ് പത്രാധിപൻമാരുടെ ഭാഗത്തു നിന്നോ ഉണ്ടാവുന്നതേയില്ല. സാങ്കേതിക വിദ്യ മനുഷ്യജീവിതത്തെ അടിമുടി മാറ്റിമറിച്ചിട്ടും നമ്മുടെ കഥകൾ മൊബൈൽ ഫോൺ /ഇൻ്റർനെറ്റ് ഉപയോഗിച്ചുള്ള പെൺവാണിഭത്തിനും അവിഹിത (!) ബന്ധങ്ങൾക്കുമപ്പുറത്തേക്ക് പോയിട്ടില്ലല്ലോന്ന് വെറുതെ ഓർക്കുക. പുതിയതൊന്നും സാഹിത്യത്തിനു ബാധകമല്ലാത്ത വിധം യാഥാസ്ഥിതികമാണ് എഴുത്തിൻ്റെ ലോകം. സ്വന്തമായി ഉളിയില്ലാത്ത കഥാകൃത്തുക്കളെ ആർക്കു വേണം എന്ന് വായനക്കാരൻ ചോദിച്ചു തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും.
ഡിസംബർ 21 ലക്കം മലയാളം വാരികയിൽ എസ് ഹരീഷ് തോന്നും പടി മാറ്റിയെഴുതിയ നാട്ടു കഥകളിലാണ് ഉളി പോയ ആശാരിയെക്കുറിച്ച് പറയുന്നത്. കുട്ടപ്പനാശാരിയുടെ തലയിൽ ഉളി വീണു. വൈദ്യന്മാരായ വൈദ്യൻമാരൊക്കെയും ഒളശ്ശ മൂസും വയസ്ക്കരത്തമ്പുരാനും ശ്രമിച്ചിട്ടും ഉളി ഊരിയെടുക്കാനായില്ല. വയസ്ക്കര തമ്പുരാൻ ഒരു മാസ് ചോദ്യം ചോദിക്കുന്നുണ്ട്. ഉളി ഊരിത്തരാം. പക്ഷേ ള്ളിയോടൊപ്പം ആശാരിയുടെ ജീവനും ഊരിപ്പോരും. ആശാരി വേണോ ഉളി വേണോ ഇപ്പ പറയണം എന്നാണ് തമ്പുരാൻ പ്രഖ്യാപിച്ചത്. ഉളി അവിടെത്തന്നെ ഇരുന്നാൽ വല്ല കുഴപ്പവുമുണ്ടോ എന്ന് ആൾക്കൂട്ടത്തിൻ്റെ മറു ചോദ്യം. തമ്പുരാൻ സുല്ല്. ഒടുവിൽ ഡോക്ടർ ശങ്കർ റാം വിദഗ്ദമായി ഉളി ഊരിയെടുക്കുക തന്നെ ചെയ്തു. പക്ഷേ അപ്പോഴേക്ക് ആശാരിയോടൊപ്പം വന്ന ആൾക്കൂട്ടം പിരിഞ്ഞു പോയിരുന്നു. അതു തന്നെ.. ഉളി പോയ ആശാരിയെ ആർക്കു വേണം..! ഇങ്ങനെയാണ് കഥ പറയുക എന്ന് ഹരീഷ് വീണ്ടും കാണിച്ചു തരുന്നു. നടു തല വിത്ത് , അമ്മ എന്നീ രണ്ടു കഥകളും ഗംഭീരം തന്നെ.
മാതൃഭൂമിയിലും മാധ്യമത്തിലും ചന്ദ്രികയിലും യു.എ.ഖാദറിൻ്റെ കഥകളാണ്. അവ വായിക്കുക എന്നതിനപ്പുറം നമുക്കൊന്നും ചെയ്യാനില്ല. യു. എ ഖാദറിന് ആദരാഞ്ജലികൾ..
ദേശാഭിമാനിയിലെ പരിത്രാണം (എം.മഞ്ജു) എന്ന കഥ ഒരു റിയലിസ്റ്റിക് കഥയാണ്. സ്പെഷൽ ചൈൽഡായ തൻ്റെ കുഞ്ഞിനേയും അവൻ്റെ അച്ഛനേയും കുറിച്ച് അയാൾ മരിച്ചു കിടക്കുമ്പോൾ ഓർക്കുന്ന സ്ത്രീയാണ് കഥാനായിക. കുട്ടിയുടെ പ്രത്യേക മാനറിസങ്ങളും അവൻ അവളുടെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ എന്നും ഹൃദയ സ്പൃക്കായി അവതരിപ്പിക്കുന്നുണ്ട്. അതിലേറെ അയാളുടെയും അവളുടെയും ജീവിതത്തെ കുഞ്ഞ് എങ്ങനെ ബാധിച്ചു എന്നതും ചർച്ചക്കു വരുന്നു. തൻ്റെ ഊൺമേശപ്പുറത്ത് നിശബ്ദ സാന്നിധ്യമായ അയാളെ, തൊട്ടപ്പുറത്തെ മുറിയിൽ ഉണ്ടായിരുന്ന അയാൾ ഇനിയില്ല എന്ന അറിവ് അവളിലുണ്ടാക്കുന്ന വിസ്ഫോടനം, എല്ലാം അമിതാഖ്യാനത്തിൻ്റെയോ അതി ഭാഷയുടെയോ ബാധയില്ലാതെ കഥാകൃത്ത് പറഞ്ഞു പോകുന്നു. മഞ്ജുവിനെ മുമ്പ് വായിച്ചിട്ടില്ല. നല്ല ഭാഷയും കഥന പാടവവുമുള്ള മഞ്ജു ഇനിയും മികച്ച കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഭാഷാപോഷിണിയിൽ കെ. ലാൽ എഴുതിയ എരണ്ടക്കെട്ട് എന്നൊരു കഥയുണ്ട്. അനസൂയ എന്ന പിടിയാന, അതിനു മദം പൊട്ടുമ്പോൾ അതിനു പ്രതികാരമായി ഭാര്യയെ തല്ലുന്ന ധർമജൻ, ധർമജൻ എന്ന ഭാര്യയെ നഗ്നയാക്കി നിർത്തി സ്വയംഭോഗം ചെയ്യുന്ന ഷണ്ഡൻ, ഒടുവിൽ ഗതികെട്ട ജാനകി അയാളെ കൊലപ്പെടുത്തുന്നിടത്ത് കഥ തീരുന്നു. കഥയിലുള്ള ഒരു പ്രയോഗം ക്ഷ പിടിച്ചു. “പിടിയാനക്കു മദം പോലും. ഏതു മാതംഗലീലയിലാണതുള്ളത്.? ഏറിയാൽ ഒരു എരണ്ടക്കെട്ട്. പെണ്ണിന് അത്രക്കുള്ള മഹാകാര്യങ്ങളൊക്കെയേ പറഞ്ഞിട്ടുള്ളൂ.” പക്ഷേ കഥ രണ്ടാം വായനക്ക് യോഗ്യത നേടുന്നില്ല. പുതിയ കുപ്പിയിലാണെങ്കിലും വീഞ്ഞു പഴയതു തന്നെ. പെണ്ണ്, കാമം, പീഡ, കൊല… അത്രേയുള്ളൂ. ഭാഷാപോഷിണിയുടെയൊക്കെ ഒരവസ്ഥ. കഷ്ടം തന്നെ..
ഡിസംബർ 28 ലക്കം മലയാളം വാരികയിൽ രണ്ടു കഥകളാണുള്ളത്. ടി.കെ.ശങ്കരനാരായണൻ എഴുതിയ മേതിൽ ഒന്നുമറിഞ്ഞിരുന്നില്ല എന്ന കഥ പുതുകാലത്തിൻ്റെ പുത്തൻ പൊല്ലാപ്പുകളെക്കുറിച്ചാണ്. മൊബൈൽ ഫോണിൽ വിളിച്ച് ലോഹ്യം കൂടി പിന്നീട് അസൗകര്യങ്ങളുണ്ടാവുമ്പോൾ അകന്നു പോവുന്ന പുതിയ മനുഷ്യ ബന്ധങ്ങളുടെ വിചിത്രസ്വഭാവങ്ങൾ കഥയെ പാരായണക്ഷമമാക്കുന്നു. നല്ല കഥയാണ് ടി.കെ യുടേത് .. അദ്ദേഹത്തിൻ്റെ മാത്രമായ ആഖ്യാനശൈലിയും ഭാഷയും കഥക്ക് മാറ്റു കൂട്ടുന്നു. എൻ ഹരി എഴുതിയ പാശി എന്ന കഥ കോട്ടൂർ പദ്മനാഭപിളള എന്ന നാടകക്കാരൻ്റേയും അയാളെ ചുറ്റിപ്പറ്റി നടന്ന ഞാൻ നായകൻ്റേയും കഥയാണ്. പലപ്പോഴായി പല കഥകളിൽ വായിച്ച കുറേ സംഗതികളുടെ ഒരു കോക്ടെയിലാണ് ഈ കഥ. നക്സലൈറ്റ് എന്നു വിളിപ്പേരുള്ള, നാടകമെഴുതുന്ന, അതേ സമയം ബീഡിയിൽ മരിജുവാന നിറച്ച് വിൽക്കുന്ന കഥാപാത്രങ്ങളെ നാം പലയിടത്തായി കണ്ടിട്ടുണ്ട്. ഒരു കഥയിൽ മില്ലു നടത്തുന്ന പട്ടാളക്കാരനായും, വേറൊന്നിൽ നാടകത്തിലഭിനയിക്കുന്ന പഴയ കൊലപ്പുള്ളിയുമൊക്കെയാണെന്നേയുള്ളൂ. ഒടുവിൽ അയാളുടെ വീട്ടിൽ വരാറുള്ള ചെറിയ പെൺകുട്ടിയെ മിഠായി കൊടുത്തു പീഡിപ്പിച്ച കേസിൽ പോലീസ് അയാളെ പിടിച്ചു കൊണ്ടു പോയതോടെ കഥ ശുഭം. ഈ കഥയുടെ ക്ലൈമാക്സ് ആണ് ആദ്യമുണ്ടായത്. ബാക്കി പിന്നീട് ചേർത്തതിൻ്റെ അസ്വാഭാവികത കഥയിൽ മുഴച്ചു നിൽക്കുന്നു. ഏതൊക്കെ വഴിയിലൂടെ പോയാലും കഥ എത്തിച്ചേരുന്ന ആ സ്ഥിരം സ്ഥാനത്തിന് ഒരു മാറ്റവുമില്ല.
കഥകളുടെ എണ്ണം കുറഞ്ഞ ആഴ്ചയാണ് കടന്നു പോയത്.. മികച്ച കഥകളുള്ള പുതിയ കാലം വരുമെന്ന പ്രതീക്ഷയിൽ ഏവർക്കും പുതുവൽസരാശംസകൾ