ഒളിച്ചു പോയ കഥകൾ
കഥകൾ ഉണ്ടാവുന്നത് എവിടെ നിന്നാണ് എന്നത് എക്കാലത്തേയും ചോദ്യമാണ്. അനുഭവങ്ങളിൽ നിന്ന് എന്നോ മുന്നറിവുകളിൽ നിന്ന് എന്നോ അതിനുമപ്പുറം അപരൻ്റെ അനുഭവങ്ങളിൽ നിന്ന് എന്നോ നമുക്ക് ഒരു പക്ഷേ ഉത്തരം പറയാം. അനുഭവങ്ങളുടെ കാര്യത്തിൽ അങ്ങേയറ്റം ദരിദ്രരാണ് മലയാളത്തിലെ എഴുത്തുകാർ. അവർക്കാകെയുള്ളത് മധ്യവർഗ ജീവിതത്തിൻ്റെ വ്യാജ സ്വത്വ പ്രതിസന്ധികളും വൈയക്തിക ദു:ഖങ്ങളും മാത്രമാണ്. ഇവയാകട്ടെ കഥാലോകത്ത് ഒട്ടും വിപണിമൂല്യമില്ലാത്ത അസംസ്കൃത വസ്തുക്കളാണ് താനും. അതു കൊണ്ടാണ് കേട്ടറിവുകളുടേയും സമൂഹത്തിൻ്റെ പൊതുബോധത്തിൻ്റെയുമൊക്കെ അടിസ്ഥാനത്തിൽ അപരാനുഭവങ്ങളെ കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. പക്ഷേ എല്ലാവരും ഒരേ പൊതുബോധത്തിൻ്റെ തന്നെ ഉപഭോക്താക്കളും അടിമകളും ആയതു കൊണ്ട് അപ്രകാരം നിർമിക്കുന്ന എല്ലാ കഥകളും ഒരേ അച്ചിൽ വാർത്തതു പോലെയായിത്തീരുകയും ചെയ്യും. അവനവനിൽ നിന്ന് മോചനം നേടുകയും അപരനെ മനസിലാക്കുകയും പഠിക്കുകയും ചെയ്താൽ തീർച്ചയായും നിലവിലുള്ള കഥകളുടെ സ്വഭാവം തന്നെ മാറുമെന്ന് ഉറപ്പ്. അതിനു പക്ഷേ എഴുത്തുകാർ ദന്തഗോപുരത്തിൽ നിന്ന് താഴെയിറങ്ങണം.
ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ശ്രീജിത് മൂത്തേടത്ത് എഴുതിയ മാർജാര ഗുരു എന്ന കഥ ഇപ്രകാരം സ്വയം പ്രഖ്യാപിത കഥാകൃത്തുക്കളെ കണക്കിനു പരിഹസിക്കുന്നു. കഥയുണ്ടാവേണ്ടത് മറ്റാരെങ്കിലും പറയുന്നത് കേട്ടോ മറ്റാരെങ്കിലും എഴുതിയത് വായിച്ചോ അല്ല സ്വന്തം നിരീക്ഷണങ്ങളിൽ നിന്നായിരിക്കണം. തൻ്റെ ചുറ്റുമുള്ള ജീവിതങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നറിയാൻ ശ്രമിക്കാതെ, നിത്യ പരിചയത്തിലുള്ള കഥാപാത്രങ്ങളെ പൊതുബോധത്തോടൊപ്പം നിന്ന് പരിഹസിക്കുകയും അകറ്റിനിർത്തുകയും ചെയ്യുകയും, കഥയുണ്ടാവാൻ അക്കാദമികളുടെ തിണ്ണ നിരങ്ങുകയും ചെയ്യുന്ന കഥയെഴുത്തുകാർക്ക് ഹാ കഷ്ടം. അവർ എറുമ്പ് കൃഷ്ണേട്ടൻ്റെ ജീവിതം എന്തുകൊണ്ട് അങ്ങനെയായി എന്ന് അന്വേഷിച്ച് കണ്ടെത്തണം. അല്ലാതെ കണ്ടിടത്ത് വച്ച് അയാളെ അകറ്റി നിർത്തുകയും ശല്യമായിക്കരുതുകയും ചെയ്താൽ പിന്നെങ്ങനെ കഥയുണ്ടാവാനാണ്. ഇക്കാര്യം പറഞ്ഞും വിരട്ടിയും ഒരു കറുത്ത പൂച്ച ഉടൻ തന്നെ എല്ലാ കഥാകൃത്തുക്കളെയും തേടി വരുന്നതായിരിക്കും. അതേ സമയം കഥ എന്ന സങ്കേതത്തോട് മാർജാര ഗുരു എത്ര മാത്രം നീതി പുലർത്തുന്നുണ്ട് എന്നത് പ്രശ്നാധിഷ്ഠിതമാണ്. സ്വയം പരിഹാസത്തിൻ്റെ ഒരാനുകൂല്യം കിട്ടുമ്പോഴും കഥ ഒട്ടും പുതിയതല്ല എന്ന പ്രശ്നവും നിലനിൽക്കുന്നു.
മലയാളത്തിൽ കഥക്ക് കാര്യമായ പങ്കൊന്നുമില്ല എന്നു കരുതുന്നവരാണ് മിക്ക പ്രസിദ്ധീകരണങ്ങളുടേയും തലപ്പത്തുള്ളത്. മറ്റെല്ലാം കഴിഞ്ഞ് സ്ഥലം ബാക്കിയുണ്ടെങ്കിൽ കഥയും പ്രസിദ്ധീകരിക്കും എന്നേയുള്ളൂ. അവയുടെ നിലവാരമോ നിലപാടോ ഒന്നും പരിഗണനാ വിഷയമേയല്ല. പാവം കഥാകൃത്തുക്കൾ കരുതുന്നതോ തങ്ങളാണീ ലോകം തലയിൽ ചുമന്നുകൊണ്ടു നടക്കുന്നത് എന്നും.
ദേശാഭിമാനിയിലെ രണ്ടു കഥകളും ഈ തോന്നലിനെ സാധൂകരിക്കുന്നവയാണ്. ഷൈൻ ഷൗക്കത്തലി എഴുതിയ ഉറങ്ങാത്ത പാവ തുടങ്ങുന്ന വാചകം തന്നെ പിഴച്ചു. ഒരിക്കലും ഹസീന കരുതിയില്ല, അന്ന് ഞായറാഴ്ചയാണെന്ന് എന്ന വാക്യത്തിൽ തുടങ്ങുന്ന കഥ പറയുന്നത് ഞായറാഴ്ചയും ജോലി ചെയ്യേണ്ടി വരുന്ന ഷോപ്പിംഗ് മാളിലെ ജീവനക്കാരിയുടെ കഥയാണ്. അവളുടെ കുഞ്ഞിന് ബാർബി ഡോളിനെ വേണം, പക്ഷേ വാങ്ങിച്ചു കൊടുക്കാൻ അവളുടെ കൈയിൽ കാശില്ലല്ലോ. ഒടുവിൽ മാളിൽ വന്ന ധനികരായ ഒരു കൂട്ടർ ഉപേക്ഷിച്ചു പോയ കണ്ണടയാത്ത പാവയെ അവൾ കുഞ്ഞിനു നൽകുന്നു. ഉമ്മാ പാവ കണ്ണടക്കുന്നില്ല എന്ന കുഞ്ഞിൻ്റെ പരാതിയിൽ ഇത്തിരി സാഹിത്യം ചേർത്തു കഥാകൃത്ത്, യഥാർഥ്യങ്ങൾ മനസിലായ പാവ കണ്ണsക്കാൻ തയ്യാറാവുന്നില്ല. പക്ഷേ വായനക്കാരൻ ഈ കഥക്കു നേരെ കണ്ണടക്കുക തന്നെ ചെയ്യും. എം.ഉണ്ണികൃഷ്ണൻ എഴുതിയ ഇരുകരപ്പാലം ഒരു ചെറു കഥയിൽ എത്ര കാര്യങ്ങൾ ഉൾപ്പെടുത്താം എന്ന് മത്സരിക്കുന്നതു പോലെ തോന്നി. എവിടെയോ തുടങ്ങി എങ്ങാണ്ടൊക്കെയോ പോയി എവിടെയോ അവസാനിച്ച ഒരു കഥ. ഉണ്ണിക്കൃഷ്ണൻ ഇനി കഥയെഴുതുന്നതിനു മുമ്പ് കുറച്ചു കഥകൾ വായിക്കുന്നത് നന്നായിരിക്കും. ആരെങ്കിലുമൊക്കെ പറഞ്ഞത് പിന്നെയും പിന്നെയും പറയുന്നത് ഒഴിവാക്കാമല്ലോ..
മാധ്യമത്തിൽ ബീന എഴുതിയ സെറാമിക് സിറ്റി പുതിയ പൗരത്വ നിയമം വരുന്നതോടെ പ്രതിസന്ധിയിലായിപ്പോയേക്കാവുന്ന ചില മനുഷ്യരുടെ ആശങ്കകളുടേയും ഭീതിയുടേയും കഥയാണ്. എക്കാലത്തും മനുഷ്യർ മതത്തിൻ്റെ പേരിൽ പരസ്പരം ആക്രമിച്ചിട്ടും കൊന്നിട്ടുമുണ്ട്. അപ്പോഴൊക്കെയും വിവിധ വർണങ്ങളുള്ള ഇന്ത്യ അതിജീവിച്ചിട്ടുണ്ട് എന്ന് കഥാകൃത്തിന് പ്രത്യാശയുണ്ട്. ഭൂരിപക്ഷവും ന്യൂനപക്ഷവും കാര്യങ്ങളെ കാണുന്നതിലെ അടിസ്ഥാന വ്യത്യാസം കഥ ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ അത്യാഖ്യാനത്തിൻ്റെ (meta narration) ദോഷം കഥയെ ദുർബലമാക്കുന്നു. പറയാനാഗ്രഹിച്ചത് അതേ തീവ്രതയോടെ വായനക്കാരനിലെത്തിക്കുക അത്ര എളുപ്പമല്ല. എന്നു മാത്രമല്ല, പ്രസിദ്ധീകരണങ്ങളുടെ രാഷ്ട്രീയത്തിനപ്പുറമുള്ള മറ്റൊരു രാഷ്ട്രീയവും ദേശീയ ബോധവുമൊക്കെ എഴുത്തുകാർക്കുണ്ടാവണം. കഥയിലെ പ്രമേയത്തിന് പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ല. എങ്കിലും എല്ലാം ചിതറിത്തെറിക്കും എന്നല്ല, പിന്നെയും ഒട്ടിച്ചു ചേർക്കാം എന്ന തികച്ചും പോസിറ്റീവായ സന്ദേശം കഥ നൽകുന്നു എന്നത് മേൻമയാണ്.
മലയാളം വാരികയിൽ പി കെ സുധി എഴുതിയ ഗുണ്ടു റാവു ശ്രീകാര്യം വഴി എന്ന കഥയും നാടുകടത്തപ്പെടാൻ പോകുന്നവരെക്കുറിച്ചാണ്. ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് പണ്ടെന്നോ തിരുവനന്തപുരത്തെത്തിയ ഗുണ്ടുറാവു തിരികെപ്പോകുന്നതിനെക്കുറിച്ചും അവിടെ അയാൾക്കുണ്ടായിരുന്ന നെൽപ്പാടങ്ങൾ തിരികെ കിട്ടുന്നതിനെക്കുറിച്ചും ചിന്തിക്കുന്നു. പുതിയ സംഹിതകളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയാത്ത എൻ്റെ മിത്രങ്ങളുടെ ഉള്ളിലിരുപ്പും ഇതാണല്ലോ എന്നാണ് കഥ അവസാനിക്കുന്നത്. ബീനയുടെ നേരാഖ്യാനത്തിൽ നിന്ന് വ്യത്യസ്തമായി ഈ കഥ മറ്റു വഴികളിലൂടെയാണ് വിഷയത്തിലേക്കെത്തുന്നത്. അതു കൊണ്ടു തന്നെ താൽക്കാലികമല്ലാത്ത നിലനിൽപ് ഗുണ്ടു റാവുവിനുണ്ടാവും. കഥ വർത്തമാനത്തിൻ്റെ കേവലാഖ്യാനമല്ല മറിച്ച് ഒരു കാലത്തെ മറ്റൊന്നിലേക്ക് സന്നിവേശിപ്പിക്കലാണ് എന്ന് പി കെ സുധി വ്യക്തമാക്കുന്നു.
കലാകൗമുദിയിലെ കഥകൾ മിക്കപ്പോഴും കണ്ടില്ലെന്നു നടിക്കലാണ് പതിവ്. മലയാള സാഹിത്യത്തിലെ അഗ്രിമ സ്ഥാനം അലങ്കരിച്ചിരുന്ന കലാകൗമുദിയുടെ വീഴ്ച അത്രയും സങ്കടകരമാണ്. ഏറ്റവും നിലവാരം കുറഞ്ഞ കഥകൾ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് അവർ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. വായനക്കാരന് അത്രയൊക്കെ വിലയേ അവർ കൽപിക്കുന്നുള്ളൂ.
ചില തുണിക്കടകളിൽ കയറിയാൽ അവിടെയിരിക്കുന്ന ചില സാധനങ്ങൾ എടുത്തു മുന്നിലേക്കിട്ട് വിൽപനക്ക് നിൽക്കുന്നവരുടെ ഒരു ഡയലോഗ് ഉണ്ട്. ഇതാണ് ഇപ്പോഴത്തെ ഫാഷൻ, ഇതൊക്കെയേ ഇപ്പോൾ വരുന്നുള്ളൂ എന്ന് . അതു പോലെ സാഹിത്യം ഇങ്ങനെയാണ് എന്നും കഥ ഇങ്ങനെയാണ് എന്നും സ്വയം തീരുമാനിക്കുകയും അത് വായനക്കാരന് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പത്രാധിപ വേഷധാരികൾ ഒന്നു മനസിലാക്കിയാൽ നന്ന്. എഴുത്തിനും വായനക്കും ബദൽ മാർഗങ്ങൾ ധാരാളം വന്നു കഴിഞ്ഞു. വായനക്കാരൻ കൈവിട്ടു കഴിഞ്ഞാൽ നിങ്ങളൊക്കെ തൃണ സമാനരാണ്..