മന്ദാക്രാന്തയിൽ ചൂളം വിളിക്കുന്ന കഥകൾ

ഗണിത ശാസ്ത്രത്തിൽ മോഡ് എന്നൊരു ശരാശരിയുണ്ട്. ഒരു കൂട്ടം വിവരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന മൂല്യമെന്തോ അതാണ് ആ കൂട്ടത്തിൻ്റെ ശരാശരി മൂല്യം എന്നാണ് മോഡ് എന്ന സങ്കേതത്തിൻ്റെ വിവക്ഷ. ഈ ശരാശരിയുടെ സഹായത്തോടെയാണ് റെഡിമെയ്ഡ് വസ്ത്രങ്ങളും ചെരിപ്പുകളുമൊക്കെ നിർമിക്കപ്പെടുന്നത്. വിപണിയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോഡൽ / സൈസ് ഉൽപ്പന്നങ്ങൾ കൂടുതൽ നിർമിക്കും. അങ്ങനെ വിപണിക്കാവശ്യമായ സാധനങ്ങൾ യഥേഷ്ടം ലഭ്യമാക്കും. ഏറെക്കുറെ ഇതേ പരിപാടിയാണ് മലയാള സാഹിത്യ ലോകത്തും നടക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾക്ക് എന്താണോ പ്രിയമാകുക, അത് അവർക്ക് ലഭ്യമാക്കുക, എന്ന ലളിതമായ വാണിജ്യ സമീപന രീതിയാണ് എല്ലാ മാധ്യമങ്ങളും പുലർത്തുന്നത്. നേർപ്പിച്ച സാഹിത്യ സാമൂഹ്യ മൂല്യങ്ങൾ, അതിലേറെ നേർപ്പിച്ച ഭാഷ, തുടങ്ങി പൂർണമായും നേർപ്പിച്ച ലാവണ്യ ശാസ്ത്രം (Dialuted aesthetics) എന്നു വിളിക്കാവുന്നതാണ് ഇപ്പോഴത്തെ സാഹിത്യാദി കലകളുടെ സമീപന രീതി.

പുത്തൻ സാങ്കേതിക വിദ്യകൾ മനുഷ്യൻ്റെ ജീവിതത്തിലുണ്ടാക്കുന്ന വമ്പൻ മാറ്റങ്ങളെ മൊബൈൽ ഫോൺ /ഇൻ്റർനെറ്റ് ഉപയോഗിച്ചുള്ള പെൺവാണിഭം, അവിഹിത ബന്ധങ്ങൾ എന്നീ കാര്യങ്ങൾക്കപ്പുറം പ്രയോഗിക്കാൻ മലയാളത്തിലെ എഴുത്തുകാർക്കറിയില്ല എന്ന് രണ്ടാഴ്ച മുമ്പ് ഇതേ പംക്തിയിൽ പരാമർശിച്ചിരുന്നു. പച്ചക്കുതിര മാസികയിൽ ഷബിത എഴുതിയ മന്ദാക്രാന്താമഭനതതഗം എന്ന കഥ വായിച്ചപ്പോൾ അക്ഷരാർഥത്തിൽ തലയിൽ കൈ വച്ചു പോയി. മലയാളത്തിലെ വായനക്കാരെ മാത്രമല്ല ഈ ജനസമൂഹത്തെയാകെത്തന്നെ സ്വന്തം കാഴ്ചപ്പാടിലൂടെ വായിക്കുക, വിലയിരുത്തുക എന്നത് ഒരൽപം കടന്ന കൈയാണ്. സെക്സ് ചാറ്റ്/ ഫോൺ സെക്സ് എന്നത് ഇവരിപ്പറയുന്നതുപോലെ പുതു പുത്തൻ കാര്യമൊന്നുമല്ല. പണ്ട് ലാൻറ് ഫോൺ മാത്രമുണ്ടായിരുന്ന കാലത്ത് ഫോൺ സെക്സിനായി ഡെഡിക്കേറ്റഡ് നമ്പറുകൾ ഉണ്ടായിരുന്നു. അപ്പോൾ ഷജിതയുടെ കഥയിൽ പുതുതായി ഒന്നും സംഭവിക്കുന്നില്ല. ഇനി സംഭവിക്കുന്നതെന്താണെന്ന് പരിശോധിച്ചാലോ .. പുരുഷൻ – വൃദ്ധനോ ഇളയതോ – എന്നാൽ അവൻ നിരന്തരം ലൈംഗികതയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവനാണ് എന്ന സ്വന്തം കാഴ്ചപ്പാടിനെ ഒരു ലജ്ജയുമില്ലാതെ പുതിയ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. അത് ഗംഭീരമെന്ന് വാഴ്ത്താൻ ഇവിടെ ആളുണ്ടെന്ന് കഥാകൃത്തിനുമറിയാം പത്രാധിപർക്കുമറിയാം. പോർണോഗ്രഫിയോളമെത്തുന്ന ലൈംഗികത എഴുതുന്നത് ഭയങ്കര സംഭവമാണെന്നും ധീരതയാണെന്നുമൊക്കെ പറയാനും അത് ശരിയല്ല എന്നു പറയുന്നവരെ സദാചാര വാദികൾ എന്നു വിളിച്ചാക്ഷേപിക്കാനും സോഫ്റ്റ് പോൺ പ്രിയരായ കപട പുരോഗമനവാദികളിവിടുണ്ട് എന്നും അവർക്കറിയാം. മുമ്പു പറഞ്ഞതുപോലെ നീലത്താമരയും രതിനിർവേദവുമൊക്കെ മഹത്തായ കലാസൃഷ്ടികളാണെന്ന് ഗീർവാണം നടത്തിയിരുന്ന അതേ സംഘം. സത്യത്തിൽ മലയാളത്തിൽ സംഭവിക്കുന്നത് പൈങ്കിളി / പോൺ സാഹിത്യത്തിൻ്റെ ദേശസാൽക്കരണമാണ്. മുഖ്യധാരയിലേക്ക് അത്തരം കഥകളെക്കൂടി കൂട്ടിക്കലർത്തി ഉണ്ടാക്കുന്ന ഈ ലാവണ്യ ശാസ്ത്രത്തേയാണ് dialuted aesthetics എന്ന് നേരത്തെ പറഞ്ഞത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വൻ വിപണികളുടെ ഇടയിൽ നിന്ന് ലൈംഗിക വിപണിയെ മാത്രം കഥാവിഷയമാക്കുന്ന ആ കൗടില്യമുണ്ടല്ലോ അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ.

മാധ്യമം കഥകളെന്ന പേരിൽ അഞ്ചു ചാപിള്ളകളെ പ്രസിദ്ധീകരിച്ച ആഴ്ചയാണ്.  പാണൻമാർ വാഴ്ത്തുപാട്ടുകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞാടുകയും കഥാകൃത്തുക്കൾ ഞാൻ ഞാനെന്ന് സ്വയം പ്രകീർത്തിച്ചു മുന്നേറുകയും ചെയ്യുന്നുണ്ട്. പക്ഷേ കഥ കഥയാവാതെങ്ങനെ കഥയെന്നു പറയും.! ശ്രീകണ്ഠൻ കരിക്കകം എഴുതിയ കീറ്റ് വാങ്കറ എന്ന കഥയാണ് ഈ പതിപ്പിൻ്റെ ഹൈ ലൈറ്റ്. കഥയുടെ ചിത്രം കവർ പേജിൽ കൊടുത്ത് പത്രാധിപരാ കഥയെ നല്ലവണ്ണം പൊലിപ്പിച്ചു. പക്ഷേ ചോദ്യമൊന്നേയുള്ളൂ .. കഥ എന്നത് വരികൾക്കിടയിലൂടെ വായിച്ച് പോകാൻ എന്തെങ്കിലുമുള്ളപ്പോഴല്ലേ കഥയാവുന്നത്. തവളകളെക്കുറിച്ചുള്ള കഥക്ക് തവളകളുടെ തന്നെ ചിത്രം കൊണ്ട് പരമാവധി ഉപരിപ്ലവമാക്കാൻ ചിത്രകാരനും സഹായിച്ചു. സത്യത്തിൽ ഈ കഥ തവളകളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പ്രകൃതിനശീകരണത്തെക്കുറിച്ചുമൊന്നുമല്ല. സാധാരണ മനുഷ്യരെക്കുറിച്ചു തന്നെയാണ്. അലിഗറി എന്ന സങ്കേതത്തിൻ്റെ ഏറ്റവും ദുർബലമായ ഒരു മാതൃകയായി വേണം കീറ്റ് വാങ്കറ വായിക്കാൻ. തവളപ്പെണ്ണിന് ആർത്തവകാലത്തുപയോഗിക്കാൻ പാഡ് വാങ്ങിച്ചു കൊടുക്കുന്ന ഡയലോഗ് ഒക്കെ കഥയെ ബാലിശവും പരിഹാസ്യവുമാക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നു. കഥയുടെ ടെക്സ്റ്റിനപ്പുറത്തേക്ക് ഒരു തരത്തിലും വായന കടക്കരുത് എന്ന് ശ്രീകണ്ഠന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഇത്രയും വിശദമായ ആഖ്യാനം അദ്ദേഹം നടത്തുന്നത്. എന്നു മാത്രമല്ല, ശ്രീകണ്ഠൻ്റെ തന്നെ വയൽ എന്ന കഥയിൽ ഇതൊക്കെയും പറഞ്ഞിട്ടുണ്ട് എന്നാണോർമ. വയലിൽ ഞണ്ടാണ് കഥാപാത്രം, ഇവിടെയത് തവളയായി എന്നേയുള്ളൂ. എല്ലാ വികസിത റോഡുകൾക്കും മേലെ ഒരു പ്രളയം വരുമെന്നതു പോലെ ഇത്തരം കഥകളേയും കാലം പിന്നിലേക്ക് തള്ളുക തന്നെ ചെയ്യും. മിനി പി സി എന്ന കഥാകൃത്ത് എന്നുമെപ്പോഴും കഥകളിൽ വ്യത്യസ്തതക്കു ശ്രമിക്കുന്നയാളാണ്. ഒരു കഥ വയനാട്ടിൽ പറഞ്ഞാൽ മറ്റൊന്ന് തമിഴ്നാട്ടിലും വേറൊന്ന് ബംഗാളിലും ഇനിയൊന്ന് രാജസ്ഥാനിലും പറയും. നമ്മുടെ സിനിമക്കാർ പറയുന്നതു പോലെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ കഥ പറയുക മിനിയുടെ ബലഹീനതയാണ്. പക്ഷേ കഥയെല്ലാം ഒന്നു തന്നെയാവുമെന്നതിൽ ആർക്കും സംശയം വേണ്ട. ചൂളം എന്ന കഥയിലും ഒരു മാറ്റവുമില്ല. ഇത്തിരി ഫെമിനിസം, ലേശം ബലാൽസംഗം, പറ്റുമെങ്കിൽ പീഡോഫീലിയ, ഇത്തിരി ഫാൻ്റസി, ഇതൊക്കെത്തന്നെ കഥ. ചൂളമടിച്ചും കൂക്കി വിളിച്ചും ആശയ വിനിമയം സാധ്യമാകാത്തതു കൊണ്ടാണ് മനുഷ്യൻ ഭാഷയും ആധുനിക വാർത്താ വിനിമയ മാർഗങ്ങളും കണ്ടെത്തിയത്. എന്നിട്ട് ഭാഷയൊക്കെ ഉപേക്ഷിച്ച് ചൂളമടിക്കുന്നതെന്തോ മഹത്തായ പ്രക്ഷോഭമാണെന്ന നിലപാടിനോടൊക്കെ നമ്മളെന്തു പറയാനാണ്. പണ്ടൊക്കെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ദേവദാസികൾക്ക് കൊക്കോക ശാസ്ത്രവും കാമശാസ്ത്രവുമൊക്കെ പരിശീലിപ്പിക്കുന്ന ഏർപ്പാടുണ്ടായിരുന്നതു പോലെ തന്നെയാണ് ചൂള ശാസ്ത്രവും കുട്ടികളെ പഠിപ്പിക്കുന്നത്. ഏതൊക്കെ വഴി പോയാലും ഒരു തെറ്റും കൂടാതെ ലക്ഷ്യത്തിലെത്തും എന്നതാണ് മിനിയുടെ കഥകളുടെ പ്രത്യേകത. അനിൽ ദേവസിയുടെ വെട്ടിക്കൂട്ട് ശരിക്കും വെട്ടിക്കൂട്ടിയ കഥയാണ്. ഒരു മടിയുമില്ലാതെ ഇത്തരം ആവർത്തന വൈരസ്യങ്ങൾ എഴുതുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന എല്ലാവർക്കും നല്ല നമസ്കാരം. ഓർമ ശരിയാണെങ്കിൽ അനിൽ ദേവസ്സി ഇതേ കഥ ഒരു വർഷത്തിനിടെ രണ്ടാം വട്ടമാണെഴുതുന്നത്. പേരുകൾ, പശ്ചാത്തലം എന്നിവ മാത്രമേ മാറിയിട്ടുള്ളൂ. ഗുണ്ടാസംഘങ്ങൾ, കുതികാൽ വെട്ടുകൾ, പകപോക്കലുകൾ ഹൊ ഹൊ പ്രമാദം തന്നെ.. ഒറ്റക്കഥ കൊണ്ട് ഇക്കണ്ട കാലമൊക്കെ പിടിച്ചു നിൽക്കാൻ അഞ്ചപ്പം കൊണ്ട് കൺകെട്ടു കാണിച്ച അങ്ങേർക്കു പോലും പറ്റില്ല.. ഇതേ ഗുണ്ടാപ്പണിയുടെ മറ്റൊരു കഥയാണ് അനൂപ് ശശികുമാർ എഴുതിയ നന്ദിനി കേഫ്. സത്യം പറയാം, ഈ കഥയൊക്കെ വായിച്ചു തീരുമ്പോൾ തോന്നുന്ന ആത്മനിന്ദ പറയാനോ ബോധ്യപ്പെടുത്താനോ സാധ്യമല്ല.

ദേശാഭിമാനിയിൽ രണ്ടു കഥകളുണ്ട്. പൊന്ന്യം ചന്ദ്രൻ എഴുതിയ ശാന്തിനികേതൻ അഗതിമന്ദിരത്തിൽ നിന്ന് കാണാതായ കുമാരൻ എന്നയാളുടെ കഥയാണ്. ബാപ്പുജി സ്മാരക അഗതിമന്ദിരം എന്നൊക്കെയുള്ള സൂചനകൾ കഥയിൽ എന്തെങ്കിലുമുണ്ടാവുമെന്ന പ്രതീക്ഷ തന്നു. പക്ഷേ കഥ കൽക്കത്തയിലും ജ്യോതിബസുവിലുമൊക്കെ പോയി ചുറ്റിത്തിരിഞ്ഞ് ഒന്നുമില്ലാതെ അവസാനിച്ചു. ജോബി നടക്കൽ എഴുതിയ ഭ്രാന്ത് മറ്റൊരു കഥയില്ലായ്മയാണ്.

മലയാളം വാരികയിൽ എസ് ജയേഷ് എഴുതിയ ഷെർലക് ഹോംസും ഇന്ത്യൻ വിധവയും ഒരു സാധാരണ പൈങ്കിളിക്കഥയെ വെറുതെ ഷെർലക് ഹോംസിൻ്റെ തലയിൽ കെട്ടി വച്ചതാണ്. മുകുന്ദ് എന്ന ഹിന്ദു പേരിൽ കഴിയുകയും ഒരു സ്ത്രീയെ ഹിന്ദുവെന്ന വ്യാജേന കല്യാണം കഴിക്കാൻ ശ്രമിക്കുകയും ചെയ്ത മുസ്ലിം യുവാവിൻ്റെ കളളി ഹോംസ് കണ്ടെത്തിയെന്നതാണ് കഥ. പക്ഷേ വിഷയം തിരിച്ചറിഞ്ഞ ഹോംസ് ഉടൻ ഇന്ത്യയിൽ നിന്ന് സിംഗപ്പൂർ വഴി ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നന്നായി പറഞ്ഞിരുന്നെങ്കിൽ വായിക്കാൻ സുഖമുള്ള കഥയെങ്കിലുമാകേണ്ടതായിരുന്നു. പക്ഷേ..

ചന്ദ്രികയിൽ സലിം ഷെരീഫ് എഴുതിയ പൂക്കാരൻ ഡോ.റഹിം എന്നയാളും ജോസഫ് എന്ന പൂക്കാരനും തമ്മിൽ നടക്കുന്ന സംഭാഷണരൂപത്തിൽ എഴുതിയിട്ടുള്ള കഥയാണ്. ഈ ലോകം പല തരം പൂക്കളാലും പൂമണങ്ങളാലും നിറഞ്ഞതാണ്, ഒരു രാജ്യത്തിന് ഒരു പൂവ് ( ദേശീയപുഷ്പം) എന്ന ആശയം തന്നെ അസംബന്ധമാണ് എന്നീ പ്രയോഗങ്ങളിലൂടെ ഇന്ത്യൻ ബഹുസ്വരതയെ ഏക ശിലാത്മകമാക്കാനുള്ള ശ്രമങ്ങളെ കഥാകൃത്ത് അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ വിരലുകളും വേറെ വേറെ ജീവികളാണ് എന്ന ഡോ റഹിമിൻ്റെ നിലപാടും ഇതിന് ഉപോൽബലകമത്രേ. ചിലർ പ്രശ്നങ്ങളുള്ളവരും മറ്റു ചിലർ അവർക്ക് പരിഹാരം നിർദ്ദേശിക്കാനുള്ള വരുമാണെന്ന നിലപാടിനെ ചോദ്യം ചെയ്യുന്ന ജോസഫ് ഡോ. റഹിമിനെ കൊലപ്പെടുത്തുന്നു/ എന്ന് ഡോ. റഹിം സ്വപ്നം കാണുന്നു. ബഹുസ്വര ഇന്ത്യയെ കൊലപ്പെടുത്തുന്ന പേടി സ്വപ്നം എല്ലാ ഇന്ത്യക്കാരൻ്റെയുള്ളിലുള്ളതുകൊണ്ടാവാം അയാൾ അങ്ങനൊരു പേക്കിനാവ് കാണുന്നത്. ആഖ്യാനത്തിൽ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നു തോന്നാതിരുന്നില്ല. എങ്കിലും നല്ല കഥയാണ് പൂക്കാരൻ. എന്തുകൊണ്ടെന്നാൽ അതിൽ ഒരു കഥ പറയാനുള്ള ശ്രമമെങ്കിലുമുണ്ട്.

മറ്റൊരു കഥാപ്പതിപ്പ് വന്നിട്ടുണ്ട്. ഭാഷാപോഷിണി.. ആ കഥകളെക്കുറിച്ച് അടുത്തയാഴ്‌ച..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account