കന്യാവ്രതം ഹും ഹോ ഹേ…

നിർവീര്യമാക്കപ്പെട്ട ലാവണ്യ ശാസ്ത്രത്തെക്കുറിച്ചു തന്നെയാണ് പറഞ്ഞു തുടങ്ങേണ്ടത്. അത്രമേൽ അമിതമാണ് വായനയുടെ മേൽ ഉപരിപ്ലവ ആഖ്യാന പ്രധാന സാഹിത്യം ചെലുത്തുന്ന സ്വാധീനം. തീവ്ര വികാരങ്ങളുടേയും അതീന്ദ്രിയാനുഭൂതികളുടേയും സംവേദനവും അതു വഴി മനുഷ്യ ചിന്തകളുടെയും മനോഭാവങ്ങളുടേയും നിരന്തര നവീകരണവുമാണ് / ആവണം സാഹിത്യാദി കലകളുടെ ഉദ്ദേശ്യം. പൂർണമായും സൈദ്ധാന്തികമായ ഈ നിലപാടിന് പൂർണാർഥത്തിൽ സാക്ഷാത്കാരമുണ്ടാവുക അത്ര എളുപ്പമല്ല. അതേ സമയം അത്തരമൊരു ലക്ഷ്യത്തിലേക്ക് പരമാവധി എത്തിച്ചേരുന്നതിനുള്ള ശ്രമം എഴുത്തുകാരുൾപ്പെടുന്ന കലാകാരൻമാരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നതാവട്ടെ വായനക്കാരൻ്റെ വൈകാരികമണ്ഡലത്തിൻ്റെ പുറം പാളിയെ മാത്രം ലക്ഷ്യം വച്ച് നിർമിക്കുന്ന നേരാഖ്യാനങ്ങളുടെ കേവലാഖ്യാതാക്കളായി എഴുത്തുകാർ പരിണമിക്കുന്നു. വായനക്കാരൻ്റെ മൃദുല വികാരങ്ങളെ ഉത്തേജിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുകയും അതുവഴി കഥയെയും സാഹിത്യത്തേയും തന്നെ നിരുത്തരവാദപരമാക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ നാട്ടു നടപ്പ്.

മലയാളം വാരികയിൽ പ്രിയ ജോസഫ് എഴുതിയ കന്യാവ്രതത്തിൻ്റെ കാവൽക്കാരൻ എന്ന കഥ ഫെറ്റിഷിസം എന്ന ലൈംഗിക വൈകൃതം ഒരു സ്ത്രീയുടെ (ലൈംഗിക )ജീവിതത്തെ താറുമാറാക്കുന്ന കഥയാണ്. സ്ത്രീക്ക് കൂടി താൽപര്യമുള്ള ഒരേർപ്പാടാണ് ലൈംഗികത എന്നൊരു നിലപാട് കഥ സ്വീകരിക്കുന്നുണ്ട്. സാധാരണ എല്ലാ കഥയിലും സംഭവം പുരുഷൻ്റെ ആവശ്യവും സ്ത്രീ അതിനു വഴങ്ങേണ്ടി വരുന്ന ഇരകളുമായാണല്ലോ ചിത്രീകരിക്കപ്പെടാറുള്ളത്. അപ്പോഴും പക്ഷേ ഇത് ഈയിടെ വായിക്കുന്ന ആറാമത്തേയോ ഏഴാമത്തേയോ ഷണ്ഡ കഥയാണ് എന്ന വസ്തുത ഇല്ലാതാവുന്നില്ല. പാദങ്ങളെ ആരാധിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഭർത്താവ് അതിനു മുകളിലേക്ക് കടക്കാത്തതിൽ ഭാര്യക്ക് വലിയ പ്രതിഷേധമുണ്ടെങ്കിലും അതു പ്രകടിപ്പിക്കാൻ അവളൊരുക്കമല്ല എന്നു മാത്രമല്ല കുട്ടികളില്ലാത്തതിന് ചികിത്സ തേടി ചെല്ലുമ്പോൾ ഡോക്ടറോട് ഒരു കുഴപ്പവുമില്ല എന്നു കള്ളം പറയാനും അവൾ തയ്യാറാണ്. അവളുടെ പുരുഷൻ ഷണ്ഡനാണ് എന്നു പറയാൻ അവളൊരുക്കമല്ല. കന്യാവ്രതക്കാരുടെ കാവൽക്കാരനും തിരുകുടുംബത്തിൻ്റെ പിതാവുമായ മാർ യൗസേപ്പിനോട് അവൾ മുട്ടിപ്പായി പ്രാർഥിക്കുന്നുമുണ്ട്. പ്രായപൂർത്തിയായവർക്കു മാത്രമുള്ള കഥ വായിക്കുന്ന ഗുപ്ത സന്തോഷത്തോടെ സംഗതി വായിച്ചു പോകാം.  വായനക്കാരനെ ആകർഷിക്കുക എന്നല്ലാതെ കഥ പ്രത്യേകിച്ചെന്തെങ്കിലും ലക്ഷ്യം വക്കുന്നുണ്ടെന്ന് തോന്നുന്നില്ല. വിവാഹം എന്ന ലൈംഗികതക്കു ലൈസൻസ് നൽകുന്ന സ്ഥാപനത്തിൻ്റെ ചട്ടക്കൂട്ടിനുള്ളിൽ നിന്നു കൊണ്ട് നടത്തുന്ന വെറും നാടകം എന്നല്ലാതെ തനിക്കിഷ്ടമുള്ളതു ചെയ്യാൻ വേണ്ടി ചട്ടക്കൂടു പൊട്ടിക്കുന്ന ഒരു കഥാപാത്രവും നിർമിക്കപ്പെടുന്നില്ല. തങ്ങളുടെ സുരക്ഷിതത്വത്തിൽ ഒതുങ്ങി നിന്നു കൊണ്ടുള്ള പരിപാടികൾ മതി എന്നു തീരുമാനിക്കുന്ന ത്യാഗസന്നദ്ധരാണല്ലോ എല്ലാവരും. സൂക്ഷ്മ വിശകലനത്തിൽ കഥ കൈകാര്യം ചെയ്യുന്നത് പതിവു സ്ത്രീപക്ഷ നിലപാടുകൾ തന്നെയാണെന്നു കാണാം. ഈ നിലപാടുകളാവട്ടെ, കേവലം നിലപാടുകൾ മാത്രമാണു താനും. ഇനിയെങ്കിലും പരമ്പരാഗത ചിട്ടവട്ടങ്ങൾക്കു ബദലുകൾ നിർദ്ദേശിക്കാൻ കൂടി എഴുത്തുകാർക്ക് ബാധ്യതയുണ്ട്.

ദേശാഭിമാനിയിൽ കെ കെ രമേഷ് എഴുതിയ അപർണാ രാജിൻ്റെ ആത്മഹത്യ അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള സ്ഥിരം കഥ പുതിയൊരു കുപ്പിയിൽ നിറച്ചു കൊണ്ടുവന്നതാണ്. ക്രൂരനും കഠിനഹൃദയനുമായ വർമ ജഡ്ജിയുടെ കോടതിയിലെ ടൈപ്പിസ്റ്റാണ് ആത്മഹത്യ ചെയ്ത അപർണ രാജ്. കോടതിയിൽ വരുന്ന കക്ഷികളെയും വക്കീലൻമാരേയും മറ്റു ജീവനക്കാരെ മുഴുവനും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന, ആരോടും മൃദുഭാവത്തിൽ ഇടപെടാത്ത വർമ ജഡ്ജിയുമായുള്ള അവിഹിത ബന്ധത്തിൻ്റെ പേരിൽ ഭർത്താവുമായി പിരിഞ്ഞിരിക്കുകയായിരുന്നു അപർണ എന്ന ” ഞെട്ടിക്കുന്ന ” വിവരമാണ് കഥാകൃത്ത് ക്ലൈമാക്സിൽ നമുക്കു മുന്നിലിട്ടു തരുന്നത്. ഭാഗ്യത്തിന് അപർണ രാജ് ഗർഭിണിയായിരുന്നു എന്നു കഥയിൽ പറയാതിരിക്കാനുള്ള സാമാന്യബോധം എഴുതിയയാൾക്കുണ്ട്. അത്രയും നല്ലത്. നമ്മുടെ എഴുത്തുകാരും പത്രാധിപൻമാരുമെല്ലാം ഇപ്പോഴും പരമ്പരാഗത കുടുംബ, സാമൂഹ്യ സങ്കല്പങ്ങളുടെ പൊതുബോധത്തിൽ നിന്ന് മുക്തരാവാൻ ഇനിയും തയ്യാറായിട്ടില്ലല്ലോ എന്ന സഹതാപം മാത്രം. യഥാർഥ ജീവിതത്തിൽ സാധ്യമാകാത്തത് സങ്കല്പിക്കാനുള്ള ബുദ്ധിവികാസം പോലുമില്ലല്ലോ ഈ യഥാതഥ എഴുത്തുകാർക്ക്!

മാതൃഭൂമിയിൽ ഫ്രാൻസിസ് നൊറോണയുടെ ഊര് എന്ന കഥയുണ്ട്. സാധാരണ നൊറോണക്കഥകളിൽ നിന്നു വ്യത്യസ്തമായി ഊര് ചർച്ച ചെയ്യുന്നത് മനുഷ്യനല്ലാത്ത ജീവജാലങ്ങളെക്കുറിച്ചാണ്. ഒരു ഉടുമ്പാണ് കഥാ നായകൻ. സ്വപ്രാണരക്ഷാർഥം പലായനം ചെയ്യുന്ന ഉടുമ്പ് ഇടക്ക് നേരിടുന്ന പ്രതിസന്ധികളും അവൻ കാണുന്ന വിചിത്രവും വേദനാജനകവുമായ കാഴ്ചകളുമാണ് കഥ. മനുഷ്യൻ പാമ്പു മുതൽ പഴുതാര വരെ സർവ ജീവജാലങ്ങളെയും കൊന്ന് വിൽപന നടത്തുന്ന കാഴ്ചകളും ഓരോ തവണയും കൊലക്കത്തിയിൽ നിന്ന് രക്ഷപ്പെട്ടും പിന്നെയും പെട്ടും ഒടുവിൽ മനുഷ്യൻ്റെ കൈ കൊണ്ടു തന്നെ കൊല്ലപ്പെടുകയും ചെയ്യുന്ന ഉടുമ്പിൻ്റെ കഥ പറച്ചിൽ വായനക്കാരനെ പിടിച്ചിരുത്താൻ പര്യാപ്തമാണ്. തൻ്റെ സ്വസ്ഥമായ ജീവിത ഇടങ്ങളിൽ നിരന്തരമായി വേട്ടയാടപ്പെടുകയും നിഷ്കാസനം ചെയ്യപ്പെടുകയും തൻ്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് കൊല്ലപ്പെടുകയും ചെയ്യേണ്ടി വരുന്ന ജീവിതം ജന്തുക്കളുടേതു മാത്രമല്ല, മനുഷ്യൻ്റേതു കൂടിയാണ്. ആഴമുള്ള ഭാഷയും ആഖ്യാനവും കഥയെ മികച്ചതാക്കുന്നു. മനുഷ്യനല്ല കഥാപാത്രം എന്നു തോന്നിക്കാൻ വേണ്ടി നടത്തിയ കൈ ചെവിയിൽ ചേർത്ത് സംസാരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി പോലുള്ള പ്രയോഗങ്ങൾ കല്ലുകടിയാവുന്നുണ്ട്. ഫ്രാൻസിസ് നൊറോണ എന്ന കഥാകൃത്ത് തൻ്റെ സ്ഥിരം സൂത്രവാക്യങ്ങളിൽ നിന്ന് പുറത്തു വന്നതിലും സന്തോഷം.

ചന്ദ്രികയിൽ പി കെ സുധിയുടെ ഹും ഹോ ഹേ ഹിന്ദി അറിയാത്തതിനാൽ ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരുവൻ്റെ കഥയാണ്. അതിനു കാരണക്കാരനായ പഴയ ഹിന്ദി മാഷ് നായർ സാർ മരിച്ചതിനു ശേഷമാണ് കഥ നടക്കുന്നത്. ഭോപ്പാൽ ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിന് ഹിന്ദി അറിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് നായർ സാർ അയാളെ ഭോപ്പാൽ യാത്രയിൽ കൂടെക്കൂട്ടിയില്ല. അതിനു പ്രതികാരമായി നായരുടെ മരണത്തിനു ശേഷം അയാൾ ഭോപ്പാലിലേക്ക് പോവുകയും ഹിന്ദി ഒരു പ്രതിബന്ധമല്ല എന്നു ബോധ്യപ്പെടുകയും ചെയ്തു. ഇവിടെ നിന്നാണ് കഥ മറ്റൊരു തലത്തിലേക്ക് മാറുന്നത്. ഭാഷ ആശയ വിനിമയത്തിനുള്ള ഉപാധി മാത്രമാണെന്നും അതിനപ്പുറം അതിനെ രാഷ്ട്രീയായുധമാക്കുന്ന നിലപാടുകൾ ചെറുക്കപ്പെടേണ്ടതാണ്  എന്നും കഥാകൃത്ത് പറഞ്ഞു വക്കുന്നു. ഒരു ഭാഷ ഒരു സംസ്കാരം എന്ന ഏകാത്മകതയിലേക്ക് സഞ്ചരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ കഥ ക്ക് പ്രത്യേക സ്ഥാനമുണ്ട്. ആഖ്യാനത്തിലെ ആഴം കഥയെ മികച്ച വായനാനുഭവമാക്കുന്നു.

നല്ല കഥകൾ പലതും ചർച്ച ചെയ്യപ്പെടാതെ പോവുകയും ഉപരിപ്ലവമായ കഥാ നാട്യങ്ങൾ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന കഥാ ലോകത്ത് വായിക്കാൻ ഇനിയുമുണ്ട് ഏറെ മികച്ച കഥകൾ. അവയെ അടുത്ത ആഴ്ച വായിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account